بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا
مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ
وَسَلِّمْ°
ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആടിത്തിമിർത്ത
യുവത്വം. മദ്യപന്മാരുടെ മുൻനിരയിൽ അയാളുണ്ടായിരുന്നു. സ്വരക്തത്തിൽ പിറന്ന കുഞ്ഞ്
പെണ്ണായതിനാൽ അയാൾ അതിനെ കുഴിച്ചുമൂടിയിട്ടുണ്ട്. മക്കയിൽ പ്രവാചകനും
അനുയായികൾക്കുമെതിരെ അതിക്രമങ്ങൾ അഴിച്ചു വിടുന്നതിലും സത്യ വിശ്വാസികളെ
പീഢിപ്പിക്കുന്നതിലും അയാൾ മുൻ നിരയിലായിരുന്നു.
ജനങ്ങൽക്കിടയിൽ കുഴപ്പവും ഭിന്നതയും
സൃഷ്ടിക്കുന്ന, തങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുന്ന മുഹമ്മദിനെ ഇനിയും
പൊറുപ്പിച്ചുകൂടാ. മക്കയിലെ ബഹുദൈവ വിശ്വാസികളുടെ നേതാക്കളായ ഉത്ബത്തിന്റെയും
ശൈബത്തിന്റെയും മുന്നിൽ വെച്ച് അയാൾ പ്രഖ്യാപിച്ചു. “ മുഹമ്മദിന്റെ തലയെടുത്ത്
ഞാനിതാ വരുന്നു “ ഊരിപ്പിടിച്ച വാളുമായി ഒരോട്ടമായിരുന്നു.
വഴിമധ്യേ വെച്ച് സുഹൃത്തിന്റെ പോക്ക്
കണ്ടു നുഐം ചോദിച്ചു. ‘ എങ്ങോട്ടാ
പുറപ്പാട് ?” മറുപടി ഒരു ഗർജ്ജനമായിരുന്നു. “മുഹമ്മദിന്റെ തലയെടുക്കാൻ” നുഐം
പ്രതികരിച്ചു. ‘സ്വന്തം വീട് നേരേയാക്കിയിട്ടു പോരേ മറ്റുള്ളവരെ നന്നാക്കാൻ
?” അതെ സഹോദരി ഫാത്വിമ മുഹമ്മദിന്റെ
മതത്തിലാ..‘
ഇത് കേട്ട അയാൾ ഞെട്ടിത്തെറിച്ചു. എങ്കിൽ
അതൊന്നു കാണണം..! ഊരിപ്പിടിച്ച വാളുമായി ഫാതിമയുടെ വീട്ടിലേക്കായി കുതിപ്പ്.
വീടിനടുത്തെത്തിയപ്പോൾ അകത്ത് നിന്ന് മന്ത്രമധുരമായ ശബ്ദം ശ്രവിക്കാനിടയായി.
അയാളുടെ മനസ് പാതി തണുത്തു. എന്തൊരു മാധുര്യം..! അയാൾ സഹോദരിയുടെ വിടിന്റെ വാതിലിൽ
മുട്ടി..ഭയന്ന് വിറച്ചാണവൾ വാതിൽ തുറന്നത്. മക്കയിലെ വീര ശൂര പരാക്രമിയാണ് സഹോദരൻ.
എന്താണ് സംഭവിക്കാൻ പോകുന്നത്. താനും ഭർത്താവും പാരായണം ചെയ്ത് കൊണ്ടിരിക്കുന്ന
വിശുദ്ധ ഖുർആൻ അവർ അയാളിൽ നിന്ന് മറച്ച് പിടിച്ചു. “എന്താണ് നിങ്ങൾ വായിക്കുന്നത് ? ഇങ്ങോട്ട് തരൂ
അത്. . തന്റെ കൈവശമുള്ള വിശുദ്ധ വചനങ്ങളെഴുതിയ താളിയോലകൾ കൊടുക്കാൻ വിസമ്മതിച്ച
സഹോദരിയെ അയാൾ മർദ്ദിക്കാൻ തുടങ്ങി. ഫാത്വിമയുടെ ചുണ്ടിൽ നിന്ന് രക്തം പൊട്ടി.
‘ഇല്ല തരില്ല..ഞങ്ങൾ മുസ്ലിംകളാണ്. എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ.’ ഫാത്വിമയുടെ ദൃഢ സ്വരത്തിലുള്ള വാക്കുകൾ
സഹോദരന്റെ മനോമുകുരത്തിൽ പരിവർത്തനത്തിന്റെ ഓളങ്ങളുണ്ടാക്കി. അയാൾ പറഞ്ഞു. ‘
വായിക്കൂ കേൾക്കട്ടെ ആ വചനങ്ങൾ.. പറ്റില്ലെങ്കിൽ ഇങ്ങ് തരൂ..ഞാൻ വായിക്കാം..’
സഹോദരന്റെ മാനസാന്തരം ബോധ്യപ്പെട്ട ഫാത്വിമ പ്രതികരിച്ചു. ‘ നിങ്ങൾക്കിത് തരാൻ
പറ്റില്ല. കുളിച്ച് ശുദ്ധമായി വന്നാൽ തരാം..’
അയാൾ അവിടെ നിന്നിറങ്ങി.. ഏതാനും
നിമിഷങ്ങൾക്കകം ശാന്തനായി തിരിച്ചെത്തി. ഫാത്വിമ ആ ഏടുകൾ സഹോദരന്റെ കൈകളിലേക്ക് നീട്ടി. അയാൾ അത്
വാങ്ങി.വായിക്കാൻ തുടങ്ങി. ‘ ത്വാഹാ.. മാ അൻസൽനാ അലൈക്കൽ ഖുർആന ലി തഷ്കാ….’
എന്തൊരു വശ്യത. ! എന്തൊരു ഈണം..! എത്ര അർത്ഥ
ഗർഭം…! അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ചുണ്ടുകൾ വിറച്ചു… സഹോദരിയുടെ നേരെ തിരിഞ്ഞു
അയാൾ ചോദിച്ചു. എവിടെയാണ് മുഹമ്മദ് ? എനിക്ക് മുസ്ലിമാകണം..! വിശുദ്ധ ഖുർആന്റെ
വശ്യശൈലിയിൽ ആകൃഷ്ടനായ ഉമർ ബിൻ ഖത്താബ് éرضي الله عنه ورضي
الله عنا معه മണിക്കൂറുകൾക്കകമാണ്
തിരുനബിയുടെ മുമ്പിൽ ചെന്ന് തന്റെ ഇസ്ലാമാശ്ളേഷ പ്രഖ്യാപിച്ചത്..!
നൂറ്റാാണ്ടുകളായി ലക്ഷോപലക്ഷം ജനങ്ങൾ
ഹൃദയത്തോട് ചേർത്ത് പിടിക്കുന്നതും ലോകത്ത് ഏറ്റവും കൂടുതലാളുകൾ പാരായണം ചെയ്ത്
കൊണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. എത്രയോ കുടില മനസുകളെ അത് സ്ഫുടം
ചെയ്തിട്ടുണ്ട്. എത്രയോ ശിലാ ഹൃദയങ്ങളെ
പൊട്ടിക്കരയിച്ചിട്ടുണ്ട്…!
‘ജനങ്ങൾക്ക് മാർഗദർശനമായും സത്യാസത്യങ്ങളെ
വേർതിരിച്ചുകാണിക്കുന്ന വ്യക്തമായ തെളിവുകളുമായിക്കൊണ്ടും ഖുർആൻ
അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ (വി.ഖു. 2-185) ലോകാന്ത്യം വരെയുള്ള
മാനവരാശിയുടെ മോചനത്തിന്റെ മാഗനകാർട്ട അഥവാ ഖുർആൻ അവതരിപ്പെട്ടുവെന്നതാണ്
റമദാനിന്റെ പവിത്രതക്ക് നിദാനം.
മനുഷ്യകുലത്തിന് അല്ലാഹു നൽകിയ അനുഗ്രഹീത
ഗ്രന്ഥമാണ് ഖുർആൻ. തമസ്സിൽ നിന്നു പ്രകാശത്തിലേക്ക് മാർഗ ദർശനം ചെയ്ത വിശുദ്ധ
ഗ്രന്ഥം മർഥ്യനെ ബാഹ്യമായും ആന്തരികമായും ശുദ്ധീകരിക്കുന്നു. ജീവിതത്തിന്റെ നിഖില
മേഖലകളിലും അത് മാർഗദർശനം നൽകുന്നു. ‘ തീർച്ചയായും മനുഷ്യർക്ക് വേണ്ടി എല്ലാ
ഉപമകളും ഈ ഖുർആനിൽ നാം വിവരിച്ചിരിക്കുന്നു…’ (വി.ഖു. 19.54)
വിശുദ്ധ ഖുർആൻ ഏറ്റുവാങ്ങിയ ഹൃദയം അല്ലാഹുവിന്റെ
അറിയുന്നു. അവനെ മനസ്സിലാക്കുന്നു. അവന്റെ മുന്നിൽ തല കുനിക്കുന്നു. ബുദ്ധിമാനായ
മനുഷ്യനെ പിടിച്ചു കുലുക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വശ്യസുന്ദര
ശൈലിയാണതിന്. ഖുർആൻ മനുഷ്യനെ ദൈവിക സാമീപ്യത്തിലേക്ക് നയിക്കുകയും ആരാധനയുടെ മധുരം
നൽകുകയൌം ചെയ്യുന്നു. മനുഷ്യ ഹൃദയത്തെ സ്ഫുടം ചെയ്യാൻ വിശുദ്ധ ഖുർആനോളം മതിയായ ഏതൊരു ഗ്രന്ഥമാണ് ലോകത്തുള്ളത് ?
ഖുർആൻ വിശ്വാസിക്ക് മനശാന്തി നൽകുന്നു. ഹൃദയ
രോഗങ്ങളിൽ നിന്നും അവനെ പരിരക്ഷിക്കുന്നു. എല്ലാ വിധ തിന്മകളിൽ നിന്നും
അസാന്മാർഗികതകളിൽ നിന്നും അതവനെ തടയുന്നു. ജീവിതത്തിന് ലക്ഷ്യവും മാർഗവും നൽകുന്നു.
മനുഷ്യരെ സസ്കാര ചിത്തരാക്കാനും നേർവഴി
കാണിക്കാനുമായി നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവയിൽ ദൈവികവും
ദൈവികേതരവുമുണ്ട്. ഖുർആൻ മാറ്റി നിർത്തപ്പെട്ടാൽ അവയിലൊക്കെ ചരിത്രഗതിയിൽ
കാലത്തിന്റെ സ്വാധീനം നിറഭേതങ്ങളുണ്ടാക്കിയതായി കാണാം. ഭാഷ്യങ്ങളിലും
വ്യാഖ്യാനങ്ങളിലും ബഹുവിധ അന്തരങ്ങൾ. എന്നാൽ കാലത്തിന്റെ കറക്കത്തെയും ജനപഥങ്ങളുടെ
രുചിഭേതങ്ങളെയും അതിജയിച്ചു സാർവകാലികവും സാർവജനീനവുമായ ശാശ്വത മൂല്യങ്ങളാൽ പ്രോജ്വലിക്കുന്ന ഏക ഗ്രന്ഥം ഖുർആൻ മാത്രമാണ്.
“നിഴ്ചയം വിശുദ്ധ ഖുർആനിനെ അവതരിപ്പിച്ചത് നാമാണ് നിശ്ചയം അതിനെ നാം കാത്തു
സൂക്ഷിക്കും” (ഖുർആൻ 15-9)
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഏറ്റവും
പ്രഥമവും പ്രധാനവുമാണ് ഖുർആൻ. യഥാർത്ഥ വിശ്വാസിയായി ജീവിച്ചു മരണാനന്തരം സുഖലോക
സ്വർഗം വരിക്കാൻ ഖുർആൻ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്തേ തീരൂ.. എന്നാൽ മുസ്ലിംകൾ
എന്നവകാശപ്പെടുകയും ഇസ്ലാമിനു വേണ്ടി വീറോടെ വാദിക്കുകയും ചെയ്യുന്ന നമ്മുടെ
അവസ്ഥ അത്യധികം പരിതാപകരമാണ്. ഉത്തമ ഗ്രന്ഥമായ ഖുർആൻ കെട്ടിപ്പൂട്ടി
വെച്ചിരിക്കയാണ് നാം. അതിലുള്ളതെന്തെന്നു മനസ്സിലാക്കാനോ അതൊന്നു നിവർത്തി നോക്കാൻ
പോലുമോ നമ്മൾ തയ്യാറല്ല. ഖലീഫ ഉമർ رضي الله عنه ,രാജാ ഗരൌഡി, യൂസുഫുൽ ഇസ്ലാം
, മറിയം ജമീല, മുഹമ്മദ് അസദ്, കമലാ സുരയ്യ
തുടങ്ങിയ വിശ്വേത്തര വിക്തിത്വങ്ങളെ ഇസ്ലാമിലേക്കാകർഷിച്ച അതേ ഗ്രന്ഥം തന്നെയാണ്
ഹൃദയത്തിന് ഒരു തരിപ്പ് പോലും സൃഷ്ടിക്കാതെ നമ്മുടെ അലമാരകളിൽ വിശ്രമിക്കുന്നത്. “
ഈ വിശുദ്ധ ഖുർആൻ ഒരു പർവ്വതത്തിനു മുകളിലായിരുന്നു നാം ഇറക്കിയിരുന്നതെങ്കിൽ
അല്ലാഹുവിനെപറ്റിയുള്ള ഭയത്താൽ ആ പർവതം വിനയാന്വിതമാകുന്നതും പൊട്ടിപ്പിളരുന്നതും
അങ്ങയ്ക്ക് കാണാമായിരുന്നു” (വി.ഖുർആൻ 59:21)
നെഞ്ചിൽ കൈവെച്ചു ചിന്തിക്കുക. നമ്മുടെ ഹൃദയം
എത്രമാത്രം കറുത്തു കഠോരമായിരിക്കുന്നു…!
വിട്ടു വീഴ്ചയുടെയും ക്ഷമയുടെയും
സഹനത്തിന്റെയും മാസമാണ് റമദാൻ. അനുഗ്രഹങ്ങളുടെ പേമാരി വർഷിക്കുന്ന വിശുദ്ധ
മാസം. പ്രഭാതം മുതൽ പ്രദോഷം വരെ മുസ്ലിമിന്
നോമ്പ് നിർബന്ധമാണ് ഈ മാസത്തിൽ. ജീവിത വിശുദ്ധി കൈവരിക്കാനുള്ള പരിശീലനക്കളരിയാണ്
ഈ മാസമെങ്കിൽ അതിലെ നോമ്പുകൾ അധർമ്മത്തിനും അധാർമ്മികതക്കുമെതിരെയുള്ള
വിശ്വാസിയുടെ പരിചയാണ്. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം നൽകുകയും ഒരു തിന്മക്ക്
അതിന്റെ അതേ തോതിൽ മാത്രം അല്ലെങ്കിലത് തന്നെ പൊറുത്തു തരികയും ചെയ്യുന്ന അല്ലാഹു
വിശുദ്ധ റമദാനിൽ ഒന്നിന് എഴുപത് എന്ന കണക്കിലാണ് നന്മകൾക്ക് പ്രതിഫലം നൽകുന്നത്.
ജീവിതത്തിൽ ചെയ്തുപോയ തെറ്റുകൾ പൊറുപ്പിക്കുവാനും ഭാവിജീവിതം ഭാസുരമാക്കുവാനും
ഇതിലേറെ അനുയോജ്യമായ അവസരം വേറെയേതാണുള്ളത് ? നാളെ ജീവിക്കുമോ എന്ന് ഒരുറപ്പുമില്ലാത്ത
,ഈ ജീവിതത്തിനപ്പുറത്ത് നന്മതിന്മകൾക്ക് പ്രതിഫലം നൽകപ്പെടുന്ന ശാശ്വതമായ ഒരു
ലോകമുണ്ടെന്നു വിശ്വസിക്കുന്ന മുസൽമാൻ ജാഗരൂഗനാവുക. അനുഗ്രഹങ്ങൽ വാരിക്കൂട്ടാനുള്ള
അസുലഭാവസരം ഉപയോഗപ്പെടുത്തുക. “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും
ആകാശഭൂമിയോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിയിൽ മുന്നേറുക. ധർമ്മ
നിഷ്ഠ പാലിക്കുന്നവർക്ക് വേണ്ടി ഒരുക്കി
വെക്കപ്പട്ടതാണാ ഭവനം”(വി.ഖുർആൻ 3: 133)
വിശുദ്ധ ഖുർആൻ അവതീർണ്ണമായ ഈ മാസത്തിൽ ഖുർആൻ
പഠിക്കാനും അത് പാരായണം ചെയ്യാനും സമയം കണ്ടെത്തുക. “നിങ്ങൾ ഖുർആൻ പാരായണം
ചെയ്യുക. അന്ത്യദിനത്തിൽ അതിന്റെ കൂട്ടുകാരന് ശുപാർശകനായി അത് കൊണ്ടു വരപ്പെടും“
(മുസ്ലിം )
നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും
അതിന്റെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. (നബി വചനം) പ്രവാചകൻ പറയുന്നു.
“അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നു ഒരക്ഷരം ഒരാൾ പാരായണം ചെയ്താൽ അതിനു
പ്രതിഫലമുണ്ട്. ഒന്നിന് പത്തെന്ന തോതിൽ. ‘അലിഫ്ലാം മീം ‘എന്നത് ഒരക്ഷരമാണെന്ന്
ഞാൻ പറ്യുന്നില്ല. അലിഫ് ഒരു അക്ഷരമാണ്. ലാം ഒരക്ഷരമാണ് മീം ഒരക്ഷരമാണ്. (തിർമുദി)
.ഖുർആന്റെ അർത്ഥവും ആശയവും പഠിക്കൽ മുസ്ലിമിന്റെ ബാധ്യതയാണെങ്കിലും അർത്ഥമറിയാതെ
പാരായണം ചെയ്താൽ പോലും പ്രതിഫലാർഹമാണെന്ന് ഈ നബി വചനം വ്യക്തമാക്കുന്നു.
ഖുർആൻ പാരായണം ചെയ്യുന്നവരെയും
ചെയ്യാത്തവരെയും തിരുനബി വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്. “ ഖുർആൻ പാരായണം ചെയ്യുന്ന
വിശ്വാസി നല്ല രുചിയും സുഗന്ധവുമുള്ള നാരങ്ങ പോലെയാണ്. ഖുർആൻ പാരായണം ചെയ്യാത്ത
വിശ്വാസി കാരക്ക പോലെയാണ്. അതിനു രുചിയുണ്ടെങ്കിലും സുഗന്ധമില്ല. ഖുർആൻ പാരായണം ചെയ്യുന കപട വിശ്വാസി റൈഹാൻ
പുഷ്പത്തെപോലെയാണ്. അതിനു സുഗന്ധമുണ്ട് എന്നാൽ കൈപ്പുരുചിയാണ്, ഖുർആൻ പാരായണം
ചെയ്യാത്ത കപട വിശ്വാസി ആട്ടങ്ങപോലെയാണ് അതിനു വാസനയില്ലെന്ന് മാത്രമല്ല
കൈപ്പുരുചിയുമാണ്. കപട വിശ്വാസിയായിട്ടു പോലും ഖുർആൻ പാരായണം ചെയ്യുന്നവനെ
തിരുനബി ഉദാഹരിച്ചത് റൈഹാൻ പുഷ്പത്തിനോടാണ്. ഖുർആൻ പാരായണത്തിന്റെ പവിത്രതയും
ശ്രേഷ്ഠതയും ഇത് വിളിച്ചോതുന്നു.
അൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ
പിശാചിന്റെ ശല്യമുണ്ടാവില്ല. സൂറത്തുൽ മുൽക് പാരായണം ചെയ്യുന്നവന് ഖബർ ശിക്ഷയിൽ
നിന്ന് രക്ഷപ്പെടാം. അൽവാഖിഅ പാരായണം ചെയ്യുന്നവർ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല.
തുടങ്ങി ധാരാളം നബി വചനങ്ങൾ ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചുണ്ട്.
അതെ, വിശുദ്ധ ഖുർആൻ നമ്മുടെ മാർഗ ദർശിയാണ്.
കഠിനാൽ കഠോരമായ നരഗാഗ്നിയിൽ നിന്നും സ്വർഗത്തിന്റെ സ്വഛന്തശീതളിമയിലേക്ക് നമ്മെ
കൈപിടിച്ചു കൊണ്ടുപോകുന്ന ഉത്തമ
കൂട്ടുകാരനാണ്. മനസിന് ശാന്തിയും സമാധാനവും നൽകുന്ന ദീപനാളമാണ്. വിശുദ്ധ ഖുർആനിന്
പകരം മറ്റൊന്നുമില്ല. അതെ..ആ വിശുദ്ധ ഗ്രന്ഥം ഹൃദയത്തോട് ചേർത്ത് പിടിച്ചും
പാരായണം ചെയ്തും പുണ്യം നേടുക. അല്ലാഹു അനുഗ്ര്ഹിക്കട്ടെ. ആമീൻ
കടപ്പാട് : ഇതെല്ലാം ഞങ്ങൾക്കെഴുതി തന്ന്
,വിശുദ്ധ ഖുർആൻ കൂടുതൽ പാരായണം ചെയ്യുന്നത് നിത്യ ജീവിത ശൈലിയാക്കി മാറ്റി
,സുന്നത്ത് നോമ്പുകൾ വർദ്ധിപ്പിച്ച് ജീവിതം ധന്യമാക്കി ,നമുക്ക് മുന്നെ നടന്നു പോയ
മനസിൽ നിന്നും മാഞ്ഞുപോകാത്ത ,ഇത്തരം ഒരു പാടു കുറിപ്പുകൾ ഞങ്ങൾക്കായി സമർപ്പിച്ച്
അപ്രതീക്ഷിതമായി ഞങ്ങളോട് വിട പറഞ്ഞ പ്രിയപ്പെട്ട കെ.ടിയോട് .
അല്ലാഹു അവരുടെ പാരത്രിക ജീവിതം എല്ലാ
അർത്ഥത്തിലും സന്തോഷമുള്ളതാക്കട്ടെ .ഹുസ്നുൽ ഖാതിമത്ത് കൊണ്ട് അല്ലാഹു നമ്മെയും
ബന്ധപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ
آمين
ഒരു ഫാതിഹ
നമുക്ക് കെ.ടി യുടെ പരലോക ഗുണത്തിനായി ഓതാം..
الفاتحة
وآخر دعوانا أن
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.