Thursday, June 20, 2013

440-സുന്നീ സഹോദരങ്ങളോട്بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


 പ്രിയ സഹോദരന്മാരേ, السلام عليكم ورحمة الله وبركاته,

പണ്ഡിതന്മാരെയും സാദാത്തുക്കളെയും തെറിയഭിഷേകം ചെയ്തുകൊണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ മലീമസമായിക്കൊണ്ടിരിക്കുന്നു. താന്‍ എഴുതുന്നതും ‘ലൈക്’ ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതുമൊക്കെ പാപമാണെന്നറിയാത്തവരല്ല ഇതു ചെയ്യുന്നത്. പണ്ഡിത സര്‍ട്ടിഫിക്കറ്റുകളുള്ളവരാണ് ഇതില്‍ മുന്‍‌നിരയില്‍ എന്നത് അതിലേറെ ഖേദകരവും.

ഈയിടെയായി ഫെയ്സ് ബുക്കിലൂടെ വല്ലാതെ പ്രചരിപ്പിച്ച ഒരു വ്യാജ ചിത്രമാണ് വന്ദ്യരായ ഏ പി ഉസ്താദിന്റെ ചിത്രം അനേകം സ്ത്രീകള്‍ക്ക് മധ്യേ ഫിക്സ് ചെയ്തത്.

നോക്കൂ നിങ്ങള്‍ താഴെയുള്ള ഖുര്‍‌ആന്‍ വചനം :സത്യ വിശ്വാസികളായ പുരുഷന്മാരേയും സത്യവിശ്വാസിനികളായ സ്ത്രീകളേയും അവര്‍ ചെയ്യാത്ത കുറ്റം ചുമത്തി ദ്രോഹിക്കുന്നവര്‍ ഗുരുതരമായ ദുരാരോപണത്തിന്റേയും പാപത്തിന്റേയും ഭാരം പേറേണ്ടിവരും.” (ഖുര്‍‌ആന്‍, സൂറ: അഹ്‌സാബ് : 58) 

എത്ര വ്യക്തമാണ് ഈ ആയത്ത് !! ഇതിന് വല്ല വിശദീകരണവും ഇനി ആവശ്യമുണ്ടോ? ഈ ഫോട്ടോ ഇതിന്റെ വ്യക്തമായ ഉദാഹരണമല്ലേ? ഒരിക്കലും ആ മനുഷ്യന്‍ ചെയ്യാത്ത കുറ്റമല്ലേ അവരുടെ മേല്‍ ആരോപിക്കപ്പെട്ടത്? ഇതുപോലെ ഏ പി വിഭാഗത്തിൽ പെട്ട ചിലരും മറുഭാഗത്തെ നേതാക്കളുടെ ഫോട്ടോകളുടെ മേലിലും കളിക്കുന്നത് കാണുന്നു.

നാം എല്ലാവരും മനസ്സിലാക്കേണ്ടുന്ന ഒരു സത്യമാണ് സംഘടനകളെന്നത് സുന്നത്ത് ജമാ‌അത്ത് എന്ന ആദര്‍ശപ്രസ്ഥാനത്തിന്റെ വേലിക്കെട്ടുകളാണെന്ന്. കേരളത്തില്‍ സുന്നത്ത് ജമാ‌അത്തിനെ സംരക്ഷിക്കാനുള്ള പ്രധാന സംഘടനകളാണ് ഇ കെ, എ പി സമസ്തകളും  അവയെ തള്ളിപ്പറയാനോ അതിന്റെ ബഹുമാന്യരായ പണ്ഡിതന്മാരെയോ നേതാക്കളേയോ വ്യക്തിഹത്യ ചെയ്യാനോ ആക്ഷേപിക്കാനോ ഒരു സുന്നിക്ക് പാടില്ല. സംഘടനയും ആദര്‍ശവും രണ്ടും ഒന്നല്ല , ആദര്‍ശം എന്നു പറയുന്നത് സുന്നത് ജമാ‌അത്താണ്. അത് നമ്മുടെ വിശ്വാസവും പ്രമാണവുമാണ്. അതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സ്വീകാര്യമല്ല. അതില്‍ വരുന്ന വ്യത്യാസമാണ് ഒരാളെ മുബ്‌തദി‌ഉം സുന്നിയുമായി വേര്‍തിരിക്കുന്നത്. ഈ വിശ്വാസ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍  വേണ്ടി  കാലാ കാലങ്ങളിലായി സൌകര്യാര്‍ത്ഥമായി ഉണ്ടാക്കുന്ന സംവിധാനത്തെയാണ് സംഘടന എന്നു പറയുന്നത്. അപ്പോള്‍ പ്രസ്ഥാനമെന്നത് നമ്മുടെ മൂലധനമാണ്. അതാണ് ദുന്‍‌യാവിലും ആഖിറത്തിലും നമ്മെ രക്ഷിക്കുന്നതും വിജയിപ്പിക്കുന്നതും. അതു നമ്മുടെ ദീനാണ്. നമ്മുടെ ഈമാനുമാണ്. അതിനെ കൊള്ളയടിക്കാന്‍ വേണ്ടി നവീന വാദികളും നിരീശ്വരവാദികളും കള്ളത്ത്വരീഖത്തുകളും ഉടലെടുക്കുമ്പോൾ അവരിൽ നിന്ന് ഈ വിശ്വാസപ്രമാണത്തെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമമാണ് സംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട സമസ്ത എന്ന സംഘടന തന്നെ ഉല്‍ഭവിച്ചിട്ട് നൂറില്‍ താഴെ വര്‍ഷമേ ആയിട്ടുള്ളൂ. അതിനു മുമ്പും സുന്നത്ത് ജമാ‌അത്തുണ്ടല്ലോ ? സുന്നത്ത് ജമാ‌അത്തിന്റെ വിശ്വാസപ്രമാണത്തെ കടന്നാക്രമിക്കാന്‍ നവീനവാദികൾ ഒരുമ്പെടുമ്പോള്‍ അതിനെ സംരക്ഷിക്കാനായി  ഒരോ കാലത്തെയും സുന്നികൾ വിവിധ സംവിധാനങ്ങൾ ആവിഷ്കരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരം ഒരു കാലിക സംവിധാനമാണ്  സുന്നി സംഘടനകളെല്ലാം. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിൽ മെമ്പറായി പ്രവര്‍ത്തിക്കാം. പക്ഷെ ഒരിക്കലും മറ്റുള്ള സുന്നീ സംഘടനകളേയോ അവരുടെ നേതാക്കളേയോ പണ്ഡിതരെയോ ആക്ഷേപിക്കാന്‍ പാടില്ല. നാം ഷാഫി‌ഇകളാണെന്ന് കരുതി ഇമാം അബൂഹനീഫയെ എതിര്‍ക്കാന്‍ പറ്റുമോ? ഒരു ഹനഫിക്ക് ഇമാം മാലികിനെ ആക്ഷേപിക്കാന്‍ പറ്റുമോ? ഒരിക്കലും പാടില്ല. അവരെ അംഗീകരിക്കുന്നതുകൊണ്ടോ ആക്ഷേപിക്കുന്നില്ലെന്നതു കൊണ്ടോ നാം ആ മദ്‌ഹബ്കാരാണെന്നും വരില്ല. മറ്റുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടെ നമുക്കിഷ്ടമുള്ള മദ്‌ഹബ് സ്വീകരിക്കാവുന്നതാണ്. ഇതു പോലെത്തന്നെയാണ് ഇന്നത്തെ സുന്നീ സംഘടനകളേയും അതിന്റെ നേതാക്കളേയും പണ്ഡിതരേയും നാം കാണേണ്ടത്.

നമുക്കിഷ്ടമുള്ളതിൽ അംഗമാകാം. അതോടൊപ്പം മറ്റു സുന്നീ സംഘടകളേയും നേതാക്കളേയും അണികളേയും ആദരിക്കാനും ആക്ഷേപിക്കാതിരിക്കാനുമുള്ള വിശാല മനസ്കത നമുക്കുണ്ടാവണം. നാം ആദര്‍ശ സഹോദരങ്ങളാവണം. ഒരിക്കലും മാന്യതക്കും പരിശുദ്ധ ഇസ്‌ലാമിന്റെ സംസ്കാരത്തിനും യോജിക്കാത്ത  ആരോപണങ്ങളും ശകാരങ്ങളും തെറിയഭിഷേകങ്ങളും നമ്മിൽ നിന്ന് ഉണ്ടായിക്കൂടാ.  മദ്‌ഹബിന്റെ ഇമാമീങ്ങളിൽ പ്രബലരാണ് ഇമാം ശാഫിയും ഇമാം അബൂ ഹനീഫയും   رضي الله عنهما  ഇതില്‍ ഇമാം അബൂ ഹനീഫ رحمه الله നെ ക്കുറിച്ച് ചരിത്രമെഴുതിയവരിൽ പ്രധാനിയാണ് ഇമാം ഇബ്നു ഹജറുല്‍ ഹൈതമി رحمه الله തന്റെ ആ വിഷയത്തിലെ പ്രസിദ്ധ കിതാബാണ് [الخيرات الحسان في مناقب أبي حنيفة النعمان   എന്ന കിതാബ്. ഷാഫി‌ഈ മദ്‌ഹബുകാരനായ ഇമാം നവവി  رحمه الله നെ പുകഴ്ത്തുകയും അവരുടെ കിതാബുകളെ അംഗീകരിക്കുകയും ചെയ്യാത്ത മറ്റ് മദ്‌ഹബുകളില്ല. ഇതായിരുന്നു നമ്മുടെ മുന്‍‌ഗാമികളുടെ സംസ്കാരം. പക്ഷെ നാമിന്ന് രാഷ്ട്രീയ സംഘടനകളെപ്പോലും കവച്ചുവെക്കുന്ന രീതിയിൽ തരംതാണ് എതിരാളികളെ ഒതുക്കാന്‍ വേണ്ടി ഏത് നീചവേലയും ചെയ്യാന്‍ തയ്യാറാകുന്നതിന്റെ ഉദാഹരണമാണ് ഫെയ്സ് ബുക്കിലൂടെ പ്രചരിക്കുന്ന ഈ ഫോട്ടോ. എല്ലാം അസൂയയിൽ നിന്ന് ഉടലെടുത്തതും. സംഘടന അല്ലാഹുവിന്റെ മുമ്പില്‍ നമ്മെ രക്ഷിക്കാനെത്തില്ലെന്നോര്‍ക്കുക. മുകളിൽ കൊടുത്ത ആയത്ത് വീണ്ടും വായിച്ചു നോക്കുക എത്ര ഗൌരവമായ വാണിംഗാണിത്.
എല്ലാം ഒരു മനുഷ്യനോടുള്ള അസൂയ മൂലവും. നമ്മുടെ വിലപ്പെട്ട ഊര്‍ജ്ജവും സമയവും ആരോഗ്യവും ഒരു വ്യക്തിയെ ഇകഴ്ത്താന്‍ മാത്രം വിനിയോഗിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?
ഇമാം ബുഖാരിയും മുസ്‌ലിമും رحمهما الله റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണൂ:

عَنْ أَبِي سَعِيدِ الْخُدْرِيِّ رَضِيَ اللهُ عَنْهُ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنِّي لَمْ أُومَرْ أَنْ أَنْقُبَ قُلُوبَ النَّاسِ وَلَا أَشُقَّ بُطُونَهُمْ.(متفق عليه)

അബൂ സ‌ഈദുല്‍ ഖുദ്‌രി (رضي الله عنه) യില്‍ നിന്നും  റിപ്പോര്‍ട്ട് ചെയ്യുന്നു. തിരു നബി صلى الله عليه وسلم  പറഞ്ഞു: “മനുഷ്യരുടെ ഹൃദയം തുറന്നു നോക്കാനോ അവരുടെ വയറ് കീറിനോക്കാനോ എന്നോട് കല്പിക്കപ്പെട്ടിട്ടില്ല”. (ബുഖാരി, മുസ്‌ലിം)

എത്ര ചിന്തനീയമാണ് ഈ ഹദീസ്. ഈ ഹദീസ് വായിച്ച ഒരാൾ “തന്റെ പക്കൽ തിരുകേശമുണ്ടെന്നോ മറ്റോ പറയുന്നവരെ” എന്തിനു ക്രൂശിക്കണം. അത് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അത് കളവാണെന്ന് സ്ഥാപിക്കേണ്ടുന്ന ഉത്തരവാദിത്വം നമുക്കില്ലല്ലോ? അതുകൊണ്ട് വല്ല നേട്ടവും സമൂഹത്തിനു കിട്ടുമോ? മുകളിലെ ഹദീസിലുള്ളതുപോലെ നാം അവരുടെ ഹൃദയം തുരന്നു നോക്കേണ്ടതില്ല. ബാഹ്യമായ അവരുടെ വാദം വിശ്വസിക്കാവുന്നതേയുള്ളൂ. തെറ്റാണെങ്കില്‍ അത് ബോധ്യപ്പെടുന്ന സമയം നാളെ അല്ലാഹുവിന്റെ മുമ്പിലാണ്. അവന്‍ വേണ്ടത് ചെയ്യട്ടെ എന്നു കരുതിയാൽ എത്ര മനസ്സമാധാനം നമുക്ക് കിട്ടും. എത്ര സമയം നമുക്ക് ലാഭിക്കാം.

ഇമാം ബുഖാരിയും മുസ്‌ലിമും رحمهما الله റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണൂ:

عَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: سِبَابُ الْمُؤْمِنِ فُسُوقٌ وَقِتَالُهُ كُفْرٌ. (متفق عليه)

ഇബ്‌നു മസ്‌ഊദ് (رضي الله عنه) വിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: തിരു നബി صلى الله عليه وسلم പറഞ്ഞു: “വിശ്വാസിയെ ശകാരിക്കൽ പാപവും അവനെ കൊലപ്പെടുത്തൽ സത്യ നിഷേധവുമാണ്”. (ബുഖാരി, മുസ്‌ലിം)

ഇമാം അഹ്‌മദുല്‍ ഹദ്ദാദ് رحمه الله  പറയുന്നത് നോക്കൂ:

وَاعْلَمْ أَنَّ كَثِيرَ مَّا يُخْتَمُ بِالسُّوءِ لِلَّذِينَ يَتَهَاوَنُونَ بِالصَّلَاةِ الْمَفْرُوضَةِ وَالزَّكَاةِ الْوَاجِبَةِ ، وَالَّذِينَ يَتَتَبَّعُونَ عَوْرَاتِ الْمُسْلِمِينَ ، وَالَّذِينَ يُنْقِصُونَ الْمِكْيَالَ وَالْمِيزَانَ ، وَالَّذِينَ يَخْدَعُونَ الْمُسْلِمِينَ وَيَغُضُّونَهُمْ وَيُلَبِّسُونَ عَلَيْهِمْ فِي أُمُورِ دِينِهِمْ. (مفتاح الجنة للإمام السيد أحمد مشهور طه الحداد رحمه الله صفحة: 91) .

നീ മനസ്സിലാക്കുക, കൂടുതലും സൂ‌ഉൽ ഖാതിമത്തിൽ പെട്ടുപോകുന്നവൽ (കാഫിറായി ചത്തു പോകുന്നവര്‍) നിര്‍ബന്ധ നിസ്കാരങ്ങളെയും സകാത്തിനേയും നിസ്സാരമായി കാണുന്നവരാണ്. മുസ്‌ലിമീങ്ങളുടെ രഹസ്യങ്ങളും പോരായ്മകളും ചികഞ്ഞന്വേഷിക്കാന്‍ നടക്കുന്നവരുമാണ്. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരും”. (ഇമാം അഹ്‌മദുല്‍ ഹദ്ദാദ് [ رحمه الله ന്റെ മിഫ്താഹുല്‍ ജന്ന, പേജ് 91)

മുസ്‌ലിമീങ്ങളുടെ ന്യൂനതകൾ പ്രചരിപ്പിക്കൽ ഇന്ന് ഒരു രോഗമായി മാറിയിരിക്കുകയാണ്. അത് അവസാനം ഈമാന്‍ കിട്ടാതെ മരിക്കാന്‍ കാരണമാകുമെങ്കിൽ കാര്യത്തിന്റെ ഗൌരവം നാം ആലോചിക്കുക. അല്ലാഹു നമ്മേയും മാതാപിതാക്കളേയും ഭാര്യമക്കളേയും ഹുസ്‌നുൽ ഖാതിമത്തു കൊണ്ട് അനുഗ്രഹിക്കട്ടെ. പണ്ഡിതന്മാരേയും സാദാത്തുക്കളേയും സാധാരണക്കാരെയും ആദരിക്കുന്നവരിൽ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails