Monday, May 20, 2013

417-പുതു വത്സരവും മുഹറം ഒമ്പതും പത്തും
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഹിജ്‌റ കലണ്ടറിലെ ഒന്നാം മാസമാണ് മുഹറം. യുദ്ധം വിലക്കപ്പെട്ടതും മനുഷ്യൻ കുറ്റ വിമുക്തനായി നില കൊള്ളണമെന്ന് അല്ലാഹുവിന്റെ പ്രത്യേക കല്പനയുള്ളതുമായ നാ‍ലു മാസങ്ങളിലൊന്നാണത്.  വർഷങ്ങളും മാസങ്ങളും കാലത്തിന്റെ അതിരുകളല്ല. കാലഗണനാതിരുകളാണ്. ചന്ദചലനത്തെയടിസ്ഥാനമാ‍ക്കിയുള്ളതാണ് ഹിജ്‌റ കലണ്ടർ. പ്രവാചക ശ്രേഷ്ടരുടെ വിശ്വ പ്രസിദ്ധമാ‍യ മദീന പാലായനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഈ കലണ്ടർ ഖലീഫ ഉമർ رضي الله عنه ന്റെ ഭരണകാലത്താണ് പ്രാബല്യത്തിൽ വന്നത്.

അക്രമ രഹിത ജീവിതമാണ് മനുഷ്യനിൽ നിന്നും ലോകം പ്രതീക്ഷിക്കുന്നത്. കുറ്റവാസന മനുഷ്യ മനസ്സിൽ നിന്നും തുടച്ച്  മാറ്റാനുള്ള ഫലപ്രദമായ മാർഗം  ഇസ്‌ലാം നിർദ്ദേശിക്കുന്നു. അതിലൊന്നാണ് വ്രത ശുദ്ധി. മനസിനെയും ശരീരത്തെയും അധീനപ്പെടുത്തുന്ന കർമപദ്ധതിയാണത്. മനസിന്റെ അപഥ സഞ്ചാരം , മനസിനെ ചഞ്ചലപ്പെടുത്തുന്ന പൈശാചിക സ്വാധീനം എന്നിവ വ്രതം തടയുന്നു.

തിരുനബി صلى الله عليه وسلم  പറയുന്നു. റമദാൻ കഴിഞ്ഞാൽ അത്യുത്തമ വ്രതം അല്ലാഹുവിന്റെ മാസമായ മുഹറത്തിലേതാണ് ( മുസ്‌ലിം )

അബൂ ഖതാദ رضي الله عنه  പറയുന്നു. “ മുഹറം പത്തിലെ (ആശുറാ‌അ്) നോമ്പിനെ കുറിച്ച് നബി صلى الله عليه وسلم  യോട് ചോദിക്കപ്പെട്ടു. “കഴിഞ്ഞ് പോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടാൻ അത് കാരണമാണെന്നായിരുന്നു” മറുപടി ( മുസ്‌ലിം)

മനുഷ്യന്റെ ദേഹത്തെയും ദേഹിയെയും സ്വാധീനിക്കുന്ന വ്രത് വർഷാരംഭത്തിൽ തന്നെ അനുഷ്ഠിക്കാനുള്ള ആഹ്വാനത്തോടെയാണ് മുസൽമാന് പുതുവത്സരം സമാഗതമാവുന്നത്. ചിന്തയുടെയും കണക്കു നോക്കലുകളുടെയും വാതായനങ്ങൾ മനസിന് മുന്നിൽ മലർക്കെ തുറന്ന് കൊടുക്കുകയാണതിലൂടെ.  വർഷാരംഭം, വർഷാദ്യം എല്ലാം ആത്മ വിചാരണയുടെ കാലയളവുകളാണ് .ജീവിത ലാഭനഷ്ടങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന മുഹൂർത്തങ്ങൾ. ഹൃദയമിടിപ്പ് പോലെ തീരുന്ന ആയുസിൽ നിന്നും 8496 മണിക്കൂർ കൊഴിഞ്ഞു പോയെന്നാണ് മാറുന്ന കലണ്ടറുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ജീ‍വിതത്തിലൊരിക്കലും വീണ്ടെടുക്കാനാവാത്ത നിമിഷങ്ങളാണ് ആഴ്ചകളും മാസങ്ങളുമായി നമുക്ക് നഷ്ടമായത്. ഇനിയൊരാണ്ടു ജീവിച്ചു സുകൃതങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കാമെന്നോ നഷ്ടം നികത്താമെന്നോ ആർക്കുറപ്പുണ്ട്  

പ്രാദേശിക, ആഗോള തലങ്ങളിൽ സംഘർഷങ്ങളുടെയും പിരിമുറുക്കങ്ങളുടെയും വർഷമാണ് കഴിഞ്ഞ് പോയത്. തിരുനബിയുടെ  صلى الله عليه وسلم തിരുവചന പ്രകാരം കഴിഞ്ഞുപോയതിനേക്ക്‍ാൾ നന്മ നിറഞ്ഞ വർഷമല്ല , അതിനേക്കാൾ സംഘർഷ ഭരിതവും ഭീതിജനകവുമായ വർഷങ്ങളാണ് പുതുവർഷങ്ങളായി നമ്മെ സ്വാഗതമോതുന്നത്. അത് കൊണ്ട് തന്നെ , മനുഷ്യനെ അല്ലാഹുവിലേക്കടുപ്പിക്കാനുള്ള വിശ്വാസികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കേണ്ട കാല ഘട്ടമാണിത്.

നവ വത്സര ചിന്തകളിൽ നവോത്ഥാനത്തിന്റെ കാലൊച്ചകളാണ് നാം ബാക്കിയാക്കേണ്ടത് . കഠിനമായ വൈതരണികൾ മുസ്‌ലിം നവോത്ഥാനം നേരിടുന്നു. സാമ്രാജ്യത്വ അധിനിവേശം, മുസ്‌ലിം ലോകത്ത അന്തഛിദ്രം, അനൈക്യം തുടങ്ങിയ ഹിമാലയൻ മതിൽകെട്ടുകളാണ് നമ്മുടെ പ്രയാണത്തിനു മുന്നിൽ ഉയർന്ന് നിൽക്കുന്നത്.അഴിക്കും തോറും മുറുകുന്ന കെട്ടുകൾ. തിരിച്ചറിവുകളാണ് ഇവിടെ നമുക്ക് കൂട്ടാവേണ്ടത്. ഇന്നലെകളിൽ സംഭവിച്ചതിന്റെ തനിയാവർത്തനങ്ങൾ ഇന്നുകൾ കാഴ്ചവെക്കുമ്പോൾ തിരിച്ചറിവ് കൊണ്ടതിനെ എതിരേൽക്കുക. മിത്രത്തിന്റെ  രൂപത്തിലാണ് ശത്രു പ്രത്യക്ഷപ്പെടുന്നത്. ഇവിടെ ശത്രുവിനെയും ശത്രുവിന്റെ കുതന്ത്രങ്ങളെയും തിരിച്ചറിയാനുള്ള ശേഷി  മുസ്‌ലിം സമുദായം ആർജ്ജിച്ചേ തീരൂ.. മിന്നുന്നതിൽ നിന്നും പൊന്ന് തിരിച്ചറിയാനായാൽ സമുദാ‍യം വിജയിച്ചു. നമുക്കിത് തിരിച്ചറിവിന്റെ വർഷമാവട്ടെ. മുഹറമിന്റെ ചരിത്ര തുടിപ്പുകൾ നമുക്ക് ശക്തി പകരട്ടെ.

ആശുറാ‌അ് നോമ്പ് കഴിയുന്നവരെല്ലാം അനുഷ്ഠിക്കുക.  ഒമ്പതിനു നോമ്പെടുക്കാത്തവർ പതിനൊന്നിന് നോമ്പനുഷ്ഠിക്കുക. പരസ്പരം ദുആ ചെയ്യുക. ആട്ടിയോടിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ഒരിറ്റു കണ്ണീരെങ്കിലും സമ്മാനിച്ച് നമ്മുടെ പ്രാർഥനകളിൽ ഒരു വാക്കെങ്കിലും മൊഴിഞ്ഞ് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക

ആഫിയത്തുള്ളതും അല്ലാഹുവിന്റെ തൃപ്തിയുള്ളതുമായ ദീർഘായുസ്സ് നൽകി നമ്മെയും മാതാപിതാക്കളെയും ഭാര്യമക്കളെയും നാഥൻ അനുഗ്രഹിക്കട്ടെ آمين

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails