Sunday, May 19, 2013

415-ദുൽഹ്ജ്ജിലെ 10 ദിനരാത്രങ്ങൾ-ഭാഗം-03بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ 

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പെരുന്നാളും വെള്ളിയാ‍ഴ്ചയും

പെരുന്നാളും വെള്ളിയാ‍ഴ്ചയും  ഒന്നിച്ച വന്നാൽ ജുമു‌അയുടെ നിർബന്ധം ഒഴിവാകുകയില്ല. ഇമാം മുസ്‌‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് ഇത് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.


عَنِ النُّعْمَانِ بْنِ بَشِيرٍ رضي الله عنه ، قَالَ: كَانَ رَسُولُ اللّهِ صلى الله عليه وسلم يَقْرَأُ، فِي الْعِيدَيْنِ وَفِي الْجُمُعَةِ، {سَبِّحِ اسْمَ رَبِّكَ الأَعْلَى} و{هَلْ أَتَاكَ حَدِيثُ الْغَاشِيَةِ}. قَالَ: وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ، فِي يَوْمٍ وَاحِدٍ ، يَقْرَأُ بِهِمَا أَيْضاً فِي الصَّلاَتَيْنِ.(رواه مسلم رقم 1978)


“നുഅ്മാനുബ്നു ബശീർ رضي الله عنه  ൽ നിന്ന് നിവേദനം  : നബി صلى الله عليه وسلم രണ്ട് പെരുന്നാൾ നിസ്കാരങ്ങളിലും , ജുമുഅ നിസ്കാരത്തിലും സബ്ബിഹിസ്മ സൂറയും അൽ അതാക സൂറയും ഓതാറുണ്ടായിരുന്നു. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ രണ്ട് നിസ്കാരത്തിലും ഈ സൂറത്തുകൾ തന്നെയായിരുന്നു ഓതിയിരുന്നത്”  (സഹീഹ് മുസ്‌ലിം-1978)  ഈ വിഷയം വിശദീകരിച്ച് കൊണ്ട് ഇമാം നവവി رحمه الله ശറഹുൽ മുഹദ്ദബിൽ പറയുന്നു. : “ ജുമുഅയും പെരുന്നാളും  ഒരുമിച്ച് വന്നാൽ രണ്ടും നിസ്കരിക്കണം.  ജുമുഅയുടെ നിർബന്ധം മാറുന്നതല്ല (ശറഹുൽ മുഹദ്ദബ് 4 : 360)

ഉള്ഹിയ്യത്ത്.

ബലി പെരുന്നാളിനോടനുബന്ധിച്ച് ചെയ്യേണ്ട മറ്റൊരു സുപ്രധാന കർമമാണ് ഉള്ഹിയ്യത്ത്. അല്ലാഹുവിന്റെ സാമീപ്യം ഉദ്ധേശിച്ച് അറുക്കപ്പെടുന്ന ബലി മൃഗത്തെകുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലി കർമ്മത്തിനാവശ്യമായ സാമ്പത്തിക ശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം ശക്തമായ സുന്നത്താണ്.  ബലി പെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞ്ഞതു മുതൽ ബലിയുടെ സമയം തുടങ്ങും.  ഉത്തമമായ സമയം , ബലി പെരുന്നാൾ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനിട്ടായതു മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാ‍ഹത്താണ്. യാത്രക്കാരനും ,ഹജ്ജ് ചെയ്യുന്നവനും ഇത് സുന്നത്താണ്.

അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കാവുന്ന മൃഗങ്ങൾ. മെലിഞ്ഞു മജ്ജ നശിച്ചതോ,  ചെവി, വാൽ, പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടവയോ ,കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ ,കാഴ്ച തടയും വിധം കണ്ണിൽ പാട മൂടിയതോ ,വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിനു പറ്റുകയില്ല. അപ്രകാരം ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല. 

മാട്, ഒട്ടകം എന്നിവ ഏഴ് പേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. തനിക്കും , താൻ ചിലവിനു കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും. ഉള്ഹിയ്യത്ത് സാധുവാകാൻ നിയ്യത്ത് ആവശ്യമാണ്. അറവ് നടത്തുന്ന സമയത്തോ, അറവ് മൃഗത്തെ നിർണ്ണയിക്കുന്ന  അവസരത്തിലോ നിയ്യത്ത് ചെയ്യാവുന്നതാണ്. ‘സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാ‍ൻ കരുതി’  എന്നോ ‘സുന്നത്തായ ബലികർമ്മം ഞാൻ നിർവഹിക്കുന്നു’ എന്നോ കരുതൽ നിർബന്ധവും നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.

ഉള്ഹിയ്യത്തിൽ നിന്ന് അല്പം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ.. പക്ഷെ ബറക്കത്തിനു വേണ്ടി അല്പം മാത്രം എടുത്ത് തീർത്തും ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണു നൽകേണ്ടത്. ബലിയറുക്കുന്നയാൾ എടുക്കുന്നത് കരളിൽ നിന്നാകുന്നതാണ് കൂടുതലുത്തമം.

ബലിമൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിന്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ പൂർണ്ണമായും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ലതും അവൻ ഉപയോഗിച്ചാൽ അതിന്റെ പകരം ദരിദ്രർക്ക് നൽകാൻ അയാൾ ബാധ്യസ്ഥനാണ്. സുന്നത്തായ ഉള്ഹിയ്യത്തിന്റെ മാംസം, കൊമ്പ്, തോൽ തുടങ്ങി ഒരു ഭാഗവും വില്പന നടത്താൻ പറ്റില്ല. വാടകക്ക് നൽകാനോ അറവുകാരനും മറ്റും കൂലിയായി നൽകാനും പാടില്ല.

ഉള്ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കയും അറവ് നടത്തുന്നിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.

ബലിയറുക്കാനുദ്ദേശിക്കുന്നവർ ദുൽഹിജ്ജ ഒന്നുമുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാ‍ഗങ്ങളൊന്നും നീ‍ക്കം ചെയ്യാതിരിക്കൽ സുന്നത്താണ്.  അവ നീക്കൽ കറാഹത്താണ്. തടിച്ച് കൊഴുത്ത ന്യൂനതയില്ലാത്ത മൃഗമാകലും, പെരുന്നാൾ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും, അറവ് പകലിലാവലും , ബലി മൃഗത്തെ ഖിബ്‌ലക്ക് നേരെ തിരിക്കലും, അറവ് നടത്തുന്നവർ ഖിബ്‌ലക്ക് അഭിമുഖമാവലും, ബിസ്മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും, എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.

ബലി മൃഗത്തിന്റെ നിറത്തിന്റെ ശ്രേഷ്ടതയുടെ ക്രമം:  വെള്ള, മഞ്ഞ, മങ്ങിയ വെള്ള, ചാര നിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത് , കറുപ്പ് എന്നിങ്ങനെയാണ്.  ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റ് നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.

ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സകാത്തല്ലാത്ത ദാനധർമ്മങ്ങൾ അമുസ്‌ലിമിനു നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റു ഭാഗങ്ങളോ അവർക്ക് നൽകൽ അനുവദനീയമല്ല. ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത്  സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.

ഹജ്ജിനു പോകുന്നവരും അല്ലാത്തവരും ഈ എളിയവനും കുടുംബത്തിനും ഉസ്താദുമാർക്കും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെوالسلام عليكم ورحمة الله وبركاته

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails