الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പെരുന്നാൾ നിസ്കാരം
ബലിപെരുന്നാൾ ദിവസത്തെ മറ്റൊരു പ്രധാന ആരാധനയാണ്
പെരുന്നാൾ നിസ്കാരം. ജമാഅത്തായി നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും
ശ്രേഷ്ടവും ഉപേക്ഷിക്കൽ കറാഹത്തുമാണിത്. സൂര്യോദയത്തോടെ
സമയം തുടങ്ങുമെങ്കിലും സൂര്യൻ ഉദിച്ച് 20 മിനുട്ട് കഴിഞ്ഞതു മുതൽ ഉച്ച വരെയാണ് ശ്രേഷടമായ
സമയം. പള്ളി വിശാലമാണെങ്കിൽ പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് തന്നെ നിർവഹിക്കലാണ്
പുണ്യം.
പുരുഷൻ ,സ്ത്രീ, യാത്രക്കാർ തുടങ്ങീ എല്ലാവർക്കും
ഈ നിസ്കാരം ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. എന്നാൽ ഹാജിമാർക്ക് പല പ്രവൃത്തികളും
ചെയ്യാനുള്ളത് കൊണ്ട് ഒറ്റക്ക് നിസ്കരിക്കലാണുത്തമം. സ്ത്രീകൾ വീട്ടിൽ വെച്ച് സാധിക്കുമെങ്കിൽ
ജമാഅത്തായും ഇല്ലെങ്കിൽ ഒറ്റക്കും നിസ്കരിക്കണം.
“വലിയ പെരുന്നാൾ സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത്
ഞാൻ നിസ്കരിക്കുന്നു” എന്നാണ് നിയ്യത്ത്. ഒന്നാം റക്അത്തിൽ വജ്ജ്ഹത്തു ഓതിയതിനു ശേഷം ഫാത്തിഹക്ക് മുമ്പായി ഏഴ് തൿബീറും രണ്ടം റക്അത്തിൽ
സുജൂദിൽ നിന്ന് നിറുത്തത്തിലേക്ക് വരുമ്പോഴുള്ള തക്ബീർ കൂടാതെ ഫാതിഹക്ക് മുമ്പായി
അഞ്ച് തക്ബീറും ചൊല്ലേണ്ടതാണ്. ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും
ഈ തക്ബീറുകൾ ഉച്ചത്തിൽ ചൊല്ലൽ സുന്നത്താണ്. ഓരോ തക്ബീർ ചൊല്ലുമ്പോഴും കൈകൾ രണ്ടും
ചുമലുകളുടെ നേരെ ഉയർത്തലും തക്ബീറുകളുടെ ഇടയിൽ
;
سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلهَ إِلاَّ اللهُ وَاللهُ أَكْبَرُ
എന്ന ദിക്റ് ചൊല്ലലും സുന്നത്താണ്. ഒന്നാമത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം ‘സബ്ബിഹിസ്മയും ‘ രണ്ടാമത്തേതിൽ ‘ അൽ അതാകയും’ ഓതുക. നിസ്കാരത്തിന്റെ പൂർണ്ണ രൂപമാണിത്. തക്ബീറുകളൊന്നുമില്ലാതെ
സാധാരണ രണ്ട് റക്അത്ത് നിസ്കരിച്ചാലും സുന്നത്ത് ലഭിക്കും. നിസ്കാരത്തിനു ശേഷം രണ്ട്
ഖുതുബ നിർവഹിക്കലും സുന്നത്താണ്.
വലിയ പെരുന്നാൾ
നിസ്കാരത്തിനു പോകുന്നതിനു മുമ്പ് ഭക്ഷണം കഴിക്കാതിരിക്കലും പ്രഭാത ശേഷം കുളിക്കലും
സുഗന്ധം ഉപയോഗിക്കലും നല്ല വസ്ത്രം ധരിക്കലും സുന്നത്താണ്. നിസ്കാരത്തിനു പങ്കെടുക്കാത്തവനും
ഇത് സുന്നത്ത് തന്നെ. അതിരാവിലെ നിസ്കാര സ്ഥലത്തേക്ക് ദൂരം കൂടിയ വഴിയിലൂടെ നടന്ന്
പോകലും മറ്റൊരു വഴിയിലൂടെ തിരിച്ചു പോരലും സുന്നത്താണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى
آله وصحبه أجمعين.
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.