Friday, March 9, 2012

490- അല്ലാഹു-ഭാഗം-15


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇനി ജീവികളിലേക്ക് കടന്നാലോ , മനുഷ്യരേക്കാൾ എത്രയോ ഇരട്ടി ശക്തിയുള്ള ആനയേയും ഒട്ടകത്തേയുമൊക്കെ അവൻ കീഴ്പ്പെടുത്തി ഉപയോഗപ്പെടുത്തുന്നു. കൊച്ചുകുട്ടിപോലും തന്നെക്കാൾ എത്രയോ വലുതും ശക്തനുമായ ഒട്ടകത്തെ തെളിച്ച് കൊണ്ട് പോകുന്നത് കാണാം. അതിനെ ശക്തിയായി അടിക്കുന്നത് കാ‍ണാം. ഒട്ടകം വിചാരിച്ചാൽ ഈ കുട്ടിയെ ഒരു തട്ട് കൊടുത്ത് കഥ കഴിക്കാൻ കഴിയും. പക്ഷെ അല്ലാഹു അതിനെ നമുക്ക് കീഴ്പ്പെടുത്തിതന്നതാണ്. നായ മനുഷ്യനു കാവൽക്കാരനായി നിലകൊള്ളുന്നു. അതേ വർഗത്തിൽ പെട്ട ചെന്നായ മനുഷ്യനെ കൊന്ന് തിന്നുന്നു. ഇഴ ജന്തുവായ ചെറിയ സർപ്പത്തിനു പോലും മനുഷ്യനെ അപായപ്പെടുത്താൻ കഴിയും . എല്ലാം അല്ലാഹു മനുഷ്യനെ ചിന്തിപ്പിക്കാൻ ചെയ്തു വെച്ചതാണ്

ഇത് മനസ്സിലാക്കാൻ അല്പം കൂടെ വിശദീകരിക്കാം. ചിലർ പറയാറുണ്ട് എന്റെ ശരീരത്തിന്റെ ഉടമ ഞാനാണ്. എനിക്കതിനെ നിയന്ത്രിക്കാനും ഞാനുദ്ദേശിച്ചത് ചെയ്യാനും എനിക്ക് കഴിയുമെന്നൊക്കെ. പക്ഷെ ഇത് വെറും പൊള്ളവാദമാണ്. എന്നല്ല സ്രഷ്ടാവിനെ നിന്ദിക്കലുമാണ്. അല്ലാഹുവാണ് നമ്മുടെ ശരീരത്തിന്റെ യഥാർഥ ഉടമ. അവനുദ്ദേശിച്ചതൊക്കെ അവൻ ചെയ്യുന്നു. ഇത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ. ഹൃദയം സ്പന്ദിക്കുന്നുണ്ട്. നാമാണോ അതിനെ സപന്ദിപ്പിക്കുന്നത് ? അലപ നേരത്തേക്കെങ്കിലും ഒരു വിശ്രമമെന്നോണം അതിന്റെ സ്പന്ദനം നിർത്താൻ നമുക്ക് കഴിയുമോ ? അല്ലെങ്കിൽ അതിന്റെ സപന്ദനം നിലച്ചാൽ നമുക്കത് റീസ്റ്റാർട്ട് ചെയ്യാൻ കഴിയുമോ ? നാം ഉറങ്ങുകയാണെങ്കിൽ നമ്മുടെ ഉദ്ദേശങ്ങൾക്കനുസരിച്ച് എങ്ങിനെ ഹൃദയത്തെ നിയന്ത്രിക്കാൻ കഴിയും ? ഉറങ്ങുന്ന സമയത്ത് സ്പന്ദനത്തിന്റെ സ്പീഡ് കുറക്കാൻ ഓർഡർ നൽകുന്നത് ആരാണ് ? അദ്ധ്വാനിക്കുന്ന സമയത്ത് ഹൃദയമിടിപ്പ് കൂട്ടാൻ ആരാണ് പറഞ്ഞത് ?

ശ്വനന പ്രക്രിയ നാമാണോ നിയന്ത്രിക്കുന്നത് ? ആണെങ്കിൽ സ്വനിയന്ത്രണം നഷ്ടപ്പെടുന്ന ഉറക്കത്തിൽ എങ്ങിനെ ശ്വസിക്കും ? സത്യത്തിൽ ഇവയൊക്കെ നമ്മുടെ കരങ്ങൾക്കപ്രാപ്യമായി നിലകൊള്ളുകയാണ്. അവ നിലക്കാൻ സർവ്വലോക രക്ഷിതാവിന്റെ ഓർഡർ എത്തിക്കഴിഞ്ഞാൽ ഒരു കൊലകൊമ്പനും അതിനെ തടയാനോ പുനർ ചലനം സാധ്യമാക്കാനോ കഴിയില്ല.

ദഹനേന്ദ്രിയവും ബന്ധപ്പെട്ട മെഷീനറികളും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ നാമാണത് ചെയ്യുന്നതെങ്കിലുള്ള കഷ്ടപ്പാടുകൾ എത്രയായിരിക്കും. രക്തധമനികൾ ഓരോ സെകൻഡിലും ചെയ്ത്കൊണ്ടിരിക്കുന്ന സേവനം നാം നിയന്ത്രിക്കുകയാണെങ്കിൽ നമുക്ക് പിന്നെ വല്ല പണിയും ചെയ്യാൻ സമയം കിട്ടുമോ ? ഇതെല്ലാം വളരെ സൂക്ഷ്മമായി നില നിർത്തി പരിപാലിച്ച് പോരുന്ന അല്ലാഹുവിനെ സ്തുതിക്കുക. നമുക്ക് സ്വയമായി ഒരു കാര്യവും തീരുമാനിക്കാനോ നിയന്ത്രിക്കാനോ ഉള്ള പരമാധികാരം ഇല്ലെന്നതിന്റെ സൂചനകൾ മാത്രമാണിതൊക്കെسبحانك ما شكرناك حق شكرك يا الله فلك الحمد حتى ترضى


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-490

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails