Sunday, February 19, 2012

548-തിരുനബിയുടെ പത്നിമാര്‍-ഭാഗം-19

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഖദീജ ബീവി - رضي الله عنها

മഹതിയുടെ ശ്രേഷ്ടതകളും പ്രത്യേകതകളും ( തുടര്‍ച്ച )
ഓര്‍മ്മയിലെ ഒരു അപൂര്‍‌വ്വ മാല

മക്കയിലെ പ്രമുഖ തറവാട്ടിലെ യുവാവായിരുന്നു അബുല്‍ ആസ്. ഖുറൈശി കുടുംബത്തില്‍ അബ്ദുമനാഫിന്റെ സന്താന പരമ്പരയിലെ അംഗവും ഖദീജബീവിرضي الله عنها യുടെ സഹോദരിയായ ഹാലയുടെ പുത്രനും. ചെറുപ്പത്തില്‍ തന്നെ ഉത്തമ സ്വഭാവത്തിന്റെയും പരിശുദ്ധിയുടെയും പേരില്‍ അറിയപ്പെട്ട അദ്ദേഹം എല്ലാ അര്‍ഥത്തിലും വിശ്വസ്തനുമായിരുന്നു. ഈ പ്രസിദ്ധി അദ്ദേഹത്തെ തിരുനബിصلى الله عليه وسلمയുടെ മകള്‍ സൈനബرضي الله عنهاയെ വിവാഹാലോചന നടത്താന്‍ പ്രേരിപ്പിച്ചു. തന്റെ ആഗ്രഹം നബിയെ അറിയിക്കുകയും മാതൃസഹോദരിയായ ഖദീജബീവിرضي الله عنهاഅതിനു പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഈ മംഗല്യത്തില്‍ വല്ലാത്ത ആഹ്‌ളാദം പ്രകടിപ്പിച്ചവരായിരുന്നു മഹതി ഖദീജرضي الله عنها . സന്തോഷാധിക്യത്താല്‍ വിവാഹ ദിവസം താന്‍ അണിഞ്ഞിരുന്ന അപൂര്‍‌വ്വമായ മുത്തു മാല അഴിച്ച് മകളുടെ കഴുത്തില്‍ കെട്ടിക്കൊടുത്തു.

കാലങ്ങള്‍ പിന്നിട്ടു. ഖദീജബീവിرضي الله عنها വഫാത്തായി. തിരുനബി മദീനയിലേക്ക് ഹിജ്‌റ പോയി. മകള്‍ സൈനബرضي الله عنهاഇസ്‌ലാം മതം വിശ്വസിച്ചിട്ടില്ലാത്ത (അന്ന് നിശിദ്ധമായിരുന്നില്ല) തന്റെ ഭര്‍ത്താവും മക്കളുമൊത്ത് മക്കയില്‍ തന്നെ കഴിയവെയാണ്‌ ബദര്‍ യുദ്ധം നടക്കുന്നത്. ഈ യുദ്ധത്തില്‍ മക്കയിലെ മുശ്‌രിക്കുകള്‍ക്കൊപ്പം അബുല്‍ ആസിയും യുദ്ധത്തിനു പോയിരുന്നു. ആ യുദ്ധത്തില്‍ ബന്ധികളായി പിടിക്കപ്പെട്ടവരില്‍ അബുല്‍ ആസിയുമുണ്ടായിരുന്നു.

എല്ലാ ബന്ധികളോടും മാന്യമായി പെരുമാറാന്‍ തിരുനബിصلى الله عليه وسلمഅനുചരന്മാരെ പ്രത്യേകം ഉപദേശിച്ചിരുന്നു. ബന്ധികളാക്കപ്പെട്ടവരെ മോചിപ്പിച്ച് കൊണ്ട് പോകാന്‍ മക്കയിലെ ഖുറൈശികള്‍ മോചനദ്രവ്യങ്ങളുമായി മദീനയിലെത്തി. കൂട്ടത്തില്‍ അബുല്‍ ആസിയുടെ സഹോദരന്‍ ഉമറ്ബ്നു റബീഉമുണ്ടായിരുന്നു.

ഉമര്‍ തിരുനബിയുടെ അടുക്കലെത്തി. എന്നെ സൈനബ് അയച്ചതാണ്‌. അവരുടെ ഭര്‍ത്താവിന്റെ മോചനദ്രവ്യമെന്ന് പറഞ്ഞു തന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും ഒരു സഞ്ചിയെടുത്ത് നബിയുടെ കയ്യില്‍ കൊടുത്തു.

അത് തുറന്ന് നോക്കിയ നബിصلى الله عليه وسلمതങ്ങള്‍ ഞെട്ടിത്തെറിച്ചു. സഞ്ചിയില്‍ ഒരു മാലയാണ്‌. തന്റെ പ്രിയ പത്നിയുടെ കഴുത്തില്‍ എപ്പോഴും കണ്ടു കൊണ്ടിരുന്ന അമൂല്യമാല. തിരുനബിയുടെ കണ്ണുകള്‍ നിറഞ്ഞു. അങ്ങേയറ്റത്തെ സങ്കടം അവിടുത്തെ മുഖത്ത് കാണുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയതമയുടെ മാല. മകളുടെ വിവാഹ സമയത്ത് അവര്‍ മകള്‍ക്ക് നല്‍കിയ സമ്മാനം. ആ അപൂര്വ്വ മാലയാണ്‌ മകള്‍ ഭര്‍ത്താവിന്റെ മോചനത്തിനായി കൊടുത്തയച്ചിരിക്കുന്നത്. ഒരുപാട് ഓര്‍മ്മകള്‍ ആ ഹൃത്തടത്തില്‍ തികട്ടി വന്നു. കണ്ടു നില്‍ക്കുന്ന സ്വഹാബത്തും കണ്ണു തുടക്കുന്നു. നബിصلى الله عليه وسلمഎന്ത് പറഞാലും സ്വീകരിക്കാമെന്ന രൂപത്തില്‍ അവര്‍ മൂകരായി നിന്നു.

അവിടുന്ന് അതാ കാരുണ്യത്തിന്റെയും ദയയുടെയും അനുകമ്പയുടെയും വാക്കുകള്‍ ഉരുവിടുന്നു.

... إنْ رَأيْتُمْ أنْ تُطْلِقُوا لَهَا أسِيرَهَا وَتَرُدُّوا عَلَيْهَا مالها ... (رواه أبو داود رحمه الله رقم 2693

" പറ്റുമെങ്കില്‍ നിങ്ങള്‍ സൈനബയുടെ ഭര്‍ത്താവിനെ വിട്ടയക്കുക. അവരുടെ ഈ മോചനദ്രവ്യം അവര്‍ക്ക് തന്നെ തിരിച്ച് കൊടുക്കുകയും ചെയ്യുക. "


എല്ലാവരും ഒരേ സ്വരത്തില്‍ പറഞു.

فقالوا: نعم يا رسول الله ، فأطلقوه، وردوا عليها الذي لها.

" അതെ അല്ലാഹുവിന്റെ പ്രവാചകരേ , ഞങ്ങളവരെ വിട്ടയക്കാം.. മാല തിരിച്ചു നല്‍കി അവരെ വെറുതെ വിട്ടയച്ചു.


മഹതി ഖദീജ ബീവിرضي الله عنهاതിരുനബിയുടെ ഹൃദയത്തെ എത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചിരുന്നു , അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്‌ ഇതിലും വലിയ ഒരു തെളിവ് ആവശ്യമുണ്ടോ ?


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-548

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails