Tuesday, January 10, 2012

479-അല്ലാഹു-ഭാഗം 04بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


വളരെ പുരാതന കാലം മുതൽക്ക് തന്നെ മനുഷ്യൻ അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെന്ന് ചരിത്രം ഉൽഘോഷിക്കുന്നു. മാത്രമല്ല , വിവിധ നാടുകളിൽ വിവിധ കാലഘട്ടങ്ങളിൽ വന്ന പ്രവാചകന്മാരും പുണ്യാത്മാക്കളും അല്ലാഹുവിലുള്ള വിശ്വാസം ഊന്നി പറഞ്ഞതായി നാം കാണുന്നു. അവരെല്ലാവരും കൂടി അല്ലാഹു ഉണ്ട് എന്ന ഒരു വലിയ കള്ളം ചമച്ചുണ്ടാക്കി പ്രചരിപ്പിച്ചു എന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. അവരുടെ എല്ലാവരുടേയും ആത്മാർത്ഥത ഒറ്റയടിക്ക് നിഷേധിക്കാൻ നമുക്ക് കഴിയില്ലല്ലോ.

പണ്ട് കാലം മുതൽക്കെ ചിലർ അല്ലാഹുവിനെ നിഷേധിക്കാൻ കാരണമായത്, അല്ലാഹു ഇന്ദ്രിയങ്ങൾക്ക് അപ്രാപ്യമാണെന്ന വാദം പറഞ്ഞുകൊണ്ടാണ്. ഒരു വസ്തുത ഉണ്ട് എന്നതിനുള്ള മാനദണ്ഡം അതിനെ കാണാൻ കഴിയുക എന്നാണെന്ന് അവർ വാദിക്കുന്നു. സത്യത്തിൽ ഈ വാദം മൂലം അവർ അല്ലാഹുവിനെ മാത്രമല്ല ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പല വസ്തുതകളെയും നിഷേധിക്കേണ്ടിവരും. അവർ ആകർഷണ ശക്തിയിൽ വിശ്വസിക്കുന്നു. ഇന്നുവരെ അതിനെ ആരും കണ്ടിട്ടില്ല. എന്നാൽ അതിന്റെ അടയാളങ്ങൾ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. “ബുദ്ധി” എന്ന ശക്തിയെ അവർ വിശ്വസിക്കുന്നു. അതിനെ അവർ കണ്ടിട്ടില്ല. പക്ഷെ അതിന്റെ കഴിവുകളെ അവർ കാണുന്നുണ്ട്. കാന്ത ശക്തിയിൽ അവർ വിശ്വസിക്കുന്നു. പക്ഷെ കാന്തശക്തിയെ അവർ കാണുന്നില്ല. ഇങ്ങനെ ഒട്ടനേകം ശക്തികളെ അവർ വിശ്വസിക്കുന്നുണ്ട്. അവയെ ഒന്നും അവർ കണ്ടിട്ടില്ല താനും. അവയുടെ ഫലങ്ങളാണ് അങ്ങിനെ ഒരു ശക്തിയുണ്ടെന്ന് നമുക്ക് ബോധ്യമുണ്ടാക്കിത്തരുന്നത്.

ജീവൻ എന്ന അൽ‌ഭുത പ്രതിഭാസത്തിന്റെ മുമ്പിൽ എല്ലാ ശാസ്ത്രജ്ഞരും മുട്ടുമടക്കുയാണ് ചെയ്യുന്നത്. അതെന്താണെന്ന് കാണാൻ ഒരാൾക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. അതല്ലേ ഖുർ‌ആൻ പറഞ്ഞത്.


šوَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّن الْعِلْمِ إِلاَّ قَلِيلاً (17:85


“പ്രവാചകരെ, അങ്ങയോടവർ ജീവനെക്കുറിച്ച് ചോദിക്കും , പറയുക , ആത്മാവ് എന്റെ നാഥന്റെ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന് അൽ‌പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല”. അപ്പോൾ ഒരു വസ്തുവിനെ നാം കാണുന്നില്ല എന്നത് ആ വസ്തു ഇല്ല എന്നതിന് തെളിവല്ല. നമുക്കറിയാം ബാക്ടീരിയ. ഈ സൂക്ഷ്മ ജീവികൾ മനുഷ്യ ശരീരത്തെ ആക്രമിക്കുകയും രോഗിയാക്കുകയും രോഗ പ്രതിരോധം നൽകുകയുമൊക്കെ ചെയ്യുന്നു. ഇവ മനുഷ്യനെ സൃഷ്ടീച്ച അന്നു മുതൽക്ക് തന്നെയുണ്ട്. പക്ഷെ ഈ അടുത്ത കാലത്താണ് വൈദ്യശാസ്ത്രം മൈക്രോസ്കോപുപയോഗിച്ച് അവയെ കണ്ടെത്തിയത്. അപ്പോഴാണ് ഈ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ബാക്ടീരിയകളുടെ കഴിവുകളും അവയ്ക്ക് ജീവനുണ്ടെന്നതും അവ ഉല്പാദനം നടത്തുന്നുണ്ടെന്നുമൊക്കെയുള്ള വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ബാക്ടീരിയകളുടെ അത്ഭുത ലോകത്തേക്ക് നാം ചെന്നെത്തുന്നത്. ഇത് ഈ അടുത്ത കാലത്താണ് കണ്ടുപിടിച്ചത് എന്നതു കൊണ്ട് അതു മുമ്പുണ്ടായിരുന്നില്ലെന്ന് പറയാനൊക്കുമോ?

ഇത്തരം ശക്തികൾ ഉണ്ടെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തന്നത് നമ്മുടെ ബുദ്ധിയെന്ന ഉപകരണമാണ്. അതേ ഉപകരണം തന്നെ മതി ഈ പ്രപഞ്ചത്തെ മുഴുവനും പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കാനും.. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-479

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails