Monday, July 19, 2010

231- ഹജ്ജ്-ഭാഗം-35


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينദുല്‍ ഹജ്ജ് പതിനൊന്ന് (തുടർച്ച )


മുസ്‌ദലിഫയില്‍ രാപാര്‍ത്തിട്ടില്ലെങ്കില്‍ അതിന് വേറെ ഫിദ്‌യ കൊടുക്കണം. എന്നാല്‍ രോഗികളെ ശുശ്രൂഷിക്കുക പോലുള്ള കാരണങ്ങളാല്‍ മിനയിലോ മുസ്‌ദലിഫയിലോ രാപാര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഫിദ്‌യ നിര്‍ബന്ധമില്ല. പതിനൊന്നിന് മൂന്ന് ജം‌റകളേയും എറിയണം. ഇതിന്റെ സമയം തുടങ്ങുന്നത് അന്നത്തെ ളുഹ്‌റു വാങ്കു കൊടുത്തതു മുതല്‍ക്കാണ്. പതിമൂന്നിന്റെ സൂര്യന്‍ അസ്തമിക്കുന്നത് വരേക്കും സമയം നിലനില്‍ക്കും.

ഓരോ ജം‌റകളേയും ഏഴ് കല്ലുകള്‍ വീതം കൊണ്ടാണ് എറിയേണ്ടത്. മിനയുടെ ഭാഗത്തുള്ള ജം‌റത്തുല്‍ ഊലയില്‍ നിന്ന് തുടങ്ങി മക്കയുടെ ഭാഗത്തുള്ള ജം‌റത്തുല്‍ അഖബയില്‍ അവസാനിപ്പിക്കുന്ന രൂപത്തിലാണ് എറിയേണ്ടത്. ഈ തര്‍തീബ് നിര്‍ബന്ധമാണ്. മറ്റൊരാള്‍ക്ക് വേണ്ടി എറിയുന്നുവെങ്കില്‍ സ്വന്തം ഏറ് പൂര്‍ണ്ണമായും കഴിഞ്ഞതിന് ശേഷം ഇതേ തര്‍തീബില്‍ ചെയ്യേണ്ടതാണ്. ഖിബ്‌ലക്ക് മുന്നിട്ട് കൊണ്ടാണ് എല്ലാ ജം‌റകളേയും ഈ ദിവസങ്ങളില്‍ എറിയേണ്ടത്. നേരത്തെ പറഞ്ഞ ദിക്‌റുകളും ചൊല്ലണം. ഒന്നാമത്തെ ജം‌റയെ എറിഞ്ഞു അല്പം മുന്നോട്ട് മാറി ദുആ ചെയ്യല്‍ സുന്നത്തുണ്ട്. രണ്ടാമത്തെ ജം‌റയിലും ഇതേ പോലെ ദുആ ചെയ്യല്‍ സുന്നത്തുണ്ട്. മക്കയിലെ, ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലങ്ങളില്‍ പെട്ട സ്ഥലമാണിത് രണ്ടും. ജം‌റത്തുല്‍ അഖബയില്‍ പറഞ്ഞ് മറ്റെല്ലാ നിബന്ധനകളും പാലിക്കണം.

ദുല്‍ ഹജ്ജ് പന്ത്രണ്ട്

പന്ത്രണ്ടിന്റെ രാവിലും മിനയില്‍ രാപാര്‍ക്കല്‍ വാജിബാണ്. പന്ത്രണ്ടിന് പകല്‍ ളുഹ്‌റിന് ശേഷം പതിനൊന്നിന്റെ പകലില്‍ ചെയ്തത് പോലെ എറിയലും നിര്‍ബന്ധമാണ്. നഫ്‌റ് അവ്വലായി പിരിയുന്നവര്‍ (മൂന്നാമത്തെ ദിവസത്തെ ഏറും രാപാര്‍ക്കലും ഒഴിവാക്കി മിന വിടാന്‍ ഉദ്ദേശിക്കുന്നവര്‍) പന്ത്രണ്ടിന് സൂര്യാസ്തമയത്തിന് മുമ്പ് എറിയുകയും , അടുത്ത ദിവസത്തെ രാപാര്‍ക്കലും എറിയലും ഉപേക്ഷിച്ച് മിന വിടേണ്ടതാണ്. ഈ നിയ്യത്ത് (നാളത്തെ ഏറും രാപാര്‍ക്കലും ഉപേക്ഷിച്ച് ഞാന്‍ മിന വിടുന്നു എന്ന നിയ്യത്ത് ) മിനയുടെ അതിര്‍ത്തി വിടുന്നതിന് മുമ്പായിരിക്കണം. പതിമൂന്നിന്റെ ഏറ് മുന്‍‌കൂട്ടി എറിയാന്‍ പാടില്ല. മിച്ചം വന്ന് കല്ലുകള്‍ അവിടെയോ അല്ലെങ്കില്‍ മറ്റ് ഹറം പരിധിയില്‍‌പെട്ട സ്ഥലങ്ങളിലോ ഉപേക്ഷിക്കേണ്ടതാണ്, പുറത്തേക്ക് കൊണ്ടു പോകാന്‍ പാടുള്ളതല്ല.

ദുല്‍ ഹജ്ജ് പതിമൂന്ന്

നഫ്‌റ് അവ്വലായി പോകാത്തവര്‍ പതിമൂന്നിന്റെ രാവിലും രാപാര്‍ക്കുകയും പകലില്‍ ളുഹ്‌റിന് ശേഷം എറിയുകയും വേണം. പതിമൂന്നിന്റെ അസ്തമയത്തോടെ മിനയിലെ കര്‍മ്മങ്ങളുടെ സമയം പൂര്‍ണ്ണമായും കഴിഞ്ഞു.

വദാഇന്റെ ത്വവാഫ്

മക്കയോട് വിട പറഞ്ഞ് തന്റെ സ്ഥിര താമസ സ്ഥലത്തേക്കോ അല്ലെങ്കില്‍ രണ്ട് മര്‍‌ഹലയോ അതില്‍ കൂടുതളൊ ഉള്ള സ്ഥലത്തേക്കോ യാത്ര പോകുന്ന ഏതൊരാള്‍ക്കും ( ഹജ്ജോ ഉം‌റയോ കഴിഞ്ഞു പോകുന്നവനാണെങ്കിലും, അല്ലാത്തവനാണെങ്കിലും ) വദാഇന്റെ ത്വവാഫ് ചെയ്യല്‍ നിര്‍ബന്ധമാണ്. ജിദ്ദയില്‍ താമസിക്കുന്ന താല്‍ക്കാലിക താമസക്കാരായ പ്രവാസികളെപ്പോലോത്തവര്‍ക്ക് വദാഇന്റെ ത്വവാഫ് നിര്‍ബന്ധമില്ല. രണ്ട് മര്‍ഹലയില്ലെന്നതും ഇവിടത്തെ സ്ഥിര താമസക്കാരല്ലന്നതുമാണ് കാരണം.

നിര്‍ബന്ധമുള്ളവര്‍ ത്വവാഫ് ചെയ്യാതെ തിരിച്ചുപോന്നാല്‍ രണ്ട് മര്‍‌ഹലയോ അല്ലെങ്കില്‍ രണ്ട് മര്‍ഹലയിലും കുറവായ തന്റെ താമസസ്ഥലത്തോ എത്തുന്നതിന്ന് മുമ്പായി തിരിച്ചുപോയി ത്വവാഫ് നിര്‍വ്വഹിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഫിദ്‌യ നിര്‍ബന്ധമാകും. അതേ സമയം ശാഫി‌ഈ മദ്‌ഹബില്‍ ഒരു അഭിപ്രായത്തിലും മാലികീ മദ്‌ഹബിലും ഈ ത്വ്വാഫ് സുന്നത്ത് മാത്രമേയുള്ളൂ. നിര്‍ബന്ധമില്ലെന്നഭിപ്രായമുണ്ട്. ഇന്നത്തെ തിരക്കും പ്രയാസങ്ങളും കണക്കിലെടുത്ത് ഈ അഭിപ്രായം സ്വീകരിച്ച് ത്വവാഫ് ഉപേക്ഷിക്കാവുന്നതാണ്. ഫിദ്‌യ നിര്‍ബന്ധമാകുകയോ പിന്നീട് പോയി ചെയ്യുകയോ വേണ്ട. ചിലരെങ്കിലും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍ മക്കത്ത് പോയി ത്വവാഫ് ചെയ്യുന്നത് കാണാം. ഇതിന്ന് അടിസ്ഥാനമില്ല. ഹജ്ജിന്റെ വല്ല കര്‍മ്മങ്ങളും ബാക്കിയുള്ളവര്‍ക്ക് ( ഫര്‍ളായ ത്വവാഫോ സ‌അ്യോ ചെയ്യാത്തവനെപ്പോലെ) വദാഇന്റെ ത്വവാഫ് നിര്‍ബന്ധമില്ല. എല്ലാ കര്‍മ്മങ്ങളും കഴിഞ്ഞവരില്‍ നിന്ന് മാത്രമേ ഈ ത്വവാഫ് പരിഗണിക്കപ്പെടുകയുള്ളൂ. ആര്‍ത്തവകാരിക്കും തത്തുല്യ കാരണങ്ങളുള്ളവര്‍ക്കും ഈ ത്വവാഫ് നിര്‍ബന്ധമില്ല. ഈ ത്വവാഫിന് ശേഷം സ‌അ്യും നിര്‍ബന്ധമില്ല.

മക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ الله أكبر മൂന്ന് പ്രാവശ്യം ചൊല്ലി ഇപ്രകാരം ചൊല്ലുക.

لاٰ إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، آيِبُونَ تَائِبُونَ عَابِدُونَ سَاجِدُونَ لِرَبِّنَا حَامِدُونَ صَدَقَ اللهُ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ

ഹജ്ജ് മാസങ്ങളിലെ ഉം‌റ

ഹജ്ജ് മാസങ്ങളില്‍ ഉം‌റ ചെയ്തു എന്നതു കൊണ്ട് മാത്രം ഹജ്ജ് നിര്‍ബന്ധമാകുകയോ അറവ് നിര്‍ബന്ധമാകുകയോ ഇല്ല. ഹജ്ജ് ചെയ്യാ‍നുള്ള എല്ലാ വിധേനയുമുള്ള കഴിവുണ്ടായാല്‍ അവന് ഹജ്ജ് നിര്‍ബന്ധമായി. അത് മരിക്കുന്നതിന് മുമ്പ് നിര്‍വ്വഹിക്കാ‍ന്‍ അവന്‍ ബാധ്യസ്ഥനാണ്. അതുപോലെ ഹജ്ജ് മാസങ്ങളില്‍ (ശവ്വാല്‍ ഒന്നു മുതല്‍ ദുല്‍ ഹജ്ജ് പത്ത് വരെയുള്ള സമയങ്ങളില്‍) മക്കയില്‍ താമസിക്കുന്നവനല്ലാത്ത ഒരാള്‍ ഉം‌റ ചെയ്യുകയും അവന്‍ ഉം‌റ നിര്‍വ്വഹിച്ച് തിരിച്ചു പോരാതെ മക്കത്ത് താമസിക്കുകയും അതേ വര്‍ക്ഷം മക്കയില്‍ വെച്ച് ( ഉം‌റക്ക് ഇഹ്‌റാം ചെയ്ത മീഖാത്തിലേക്കോ തത്തുല്യ ദൂരത്തേക്കോ പോകാതെ മക്കത്തു വെച്ച്) ഇഹ്‌റാം ചെയ്ത് ഹജ്ജ് ചെയ്താല്‍ അവന് അറവ് നിര്‍ബന്ധമാകും. അതേ സമയം അവന്‍ തിരിച്ച് പോന്ന് തന്റെ മീഖാത്തില്‍ വെച്ച് രണ്ടാമതായി ഹജ്ജിന് ഇഹ്‌റാം ചെയ്ത് പോകുകയോ അല്ലെങ്കില്‍ ആ വര്‍ഷം ഹജ്ജ് ചെയ്തില്ലെങ്കിലോ ഒന്നും അവന് അറവ് നിര്‍ബന്ധമാകുന്നില്ല. അതേ സമയം മക്കത്ത് താമസിക്കുന്ന പ്രവാസികള്‍ ഈ മാസങ്ങളില്‍ ഉം‌റ നിര്‍വ്വഹിക്കുകയും അതേ വര്‍ഷം ഹജ്ജ് ചെയ്യുകയും ചെയ്താല്‍ അവര്‍ക്ക് അറവ് നിര്‍ബന്ധമാകും. ഇവിടെയും മക്കക്കാരായ സ്ഥിരതാമസക്കാര്‍ക്ക് അറവ് നിര്‍ബന്ധമില്ല.

===================================================
ഹജ്ജ് ബുള്ളറ്റിന്‍ ഇതോടെ അവസാനിച്ചു. അപാകതകള്‍ അല്ലാഹു പൊറുത്തുതരട്ടെ ആമീന്‍.
ഹജ്ജ് ബുള്ളറ്റിന്‍ വായിച്ച എല്ലാ നല്ലവരായ സഹോദരന്മാരോടും ഹജ്ജിന് പോകുമ്പോള്‍ ഇത് തയ്യാറാക്കിയ ഉസ്താദിനും, പോസ്റ്റ് ചെയ്യാൻ സഹായിച്ചവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അല്ലാഹു മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉം‌റയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം നമുക്കെല്ലാവര്‍ക്കും നമ്മുടെ ബന്ധുക്കള്‍ക്കും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-231

1 comment:

  1. വിശ്വാസികള്‍ക്ക് ഉപകാരപ്പെടുന്ന സല്പ്രവര്‍ത്തനമായി അല്ലാഹു ഇത് സ്വീകരിക്കട്ടെ. ഇതിന്റെ പിന്നില്‍ പ്രയത്നിച്ചവര്‍ക്കെല്ലാം അല്ലാഹു അര്‍ഹമായ പ്രതിഫലം ഇരു വിട്ടിലും നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails