Wednesday, July 14, 2010

230 -ഹജ്ജ്-ഭാഗം-34


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ദുല്‍ ഹജ്ജ് പത്ത് (തുടർച്ച)

പുരുഷന്‍ സ്വന്തമായി അറുക്കലാണ് സുന്നത്ത്. സ്ത്രീ, പുരുഷനെ ഏല്‍‌പ്പിക്കേണ്ടതാണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍‌പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്.

അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്‌ലയിലേക്ക് തിരിക്കലും താഴെ കൊടുത്ത ദിക്‌റു ചൊല്ലലും സുന്നത്താണ്.

بِسْمِ اللهِ وَاللهُ أَكْبَرْ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ اَللَّهُمَّ مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي


ദുല്‍ ഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന മൂന്നാമത്തെ കര്‍മ്മമാണ് മുടി നീക്കല്‍. ഹജ്ജിന്റെ റുക്‌നുകളില്‍ പെട്ടതാണിത്. ഫിദ്‌യകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല. മുടി നീക്കല്‍ മിനയില്‍ വെച്ചാവലും അറവുണ്ടെങ്കില്‍ അതിനു ശേഷമാവലും സുന്നത്താണ്. സ്ത്രീക്കും പുരുഷനും തലയില്‍ നിന്ന് മൂന്ന് മുടി നീക്കിയാല്‍ നിര്‍ബന്ധം വീടും. എന്നാല്‍ പുരുഷന്മാര്‍ തലമുടി പൂര്‍ണ്ണമായും നീക്കലാണ് ഉത്തമം. പൂര്‍ണ്ണമായും വെട്ടി ചെറുതാക്കുന്നതാണ് രണ്ടാം സ്ഥാനം. തലയില്‍ മുടിയില്ലാത്തവര്‍ തലയിലൂടെ കത്തിനടത്തണം. സ്ത്രീക്ക് തലമുടി വടിക്കല്‍ ഹറാമാണ്. തലമുടി മുഴുവന്‍ തൂക്കിയിട്ട് അതില്‍ നിന്ന് അല്പം മുറിക്കുകയാണ് വേണ്ടത്. ഖിബ്‌ലക്കഭിമുഖമായിരിക്കുക, മുന്‍‌വശം കൊണ്ട് തുടങ്ങുക , ആദ്യം വലതുഭാഗം , പിന്നെ ഇടതു ഭാഗം , എന്ന ക്രമത്തില്‍ എടുക്കുക , മുടി കുഴിച്ച് മൂടുക എന്നിവ സുന്നത്തുകളാണ്. മുടി നീക്കിയ ശേഷം ഇപ്രകാരം ദുആ ചെയ്യുക.

اَلْحَمْدُ ِللهِ الَّذِي قَضَى عَنِّي نُسُكِي اَللَّهُمَّ آتِنِي بِكُلِّ شَعْرَةٍ حَسَنَةً وَامْحُ عَنِّي بها سَيِّئَةً وَارْفَعْ لِي بِهَا دَرَجَةً وَاغْفِرْ لِي وَلِلْمُحَلِّقِينَ وَالْمُقَصِّرِينَ وَلِجَمِيعِ الْمُسْلِمِينَ اَللَّهُمَّ زِدْنَا إِيْمَاناً وَيَقِيناً وَتَـوْفِيقاً وَعَـوْناً وَاغْفِرْ لَنَا وَلِآبَائِنَا وَأُمَّهَاتِنَا وَلِجَمِيعِ الْمُسْلِمِينَ ، وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَദുല്‍ ഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന നാലാമത്തെ കര്‍മ്മം ത്വവാഫാണ്. ഇത് ഹജ്ജിന്റെ ഫര്‍ളായ ത്വവാഫാണ്. ഇത് ചെയ്യാതെ ഹജ്ജ് പൂര്‍ത്തിയാകുന്നതല്ല. പെരുന്നാളിന്റെ രാവ് പകുതിയാകുന്നതോടെ ഈ ത്വവാഫിന്റെ സമയം പ്രവേശിക്കും. മരണം വരേക്കും അതിന്റെ സമയം നിലനില്‍ക്കും. ശ്രേഷ്ഠമായ സമയം പെരുന്നാളിന്റെ പകല്‍ സമയത്താണ്. അതിനുമപ്പുറം പിന്തിപ്പിക്കല്‍ കറാഹത്താണ്. ഖുദൂമിന്റെ ത്വവാഫിന് ശേഷം സ‌അ്യ് ചെയ്യാത്തവര്‍ ഈ ത്വവാഫിന് ശേഷം സ‌അ്യും ചെയ്യണം. മുമ്പ് ചെയ്തവര്‍ പിന്നീട് ചെയ്യല്‍ കറാഹത്താണ്. സ‌അ്യ് ചെയ്യാത്ത കാലത്തോളം ഹജ്ജില്‍ നിന്ന് പൂര്‍ണ്ണവിരാമം ലഭിക്കുകയില്ല.

സ്ത്രീകള്‍ക്ക് ആര്‍ത്തവമുള്ള സമയത്ത് ത്വവാഫ് ചെയ്യാന്‍ പാടുള്ളതല്ല. ശുദ്ധിയാകുന്നത് വരെ കാത്തിരിക്കണം. മരുന്നു കൊണ്ട് മുന്‍‌കൂട്ടി നിയന്ത്രിക്കുന്നതിന് വിരോധമില്ല. ആര്‍ത്തവസമയത്ത് വിദാഇന്റെ ത്വവാഫ് ഉപേക്ഷിക്കുന്നതാണ്. ആര്‍ത്തവക്കാരിക്ക് മക്ക വിടുന്നതിന് മുമ്പ് ഫര്‍ളായ ത്വവാഫ് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാകുകയും നാട്ടിലേക്ക് പോയാല്‍ ഇനി തിരിച്ച് വരാന്‍ സാധിക്കില്ലെന്നും ഉറപ്പായാല്‍ അവളെന്ത് ചെയ്യണമെന്നതിനെക്കുറിച്ച് മക്കയിലെ പ്രസിദ്ധ പണ്ഡിതനായ മുഹമ്മദ് അലവി മാലികി رحمه الله യുടെ ഒരുദ്ധരണി താഴെ കൊടുക്കാം.

സ്ത്രീകളെ നാലായി തിരിക്കാം. ഒന്ന് , മരുന്ന് മുഖേന ആര്‍ത്തവം നിര്‍ത്തി കുളിക്കുകയും ത്വവാഫ് ചെയ്യുകയും പിന്നീട് ആര്‍ത്തവം ഉണ്ടാകുകയും ചെയ്തവള്‍. രണ്ട് , പ്രത്യേക കാരണങ്ങളൊന്നും കൂടാതെ രക്തം നിലക്കുകയും , കുളിയും ത്വവാഫും കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടവള്‍. ഈ രണ്ട് വിഭാഗത്തിന്റെയും ത്വവാഫ് , ഇടയില്‍ കാണുന്ന ശുദ്ധി ശുദ്ധിയായി പരിഗണിക്കുമെന്ന ശാഫി‌ഈ ഇമാമിന്റെ അഭിപ്രായമനുസരിച്ച് ശരിയാകുന്നതാണ്. ഈ അഭിപ്രായത്തെ പ്രബലമാക്കിയവരാണ് ഇമാം ഗസാലിയും മഹാമിലിയുമൊക്കെ. മാലികി മദ്‌ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ചും ഇവരുടെ ത്വവാഫ് സ്വീകാര്യമാണ്. ഇപ്രകാരം ഹനഫി മദ്‌ഹബനുസരിച്ചും സ്വഹീഹാകും. കാരണം അവര്‍ക്ക് നജസില്‍ നിന്നും അശുദ്ധിയില്‍ നിന്നും ശുദ്ധിയാവല്‍ ത്വവാഫിന് നിര്‍ബന്ധമില്ല. മൂന്നാമത്തെ വിഭാഗം : ആര്‍ത്തവമുള്ളതോടു കൂടെ കുളിക്കുകയോ ശുദ്ധിയാകുകയോ ചെയ്യാതെ ത്വവാഫ് ചെയ്തവള്‍ : ഇവളുടെ ത്വവാഫും ഹനഫീ മദ്‌ഹബനുസരിച്ചും ഹന്‍‌ബലി മദ്‌ഹബിലെ ഒരഭിപ്രായമനുസരിച്ചും സ്വഹീഹാകുന്നതാണ്. ഇവള്‍ക്ക് ഫിദ്‌യ നിര്‍ബന്ധമാകും. നാലമത്തെ വിഭാഗം : ആര്‍ത്തവം കാരണം ത്വവാഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് പോയവര്‍ : ഇവര്‍ ഖുദൂമിന്റെ ത്വവാഫ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഹജ്ജ് സ്വഹീഹാകുമെന്ന് ഇമാം മാലികില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദ് അലവി മാലികിയുടെ لبيك اللهم لبيك എന്ന പുസ്തകത്തിന്റെ 88 ആം പേജില്‍ ഇത് കാരണം.


തഹല്ലുല്‍

ഇഹ്‌റാമില്‍ നിന്ന് വിരമിക്കുന്നതിന് തഹല്ലുല്‍ എന്ന് പറയുന്നു. ഹജ്ജിന് അര്‍ദ്ധവിരാമം , പൂര്‍ണ്ണവിരാമം എന്നിങ്ങനെ രണ്ടു തഹല്ലുലുകളുണ്ട്. ജം‌റത്തുല്‍ അഖബയെ എറിയുക, മുടിമുറിക്കുക, ത്വവാഫ് ചെയ്യുക ( സ‌അ്‌യുണ്ടെങ്കില്‍ സ‌അ്യും ചെയ്യുക) ഈ മൂന്ന് കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് കാര്യങ്ങള്‍ ചെയ്താല്‍ ഒന്നാം തഹല്ലുല്‍ ലഭിക്കും. അതോടു കൂടി സ്ത്രീ‍ ബന്ധവും വിവാഹവുമല്ലാത്ത എല്ലാ കാര്യങ്ങളും അനുവദനീയമാണ്. മൂന്ന് കാര്യങ്ങളും നിര്‍വ്വഹിച്ചാല്‍ പൂര്‍ണ്ണമായും വിരമിക്കുന്നതാണ്. ത്വവാഫ് മാത്രം ചെയ്ത്, ഹജ്ജിന്റെ ഫര്‍ളായ സ‌അ്യിനെ തിരക്കില്ലാത്ത സമയത്തേക്ക് നീട്ടി വെക്കുന്നവരുണ്ട്. ഇങ്ങനെ നീട്ടിവെക്കുന്നത് അനുവദനീയമാണെങ്കിലും സ‌അ്യ് ചെയ്യാതെ ഹജ്ജില്‍ നിന്ന് പൂര്‍ണ്ണവിരാമം ലഭിക്കില്ലെന്ന് ഓര്‍മ്മിക്കുക. ലൈം‌ഗിക ബന്ധത്തിലേര്‍പ്പെടലും വിവാഹവും അത്തരക്കാര്‍ക്ക് അനുവദനീയമല്ല.
ദുല്‍ ഹജ്ജ് പതിനൊന്ന്

പത്തിന്റെ അന്ന് ത്വവാഫും സ‌അ്യുമുണ്ടെങ്കില്‍ അതും കഴിഞ്ഞാല്‍ ളുഹ്‌റിന്റെ മുമ്പ് തന്നെ മിനയിലേക്ക് മടങ്ങലാണ് സുന്നത്ത്. അന്ന് രാത്രി അഥവാ പതിനൊന്നിന്റെ രാവില്‍ മിനയില്‍ രാപാര്‍ക്കല്‍ നിര്‍ബന്ധമാണ്. രാത്രിയുടെ ഭൂരിഭാഗസമയവും മിനയിലുണ്ടായിരിക്കലാണ് വാജിബ്. സ്ഥലകാലത്തിന്റെ മാഹത്മ്യം മനസ്സിലാക്കി മിനയിലെ ദിനരാത്രങ്ങള്‍ ഇബാദത്തിലും ദിക്‌റിലും ദുആയിലും സ്വലാത്തിലുമായി കഴിച്ചുകൂട്ടുകയാണ് വേണ്ടത്. മിനയില്‍ ടെന്റുകളോ രാപാര്‍ക്കാന്‍ മറ്റു സൌകര്യങ്ങളോ ഇല്ലാത്ത , അസീസിയയിലും ന്യൂ മിനയിലുമൊക്കെ താമസിക്കുന്നവര്‍ മഗ്‌രിബിന് മുമ്പ് തന്നെ മിനയിലെത്തി പഴയ മിനയുടെ അതിര്‍ത്തിക്കുള്ളില്‍ എങ്ങിനെയെങ്കിലും അര്‍ദ്ധരാത്രി വരെ കഴിച്ചുകൂട്ടി തിരിച്ചു പോരുന്ന രീതി സ്വീകരിക്കലായിരിക്കും കൂടുതല്‍ പ്രായോഗികം. കാരണം , ഇന്നത്തെ തിരക്കു കാരണം ടെന്റുകള്‍ക്ക് പുറത്ത് കിടക്കാനോ ഇരിക്കാനോ ബന്ധപ്പെട്ടവര്‍ അനുവദിക്കുകയില്ല. അപ്പോള്‍ ഈ രീതി സ്വീകരിച്ചാല്‍ ക്ഷീണവും ഉറക്കവും വരുന്നതിനു മുമ്പ് മിനയില്‍ രാപ്പാര്‍ത്ത് തിരിച്ച് താമസ സ്ഥലത്ത് എത്താവുന്നതാണ്. മൂന്ന് ദിവസവും മിനയില്‍ താമസിക്കാത്തവന് അറവ് നിര്‍ബന്ധമാകും. ഒരു ദിവസം ഒഴിഞ്ഞു പോയാല്‍ ഒരു മുദ്ദ് ഭക്ഷണവും രണ്ട് ദിവസം ഒഴിഞ്ഞ് പോയാല്‍ രണ്ട് മുദ്ദ് ഭക്ഷണവും നല്‍കണം.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-230


No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails