Tuesday, July 13, 2010

229 -ഹജ്ജ്-ഭാഗം-33


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ദുൽ ഹജ്ജ് പത്ത്


ജംറയെന്ന് പറയുന്നത് കോഴിമുട്ട ആകൃതിയിലുള്ള കളത്തെകുറിച്ചാണ്, ചുമരിനെയല്ല. ഈ കളത്തിൽ കല്ല് വീഴുമാറ് അടുത്തുചെന്ന് താഴെ കൊടുത്ത് ദിക്റുകൾ ചൊല്ലി അല്ലെങ്കിൽ بسم الله الله أكبر എന്നുരുവിട്ട് ഓരോ കല്ല് വീതം കക്ഷം വെളിവാകുന്ന രൂപത്തിൽ കൈയുയർത്തി എറിയുകയാണ് വേണ്ടത്. സ്ത്രികൾ ഈ രൂപത്തിൽ കൈയുയർത്താൻ പാടില്ല. ഏഴ് കല്ലുകളെകൊണ്ടാണ് എറിയേണ്ടത്. എണ്ണത്തിൽ സംശയിക്കുകയോ കളത്തിലെത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ ഉറാപ്പാകുന്നത് വരെ എറിയണം. കളത്തെ ഉദ്ദേശിച്ചെറിയുകയും കല്ല് കളത്തിൽ വീണ് പുറത്തേക്ക് ഉരുണ്ടുപോവുകയും ചെയ്താൽ ഏറ് ശരിയാകുന്നതാണ്. എന്നാൽ തൂണിനെയോ മറ്റെന്തിനെയോ ഉദ്ദേശിച്ചെറിയുകയും അപ്രതീക്ഷിതമായി കളത്തിൽ വീഴുകയും ചെയ്താൽ തന്നെയും അത് പരിഗണിക്കുന്നതല്ല.

ഒരിക്കൽ എറിഞ്ഞ കല്ലുകൊണ്ട് എറിയുകയോ,മറ്റൊരാൾ എറിഞ്ഞ കല്ലുകൊണ്ട് എറിയുകയോ, ജംറകളിൽ നിന്ന് പെറുക്കിയെടുത്ത് എറിയുകയോ ചെയ്താൽ മതിയാകുന്നതാണ്. പക്ഷെ കറാഹത്താണ്. എറിയുന്ന വസ്തു കല്ലിന്റെ ഇനത്തിൽ പെട്ടതാവണം.എറിയുന്ന വസ്തു കല്ലിന്റെ ഇനത്തില്പെട്ടതാകണം. മണ്ണോ ഇരുമ്പോ പറ്റുന്നതല്ല. കൂടുതൽ വലിയതോ വളരെ ചെറിയതോ ആയ കല്ലുകളെകൊണ്ട് എറിയൽ കറാഹത്താണ്. ചിലരെങ്കിലും ജംറകളെ ചെരിപ്പ് കൊണ്ടും കുടകൊണ്ടുമൊക്കെ എറിയുന്നതും , ‘ശൈത്വാനേ’ എന്ന് വിളിക്കുന്നതും കാണാം. ഇത് തെറ്റാണ്. بسم الله الله أكبر എന്ന് ചൊല്ലുകയാണ് വേണ്ടത്. രോഗമോ മറ്റോ കാരണത്താൽ സ്വയം എറിയാൻ കഴിയാത്തവർ എറിയാൻ മറ്റൊരാളെ ഏല്പിക്കാവുന്നതാണ് . ഇങ്ങിനെ മറ്റൊരാളെ എറിയാൻ ഏല്പിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടുന്ന കാര്യങ്ങൾ :

ഒന്ന് : ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യൻ അസ്തമിക്ക്ന്നതിനു മുമ്പ് തന്റെ തടസങ്ങൾ നീങ്ങി എറിയാൻ കഴിയില്ലെന്ന് ഉറപ്പുണ്ടാകണം. എങ്കിൽ മാത്രമേ മരൊരാളെ ഏല്പിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ എല്ലാ ദിവസത്തെ ഏറുകളും കൂടെ അവസാനത്തെ ദിവസം എറിഞ്ഞാൽ മതി. വഴിക്ക് വഴിയായി എറിയണമെന്ന് മാത്രം. ഏറിന്റെ പ്രധാന സമയങ്ങളിൽ ഇന്ന് കാണുന്ന തിരക്കുകൾ സ്വയം ഏറിയുന്നതിൽ നിന്ന് ഒഴിവാക്കുന്ന തടസ്സമായി പരിഗണിക്കുകയില്ല. കാരണം പിറ്റേന്ന് പകൽ സമയത്തും രാത്രിയിലുമെല്ലാം തീരെ തിരക്കില്ലാതെ ജംറകൾ ഒഴിഞ്ഞിരിക്കുന്നത് കാണാം. മിക്ക രോഗികൾക്കും ഈ സമയത്ത് എറിയാവുന്നതാണ്.

രണ്ട് : അന്നേ ദിവസത്തെ സ്വന്തം ഏറ് മുഴുവനും എറിഞ്ഞതിനു ശേഷമേ മറ്റൊരാളുടെ ഏറ് എറിയാൻ പാടുള്ളൂ. ഈ നിബന്ധനകളുണ്ടാകുന്നതോടൊപ്പം സമ്മതവും ഉണ്ടായിരിക്കണം.

എറിയാൻ കഴിയാത്ത ചെറിയ കുട്ടികൾക്ക് വേണ്ടി എറിയുമ്പോൾ കുട്ടികളെ എറിയുന്ന സ്ഥലത്ത് സന്നിഹിതരാക്കൽ നിർബന്ധമാണ്. കുട്ടികളുടെ കയ്യിൽ കല്ല് വെച്ച് എടുക്കൽ സുന്നത്താണ്.

ജംറകളിൽ എറിയുമ്പോൾ താഴെ പറയുന്ന ദിക്റുകൾ ചൊല്ലേണ്ടതാണ്.

بِسْمِ اللهِ اَللهُ أَكْبَرُ اَللَّهُُمَّ اجْعَلْهُ حَجّاً مَبْرُوراً وَسَعْياً مَشْكُوراً وَعَمَلاً صَالِحاً مَقْبُولاً وَتِجَارَةً لَنْ تَبُورَ ، بِسْمِ اللهِ اَللهُ أَكْبُر صَدَقَ وَعْدَهُ وَنَصَرَ عَبْدَهُ وَأَعَزَّ جُنْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ لاٰ إِلَهَ إِلاَّ اللهُ وَلاٰ نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ

എറിയാൻ തുടങ്ങുന്നതോടെ തൽബിയത്ത് ഒഴിവാക്കി തക്ബീർ ചൊല്ലാൻ തുടങ്ങണം. ഇനി ഒരാൾ ആദ്യം ചെയ്യുന്നത് മുടി മുറിക്കലോ ത്വവാഫോ ആണെങ്കിൽ അതോടു കൂടെ തൽബിയത്ത് ഒഴിവാക്കി തക്ബീർ തുടങ്ങണം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു പ്രധാന കാര്യമാണ് ജംറകളിലേക്ക് എറിയാൻ പോകുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങളോ, പാസ്പോർട്ട്, ഇഖാമ പോലുള്ള രേഖകളോ കൊണ്ടുപോകാതിരിക്കുകയെന്നത്. കൂടാതെ ബാഗ് പോലുള്ള ഒരു സാധനവും ജംറയുടെ ഭാഗത്തേക്ക് കൊണ്ടുപോകാൻ പോലീസുകാർ അനുവദിക്കുകയില്ല. അവരത് തടയുകയോ വാങ്ങിവെക്കുകയോ ചെയ്യും. എറിയാൻ പോകുന്ന വഴിക്ക് തിരിച്ച് പോരാനും അവർ സമ്മതിക്കുകയില്ല. അതിനാൽ സാധനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നത് കൊണ്ട് ഒരു സാധനവുമില്ലാതെ പോകുന്നതാണ് ബുദ്ധി. പാസ്പോർട്ട് പോലുള്ള സുപ്രധാന രേഖകൾ ജംറകളിലോ ത്വവാഫിലോ മറ്റോ നഷ്ടപ്പെടുകയോ പോക്കറ്റടിക്കപ്പെടുകയോ ചെയ്താൽ ,മിനയിലും മക്കത്തുമെല്ലാം ഇത്തരം പരാതികൾ സ്വീകരിക്കാൻ പ്രത്യേക ഓഫിസുകളും സംവിധാനങ്ങളും ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ട്. അവിടെ പരാതി കൊടുക്കുകയും അവരിൽ നിന്ന് തന്റെ നഷ്ടപ്പെട്ട രേഖക്ക് പകരം വെക്കാൻ പറ്റിയ അവരുടെ ഔദ്യോഗിക സ്റ്റാമ്പോട് കൂടിയ പേപ്പർ വാങ്ങിക്കുകയും വേണം.

ദുൽഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന രണ്ടാമത്തെ കർമ്മമാണ് അറവ്. ഹാജിമാർക്ക് മൂന്ന് വിധത്തിൽ അറവ് ഉണ്ടാകും.

ഒന്ന് : ഹദ്‌യ് : ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുർആൻ കൂടുതൽ പരാമർശിച്ച ബലിയാണത്. മക്കയിൽ അറുത്ത് വിതരണം ചെയ്യാൻ ഹാജിമാർ കൊണ്ടുപോകുന്ന ബലിമൃഗത്തിന് ഹദ്‌യ് എന്ന് പറയുന്നു. ഇത് സുന്നത്താണ്. നേർച്ചയാക്കിയാൽ നിർബന്ധമാകും. ആട്, മാട്, ഒട്ടകം എന്നിവയിൽ ഒന്നിനെയാണ് അറുക്കേണ്ടത്. ഒട്ടകമോ മാടോ ആണെങ്കിൽ ഏഴ് പേർക്ക് ഒന്ന് മതിയാകും. പെരുന്നാൾ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റകഅത്തിനും രണ്ടു ഖുതുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാൽ അറുക്കാനുള്ള സമയമായി. പതിമൂന്നിന്റെ സൂര്യാസ്തമയം വരേക്കും ഈ സമയം നീണ്ടു നിൽക്കും

രണ്ട് : ഉള്ഹിയ്യത്ത് : ബലി പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാർക്കും അല്ലാത്തവർക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഇതിന്റെയും സമയം നേരത്ത വിവരിച്ച സമയം തന്നെയാണ്.

ഉള്ഹിയ്യത്തിന്റെയും ഹദ്യിന്റെയും മാംസങ്ങളിൽ നിന്ന് അല്പം തനിക്ക് ഭക്ഷിക്കാൻ മാറ്റി വെച്ച് ബാക്കി മുഴുവനും ദാനം ചെയ്യലാണുത്തമം. ഇവ രണ്ടും നേർച്ചയാക്കിയാൽ നിർബന്ധമാകുന്നതും അതിൽ നിന്ന് ഭക്ഷിക്കുകയോ തോലു പോലുള്ളവ വിൽക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്.

മൂന്ന് : ഫിദ്‌യ : ഹജ്ജിലോ ഉംറയിലോ സംഭവിച്ച ന്യൂനതകൾ പരിഹരിക്കാനായി നൽകുന്ന അറവാണ് ഫിദ്യ. ഇതിന്റെ സമയം, ന്യൂനത സംഭവിച്ചത് മുതൽക്ക് തുടങ്ങും. എന്നാണോ അറവ് നിർവ്വഹിക്കുന്നത് അത് വരെ അതിന്റെ സമയം നീണ്ടു നിൽക്കും. ഹദ്യയും ,ഫിദ്യയും ഹറമിന്റെ പരിധിക്കുള്ളിൽ വെച്ചായിരിക്കലും അവിടെയുള്ള ദരിദ്രർക്ക് വിതരണം ചെയ്യലും നിർബന്ധമാണ്. ഈ മൂന്ന് ഇനമല്ലാതെ മറ്റൊരു അറവില്ല


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin -229

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails