بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ദുൽഹജ്ജ് എട്ട്
ഈ ദിവസം നാം ആദ്യമായി ചെയ്യേണ്ടത് ഇഹ്റാമിനുള്ള തയ്യാറെടുപ്പുകളും ഇഹ്റാമിൽ പ്രവേശിക്കലുമാണ്. ഹജ്ജിന് ഇഹ്റാം ചെയ്യാനുദ്ദേശിക്കുന്നവർ മാനസിക തയ്യാറെടുപ്പോടു കൂടെ താഴെപറയുന്ന ശാരീരിക തയ്യാറെടുപ്പും നടത്തേണ്ടതാണ്.
കക്ഷരോമവും ,ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക, മീശ വെട്ടുക മുതലായവ ചെയ്തു ശരിരം വൃത്തിയാക്കുക. (ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ സുന്നത്തില്ല ) ഇഹ്റാമിനെ കരുതി കുളിക്കുക. (ഋതുരക്തമോ പ്രസവരക്തമോ ഉള്ളവർക്കും ഈ കുളി സുന്നത്തുണ്ട് .വലിയ അശുദ്ധിയുള്ളപ്പോഴും ഇഹ്റാം സ്വഹീഹാകും) കുളി കഴിഞ്ഞാൽ വസ്ത്രത്തിലാകാതെ ശരീരത്തിൽ മാത്രം സുഗന്ധം ഉപയോഗിക്കുക. ഇഹ്റാമിന്റെ വസ്ത്രം ധരിക്കുക (ഇൾതിബാഅ് അഥവാ മേൽമുണ്ട് വലത് ചുമലിന്റെ താഴെയാക്കൽ, സഅ്യിലും അതിന്റെ മുമ്പുള്ള ത്വവാഫിലും മാത്രമേ സുന്നത്തുള്ളൂ ,പലരും ഇഹ്റാം ചെയ്തത് മുതൽ തിരിച്ചു വരുന്നത് വരെ ഇങ്ങിനെ ചെയ്യുന്നത് കാണാം ഇത് ഒരു മദ്ഹബിലുംസുന്നത്തില്ല) .സ്ത്രീകൾ മുഖവും മുൻകയ്യുമല്ലാത്ത ശരീരഭാഗങ്ങൾ മുഴുവനും മറക്കുക, (അന്യ പുരുഷന്മാരാൽ ആകർശിക്കപ്പെടുമെന്ന് കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ മുഖം മറക്കേണ്ടതാണ് ) ഇഹ്റാമിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക ഇവയെല്ലാം ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളാണ്.
‘ഇഹ്റാമിന്റെ സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുതആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. ഈ നിസ്കാരം വിരോധിക്കപ്പെട്ട സമയത്താകരുത്.( 1. സുബഹി നിസ്കരിച്ച ശേഷം സൂര്യോദയം വരെ. 2. സൂര്യോദയം മുതൽ ഏഴുമുഴം സൂര്യം ഉയരുന്നത് വരെ 3. വെള്ളിയാഴ്ച ഒഴികെയുള്ള നട്ടുച്ച സമയം. 4. അസർ നിസ്കരിച്ച ശേഷം. 5. സൂര്യൻ മഞ്ഞ നിറമായാൽ അസ്തമയം വരെ. എന്നാൽ ഹറമിൽ വെച്ച് ഇഹ്റാം ചെയ്യുന്നവർക്ക് ഈ നിസ്കാരം ഏത് സമയത്തും നിർവ്വഹിക്കാവുന്നതാണ്. ഹറമിന്റെ മഹത്വം കണക്കിലെടുത്ത് അവിടെ നിസ്കരിക്കുന്നതിന് ഒരു സമയവും തടസമില്ലെന്നതാണ് കാരണം)
ഹജ്ജിന്റെ നിയ്യത്ത് الإحرام النية
ഇഹ്റാം കൊണ്ടുദ്ദേശിക്കുന്നത് താൻ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നു എന്ന കരുത്താണ്. പലരും ധരിച്ചത് പോലെ ഇഹ്റാമിന്റെ വസ്ത്രമോ, അത് ധരിക്കലോ അല്ല. നിയ്യത്തില്ലാതെ ഈ വസ്ത്രം ധരിക്കൽ കൊണ്ട് മാത്രം ഹജ്ജോ,ഉംറയോ ശരിയാവുന്നതുമല്ല. ഇഹ്റാമിന്റെ കുളി നിർവഹിക്കുന്നത് കൊണ്ടും ഇഹ്റാമിൽ നിഷിദ്ധമായ ഷർട്ട് ധരിക്കൽ പോലുള്ള കാര്യങ്ങൾ നിഷിദ്ധമാകുന്നില്ല. നിയ്യത്ത് എപ്പോഴാണോ മനസ്സിൽ കൊണ്ട് വരുന്നത് അപ്പോൾ മാത്രമേ ഇവയൊക്കെ പാലിക്കേണ്ടതുള്ളൂ. ജിദ്ദയിൽ താമസിക്കുന്നവർ തങ്ങളുടെ റൂമിൽ നിന്ന് പുറപ്പെടുമ്പോഴാണ് ഇഹ്റാം ചെയ്യേണ്ടത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-199
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.