Sunday, June 20, 2010

198 -ഹജ്ജ്-ഭാഗം-02


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകളെല്ലാം ഒത്തിണങ്ങിയവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ.

ഒരാൾക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം, ആദിയായ സൌകര്യങ്ങൾ ലഭ്യമായിട്ടും, ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവൻ ജൂതനോ നസ്‌റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല എന്ന നബി വചനം ഹജ്ജിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും വ്യക്തമാക്കിത്തരുന്നു. അനേകം നബിവചനങ്ങളിലും ആയത്തുകളിലും ഹജ്ജിന്റെ മഹത്വത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

ദുൽഹജ്ജ് എട്ട് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലെ കർമ്മങ്ങളുടെ പ്രായോഗിക രൂപങ്ങളും മസ്‌അലകളുമാണ് താഴെ കൊടുക്കുന്നത്.

ആദ്യമായി ഹജ്ജിന്റെ കർമ്മങ്ങൾ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം

റുകുനുകൾ : 1) ഇഹ്‌റാം ചെയ്യുക. 2) അറഫയിൽ നിൽക്കുക. 3 ) ഇഫാളത്തിന്റെ ത്വവാഫ് 4) സ‌അ്യ് 5) മുടി നീക്കൽ. 6) ഇവകളെ വഴിക്ക് വഴിയായി കൊണ്ടുവരൽ.സ‌അ്യ് ഖുദൂമിന്റെ ത്വവാഫിന്റെ ശേഷവും ചെയ്യാവുന്നതാ‍ണ്. ഇവയിൽ ഏതെങ്കിലുമൊന്ന് ഒഴിവാക്കിയാൽ ഹജ്ജ് പൂർത്തിയാവുകയില്ല. ഇവ ഫിദ്‌യ കൊണ്ട് പരിഹരിക്കാനാവാത്തതുമാണ്.

വാജിബുകൾ : 1) മീഖാത്തിൽ വെച്ച് ഇഹ്‌റാം ചെയ്യുക 2) ജം‌റകളെ എറിയൽ 3) മിനയിൽ രാപാർക്കൽ 4) മുസ്‌ദലിഫയിൽ രാപാർക്കൽ 5) വിദാഇന്റെ ത്വവാഫ്
(പ്രബലമായ അഭിപ്രായമനുസരിച്ച് വിദാഇന്റെ ത്വവാഫ് ഹജ്ജിന്റെ വാജിബാത്തുകളിൽ‌പെട്ടതല്ല. മറിച്ച് മക്ക വിട്ട് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ ഖസ്‌റിന്റെ ദൂരത്തേക്കോ യാത്ര പോകുന്നവർക്കുള്ള വാജിബാണ്. അവർ ഹാജിയാവട്ടെ അല്ലാത്തവരാകട്ടെ ) ഇവ കാരണം കൂടാതെ ഒഴിവാക്കൽ കുറ്റകരവും അഥവാ വല്ലതും ഒഴിഞ്ഞ് പോയാൽ ഹജ്ജ് സ്വഹീഹാകുന്നതും ഫിദ്‌യ നിർബന്ധവുമാണ്.

ഹജ്ജിന്റെ സുന്നത്തുകൾ :

കൂടിയാലോചന നടത്തിയും ഇസ്തിഖാറത്ത് ചെയ്തും പാപ മോചനം തേടിയും വസ്വിയ്യത്ത് ചെയ്തും ഹജ്ജിനു വേണ്ടി തയ്യാറെടുപ്പ് നടത്തുക. യാത്രയുടെ രണ്ട് റക്‌‌അത്ത് നിസ്കാരം നിർവ്വഹിക്കുക. കുടുംബക്കാൽ, ബന്ധുക്കൾ, കൂട്ടുകാർ,അയൽ വാസികൾ എന്നിവരോട് യാത്ര ചോദിക്കുക. ഹജ്ജ് ,ഉം‌റയുടെ കർമ്മങ്ങളുൾകൊള്ളുന്ന ഒരു ഗ്രന്ഥം കൂടെ കൊണ്ടുപോവുക, പോകുമ്പോഴും തിരികെ വരുമ്പോഴും വ്യാപാം പോലുള്ളവ ഉപേക്ഷിക്കുക, ഗുണകാംക്ഷികളായ രണ്ട് കൂട്ടുകാരെ തെരെഞ്ഞെടുക്കുക. ഇഹ്‌റാമിനും മക്കയിൽ കടക്കാനും ,അറഫയിൽ നിൽക്കാനും മ‌ശ്‌അറുൽ ഹറാമിൽ നിൽക്കാനും അയ്യാമുത്തശ്‌രീഖ്വിൽ എറിയുന്നതിനും വേണ്ടി കുളിക്കുക, ഖുദൂമിന്റെ ത്വവാഫ്, ഇഹ്‌റാം ചെയ്തതു മുതൽ അതിൽ നിന്നും വിരമിക്കും വരെ തൽബിയത് ചൊല്ലിക്കൊണ്ടിരിക്കുക. (എന്നാൽ സ‌അ്യിലും ത്വവാഫിലും തൽബിയത്ത് ചൊല്ലേണ്ടതില്ല ) തുടങ്ങിയ കാര്യങ്ങളെല്ലാം സുന്നത്തുകളാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-198

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails