بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മൂന്ന് : ഇസ്തിഹാളത്ത് (രോഗരക്തം) തുടര്‍ച്ച
5. ഇനി മുന്‍പതിവുള്ള സ്ത്രീ തന്നെ പതിനഞ്ചു ദിവസത്തിലധികം രക്തം വന്നപ്പോള്‍ അതു വിവേചിച്ചറിയാത്തവള്‍. മാത്രമല്ല, പതിവുപ്രകാരമുള്ള ആര്‍ത്തവത്തിന്റെ കണക്കും സമയവും മറന്നു പോകുകയും ചെയുതു. അവള് ‘മുതഹയ്യിറത്താ’ണ്.
മുതഹയ്യിറത്തെന്നാല്‍ ഭാഷാര്‍ത്ഥത്തില്‍ പരിഭ്രാന്തയെന്നാണ്. മുമ്പ് ആര്‍ത്തവമുണ്ടായിട്ടുള്ള സ്ത്രീക്ക് ഒരു തവണ 15 ദിവസത്തിലധികം രക്തം വന്നു. രക്തനിറങ്ങളോ മറ്റോ അവള് വിവേചിച്ചറിഞ്ഞതുമില്ല. മുന്‍ ആര്‍ത്തവ ദിനങ്ങളോ അതിന്റെ സമയമോ വേണ്ടപോലെ ഓര്‍ക്കുന്നുമില്ല. ഇത്തരം സ്തീകള്‍ക്ക് പറയുന്ന സാങ്കേതിക നാമമാണ് ‘മുതഹയ്യിറത്ത് ‘ .
ഇവള് ത്വലാഖ്, നിസ്കാരം, നോമ്പ്, ത്വവാഫ് പോലുള്ളവയില്‍ ശുദ്ധിയുള്ളവളെപ്പോലെയും ഇവയല്ലാത്ത എല്ലാ വിഷയത്തിലും ഹയ്ളുകാരിയെപ്പോലെയുമാണ്. അപ്പോള്‍ സംയോഗം, മുട്ടുപൊക്കിളിനിടയിലുള്ള സുഖാസ്വാദനം , ഖുര്‍ആന്‍ തൊടലും ചുമക്കലും , നിസ്കാരത്തിലല്ലാതെ ഖുര്‍ആന്‍ ഓതല്‍ എന്നിവ നിഷിദ്ധങ്ങളാണ്. ഓരോ ഫര്‍ള് നിസ്കാരത്തിനും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്.
ഏത് നിസ്സാര രോഗങ്ങളും നിസ്കാരാദി ആരാധനകള്‍ ഒഴിവാക്കാനുള്ള ലൈസന്‍സായി കാണുന്നവരാണ് നാം. സ്ത്രീകളതില്‍ മുന്‍പന്തിയിലുമാണ്. ആശുപത്രിയിലെ നിസ്കാരം ആര്‍ക്കും ഓര്‍മ്മ പോലുമില്ല. ബ്ളീഡിംഗ് പോലുള്ള വിപല്‍കര രോഗകാലത്തെ നിസ്കാരം നമ്മുടെ സ്ത്രീകള്‍ക്ക് പുതുമയായിരിക്കും. എന്നാല്‍ ഇവര്‍ക്ക് നിസ്കരിക്കല്‍ നിര്‍ബന്ധവും ഒഴിവാക്കല്‍ ഹറാമുമാണ്. പൂര്‍വ്വിക വനിതകളുടെ മാതൃക ഇക്കാര്യത്തിലും നമ്മുടെ വനിതകള്‍ സ്വീകരിക്കേണ്ടതുണ്ട്.
റമദാന് വ്രതത്തിന് ഇത്തരക്കാരികള്‍ക്ക് പ്രത്യേക രീതിയുണ്ട്. റമദാന് മാസം തീര്‍ത്തും നോമ്പ് പിടിക്കുന്നതോടൊപ്പം മറ്റൊരു മാസവും കൂടി തീര്‍ത്തും നോമ്പ് പിടിക്കണം. അപ്പോള്‍ മാസത്തില്‍ 15 ദിവസം ആര്‍ത്തവമാകുന്ന സങ്കല്പ്പ പ്രകാരം തന്നെ 14 ദിവസം ശുദ്ധി ലഭിക്കും. അതിനാല്‍ രണ്ട് മാസത്തിലും കൂടി 28 ദിവസത്തെ നോമ്പ് കരസ്ഥമാകും. രണ്ട് മാസം കഴിഞ്ഞതിന്റെ ശേഷം തുടരെയുള്ള പതിനെട്ട് ദിവസം തെരെഞ്ഞെടുത്ത് അതിലെ ആദ്യത്തെ മൂന്ന് ദിവസവും അവസാനത്തെ മൂന്ന് ദിവസവും നോമ്പ് അനുഷ്ഠിക്കണം. എന്നാല്‍ 18 ലെ ഒന്നാം ദിവസം ആര്‍ത്തവം തുടങ്ങി എന്ന നിഗമന പ്രകാരം തന്നെ 16 ന് അവസാനിക്കും. അപ്പോള്‍ 17, 18 നോമ്പ് സാധുവാകും. മൂന്നാം ദിവസം തുടങ്ങിയാല്‍ ഒന്നും രണ്ടും സ്വഹീഹാകും. ഏത് സാധ്യതകള്‍ വകയിരുത്തിയാലും 18 ല്‍ രണ്ട് ദിനം ലഭിക്കുകയും അവളുടെ നോമ്പ് മുപ്പത് തികയുകയും ചെയ്യുന്നു.
(തുടരും. ഇൻശാ അല്ലാഹ്)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-160
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.