بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മദീനയുടെ സവിശേഷതകൾ
ഭയാനകമായ മഹ്ശറിൽ നബി صلى الله عليه وسلم യുടെ ശഫാഅത്ത് മൂലം രക്ഷപ്പെടാൻ ഭാഗ്യം ലഭിക്കുന്നവരിൽ ആദ്യത്തെ വിഭാഗം മദീനാ നിവാസികളാണെന്നും പിന്നീട് മക്കാ നിവാസികളാണെന്നും ഹദീസുകളിൽ കാണാം.
മദീനാ നിവാസികൾക്കെതിരെ ഗൂഡാലോചന നടത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നവർ കഠിന ശിക്ഷയ്ക്ക് വിധേയമാകുമെന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്.
ഇങ്ങിനെ അനേകം സവിശേഷതകളും വിഖ്യാത മിമ്പറും റൌദയും ചരിത്ര പ്രാധാന്യമുള്ള തൂണുകളുമുള്ള വിശുദ്ധ നഗരമാണ് മദീന.
മസ്ജിദുന്നബവി
നബി صلى الله عليه وسلم മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്തതിനു ശേഷം രണ്ടാമതായി നിർമ്മിച്ച പള്ളിയായിരുന്നു പരിശുദ്ധ മസ്ജിദുന്നബവി. ആദ്യമായി നിർമ്മിച്ചത് മദീനയിലെതന്നെ ഖൂബാ പള്ളിയായിരുന്നു. സഹ്ല് ,സുഹൈൽ എന്നീ രണ്ട് അനാഥരുടെ ഭൂമിയായിരുന്നു മസ്ജിദുന്നബവി നിലകൊള്ളുന്ന സ്ഥലം. ഈ സ്ഥലം ആവശ്യപ്പെട്ടപ്പോൾ അവർ സൌജന്യമായി തരാമെന്ന് പറഞ്ഞെങ്കിലും അവിടുന്ന് സൌജന്യമായി സ്വീകരിക്കാൻ തയ്യാറാകാതെ പകരം അബൂബക്കർ (റ) നൽകിയ പത്ത് സ്വർണ്ണനാണയങ്ങൾ നൽകി ആ ഭൂമി വിലക്ക് വാങ്ങുകയായിരുന്നു. ഈ സ്ഥലത്ത് നബി صلى الله عليه وسلم യും സ്വഹാബത്തും ചേർന്ന് പള്ളി നിർമ്മിച്ചു. 33 /35 ചതുരശ്ര മീറ്ററായിരുന്നു ഈ പള്ളിയുടെ അന്നത്തെ വിസ്താരം. അടിത്തറ കല്ലുകൾ കൊണ്ടും ചുമരുകൾ ഇഷ്ടിക കൊണ്ടുമായിരുന്നു. ഈത്തപ്പനയുടെ തടികളായിരുന്നു തൂണുകൾ. മേൽപ്പുര ഈത്തപ്പനയുടെ ഓലകൊണ്ടുമായിരുന്നു. മൂന്ന് വാതിലുകളും മുറ്റവും ഉണ്ടായിരുന്നു . സർവ്വാദരണീയനും നേതാവുമായ നബി صلى الله عليه وسلم പൂർണ്ണമായും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ച് ലോകനേതാക്കൾക്ക് മാതൃക കാണിച്ചത് എടുത്ത് പറയേണ്ടുന്ന ചരിത്രമാണ്. ക്രിസ്താബ്ദം 622 ജൂണിലായിരുന്നു ഇത് അഥവാ ഹിജ്റ ഒന്നാം വർഷം റബീഉൽ അവ്വലിൽ
ഈ പള്ളിയുടെ ഖിബ്ല ശരിപ്പെടുത്തിയതും അത്ഭുതകരമാണ്. നിർമ്മാണം കഴിഞ്ഞു ഖിബ്ലയുടെ ഡയരക്ഷൻ കൃത്യമായി മനസ്സിലാക്കാൻ വിഷമം നേരിട്ടപ്പോ ജിബ്രീൽ (അ) ഇറങ്ങി വരികയും പ്രശ്നത്തിനു പരിഹാരം നൽകുകയും ചെയ്തു. അവിടുന്ന് മക്ക വരേക്കുമുള്ള കഅബയെ നേരിട്ട് കാണുന്നതിനു തടസ്സമാകുന്ന മലകളും മറ്റും മാറ്റിക്കൊടുക്കുകയുംനബി صلى الله عليه وسلم കഅബ നേരിട്ട് കാണുകയും അതനുസരിച്ച് ഖിബ്ല ശരിപ്പെടുത്തുകയും ചെയ്തു.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-129
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.