Sunday, January 31, 2010

92 - നജസുകളും ശുചീകരണവും-ഭാഗം-01

ബുള്ളറ്റിൻ-06 ൽ നജസ് ശുദ്ധിയാക്കേണ്ട രൂപം വിവരിച്ചിട്ടുണ്ട്. നജസുകളെകുറിച്ചും അവയുടെ ശുചീകരണരീതികളെകുറിച്ചും കൂടുതൽ അറിയാൻ ചില വായനക്കാർ താത്പര്യപ്പെട്ടതനുസരിച്ച് അഞ്ച് ഭാഗങ്ങളായി അവ വിശദീകരിക്കുന്നു.
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


വൃത്തിയെയും ശുചീകരണത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന മതമാണ് വിശുദ്ധ ഇസ്‌ലാം.

അല്ലാഹു കല്പിക്കുന്നു. ‘എല്ലാ ആരധനാ വേളയിലും നിങ്ങളുടെ അലങ്കാരം അണിഞ്ഞുകൊള്ളുക.’ ഇവിടെ അലങ്കാ‍രം കൊണ്ടുദ്ദേശ്യം ശുദ്ധിയുള്ള വസ്ത്രമാണ്. നജസ് എന്ന പദം ഭാഷാർത്ഥത്തിൽ എല്ലാ മലിന വസ്തുക്കൾക്കും ഉപയോഗിക്കാമെങ്കിലും ഇവിടെ അർത്ഥമാക്കുന്നത് ‘മാപ്പില്ലാത്ത സന്ദർഭത്തിൽ നിസ്കാരത്തിന്റെ സാധുതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മലിന വസ്തുക്കൾ’ എന്നാണ്. നിസ്കരിക്കുന്നവന്റെ വായ, മൂക്ക്, കണ്ണ് എന്നിവയുടെ ഉൾഭാഗവും ഇത്തരം നജസുകളിൽ നിന്ന് ശുദ്ധിയായിരിക്കേണ്ടതാണ്.

നജസുകളെ മൂന്നായി തിരിക്കാം

1) ഗൌരവമുള്ളത് ;

നായ പന്നി ഇവയിൽ നിന്ന് പിരിഞ്ഞുണ്ടായത്. (നായയും പന്നിയും ചേർന്നുണ്ടായതോ അല്ലെങ്കിൽ ഇവ മറ്റുള്ളവയുമായി ബന്ധപ്പെട്ടുണ്ടായതോ ആയ ജീവിയെയാണ് പിരിഞ്ഞുണ്ടായത്കൊണ്ടുള്ള വിവക്ഷ ) നനവോട് കൂടി ഈ പറഞ്ഞവയെ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകണം. അതിൽ ഒരു പ്രാവശ്യം ശുദ്ധിയുള്ള മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം. സോപ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ മതിയാവുകയില്ല. നജസ് നീങ്ങാൻ വേണ്ടി എത്ര കഴുകിയാലും അത് ഒരു തവണയായി മാത്രമേ ഗണിക്കുകയുള്ളൂ. അപ്പോൾ നജസ് നീങ്ങിയ ശേഷം ആറു തവണ കഴുകണമെന്ന് താത്പര്യം. ആദ്യത്തെ തവണ മണ്ണ് കലക്കി കഴുകുകയാണുത്തമം. കുളം, പുഴ പോലെയുള്ളതിലിട്ടു ഏഴ് തവണ ഇളക്കിയാലും മതി. ഒരു തവണ മണ്ണ് കൊണ്ടായിരിക്കണമെന്ന് ഇവിടെയും നിബന്ധനയുണ്ട്.

2) ലഘുവായത്:

പാൽ മാത്രം കുടിക്കുന്ന രണ്ട് വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികളുടെ മൂത്രമാണിത്. ( മാതാവിന്റെ പാൽ, മറ്റുള്ളവരുടെ പാൽ, മൃഗങ്ങളുടെ പാൽ ഇവക്കെല്ലാം വിധി ഒന്ന് തന്നെ. ) ഇത് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അവിടെ വെള്ളം ഒഴിച്ചാൽ മതി. പക്ഷെ മൂത്രത്തേക്കാൾ കൂടുതൽ വെള്ളം ഉണ്ടായിരിക്കണം. രണ്ട് വയസ്സിനു മുമ്പ് ആൺകുട്ടികൾക്ക് പാൽ അല്ലാത്ത മറ്റു വല്ലതും ഭക്ഷണമായി നൽകുന്നുണ്ടെങ്കിലും, രണ്ട് വയസ്സ് കഴിഞ്ഞാലും അവരുടെ മൂത്രം വലിയവരുടെത് പോലെ തന്നെ കഴുകി ശുദ്ധിയാക്കേണ്ടതാണ്. പാൽ‌പ്പൊടി പാൽ പോലെയാണത്. എന്നാൽ പോഷകാഹാരങ്ങൾ ചേർത്ത പാൽ‌പൊടിക്ക് ഈ വിധിയല്ല ( ബാക്കി അടുത്ത ബുള്ളറ്റിനിൽ തുടരും. ഇൻശാ അല്ലാഹ് )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-92

91- കടം കൊടുക്കലും വാങ്ങലും-ഭാഗം-03

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം-01 , ഭാഗം -02

കടം കൊടുത്തത് തിരിച്ച് ചോദിക്കുമ്പോൾ മുഖം ചുളിക്കുകയും ഒഴിഞ്ഞ് മാറുകയും ചെയ്യുന്നത് മുസ്‌ലിമിന്റെ സ്വഭാവമല്ല. തന്റെ അത്യാവശ്യത്തിന് സഹായിയായി മാറിയ സഹോദരനെ അപമാനിക്കലാണത്.

കടം കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം എഴുതിവെക്കുന്നത് നല്ലതാണ്. വിശുദ്ധ ഖുർ‌ആനിലെ ഏറ്റവും വലിയ ആയത്തിലൂടെ നൽകുന്ന സന്ദേശമാണത് .അല്ലാഹു പറയുന്നു.

സത്യ വിശ്വാസികളേ, ഒരവധി നിശ്ചയിച്ച് കൊണ്ട് നിങ്ങൾ പരസ്പരം കടമിടപാട് ചെയ്താൽ അത് നിങ്ങൾ എഴുതി വെക്കുക. ഒരെഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിപൂർവ്വം എഴുത്ത് നിർവഹിക്കട്ടെ.” അല്ലാഹു എഴുതാനും വായിക്കാനും കഴിവു നൽകിയിട്ടുള്ളവൻ എഴുതുവാൻ വിസമ്മതം കാണിക്കരുത്. അവൻ എഴുതിക്കൊടുക്കുക തന്നെ ചെയ്യണം. കടബാധ്യതയുള്ളവൻ എഴുതാനുള്ള വാചകം പറഞ്ഞ് കൊടുക്കേണ്ടതാണ്. തന്റെ നാഥനായ അല്ലാഹുവിനെ അവൻ സൂക്ഷിച്ച് കൊള്ളട്ടെ. അതിൽ നിന്നും യാതൊന്നും അവൻ കുറച്ച് കളയരുത്. ഇനി കടബാധ്യതയുള്ളവൻ വിഡ്ഢിയോ കാര്യശേഷിയില്ലാത്തവനോ വാചകം പറഞ്ഞ് കൊടുക്കാൻ കഴിവില്ലാത്തവനോ ആയാൽ അവന്റെ രക്ഷാധികാരി നീതിപൂർവ്വം വാചകം പറഞ്ഞ് കൊടുക്കണം. നിങ്ങലിലുള്ള പുരുഷന്മാരിൽ രണ്ട് പേർ സാക്ഷി നിൽക്കുകയും വേണാം. പുരുഷന്മാരായി രണ്ട് പേരില്ലെങ്കിൽ പിന്നെ നിങ്ങൾ തൃപ്തിപ്പെടുന്ന ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷ്യം വഹിക്കണം. (ഒരു പുരുഷനു പകരം രണ്ട് സ്ത്രീകളെ വേണമെന്ന് വെച്ചത് ) അവർ രണ്ടാളിൽ ഒരുവൾ പിഴച്ചാൽ മറ്റവൾ ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്. സാക്ഷികൾ വിളിക്കപ്പെട്ടാൽ നിരസിക്കരുത്.

ഇടപാട് ചെറുതാവട്ടെ, വലുതാവട്ടെ , അവധി വരെ അതെഴുതി വെക്കാൻ നിങ്ങൾ മടിച്ച് കൂടാ. അത് അല്ലാഹുവിങ്കൽ ഏറ്റവും നീതിയുള്ളതും സാക്ഷ്യം ഏറ്റവും ബലപ്പെടുത്തി നിറുത്തുന്നതും നിങ്ങൾ സംശയിക്കാതിരിക്കാൻ ഏറ്റവും ഉപയുക്തവുമാകുന്നു. നിങ്ങൾ പരസ്പരം റൊക്കമായി കൈമാറുന്ന കച്ചവടമായിരുന്നാൽ ഒഴികെ. അപ്പോൾ അതെഴുതി വെക്കാതിരിക്കുന്നതിൽ ദോഷമൊന്നുമില്ല. ക്രയ വിക്രയം ചെയ്യുമ്പോൾ നിങ്ങൾ സാക്ഷിയെയും ഉപദ്രവിക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം നിശ്ചയമായും അത് നിയമ പരിധിയിൽ നിന്നുള്ള നിങ്ങളുടെ വ്യതിചലനമാണത്.

അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിങ്ങൾക്ക് പഠിപ്പിച്ചുതരികയാണ്. എല്ലാ കാര്യങ്ങളെകുറിച്ചും അല്ലാഹു ഏറ്റവും അറിയാവുന്നവനാകുന്നു. (സൂറത്ത് അൽ-ബഖറ 282)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-91

Saturday, January 30, 2010

90- കടം കൊടുക്കലും വാങ്ങലും-ഭാഗം-02

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം-01 ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

കടം കൊടുക്കുന്നവന് ഏതെങ്കിലും തരത്തിലുള്ള ഉപകാരം ലഭിക്കുംവിധം കടമിടപാടിൽ വ്യവസ്ഥ ചെയ്യൽ ഹറാമാണ്. അത് കടമിടപാടിനെ അസാധുവാ‍ക്കുന്നതാണ്. എന്നാൽ നിബന്ധന വെക്കാതെ, കടം തന്നവന് കൂടുതൽ (തിരിച്ച് ) നൽകലും, മറ്റ് ഉപകാരം ചെയ്യലും കടം സ്വീകരിച്ചവന് സുന്നത്താണ്.

‘ കടം ഏറ്റവും നല്ല രൂപത്തിൽ വീട്ടുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ’ എന്ന് തിരുനബി صلى الله عليه وسلم യുടെ വചനം പ്രസിദ്ധമാണ്.

കടം വീട്ടേണ്ട അവധി എത്തിച്ചേരുകയും ആവശ്യമായ പണം ഉണ്ടാവുകയും ചെയ്ത വ്യക്തി കടം തന്നവന്റെ അനുമതി കൂടാതെ യാത്ര ചെയ്യലും ഹറാമാണ്.

അനന്തരാവകാശികൾ ഏറ്റെടുത്ത് വീട്ടാത്ത പക്ഷം കടബാധ്യതയോടെ മരണപ്പെട്ട വ്യക്തി, പാരത്രിക ലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മരിച്ചത് ശഹീദായിട്ടാണെങ്കിലും കട ബാധ്യത വീട്ടിയാലല്ലാതെ തീരുകയില്ല. അല്ലെങ്കിൽ കടം കൊടുത്തവൻ ആ ബാധ്യത അവന് ഒഴിവാക്കികൊടുക്കണം. അദ്ദേഹത്തിനു സ്വത്തുണ്ടെങ്കിൽ അനന്തരവകാശികൾക്ക് വീതിക്കും മുമ്പ് കടങ്ങൾ വീട്ടൽ നിർബന്ധമാണ്. ബാക്കിയുള്ളത് മാത്രമേ അനന്ധരവകാശികൾക്കുണ്ടാകുകയുള്ളൂ.

കടം കൊടുത്ത സംഖ്യ; ഒരു വർഷം സ്വീകരിച്ചവന്റെ കൈവശം ശേഷിക്കുകയാണെങ്കിൽ കടം കൊടുത്തവനും, സ്വീകരിച്ചവനും സകാത്ത് നൽകണം. കടം സ്വീകരിച്ചവൻ അത് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കടം കൊടുത്തവന് മാത്രമേ സകാത്ത് നിർബന്ധമാവുകയുള്ളൂ. ഇത് കടം കൊടുത്ത സംഖ്യ സകാത്തിന്റെ കണക്കെത്തിയ തുകയാകുമ്പോഴാണ്. ദാരിദ്ര്യം കൊണ്ടോ, സാക്ഷിയോ തെളിവോ ഇല്ലാത്തത് മൂലമോ വാങ്ങിയവന്റെ പക്കൽ നിന്ന് സംഖ്യ ലഭിക്കൽ അസാധ്യമായാൽ കൈപറ്റിയ ശേഷം സകാത്ത് കൊടുത്താൽ മതി.
( ബാക്കി അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ് )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-90Thursday, January 28, 2010

89 -കടം കൊടുക്കലും വാങ്ങലും-ഭാഗം-01


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തതുല്യമായത് തിരിച്ച് തരണമെന്ന വ്യവസ്ഥയിൽ ഒരു വസ്തുവിനെ മറ്റൊരാൾക്ക് ഉടമപ്പെടുത്തികൊടുക്കുന്നതിനാണ് കടം കൊടുക്കുക എന്ന് പറയുന്നത്.

വലിയ പുണ്യമുള്ള കാര്യമായി ഇസ്‌ലാം ഈ ഇടപാടിനെ കണക്കാക്കുന്നു. നബി صلى الله عليه وسلم പറയുന്നു. “തന്റെ സഹോദരന്റെ ഐഹിക വിഷമങ്ങൾ ആരെങ്കിലും അകറ്റിയാൽ അന്ത്യദിനത്തിൽ അവന്റെ വിഷമങ്ങൾ അല്ലാഹു ദൂരീകരിക്കുന്നതാണ്.” (മുസ്ലിം ). വേറെയൊരു ഹദീസിൽ കാണാം “ അടിമ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും” (മുസ്‌ലിം ). ആരെങ്കിലും രണ്ടു തവണ കടം കൊടുത്താൽ അത് ഒരു തവണ ദാനം ചെയ്ത പ്രതിഫലം പ്രദാനം ചെയ്യും (ഇബ്‌നു ഹിബ്ബാൻ)

കടം സ്വീകരിക്കുന്നവൻ നിർബന്ധിതനും ഗത്യന്തരമില്ലാത്തവനുമാണെങ്കിൽ അവനു കടം കൊടുക്കൽ നിർബന്ധമാണ്. കടം സ്വീകരിക്കുന്നവൻ, ആ കടസംഖ്യ കുറ്റകരമായ കാര്യങ്ങളിൽ ചെലവഴിക്കുമെന്ന് കണ്ടാൽ കടം കൊടുക്കൽ ഹറാമാണ്. പ്രത്യക്ഷ മാർഗേന കടബാധ്യത തിർക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത, അനിവാര്യഘട്ടങ്ങളില്ലാത്ത വ്യക്തി കടം സ്വീകരിക്കലും ഹറാമാണ്.

സമ്പത്തിൽ ക്രയവിക്രയാധികാരമുള്ള, പ്രായപൂർത്തിയും ബുദ്ധിയും തന്റേടവുമുള്ളവരിൽ നിന്ന് മാത്രമാണ് സാധുവാകുന്നത്. “ഞാൻ നിനക്കിത് കടം തന്നു”. എന്നോ മറ്റോ ഉള്ള, ഇടപാടിനെ വ്യക്തമായി അറിയിക്കുന്നതോ കരുത്തോട് കൂടി വ്യംഗ്യമായി അറിയിക്കുന്നതോ ആയ ഈജാബും അത് സ്വീകരിച്ചുവെന്നറിയുക്കുന്ന ഖ്വബൂലും അത്യാവശ്യമാണ്. ഇതില്ലാതെയും കടമിടപാട് സ്വഹീഹാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്.

കടം വാങ്ങിയ വസ്തു കടം സ്വീകരിക്കുന്നയാളുടെ ഉടമസ്ഥതയിൽ വരുന്നത് അനുവാദത്തോടെ അവനത് കൈപറ്റുന്നതോടെയാണ്.

കടം നൽകിയ വസ്തു, മാറ്റമൊന്നുമില്ലാതെ, കടം സ്വീകരിച്ചവന്റെ കയ്യിലുണ്ടെങ്കിൽ , അത് തന്നെ തിരിച്ച് നൽകാവുന്നതാണ്. അല്ലെങ്കിൽ തതുല്യമായത് തിരിച്ച് നൽകേണ്ടതാണ്.
(ബാക്കി അടുത്ത ബുള്ളറ്റിനിൽ .ഇൻശാ അല്ലാഹ് )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin -89

Wednesday, January 27, 2010

88 - ജ‌അഫറുബുനു അബിത്വാലിബ്-ഭാഗം-04

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മഹാനായ ജ‌അഫറുബുനു അബിത്വാലിബ് رضي الله عنه -ഭാഗം-04

ഭാഗം 01 ,02 ,03

വാളുകളുടെ വെട്ടുകളും അസ്ത്രങ്ങളുടെ മുനകളും പേമാരിപോലെ നാനാഭാഗത്ത് നിന്നും ജ‌അഫർ (റ)ന്റെമേൽ വർഷിച്ച്കൊണ്ടിരിക്കയും അവസാനം അദ്ധേഹം ശഹീദാവുകയും പതാക അബ്ദുലാഹിബ്നു റവാഹ (റ) ഏറ്റെടുക്കുകയും ചെയ്തു.

ജ‌അഫർ (റ) ശാശ്വത സുഖത്തിലേക്ക് അനയിക്കപ്പെട്ടു. ആ പുണ്യശരീരത്തിന്റെ മുൻഭാഗത്ത് മാത്രം എഴുപതിൽ പരം ( ഒരു റിപ്പോർട്ട് പ്രകാരം 93 ) മുറിവുകൾ കാണപ്പെടുകയുണ്ടായി.

ജ‌അഫർ (റ) ഗുരുതര പരുക്കുകളോടേ വീണു കിടക്കുന്നത് കണ്ട് മഹാനായ അബ്ദുല്ലാഹിബിനു ഉമർ (റ) അല്പം വെള്ളവുമായി അടുത്ത് ചെന്നപ്പോൾ ജ‌അഫർ (റ) പറഞ്ഞത് ഇപ്രകാരമായിരുന്നു. “എനിയ്ക്ക് നോമ്പാണ്. വെള്ളം പരിചയിൽ ഒഴിച്ച് വെക്കൂ. സന്ധ്യവരെ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ നോമ്പ് മുറിക്കാം. മറിച്ചാണെങ്കിൽ നോമ്പ്കാരനായി റബ്ബിന്റെ സന്നിധിയിൽ ഹാജരാകാൻ ഞാൻ ആഗ്രഹിക്കുന്നു.”

മാസം ജമാദുൽ ഊലയാണ്. ബൽഖാ‍‌അ് ജില്ലയിലെ അത്യുഷ്ണം നിമിത്തം എല്ലാം വാടിക്കുഴഞ്ഞ സമയം. തൊണ്ണൂറിൽ പരം മുറിവുകളോടെയും കൈ കാലുകൾ ഛേദിക്കപ്പെട്ട നിലയിലും കിടക്കുന്ന ഘട്ടം. എന്തൊരു മനോദാർഢ്യം. ! അദ്ധേഹത്തിന്റെ സമരാവേശവും ആരാധനയിലുള്ള ആസക്തിയും എത്ര മാതൃകാ യോഗ്യം. അധുനികതയിൽ പൊതിഞ്ഞ നാമമാത്ര സേവകന്മാർക്കിതിൽ മാതൃകയില്ലേ ?നല്ല ഹൃദയങ്ങൾക്ക് ചലനമുണ്ടാക്കാൻ ഈ ചരിത്രം പര്യാപ്തമല്ലേ ? അദ്ധേഹത്തോടുള്ള അനുകരണം റബ്ബ് നമുക്കെല്ലാം പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ

അന്ന് ജ‌അഫർ (റ) ന്ന് മുപ്പത്തിമൂന്ന് അല്ലെങ്കിൽ നാല്പത് വയസ്സുമാത്രമായിരുന്നു പ്രായം. ജ‌അഫർ(റ) ശഹീദായ വാർത്തയറിഞ്ഞ് നബി (സ) വളരെ ദു:ഖിതനായി. അവിടുത്തെ ആശ്വസിപ്പിച്ച് കൊണ്ട് ജിബ്‌രീൽ (അ) പറഞ്ഞു. “ അദ്ദേഹം സ്വർഗത്തിൽ രക്തം പുരണ്ട രണ്ട് ചിറകുകളുമായി മലക്കുകളോടൊപ്പം പാറിക്കളിക്കുകയാണ്.”. ‘ ദുൽ ജനാഹൈൻ’ (ഇരു ചിറകുകാരൻ) എന്ന പേരിൽ പിന്നീട് സ്വഹാബികൾ അദ്ദേഹത്തെ പറഞ്ഞുവന്നിരുന്നു.

സർവ്വ ശക്തനായ അല്ലാഹു ആ മഹാനോട് കൂടി നമ്മെയും മാതാപിതാക്കളെയും കുടുംബത്തെയും സ്വർഗലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ. آمين

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-88

Tuesday, January 26, 2010

87 - ജ‌അഫറുബുനു അബിത്വാലിബ്-ഭാഗം-03


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മഹാനായ ജ‌അഫറുബുനു അബിത്വാലിബ് رضي الله عنه -ഭാഗം-03

ഭാഗം-01 , 02

വെറും മൂവ്വായിരം അംഗങ്ങളുണ്ടായിരുന്ന പ്രസ്തുത സേനക്ക് രണ്ടര ലക്ഷം വരുന്ന റോമൻ സേനയോടായിരുന്നു പോരാടേണ്ടി വന്നത്. മുഅ്ത്തത്തിൽ പ്രഥമ നായകനായ സൈദ് ശഹീദായി .

മഹാനായ ജ‌അഫർ رضي الله عنه നബി (സ) യുടെ നിർദ്ദേശ പ്രകാരം രണ്ടാമതായി പതാക കയ്യിലേന്തി. ധീര ധീരം അടരാടി മുന്നേറികൊണ്ടിരുന്നു. യുദ്ധത്തിന്റെ കുതിച്ചോട്ടം ഇരു ഭാഗത്തും ജീവന്മരണ പോരാട്ടത്തിലെത്തിച്ചു. നായകനായ ജ‌അഫർ (റ) ശത്രു പാളയത്തിൽ‌പ്പെട്ടിരിക്കയാണ്. ശത്രുക്കളുടെ ഖഡ്ഗങ്ങൾ ഒന്നൊഴിയാതെ അദ്ധേഹത്തിന്റെ മേൽ ആഞ്ഞടുത്തു. എവിടെയും യുദ്ധത്തിന്റെ ആർത്തനാദങ്ങൾ മാത്രം. നിർണ്ണായകമായ ഒരു ഘട്ടമാണ് തരണം ചെയ്ത്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. അതിനിടയ്ക്ക് ജ‌അഫർ (റ) തന്റെ കുതിരപ്പുറത്ത് നിന്നിറങ്ങി അതിനെ ( തന്റെ ശേഷം ശത്രുക്കൾക്ക് സഹായമാവാതിരിക്കാൻ ) സ്വന്തം കരം കൊണ്ട് ബലി കഴിച്ച് മുന്നോട്ട് നീങ്ങി. ആ സമയത്ത് അദ്ദേഹം ആലപിച്ചിരുന്ന പ്രസിദ്ധ കവിത ഇങ്ങിനെയായിരുന്നു.


يٰا حَبَّـذَا الْجَنَّةُ وَاقْتِرٰابُهٰا ===== طَيِّبَـةٌ وَبٰارِدٌ شَرٰابُهَا

وَالرُّومُ رُومٌ قَد دَّنٰا عَذٰابُهَا ===== كٰافِرَةٌ بَعِيدَةُ أَنْسٰابُهَا

عَلَيَّ إِذْ لاٰقَيْتُهٰا ضِرٰابُهٰا

സ്വർഗവും അതിന്റെ സാമീപ്യവും, ഹാ ! എത്ര കണ്ട് ഉത്തമം. ! അതിന്റെ പാനീയം തണുത്തതും സംശുദ്ധവുമത്രെ. റോമക്കാരതാ അവരുടെ ശിക്ഷ അടുത്ത് കഴിഞ്ഞിരിക്കുന്നു. അവർ അവിശ്വാസികളും ഗോത്ര ബന്ധം ദൂരപ്പെട്ടവരുമത്രെ . അവരുമായി ഏറ്റ്മുട്ടിയാൽ അവരുടെ വെട്ടുകൾ എന്റെ മേൽ സുനിശ്ചിതമത്രെ’

രണാങ്കണത്തിൽ തീനാളം പോലെ ഇരമ്പിക്കയറുകയായിരുന്ന ജ‌അ്ഫർ (റ) തഞ്ചം നോക്കി നിൽക്കുന്ന ശത്രു നിരയിൽ നിന്ന് വന്ന ഒരു വെട്ടിനാൽ അദ്ദേഹത്തിന്റെ വലത് കരം ഛേദിക്കപ്പെട്ടിട്ടും പതാക നിലം പതിക്കുന്നത് കണ്ടാണദ്ദേഹം അതറിയുന്നത്. ഉടനെ വലത് കയ്യിൽ പതാക മാറ്റിപ്പിടിച്ച് മുന്നേറുകയായി. അടുത്തതായി ഇടതും കരവും നഷ്ടപ്പെട്ടു. എന്നിട്ടും പതാക കക്ഷത്തിൽ ഞെരുക്കിപ്പിടിച്ച് സമരാവേശത്തോടെ തക്ബീർ ധ്വനി മുഴക്കി സൈന്യത്തെ അദ്ദേഹം നയിക്കുകയായിരുന്നു ( തുടരും.. ഇൻശാ അല്ലാഹ് )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-87

Monday, January 25, 2010

86 ജ‌അഫറുബുനു അബിത്വാലിബ് -ഭാഗം-02

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മഹാനായ ജ‌അഫറുബ്നു അബിത്വാലിബ് رضي الله عنه ഭാഗം-02

ഭാഗം-01

ഹസ്രത്ത് ജ‌അഫർ رضي الله عنه കൂസലന്യേ പ്രതിവചിച്ചു : “ രാജാവ് ! അല്ലാഹു ഞങ്ങൾക്ക് ഒരു റസൂലിനെ അയക്കുകയും ആ ദൂതൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സുജൂദ് ചെയ്യരുതെന്നും നിസ്കാര, ദാന ധർമ്മങ്ങൾ മുതലായ സൽകർമ്മങ്ങൾ നിർവഹിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു. പ്രസ്തുത ആജ്ഞ സ്വീകരിച്ച ഞങ്ങൾക്ക് സൃഷ്ടികളിൽ ഒരാൾക്കും സുജൂദ് ചെയ്യാൻ നിവൃത്തിയില്ല. സ്വർഗത്തിൽ അന്യോന്യം കണ്ടുമുട്ടുമ്പോൾ ചെയ്യുന്ന ഉപചാരമായ സലാമാണ് മുസ്ലിംകളും അന്യോന്യം ചെയ്യേണ്ടതെന്ന് അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. അതനുസരിച്ച് ഞങ്ങൾ അന്യോന്യം ചൊല്ലാറുള്ള സലാം രാജാവിന്നും പറഞ്ഞതാണ്.

ഇത് കേട്ടപ്പോൾ പൂർവ്വ വേദങ്ങളെ കുറിച്ചറിയാവുന്ന ക്രിസ്തീയ സമുദായക്കാരനായ ചക്രവർത്തി ശാന്തനാവുകയും നബി(സ)യെ കുറിച്ചും അവിടന്ന് പ്രചരിപ്പിക്കുന്ന ഗ്രന്ഥത്തെ കുറിച്ചും മറ്റും കൂടുതൽ അറിയാനുള്ള ജിജ്ഞാസയാൽ ജ‌അഫർ رضي الله عنه ന് കൂടുതൽ സ്വീകരണാവും സൌകര്യവും ചെയ്ത് കൊടുക്കുകയാണുണ്ടായത്. തുടർന്ന് ഇസ്ലാമിനെ കുറിച്ച് സുദീർഘമായ ഒരു പ്രസംഗം തന്നെ ജ‌അഫർ رضي الله عنه നടത്തുകയും അത് വഴി ഖുറൈശികളുടെ പാരിതോഷികങ്ങളെല്ലാം തിരിച്ച് കൊടുക്കപ്പെടുകയും അവർ ഇളിഭ്യരായൈ മടങ്ങുകയും ചെയ്തു. നിഗശ് ചക്രവർത്തി ഹസ്രത്ത് ജ‌അഫർ رضي الله عنه മുഖേന ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.

ഹിജ്‌റാ‍ബ്ദം ഏഴിലാണ് പിന്നീട് ജ‌അ്ഫർ رضي الله عنه പത്നി അസ്മായോടൊപ്പം മദീനയിൽ തിരിച്ചു വന്നത്. ഖൈബർ യുദ്ധത്തിൽ നിന്ന് വിജയം വരിച്ച സുദിനത്തിലായിരുന്നു അവരും തിരിച്ചു വരാ‍നിടയായത്. അത് കാരണത്താൽ നബി(സ) ഇപ്രകാരം പറയുകയുണ്ടായി “ ഖൈബർ വിജയത്തിലോ അതല്ല ജ‌അ്ഫറിന്റെ ആഗമനത്തിലോ ഏതിലാണ് ഞാൻ കൂടുതൽ സന്തോഷിക്കേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല” . നബി (സ) അദ്ധേഹത്തെ സ്വീകരിക്കുകയും അണച്ച് കൂട്ടി ആലിംഗനം ചെയ്യുകയും കണ്ണുകൾക്കിടയിൽ ചുംബിക്കുകയുമുണ്ടായി. മദീനയിൽ പോകാതെ നേരിട്ട് ഖൈബർ വിജയത്തിൽ സന്നിഹിതരാവുകയും ചെയ്തതിനാൽ യുദ്ധത്തിൽ പങ്കെടുത്ത പ്രതിഫലവും ഗനീമത്തും അദ്ധേഹത്തിനും കൂട്ടുകാ‍ർക്കും ലഭിച്ചിരുന്നു.

ഒരു വർഷം കഴിഞ്ഞതേയുള്ളൂ. ശർഹബിലുബ്നു അം‌ർ എന്ന ഹിർഖലിന്റെ പ്രതിപുരുഷൻ നബി(സ) യുടെ സന്ദേശവുമായി ചെന്ന ഹാരിസുബുനു ഉമൈറിനെ വധിച്ചു കളഞ്ഞതിന്റെ പ്രതികാരം ചെയ്യാനായി മു‌അ്ത്തത്തിലേക്കയക്കാൻ മുവ്വായിരം വരുന്ന സൈന്യത്തെ സജ്ജീകരിക്കുകയായിരുന്നു. ബദർ, ഉഹ്ദ് മുതലായ പ്രസിദ്ധ യുദ്ധങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഖേദം തീർക്കാനായി യൌവ്വനത്തിളർപ്പോടെ ജ‌അ്ഫർ رضي الله عنه മുമ്പോട്ട് വന്നു. നബി (സ) പതാകയുമായി യാത്രയയക്കുമ്പോൾ യുദ്ധം നിയന്ത്രിക്കാൻ സൈദുബ്നു ഹാരിസിനെയാണ് ഏല്പിച്ചത്. സൈദിന് ആപത്ത് നേരിടുകയാണെങ്കിൽ രണ്ടാമതായി ജ‌അ്ഫറും മൂന്നാമതായി അബ്‌ദുല്ലാഹിബിനു റവാഹയൂം ഏറ്റെടുക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. (തുടരും ..ഇൻശാ അല്ലാഹ് )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-86

Sunday, January 24, 2010

85- ജ‌അഫറുബുനു അബിത്വാലിബ്-ഭാഗം-01

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മഹാനായ ജ‌അഫറുബ്നു അബീത്വാലിബ് رضي الله عنه
ഭാഗം-1

നബി(സ)യുടെ പിതൃവ്യ പുത്രനും ഹസ്രത്ത് അലി رضي الله عنه ന്റെ ജ്യേഷ്ട സഹോദരനുമായ ജ‌അഫർ رضي الله عنه ആദ്യ വിശ്വാസികളിൽ ഉൾപ്പെട്ട മഹാനായിരുന്നു. ദേഹ പ്രകൃതിയിലും സ്വഭാവത്തിലും നബി صلى الله عليه وسلم യുമായി വളരെ സാദൃശ്യമുമുള്ള ഒരാളും കൂടിയായിരുന്നു അദ്ധേഹം. സാധു സംരക്ഷണത്തിൽ അതിവ തത്പരനായതിനാൽ അബുൽ മസാകീൻ (സാധുക്കളുടെ പിതാവ് ) എന്ന് നബി صلى الله عليه وسلم അദ്ധേഹത്തെ വിളിക്കാറുണ്ടായിരുന്നു.

അബൂഹുറൈറ رضي الله عنه പറയുന്നു. ‘സാധുക്കൾക്ക് ഏറ്റവും ഉത്തമ സുഹൃത്തായിരുന്നു ഹസ്രത്ത് ജ‌അ്ഫർ رضي الله عنه അദ്ധേഹം ഞങ്ങളെ വീട്ടിൽ കൂട്ടിപ്പോവുകയും അവിടെയുള്ളത് ഞങ്ങളെ തീറ്റിക്കുകയും പതിവായിരുന്നു’ സത്യവിശ്വാസികൾക്കെതിരെ ഖുറൈശി കിങ്കരന്മാർ അഴിച്ചു വിട്ട മർദ്ദനങ്ങൾ കാരണമായി അബ്സീനിയയിലേക്ക് പാലായനം ചെയ്ത രണ്ടാമത്തെ സംഘത്തിൽ ജ‌അ്ഫർ رضي الله عنه ഉം പങ്കെടുത്തിരുന്നു.

ഹബ്ശയിൽ എത്തിച്ചേർന്ന മുസ്‌ലിം അഭയാർത്ഥികളെ തിരിച്ചയക്കാനായി ഖുറൈശികൾ നിഗശ് ചക്രവർത്തിയുടെ അടുത്ത് പാരിതോഷികങ്ങളുമായി ഒരു നിവേദക സംഘത്തെ അയക്കുകയുണ്ടായി. അവർ നടത്തിയ നിവേദനത്തെ തുടർന്ന് സ്വഹാബികളെ വിളിപ്പിച്ച് ചക്രവർത്തി വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. നിഗശ് ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് എത്തിച്ചേർന്ന അഭയാർത്ഥി സംഘത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ജ‌അ്ഫർ رضي الله عنه നെയായിരുന്നു.

ജ‌അ്ഫർ رضي الله عنه കൊട്ടാരത്തിൽ പ്രവേശിച്ചത് അബ്‌സീനിയൻ ഉപചാര രീതിയായിരുന്ന സാഷ്ടാംഗ പ്രണാമത്തിനു പകരം ഇസ്‌ലാമിന്റെ സലാം ചൊല്ലിയായിരുന്നു. ശത്രുപക്ഷവും ചക്രവർത്തിയുടെ കൊട്ടാരം ഉദ്യോഗസ്ഥന്മാരും പ്രഭുക്കളും ഏകസ്വരത്തിൽ അമർഷം രേഖപ്പെടുത്തുകയും ,ഉപചാര മര്യാദ ഉപേക്ഷിച്ച ഈ പുത്തൻ പ്രസ്ഥാനക്കാരെ നിലക്ക് നിറുത്തണമെന്ന് രാജാവിനോടാവലാതിപ്പെടുകയുമുണ്ടായി.

അഭയാർത്ഥികളായി രാജകീയ സമ്മതമില്ലാതെ കുടിയേറിപ്പാർത്ത ഒരു വിഭാഗം നാട്ടചാരപ്രകാരമുള്ള ഉപചാര മര്യാദ ഉപേക്ഷിക്കുകയെന്നത് അപരിഷ്കൃതരായ ആ ജനവിഭാഗത്തിനെങ്ങിനെ ദഹിക്കും ! എന്നാൽ സാഹചര്യമോ പരീക്ഷണ ഘട്ടമോ തിരുത്തിക്കളയാത്ത സത്യവിശ്വാസത്തിന്റെ ഉടമകളായ മുഅ്മിനുകളെ പ്രതിനിധീകരിച്ച ജ‌അ്ഫർ رضي الله عنه ധൈര്യമവലംബിച്ചു. അല്ലാഹുവിന്റെ സലാമോടു കൂടി പ്രവേശിച്ചത് കണ്ടാശ്ചര്യപ്പെട്ട രാജാവ് ഗൌരവത്തോടു കൂടി തന്നെ അന്വേഷിച്ചു. ‘ ഇവിടുത്തെ രാജകീയ മര്യാദ പ്രകാരമുള്ള സാഷ്ടാംഗം ഉപേക്ഷിക്കാൻ കാരണമെന്താണ് ?

ജ‌അ്ഫർ رضي الله عنه ന്റെ ചിന്തനീയമായ മറുപടി അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-85

84 - ചാപ്പിള്ള

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഗർഭത്തിൽ വെച്ച് മരണപ്പെടുന്ന കുട്ടികളുടെ മേലിൽ നിസ്കരിക്കുന്നതിന്റെയും മറ്റും വിധികൾ

ശഹീദല്ലാത്ത ഏത് മുസ്‌ലിമിന്റെയും മയ്യിത്ത് കുളിപ്പിക്കലും കഫൻ ചെയ്യലും സാമൂഹിക കടമയാണ് (ഫർള് കിഫാ‌അ് ) . ശഹീദിനെ കഫൻ ചെയ്യലും മറമാടലും നിർബന്ധവും, കുളിപ്പിക്കലും നിസ്കരിക്കലും ഹറാമുമാണ്.

ആറുമാസം തികയുന്നതിനു മുമ്പ് പ്രസവിച്ച കുട്ടിയിൽ അതിന്റെ ശാരീരിക പ്രകൃതികൾക്കനുസരിച്ച് നിയമം മാറി വരും. അതിൽ ജീവന്റെ അടയാളം വ്യക്തമായാൽ വലിയ ആളുടെ മയ്യിത്തിന് ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്യണം. ജീവന്റെ ലക്ഷണങ്ങൾ വ്യക്തമാവാതിരിക്കുകയും , അതേ സമയം മനുഷ്യരൂപം പ്രാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ (6 മാസം പൂർത്തിയായിട്ടുണ്ടെങ്കിൽ ) നിസ്കാരം ഒഴികെയുള്ള എല്ലാ കാര്യങ്ങളും നിർവഹിക്കുക. മനുഷ്യ രൂപമില്ലെങ്കിൽ (4 മാസത്തിനു മുമ്പ് പ്രസവിച്ചാൽ ) അതിനെ മറമാടൽ സുന്നത്താണ്. കുളിപ്പിക്കുകയോ കഫൻ ചെയ്യുകയോ നിസ്കരിക്കുകയോ വേണ്ടതില്ല.

രക്തക്കട്ടയും മാംസപിണ്ഡവുമാണെങ്കിൽ തുണി കൊണ്ടോ മറ്റോ പൊതിയാതെ മറമാടൽ സുന്നത്താണ്.

ആത്മാവ് നിക്ഷേപിക്കപ്പെട്ടതിനു ശേഷം ( 4 മാസം ഗർഭത്തിലിരുന്നതിനു ശേഷം ) മരണപ്പെടുന്ന കുട്ടികൾക്ക് പേരു വിളിക്കലും അഖ്വീഖ അറുത്ത് കൊടുക്കലും സുന്നത്താണ്. ആത്മാവ് നിക്ഷേപിക്കപ്പെടുന്നതിനു മുമ്പ് ( 4 മാ‍സത്തിനു മുമ്പ് ) പ്രസവിച്ച കുഞ്ഞിന് അഖ്വീഖ അറുക്കലും പേരു വിളിക്കലും സുന്നത്തില്ല. ആത്മാവ് നൽകപ്പെടാ‍ത്ത ശിശുവിന് പരലോകത്ത് പുനർജന്മം നൽകപ്പെടുകയില്ല. ആ കുട്ടിയെ കൊണ്ട് പരലോകത്ത് നേട്ടവുമില്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-84

Saturday, January 23, 2010

83-A തയമ്മും, അനുബന്ധ വിഷയങ്ങൾ-ഭാഗം-4

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


തയമ്മുമും അനുബന്ധ വിഷയങ്ങളും -ഭാഗം-4

ഭാഗം-1 , 2 , 3

തയമ്മുമും ബാൻഡേജും

സാരമായ മുറിവുകൾ സുഖപ്പെടാൻ ബാൻഡേജുകളോ ,പഞ്ഞി, തുണിക്കഷ്‌ണം തുടങ്ങിയത് കൊണ്ടോ കെട്ടുകയോ, മരുന്നുകൾ മുറിവിന്റെ ഭാ‍ഗത്തുപയോഗിക്കുകയോ ചെയ്യേണ്ടിവന്നേക്കും. അത്തരം ഘട്ടങ്ങളിൽ ,പൂർണ്ണ ശുദ്ധിയോടു കൂടി മാത്രമേ ഇവയെല്ലാം ചെയ്യാവൂ. അപകട ഭയമില്ലെങ്കിൽ അവയെല്ലാം ശുദ്ധീകരണാവസരത്തിൽ അഴിച്ച് മാറ്റേണ്ടതുമാണ്. ശുദ്ധീകരണ സമയത്ത് അവ അഴിച്ച് മാറ്റാൻ സാധിക്കാതെ വന്നാൽ , ബാൻഡേജുകളെയും മറ്റും വെള്ളം കൊണ്ട് തടവൽ നിർബന്ധമാണ്. രോഗം ബാധിക്കാത്തിടത്തും ബാൻഡേജും മറ്റും ഉണ്ടാകുന്നതുകൊണ്ടാണിത് നിർബന്ധമായത്. അതില്ലെന്നുറപ്പുണ്ടെങ്കിൽ ബാൻഡേജ് വെള്ളം കൊണ്ട് തടവേണ്ടതുമില്ല. ബാൻഡേജ് പോലുള്ളത് മണ്ണ് കൊണ്ട് തടവലും നിർബന്ധമില്ല.

രോഗ ബാധിത സ്ഥലത്ത് ബാൻഡേജോ മറ്റ് തരത്തിലുള്ള മറകളോ ഇല്ലാതെ വന്നാൽ ,മുറിവുള്ള ഇടം മണ്ണ് കൊണ്ട് തടവാൻ സാധിക്കുമെങ്കിൽ, മണ്ണ് കൊണ്ട് തടവൽ നിർബന്ധമാണ്. വെള്ളം കൊണ്ട് തടവൽ നിർബന്ധമില്ല. രോഗ ബാധിതമായ സ്ഥലം മണ്ണ് കൊണ്ട് തടവൽ നിബന്ധമാകുന്നത് ; അത് തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ആണെങ്കിൽ മാത്രമാണ്.

ബാൻഡേജ് ,മുറിവിൽ മാത്രമൊതുങ്ങുകയോ അല്ലെങ്കിൽ മുറിവില്ലാത്തിടത്തു നിന്ന് ആവശ്യമായ അളവ് മാത്രം എടുത്ത് ശുദ്ധിയോടെ ബാൻഡേജ് ഇടുകയോ ചെയ്യുകയും അതഴിച്ചുമാറ്റൽ അസാധ്യമാവുകയും ചെയ്താൽ പിന്നീട് നിസ്കാരം രണ്ടാമത് മടക്കി നിസ്കരിക്കേണ്ടതില്ല.

തയമ്മും ചെയ്തയാളെ തുടർന്ന് നിസ്കരിക്കൽ:


തയമ്മും ചെയ്ത് നിസ്കരിക്കുന്നയാൾക്ക് നിസ്കാരം വീണ്ടും മടക്ക് നിസ്കരിക്കൽ നിർബന്ധമില്ലെങ്കിൽ , വുളൂഅ‌് ചെയ്ത് നിസ്കരിക്കുന്നവന് അയാളെ തുടർന്ന് നിസ്കരിക്കാവുന്നതാണ്. തയമ്മും ചെയ്തവന് നിസ്കാരം മടക്കി നിസ്കരിക്കൽ നിർബന്ധമുള്ളവനാണെങ്കിൽ അവനെ തുടർന്ന് നിസ്കരിക്കാൻ പറ്റില്ല.

NB:
തയമ്മുമിന്റെ രൂപങ്ങളും ഹുക്മുകളും അല്പം പ്രയാസമുള്ളതായതിനാൽ, പ്രിയ വായനക്കാർ തയമ്മുമിനെ വിഷയമാക്കിയുള്ള പ്രഭാഷണം ശ്രവിക്കുന്നത് നന്നായിരിക്കും.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-83-A

83 -തയമ്മും, അനുബന്ധ വിഷയങ്ങൾ-ഭാഗം-3


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


തയമ്മുമും അനുബന്ധ വിഷയങ്ങളും -ഭാഗം-3

ഭാഗം-1 , ഭാ‍ഗം-2

തയമ്മുമിന്റെ പൂർണ്ണ രൂപം

ഖിബ്‌ലക്ക് തിരിഞ്ഞ് ബിസ്മി ചൊല്ലി ,ബ്രഷ് ചെയ്ത ശേഷം മണ്ണടിച്ചെടുത്ത് നിയ്യത്തിനോട് (ഫർള് നിസ്കാരത്തെ ഹലാലാക്കുന്നു ) ചേർത്ത് മുഖം തടവുക. കീഴ്താടിയുടെ താഴ്ഭാഗവും മൂക്കിന്റെ മുൻഭാഗവുമുൾപ്പെടെ മുഖം തീർത്തും തടവുക. രണ്ടാമത് മണ്ണടിച്ചെടുത്ത് ആദ്യം വലത് കയ്യും പിന്നിട് ഇടത് കയ്യും പ്രത്യേക രൂ‍പത്തിൽ തടവുക.

(ഇടത് കയ്യിന്റെ പെരുവിരൽ ഒഴികെയുള്ള വിരലുകളുടെ ഉൾഭാഗം വലത് കയ്യിന്റെ വിരലുകളുടെ പുറം ഭാഗത്ത് വെച്ച് ഉൾഭാഗം കൊണ്ട് പുറം തടവി, ഇടത് കയ്യിന്റെ വിരലഗ്രങ്ങൾ ചേർത്ത് പിടിച്ച് പുറം ഭാഗത്തിലൂ‍ടെ തന്നെ കണങ്കയ്യിലേക്ക് കൊണ്ട് വരിക. പിന്നീട് കൈമുട്ട് വരെ തടവുക. ശേഷം കൈവെള്ളയുടെ ഉൾഭാഗം കൊണ്ട് കണങ്കയ്യിന്റെ മറുഭാഗം തടവുക. പിന്നീട് ഇടത് പെരു വിരലിന്റെ ഉൾഭാഗം കൊണ്ട് വലത് പെരു വിരലിന്റെ പുറം ഭാഗത്തെയും തിരിച്ചും തടവുക. ഇത് പോലെ വലത് കൈ കൊണ്ട് ഇടത് കയ്യിനെയും തടവുക. ശേഷം ഒരു കൈവെള്ള കൊണ്ട് മറ്റെ കൈവെള്ളയെ തടവി, തിക്കകറ്റാനായി വിരലുകൾ പരസ്പരം കോർക്കുക.)

വുളുവിന്റെ അവയവങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അവയവത്തിൽ വെള്ളമുപയോഗിക്കൽ അസാധ്യമായാൽ ഒരു തയമ്മുമും, രണ്ടവയവത്തിലാ‍ണെങ്കിൽ രണ്ട് തയമ്മുമും, മൂന്ന് അവയവത്തിലാണെങ്കിൽ മൂന്ന് തയമ്മുമും വേണ്ടി വരുന്നതാണ്. എല്ലാ അവയവങ്ങളിൽ നിന്നും രോഗമില്ലാത്ത /സാധ്യമായ സ്ഥലങ്ങളെല്ലാം കഴുകുകയും വേണം. മുഖത്തോ ഇരു കയ്യിലോ അല്ലെങ്കിൽ വുളുവിന്റെ അവയവങ്ങളിൽ മുഴുവനായോ വെള്ളമുപയോഗിക്കാൻ പറ്റാ‍ത്ത രോഗം വ്യാപിച്ചാൽ എല്ലാറ്റിനും കൂടെ ഒരു തയമ്മും മതി.

രോഗ ബാധിതമായ അവയവത്തിൽ നിന്ന് കഴുകൽ നിർബന്ധമായത് കഴുകുമ്പോൾ തന്നെയാണ് അതിന് വേണ്ടി തയമ്മും ചെയ്യേണ്ടത്. തയമ്മും ആദ്യം ചെയ്യുകയാണുത്തമം. ഒരു അവയവത്തിനു വേണ്ടിയുള്ള തയമ്മുമും അതിന്റെ തന്നെ കഴുകലും കഴിഞ്ഞ ശേഷം മാത്രമേ മറ്റ് അവയവങ്ങളുടെ ശുദ്ധീകരണം നടത്താൻ പാടുള്ളൂ.

രോഗബാധിതാവയങ്ങൾ എത്രയധികമുണ്ടെങ്കിലും കുളിക്കുന്നതിനു പകരമായി തയമ്മും ചെയ്യുകയാണെങ്കിൽ ഒരു തയമ്മുമേ വേണ്ടൂ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-83

Thursday, January 21, 2010

82 - തയമ്മും, അനുബന്ധ വിഷയങ്ങൾ-ഭാഗം-2

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തയമ്മുമും അനുബന്ധ വിഷയങ്ങളും -ഭാഗം-2
ഭാഗം-1 ഇവിടെ

തയ്യമ്മുമിന്റെ ഫർളുകൾ

1. നിയ്യത്ത് ചെയ്യുക : “നിസ്കാരത്തെ ഹലാലാക്കാൻ വേണ്ടി തയമ്മും ചെയ്യുന്നു” എന്ന് കരുതുക

2. തടവാൻ വേണ്ടി മണ്ണിനെ അടിച്ചെടുക്കുക (കൈ കൊണ്ട് )

3. മുഖം തടവുക

4. കൈകൾ മുട്ടോട് കൂടി തടവുക

5. തർതീബ് (വഴിക്ക് വഴിയായി ചെയ്യുക)

തയമ്മുമിന്റെ സുന്നത്തുകൾ

ബിസ്മി ചൊല്ലുക, മോതിരം ഒഴിവാക്കുക, വിരലുകളെ അടർത്തിപിടിക്കുക, മുഖം തടവുമ്പോൾ മേൽഭാഗം കൊണ്ട് തുടങ്ങുക, കൈകൾ തടവുമ്പോൾ വലത്തെതിനെ മുന്തിക്കുക, പൊടിയെ ലഘൂകരിക്കുക, നിസ്കാരം കഴിയുന്നത് വരെ അംഗങ്ങളിൽ നിന്ന് മണ്ണിനെ കളയാതിരിക്കുക എന്നിവയെല്ലാം തയമ്മുമിനെ സുന്നത്തുകളാണ്.

തയമ്മും ബാത്വിലാകുന്ന കാര്യങ്ങൾ

കുളി നിർബന്ധമാകുന്ന എല്ലാ കാര്യങ്ങളെകൊണ്ടും വുളു മുറിയുന്ന മുഴുവൻ കാര്യങ്ങളെ കൊണ്ടും തയമ്മും ബാത്വിലാകും

മടക്കി നിസ്കരിക്കേണ്ടവർ

1. മിക്കവാറും വെള്ളമുണ്ടാകൽ പതിവുള്ള സ്ഥലത്ത് വെച്ച് ,ജയിലിലോ മറ്റോ ആയത് കൊണ്ടോ, വെള്ളം കിട്ടാത്തതിനാൽ തയമ്മും ചെയ്ത് നിസ്കരിച്ചവർ

2. മുറിവിന് വേണ്ടിയോ മറ്റോ മറ വെച്ച് കെട്ടിയപ്പോൾ പൂർണ്ണമായ ശുദ്ധിയില്ലാത്തവർ

3. അസഹ്യമായ തണുപ്പ് കാരണം തയമ്മും ചെയ്തവർ

4. മറ വെച്ച് കെട്ടിയപ്പോൾ അത്യാവശ്യമായ സ്ഥലത്തിലധികം മറച്ചവർ

5. വെള്ളവും മണ്ണും കിട്ടാത്തവൻ വുളു‌‌ഉം തയമ്മുമും ഇല്ലാതെ നിസ്കരിച്ചാൽ
(തുടരും.ഇൻശാ അല്ലാഹ് )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin- 82

Wednesday, January 20, 2010

81-തയമ്മും,അനുബന്ധ വിഷയങ്ങൾ-ഭാഗം-1


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


തയ്യമ്മുമും അനുബന്ധ വിഷയങ്ങളും -ഭാഗം-1


വുളു എടുക്കാനും കുളിക്കുവാനും വല്ല തടസ്സങ്ങളുമുള്ളവർക്ക് താത്കാലികമായി ഇസ്‌ലാം നിയമമാക്കിയ ശുദ്ധിയാണ് തയമ്മും. എന്നാൽ അത് താത്കാലിക ശുദ്ധിയായതിനാൽ ഒന്നിലധികം ഫർളുകൾ ഒരു തയമ്മും കൊണ്ട് നിസ്കരിക്കുവാൻ പറ്റുകയില്ല.

തയമ്മുമിന് 4 ശർത്വുകൾ ഉണ്ട്

1. നജസിൽ നിന്ന് ശുദ്ധിയാവുക. അപ്പോൾ ദേഹത്തിലോ മറ്റോ പൊറുക്കപ്പെടാത്ത നജസുണ്ടെങ്കിൽ തയമ്മും സഹീഹാവുകയില്ല.

2. സമയം കടന്നെന്നറിയുക. ഇതനുസരിച്ച് ,ഫർളു നിസ്കാരത്തിനു വേണ്ടിയോ ,സമയം നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്കാരത്തിനു വേണ്ടിയോ തയമ്മും ചെയ്യുകയാണെങ്കിൽ ,ആ നിസ്കാരത്തിന്റെ സമയം കടന്നിരിക്കണം. മയ്യിത്ത് നിസ്കാരത്തിനു വേണ്ടി തയമ്മും ചെയ്യുകയാണെങ്കിൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട ശേഷമാവണം.

3. ശുദ്ധിയാക്കാൻ പറ്റുന്ന തനി പൊടിമണ്ണുകൊണ്ടായിരിക്കണം.

4. വെള്ളം ഉപയോഗിക്കാൻ സാധിക്കാതിരിക്കുക. അപ്പോൾ വെള്ളം ഇല്ലാതിരിക്കുകയോ, ഉള്ള വെള്ള കുടിക്കുവാനോ മറ്റോ ആവശ്യമാവുകയോ, വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് വല്ല രോഗവുമുണ്ടാ‍വുകയോ മുതലായവ ഭയപ്പെട്ടാൽ വുളുവിനും കുളിക്കും പകരം തയമ്മും ചെയ്യാവുന്നതാ‍ണ്. (തുടരും..ഇൻശാ അല്ലാഹ് )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-81

Tuesday, January 19, 2010

80 - വുളൂ ചെയ്യുമ്പോൾ ദുആ

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വുളൂ ചെയ്യുമ്പോൾ ചൊല്ലാവുന്ന ദുആ


മഹാനായ ഇമാം ഗസ്സാലി (റ) പോലുള്ളവർ വുളൂ‍ ചെയ്യുമ്പോൾ ചൊല്ലാൻ നിർദ്ദേശിച്ച അർത്ഥവത്തായ ചില പ്രാർത്ഥനകൾ

മുൻ‌കൈ കഴുകുമ്പോൾ


أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ ، بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ ، أَشْهَدُ أَنْ لاٰ إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ ، اَلْحَمْدُ ِلله الَّذِي جَعَلَ الْمٰاءَ طَهُوراً.


മുഖം കഴുകുമ്പോൾ

اَللّهُمَّ بَيِّضْ وَجْهِي بِنُورِكَ يَوْمَ تُبَيِّضُ وُجُوهَ أَوْلِيٰائِكَ.

വലത് കൈ കഴുകുമ്പോൾ


اَللّهُمَّ أَعْطِنِي كِتَابِي بِيَمِينِي وَحٰاسِبْنِي حِسٰاباً يَسِيراً
.

ഇടത് കൈ കഴുകുമ്പോൾ


اَللّهُمَّ إِنِّي أَعُوذُ بِكَ أَنْ تُعْطِيَنِي كِتَابِي بِشِمٰالِي أَوْ مِنْ وَرٰاءِ ظَهْرِي.


തല തടവുമ്പോൾ


اَللّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ لاٰ ظِلَّ إِلاَّ ظِلُّكَ
.

ചെവി തടവുമ്പോൾ


اَللّهُمَّ اجْعَلْنِي مِنَ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ.

കാലുകൾ കഴുകുമ്പോൾ


اَللّهُمَّ ثَبِّتْ قَدَمَيَّ عَلَى الصِّرٰاطِ الْمُسْتَقِيمِ مَعَ أَقْدٰامِ عِبٰادِكَ الصَّالِحِينَ.


(വുളൂ വെറും ഒരു കഴുകൽ മാത്രമല്ല മറിച്ച് പുണ്യമേറിയ ഇബാദത്താണ് അവയിൽ മറ്റു ചിന്തകളില്ലാതിരിക്കാൻ ഇത്തരം ദുആകൾ പ്രയോജനം ചെയ്യും ,അല്ലാഹു തൌഫീഖ് ചെയ്യട്ടെ )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

NB : PDF file ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം


Islamic Bulletin-80

79 -തസ്ബീഹ് നിസ്കാരം -ഭാഗം-2

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തസ്ബീഹ് നിസ്കാരം -ഭാഗം-2

ഭാഗം ഒന്ന് ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

മഹാനായ അബ്ദുലാഹിബ്നുൽ മുബാറക് (رضي الله عنه ) ചൊല്ലിയിരുന്നത്

سُبْحٰانَ اللهِ وَالْحَمْدُ للهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ.

എന്നായിരുന്നു. അഥവാ ‘ ലാ ഹൌല...’ കൂടുതലാക്കിയിരുന്നു. ഈ രൂപം അബ്ദുല്ലാഹിബിനു ജ‌അ്ഫറിൽ നിന്ന് ഇമാം ദാറു ഖുത്‌നി (رحمه الله ) റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. മാത്രമല്ല ഇബ്നുൽ മുബാറക് (رضي الله عنه ) ഫാതിഹക്ക് മുമ്പ് ഈ ദിക്‌റിനെ 15 പ്രാവശ്യവും പിന്നീട് സൂറത്തിന് ശേഷം 10 പ്രാവശ്യവുമായിട്ടായിരുന്നു ചൊല്ലിയിരുന്നത്. പകരം ഇസ്തിറാഹത്തത്തിന്റെ ഇരുത്തത്തിൽ ചൊല്ലാറില്ലായിരുന്നു. ചുരുക്കത്തിൽ ഇബ്നു അബ്ബാസ് (رضي الله عنه ) ന്റെയും ഇബ്നുൽ മുബാറക് (رضي الله عنه )ന്റെയും നിസ്കാരത്തിന്റെ രൂപത്തിൽ ചെറിയ വിത്യാസമുണ്ടായിരുന്നു. രണ്ട് രൂപത്തിലും നിസ്കരിക്കാമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

ഈ നിസ്കാരത്തിൽ ജമാ‌അത്ത് സുന്നത്തില്ല. പൊതു ജനത്തെ പഠിപ്പിക്കുകയെന്ന ലക്ഷ്യമുണ്ടെങ്കിൽ അത് നല്ലതാണ്.

തസ്ബീഹ് നിസ്കാരം ദീനിൽ പ്രധാനമുള്ള കാര്യങ്ങളിൽ‌പ്പെട്ടതാകയാൽ അത് നിർവഹിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രതയുണ്ടായിരിക്കൽ അനിവാര്യമാണ്. ഇബ്നു അബീ സൈഫിൽ യമാനി (رضي الله عنه ) പറയുന്നു തസ്ബീഹ് നിസ്കാരത്തിൽ ആദ്യത്തെ റക്‌അത്തിൽ ഫാത്തിഹക്ക് ശേഷം സൂറത്ത് തകാസുറും ,രണ്ടാമത്തെ റക്‌അത്തിൽ വൽ‌അസ്‌രിയും ,മൂന്നാമത്തെ റക്‌അത്തിൽ കാഫീ‍റൂനയും , നാലാമത്തെ റക്‌അത്തിൽ ഇഖ്‌ലാസും ഓതുകയും കൂടാ‍തെ സലാം വീട്ടിയതിനു ശേഷം ഇങ്ങിനെ ദുആ ചെയ്യുകയും വേണം

اَللَّهُمَّ إِنِّي أَسْأَلُكَ تَوْفِيقَ أَهْلِ الْهُدَى وَأَعْمٰالَ أَهْلِ الْيَقِينِ وَمُنَاصَحَةَ أَهْلِ التَّوْبَةِ وَعَـزْمَ أَهْلِ الصَّبْرِ وَجِدَّ أَهْلِ الْخَشْيَةِ وَطَلَبَ أَهْلِ الرَّغْبَةِ وَتَعَبُّدَ أَهْلِ الْوَرَعِ وَعِرْفَانَ أَهْلِ الْعِلْمِ حَتَّى أَخَافَكَ ° اَللَّهُمَّ إِنِّي أَسْأَلُكَ مَخَافَةً تَحْجُزُنِي عَنْ مَعَاصِيكَ حَتَّى أَعْمَلَ بِطَاعَتِكَ عَمَلاً أَسْتَحِقُّ بِهِ رِضَـاكَ وَحَتَّى أُنَاصِحُكَ فِي التَّوْبَةِ خَـوْفاً مِنْكَ وَحَتَّى أُخْلِصَ لَكَ النَّصِيحَةَ حبُاًّ لَكَ وَحَتَّى أَتَوَكَّلُ عَلَيْكَ فِي الْأُمُورِ كُلِّهَا وَحُسْنِ الظَّنِّ بِكَ ° سُبْحَانَ خَالِقِ النُّورِ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ° بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ.

നല്ലവരായ വായനക്കാരെ, നിങ്ങൾ തസ്‌ബീഹ് നിസ്കാരം നിർവ്വഹിച്ച് ദുആ ചെയ്യുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെയും ദുആയിൽ ഉൾപ്പെടുത്തുവാൻ അപേക്ഷിക്കുന്നു. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-79

Monday, January 18, 2010

78 -തസ്‌ബീഹ്‌ നിസ്കാരം-ഭാഗം-1


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തസ്‌ബിഹ്‌ നിസ്കാരത്തിന്റെ രൂപവും ശ്രേഷ്ടതയും

റസൂൽ (സ) അബ്ബാസ്‌ (റ) വിനോട്‌ പറഞ്ഞു. നിങ്ങൾക്ക്‌ ഞാൻ 10 കാര്യങ്ങൾ പറാഞ്ഞു തരട്ടെയോ അതിലേക്ക്‌ നിങ്ങളെ ഞാൻ പ്രേരിപ്പിക്കട്ടെയോ ? അവ ഞാൻ നിങ്ങൾക്ക്‌ നൽകട്ടെയോ ? അത്‌ കാരണം നിങ്ങളുടെ ചെറുതും വലുതും മനപ്പൂർവ്വം ചെയ്തതും ആദ്യം ചെയ്തതും അവസാനം ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടും ! അതെന്താണെന്നല്ലേ ! നിങ്ങൾ നാലു റൿഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാൽ അതെ നിറുത്തത്തിൽ തന്നെ 15 തവണ.

سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ

എന്ന ദിൿർ ചൊല്ലുക

അനന്തരം റുകൂഇൽ പത്ത്‌ പ്രാവശ്യം ഇതേ ദിൿർ ചൊല്ലുക. ശേഷം റുകൂഇൽ നിന്നുയർന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദിൽ നിന്നുയർന്ന ശേഷം ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലും ഇതേ ദിൿർ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്റെ ഇരുത്തമില്ലാത്ത റൿഅത്തിൽ അത്തഹിയ്യാത്തിന്റെ മുമ്പാണ്‌ ദിൿർ ചൊല്ലേണ്ടത്‌ )

ഒരു റൿഅത്തിൽ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂർത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കിൽ നിങ്ങൾ ഇത്‌ നിസ്കരിക്കണം. അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ വീതമോ അതിനും സാധ്യമല്ലെങ്കിൽ മാസത്തിലൊരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കിൽ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.

( ഈ ഹദീസ്‌ അബൂദാവൂദ്‌, ഹാകിം എന്നിവർ നിവേദനം ചെയ്തതും ഇബ്‌നു ഖുസൈമ ശരി വെക്കുകയും ഹാഫിള്‌ ഇബ്‌നു ഹജർ ' ഹദീസ്‌ ഹസൻ ' എന്ന് അഭിപ്രായപ്പെട്ടതുമാണ്‌ )

റുകൂഇലും സുജൂദിലും മറ്റുമൊക്കെ സാധാരണ ചൊല്ലുന്ന ദിൿറുകൾക്ക്‌ പുറമെയാണ്‌ ഈ ദിൿർ ചൊല്ലേണ്ടത്‌. കൈ വിരലുകൾ കൊണ്ട്‌ എണ്ണം പിടിക്കാവുന്നതാണ്‌.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


തുടരും ..ഇൻശാ അല്ലാഹ്‌

Islamic bulletin-78

Sunday, January 17, 2010

77- മരണപ്പെട്ടവരുടെ നോമ്പ്

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മരണപ്പെട്ടവരുടെ നോമ്പ് ഖളാ‌അ് വീട്ടൽ

റമദാനിലെ നോമ്പ് വല്ല കാരണവശാലും നഷ്ടപ്പെട്ട വ്യക്തി അത് വീണ്ടെടുക്കാൻ സമയം കിട്ടുന്നതിനു മുമ്പ് മരിച്ചാൽ ഫിദ്‌യയോ ഖളാ‍ഓ വീട്ടേണ്ടതില്ല. കാരണമില്ലാതെ നഷ്ടപ്പെട്ട നോമ്പാണെങ്കിൽ മരിച്ച വ്യക്തിയുടെ രക്ഷാ കർത്താവ് ഫിദ്‌യ കൊടുക്കുകയോ നോമ്പ് നോറ്റ് വീട്ടുകയോ വേണം.

ഇനി ഖളാ‌അ് വീട്ടാനുള്ള സമയം ജീവിതത്തിൽ കിട്ടിയ ശേഷമാണ് വല്ല കാരണത്താലും നോമ്പ് നഷ്ടപ്പെട്ട വ്യക്തി മരിച്ചതെങ്കിൽ രക്ഷാ കർത്താവ് ഫി‌ദ്‌യ കൊടുക്കുകയോ നോമ്പ് നോൽക്കുകയോ വേണം. ഒരു വ്രതത്തിന്റെ പേരിൽ 800 മില്ലി ലിറ്റർ (ഒരു മുദ്ദ്) മുഖ്യ ഭക്ഷണം പാചകം ചെയ്യാതെ നൽകേണ്ടതാണ്. അതിന്റെ വില മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്നാണെടുക്കേണ്ടത്.

മാറാ രോഗത്താലും വാർധക്യത്താലും നോമ്പ് നോൽക്കാൻ പറ്റാത്ത വ്യക്തിക്ക് മറ്റൊരാൾ പകരം നോൽക്കേണ്ടതില്ല. ഓരോ ദിവസത്തെ നോമ്പിനും 600 ഗ്രാം ഭക്ഷ്യ വസ്തു ഫിദ്‌യ നൽകിയാൽ മതി.

മരണപ്പെട്ടയാളുടെ ബാധ്യത തീർക്കുന്ന നോമ്പ് കുടുംബത്തിലെ സ്ത്രീക്കും പുരുഷനും സമ്മതം ലഭിച്ച അന്യർക്കും നിർവഹിക്കാം.

വാർധക്യവും മാറാവ്യാധിയും മൂലം മുദ്ദ് നിർബന്ധമായവർ അത് നൽകുന്നത് കൊല്ലങ്ങളോളം നീട്ടി വെച്ചാലും താമസിച്ചതിന്റെ പേരിൽ അധികം നൽകേണ്ടതില്ല.

ഒരു വർഷത്തെ റമദാൻ വ്രതം മുഴുവനായോ ഭഗികമായോ നഷ്ടപ്പെട്ട വ്യക്തി അത് ഖളാ‌അ‌‌് വീട്ടാനുള്ള സൌകര്യമുണ്ടായിട്ടും അടുത്ത റമദാനു മുമ്പ് വീട്ടിയില്ലെങ്കിൽ ആ റമദാന് ശേഷം ഖളാ‌അ് വീട്ടുകയും ഒരു വർഷം താമസിപ്പിച്ചതിന് പ്രായശ്ചിത്തമായി ദിനമൊന്നിന് ഒരു മുദ്ദ് വീതം ദരിദ്രർക്ക് വിതരണം ചെയ്യുകയും വേണം. എത്രവർഷം താമസിച്ചുവോ അത്രയും മുദ്ദുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും.

ഇങ്ങിനെ സൌകര്യപ്പെട്ടിട്ടും ഖളാ‌അ് വീട്ടാ‍തെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ അനന്തര സ്വത്തിൽ നിന്ന് മേൽ പറഞ്ഞ മുദ്ദുകൾ കൊടുക്കണം. കൂടാതെ നഷ്ടപ്പെട്ട വ്രത ദിനങ്ങൾ മയ്യിത്തിന് വേണ്ടി ആരും നോറ്റ് വീട്ടുന്നില്ലെങ്കിൽ ഓരോ ദിനത്തിനും ഓരോ മുദ്ദ് വീതം വേറെയും കൊടുക്കണം. ഇതിന്നാവശ്യമായ പണം നീക്കി വെച്ചതിനു ശേഷം മാത്രമേ മയ്യിത്തിന്റെ സ്വത്ത് ഓഹരി ചെയ്യാൻ പാടുള്ളൂ. മാതാപിതാക്കളുടെ നഷ്ട വ്രതവും സകാത് വീഴ്ചയും ഹജ്ജും ബാധ്യതയും ഗൌനിക്കാതെ അവരുടെ സ്വത്ത് ഭാഗിച്ചെടുക്കുന്ന സന്താനങ്ങൾ അനർഹമായ സ്വത്താണ് കൈവശപ്പെടുത്തുന്നതെന്നോക്കുക.

പ്രസ്തുത മുദ്ദ് നൽകേണ്ടത് ഫഖീറുകൾക്കും മിസ്കീന്മാർക്കുമാണ്. സകാത് വാങ്ങാൻ അർഹതയുള്ള മറ്റ് 6 വിഭാഗങ്ങൾക്കിതിന് അവകാശമില്ല. മുദ്ദ് മുഴുവനും ഒരാൾക്ക് തന്നെ നൽകുന്നതിലും തെറ്റില്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin- 77

അറിയിപ്പ്

അല്ലാഹുവിന്റെ പ്രവാചകരെ സംബന്ധിച്ച ബുള്ളറ്റിൻ നമ്പർ 76 നു ശേഷം റമളാനിലെ ബുള്ളറ്റിനുകളും സകാത്തിനെ സംബന്ധിച്ച ബുള്ളറ്റിനുകളും വായനക്കാരിലെത്തിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിൽ സ്തുതിയർപ്പിക്കുന്നു. വരും നാളുകളിൽ ബുള്ളറ്റിൻ 77 മുതൽ ഇടയിൽ വിട്ടു പോയ ബുള്ളറ്റിനുകൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിയ്ക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ..
ബുള്ളറ്റിനുകൾ മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുമല്ലോ..
ദുആ വസിയത്തോടെ

Thursday, January 14, 2010

196- സകാത്- ഭാഗം-13

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ധനത്തിന്റെ സകാത് (തുടർച്ച )


കറൻസിയുടെ സകാത്തിൽ പണമായി വാങ്ങിയ സ്ത്രീധനവും ഉൾപ്പെടും. സ്ത്രീധനം പെണ്ണിന്റെ സ്വത്താണ്. വല്ല കാരണത്താലും വിവാഹമോചനം ചെയ്യപ്പെട്ടാൽ ഈ തുക അവൾക്ക് തിരിച്ച് നൽകേണ്ടതാണ്. ഒരു അമാനത്ത് എന്ന നിലയിലാണ് ഭർത്താവ് ഈ തുക സൂക്ഷിക്കുന്നത്. സ്ത്രീധനത്തുക കൈവശം വന്ന അന്ന് മുതൽ കൊല്ലം കണക്കാക്കി സകാത്ത് നൽകുകയാണ് വേണ്ടത്. അതാത് വർഷങ്ങളിൽ നൽകുകയോ അല്ലാത്ത പക്ഷം കിട്ടാനുള്ള കടമെന്ന നിലയിൽ തുക കയ്യിലെത്തുമ്പോൾ അത് വരെയുള്ള സകാത്ത് ഒന്നിച്ച് നൽകുകയോ ആവാം. സ്ത്രീയാണ് സകാത് നൽകേണ്ടത്. അവൾ ഈ തുക തന്റെ ഭർത്താവിന് ദാനമായി നൽകിയാൽ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്. ഇത് പോലെതന്നെയാണ് പണമായി നൽകിയ വിവാഹ മൂല്യവും (മഹ്‌റ്). ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ സ്ത്രീ അതിന് സകാത് നൽകേണ്ടതാണ്. സ്ത്രീധനവും മഹ്‌റും അനുവദനീയമായ ആഭരണമാണെങ്കിൽ അതിന് സകാത് നൽകേണ്ടതില്ല.

ലഭിക്കാനുള്ള കടം എത്ര വർഷം കഴിഞ്ഞ് കിട്ടിയാലും കഴിഞ്ഞ ഓരോ വർഷത്തിനും സകാത് കൊടുക്കണമെന്നാണ് ശാഫി‌ഈ മദ്‌ഹബ് പ്രകാരമുള്ള നിയമം. എന്നാൽ മാലികീ മദ്‌ഹബിൽ ഒരു വർഷത്തിനു മാത്രം സകാത് കൊടുത്താൽ മതിയാവുന്നതാണ്.

കൃഷിയുടെ സകാത്:-

“നദികളും മേഘങ്ങളും കുടിപ്പിച്ചതിന് (കൃഷി) 10 ശതമാനമുണ്ട്. തേവ് ഒട്ടകം കൊണ്ട് നനച്ചുണ്ടാക്കിയതിന് 5 ശതമാനവും” (ഹദീസ് )

ഒരു കൊല്ലത്തെ എല്ലാ വിളകളിലും കൂടി 600 സാ‌അ് ( 1920 ലിറ്റർ) നെല്ലുള്ളവൻ ( ഒരു സാ‌അ് 3.2 ലിറ്റർ) സകാത് കൊടുത്താൽ മതി. “ മനുഷ്യൻ കൃഷി ചെയ്തുണ്ടാക്കുന്ന , ഉണക്കി സൂക്ഷിക്കുന്ന, റൊട്ടിയാക്കിയോ പൊടിയാക്കിയോ മുഖ്യഹാരമായി തിന്നുന്ന സാധനങ്ങൾക്കാണ് കൃഷിയിനത്തിൽ സകാത്ത് നൽകേണ്ടത്” ( അൽ ഉമ്മ് 2:34) . ഇതനുസരിച്ച് ധാന്യത്തിൽ, നെല്ല്, ഗോതമ്പ്, യവം, ചോളം, കടല, പയർ എന്നിവയിലും, പഴങ്ങളുടെ ഇനത്തിൽ കാരക്ക, മുന്തിരി എന്നിവയിലും സകാത്ത് ബാധകമാകുന്നു. മറ്റുള്ള കൃഷികൾക്കൊന്നും സകാത്ത് കൊടുക്കേണ്ടതില്ല. പക്ഷേ അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സകാത്തിന്റെ പരിധിയിലെത്തുകയും വർഷം പൂർത്തിയാവുകയും ചെയ്താൽ സകാത് കൊടുക്കണം.
ഇതോടെ സകാത്തുകളെക്കുറിച്ചുള്ള വിശദീകരണം കഴിയുന്നു.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

ബുള്ളറ്റിൻ 77 മുതൽ വരും നാളുകളിൽ പോസ്റ്റ് ചെയ്യുന്നതാണ് (ഇൻശാ അല്ലാഹ് )

Islamic Bulletin-196

Wednesday, January 13, 2010

195- സകാത്-ഭാഗം -12

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ധനത്തിന്റെ സകാത് (തുടർച്ച)

595 ഗ്രാം വെള്ളിയുടെ വില 10,000 ഇന്ത്യൻ രൂപയാണെന്ന് സങ്കല്പിക്കുക. 4000 രൂപ കൊണ്ട് ഒരാൾ അകൌണ്ട് തുടങ്ങി അകൌണ്ടിലെ തുക എന്ന് 10,000 രൂപയാകുന്നുവോ, അന്ന് മുതൽ അയാൾ കൊല്ലം കണക്ക് വെച്ച് പോരണം. ഈ സംഖ്യ സ്ഥിരമായി ഒരു വർഷം അകൌണ്ടിൽ കിടന്നിട്ടുണ്ടെങ്കിൽ വർഷാവസാ‍നം 10,000 ത്തിന്റെ 2.5 ശതമാനം (250 രൂപ )സകാത് നൽകണം. സകാത്ത് നൽകി ബാക്കി വരുന്ന സംഖ്യയാണ് പിന്നീട് കണക്ക് വെക്കേണ്ടത്. അകൌണ്ട് ബാലൻസ് 10,000 ത്തിൽ കുറയുമ്പോൾ കൊല്ലം മുറിയുകയും ,ശേഷം എന്ന് 10,000 തികയുന്നുവോ അന്ന് പുതിയ വർഷം ആരംഭിക്കുകയും ചെയ്യുന്നു.

സകാത്തിന് മതിയായ തുക ഒരു വർഷം കയ്യിലിരുന്ന ഒരാൾക്ക് തുല്യമായതോ അതിൽ കൂടുതലോ ഉള്ള തുക കടം ഉണ്ടെങ്കിലും കയ്യിലിരിപ്പുള്ള സംഖ്യക്ക് സകാത്ത് നൽകുക തന്നെ വേണം.

വർഷങ്ങൾ നീ‍ണ്ടുനിൽക്കുന്ന കുറിയിൽ നിക്ഷേപ സംഖ്യ, നറുക്ക് ലഭിക്കാതെ ഒരു വർഷം പിന്നിട്ടാൽ സകാത്തിന്റെ കണക്ക് തികയുമെങ്കിൽ സകാത്ത് നൽകണം. ആദ്യമാദ്യം നറുക്ക് ലഭിച്ച വ്യക്തി സകാത്ത് നൽകേണ്ടതില്ല. താൻ നിക്ഷേപിക്കുന്ന സംഖ്യ അയാൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞു.

തിരിച്ചുകിട്ടുന്ന രീതിയിൽ എല്ലാ മാസവും ശമ്പളത്തിൽ നിന്നും കമ്പനി ഒരു നിശ്ചിത തുക ഈടാക്കുന്ന എല്ലാ തരം സ്കീമുകൾക്കും (ഉദാ: പ്രോവിഡൻസ് ഫണ്ട്) സകാത്ത് നിർബന്ധമാണ്. ഇങ്ങിനെ പിടിക്കുന്ന സംഖ്യ സകാത്തിന്റെ പരിധിയെത്തുന്നത് എപ്പോഴാണെന്ന് ശ്രദ്ധിയ്ക്കുകയും അന്നുമുതൽക്ക് ഒരു കൊല്ലം പൂർത്തിയാവുമ്പോൾ അതിന്റെ 2.5 ശതമാനം സകാത്ത് കൊടുക്കണം. കിട്ടാനുള്ള കടത്തിന്റെ അവസ്ഥയാണിതിനുള്ളത്. കടം കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു മുമ്പ് തന്നെ സകാത്ത് കൊടുക്കാവുന്നതാണ്. സംഖ്യ ലഭിച്ചതിന്റെ ശേഷമാണ് സകാത്ത് കൊടുക്കുന്നതെങ്കിൽ കഴിഞ്ഞ വർഷങ്ങൾക്കെല്ലാം അതാത് വർഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത്. ആദ്യ വർഷത്തെ സകാത്തിന്റെ വിഹിതം രണ്ടാം വർഷത്തിലുണ്ടാവില്ല. ആദ്യ വർഷത്തിലെ സകാത്ത് വിഹിതം തന്റേതല്ല സകാത്തിന്റെ അവകാശികളുടെതാണ്. അപ്പോൾ ആ വിഹിതം കഴിച്ച ശേഷമുള്ള സംഖ്യക്കാണ് രണ്ടാം വർഷം സകാത് കണക്കാക്കേണ്ടത്. അപ്പോൾ ലഭിക്കുന്ന വിഹിതം കഴിച്ചാണ് മൂന്നാം വർഷത്തിലെ സകാത്ത് കണക്കാക്കേണ്ടത്. അങ്ങിനെ ഓരോ വർഷത്തിന്റെയും കണക്ക് കൂട്ടി സകാത് നൽകേണ്ടതാണ്.

തിരിച്ചുനൽകുമെന്ന നിബന്ധനയോടെ പീടികയുടെ ഉടമയും സ്കൂൾ മാനേജ്മെന്റും വാഹന ഉടമകളും മറ്റും വാങ്ങുന്ന പണവും ഇതേ അവസ്ഥയിലാണ്. ഇത് സകാത് നൽകേണ്ട പരിധിയുള്ള സംഖ്യയാണെങ്കിൽ ഒരു വർഷം തികഞ്ഞത് മുതൽക്ക് അതിനും സകാത് നിർബന്ധമാകും. തിരിച്ച് കിട്ടുമ്പോൾ കഴിഞ്ഞ ഓരോ വർഷത്തിനും സകാത്ത് കൊടുക്കേണ്ടതാണ്. ഒരു ലക്ഷം രൂപയുടെ സെക്യൂരിറ്റി തുകക്ക് 2500 രൂപ ഒന്നാം വർഷത്തിൽ സകാത്ത് കൊടുക്കുമ്പോൾ രണ്ടാം വർഷത്തിൽ 2500 കഴിച്ചുള്ള സംഖ്യക്ക് സകാത്ത് കൊടുത്താൽ മതി. ഈ കുറവ് ഓരോ വർഷത്തിലുമുണ്ടാവും. ഇത് പരിഗണിച്ച്കൊണ്ടാണ് സകാത് കണക്കാക്കേണ്ടത്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-195

Tuesday, January 12, 2010

194-സകാത്- ഭാഗം-11

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ധനത്തിന്റെ സകാത് (തുടർച്ച )

കച്ചവടത്തിന്റെ സകാത് പണം നൽകുന്നതിന് പകരം കടയിലെ സാധനം നൽകിയാൽ മതിയാകില്ല.

അന്യനാട്ടിൽ പോയി കച്ചവടം ചെയ്യുന്നവർ സകാത്തിന്റെ സംഖ്യ നാട്ടിലുള്ള കുടുംബങ്ങൾക്കും മറ്റും അയച്ച് കൊടുത്താൽ പ്രബലമായ അഭിപ്രായമനുസരിച്ച് സകാത് വീടുകയില്ല. ഏത് സ്ഥലത്ത് വെച്ചാണോ സകാത്ത് നിർബന്ധമായത് അവിടെയുള്ള അവകാശികൾക്ക് തന്നെ നൽകേണ്ടതാണ്. ഉടമ എവിടെ നിൽക്കുന്നു എന്നതും പരിഗണിക്കുകയില്ല. കച്ചവടം എവിടെ നടക്കുന്നു എന്നതാണ് പ്രധാനം. എന്നാൽ ഹനഫീ മദ്‌ഹബ് പ്രകാരവും ശാഫി‌ഈ മദ്‌ഹബിലെ പ്രബലമല്ലാത്ത അഭിപ്രായ പ്രകാരവും സകാത്ത് മറ്റ് അത്യാവശ്യമായ സ്ഥലത്തേക്ക് മാറ്റാവുന്നതാണ്.

ഒരാൾക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താൻ പ്രയാസമാവുമ്പോൾ മറ്റൊരാളെ കച്ചവടത്തിന് ഏല്പിക്കുന്ന പതിവ് വിദേശങ്ങളിലൊക്കെ സർവ്വ സാധാരണയായി നടക്കുന്നുണ്ട്. ഇവിടെ നടത്തിപ്പുകാരന് അധ്വാനം മാത്രമാണ് മുടക്കുന്നത് അപരൻ പണവും. ലാഭവിഹിതത്തിൽ രണ്ട് പേരും പങ്കുകാരാകുന്നു. ഇവർ കൊല്ലം തികയുമ്പോൾ കടയിലുള്ള മുഴുവൻ വസ്തുക്കൾക്കും വിലകെട്ടി, മൊത്തം ലാഭം അതിലേക്ക് ചേർത്തിട്ട് അതിന്റെ രണ്ടര ശതമാ‍നം സകാത് നൽകണം. മൊത്തം സംഖ്യയിൽ നിന്ന് സകാത്ത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.

കച്ചവടത്തിനാവശ്യമായ പണം കടം വാങ്ങിയതാണെങ്കിലും വർഷം തികയുമ്പോൾ കച്ചവടച്ചരക്ക് സകാത്തിന്റെ പരിധിയുള്ളതാണെങ്കിൽ സകാത് കൊടുക്കണം.

ചിലർ ജോലി ചെയ്യുന്നതോടൊപ്പം കച്ചവടവും നടത്താറുണ്ട്. ഉദാഹരണമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ഒരാൾ പെയ്ന്റ് കച്ചവടം നടത്തുന്നുവെങ്കിൽ പെയിന്റ് വാങ്ങിയത് മുതൽ ഒരു വർഷം പൂർത്തിയാവുമ്പോൾ തന്റെ പണിക്കൂലി കഴിച്ച് മിച്ചമുള്ള പെയിന്റിനു വിലകെട്ടി സകാത്തിന്റെ നിസാബുണ്ടെങ്കിൽ സകാത്ത് കൊടുക്കണം.

കറൻസിയുടെ സകാത്ത്

വെള്ളിക്കും സ്വർണ്ണത്തിനും സകാത്ത് നിർബന്ധമാക്കിയത് അത് സാധനങളുടെ വിലയും വിനിമയ മാധ്യമവും എന്ന നിലക്കാണ്. ഇന്ന് ഇത്തരമൊരു നാണയ വ്യവസ്ഥ നിലവിലില്ല. പകരം സ്വർണ്ണം വെള്ളി അടിസ്ഥാനമാക്കിയുള്ള കറൻസിയാണുള്ളത്. അതിനാൽ എന്ത് കാരണത്താൽ സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമായോ അതേ കാരണത്താൽ കറൻസിക്കും സകാത്ത് നിർബന്ധമാണ്.

ബാങ്ക് അകൌണ്ട് ഇല്ലാത്തവർ വിരളമാണ് . എന്നാൽ അജ്ഞത മൂലമാവാം ഇവരിൽ നല്ലൊരു ഭാഗം അർഹരായിട്ടും സകാത്ത് നൽകാത്തവരാണ്. 595 ഗ്രാം വെള്ളിയുടെ വില ഒരു വർഷം അകൌണ്ടിൽ കിടന്നാൽ സകാത്ത് നിർബന്ധമാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-194

Monday, January 11, 2010

193- സകാത്- ഭാഗം-10

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ധനത്തിന്റെ സകാത് (തുടർച്ച )


വർഷത്തിനിടയിൽ കച്ചവട വസ്തുക്കൾ മുഴുവനും വില്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യിൽ തന്നെ കിടക്കുകയും ചെയ്തു എങ്കിൽ മൂലധനത്തിന് അതിന്റെ വർഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വർഷം തികയുമ്പോഴും സകാത് നൽകേണ്ടതാണ്.

മുഹറം ഒന്നിന് പലചരക്ക് കട തുടങ്ങിയ വ്യക്തി സഫർ ഒന്നിന് ഹോട്ടലും തുടങ്ങി. എന്നാൽ ഈ രണ്ട് കച്ചവടങ്ങൾക്കും വെവ്വേറെ സകാത് നൽകണം. പലചരക്ക് കടയിലെ ചരക്ക് സകാത്തിന് തികയില്ലെങ്കിൽ ഹോട്ടലിലെ വാർഷിക സ്റ്റോക്കെടുക്കേണ്ട സമയത്ത് പലചരക്ക് കടയിലെ കൂടി ഒന്നിച്ച് സ്റ്റോക്കെടുത്ത് സകാത്ത് നൽകണം.

കച്ചവടം തുടങ്ങിയ ദിവസം മുതൽ ചാന്ദ്രവർഷപ്രകാരമുള്ള ഒരു വർഷം പൂർത്തിയാകുമ്പോഴാണ് സകാത് നിർബന്ധമാവുക. ക്രിസ്തു വർഷ പ്രകാരമുള്ള കൊല്ലം തികയാൻ കാത്തിരിക്കരുത്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണത്. അത് പോലെ റമദാൻ മാസമാ‍വാനും കാത്തിരിക്കരുത്.

കച്ചവട സ്വത്ത് വർഷം തീരുന്നതുവരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാൽ സകാത്ത് നിർബന്ധമില്ല. പക്ഷെ സകാത് നൽകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇങ്ങിനെ കരുതിയാൽ അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയില്ല.

സാധനങ്ങൾ വില കൊടുത്ത് വാങ്ങി വിലക്ക് വിൽക്കുന്നവനാണ് വ്യാപാരി. വില കൊടുത്ത് വാങ്ങിയ വസ്തുക്കൾ അതേ രൂപത്തിൽ വിൽക്കാതെ രൂപവും ഭാവവും മാറ്റി വില്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരുവാങ്ങി ആട്ടിയ ശേഷം എണ്ണ വില്പന നടത്തുന്നവനും, നൂൽ വാങ്ങി വസ്ത്രമുണ്ടാക്കി വിൽക്കുന്നവനും ,പച്ചിരുമ്പ് വാങ്ങി ഉപകരണങ്ങൾ നിർമ്മിച്ച് വിൽക്കുന്നവനും സകാത്ത് നിർബന്ധമാവുന്ന കച്ചവടക്കാരാണ്.

വിലക്ക് വാങ്ങാതെ സ്വന്തം വസ്തുക്കൾ എടുത്ത് നിർമ്മിച്ച് വിൽക്കുന്നവൻ സകാത്ത് കൊടുക്കേണ്ട കച്ചവടക്കാരനല്ല. സ്വന്തം വയലിലെ മണ്ണെടുത്ത് ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വില്പന നടത്തുന്നവൻ സകാത് നൽകേണ്ടതില്ല. അതേസമയം മണ്ണ് വില കൊടുത്ത് വാങ്ങി ഓടും ഇഷ്ടികയും നിർമ്മിക്കുന്ന വ്യവസായികൾ സകാത്ത് കൊടുക്കണം.

കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാർക്കറ്റിൽ ഡിമാന്റ് ഇല്ലാതാവുകയും തുടർന്ന് ആ സാധനം കച്ചവടത്തിൽ നിന്ന് തൽക്കാലം മാറ്റി വെക്കുകയും ചെയ്താൽ അതിന് സകാത് നൽകേണ്ടതില്ല. അത് പോലെ സ്വന്തം ആവശ്യത്തിനു വേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിർണ്ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കൾ കച്ചവട സ്വത്തല്ലാതായി. കച്ചവടക്കച്ചരക്കായി നിലനിൽക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിന് മാത്രം സകാത്ത് നൽകിയാൽ മാതിയാകുന്നതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin -193


Sunday, January 10, 2010

192- സകാത് ഭാഗം-09

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينധനത്തിന്റെ സകാത്‌ ( തുടർച്ച)

വ്യാപാരം :

ധനസമ്പാദനത്തിനുള്ള ഹലാലായ മാർഗമാണ്‌ കച്ചവടം. അതേ സമയം സകാത്‌ കൊടുക്കാൻ കൽപ്പിക്കപ്പെട്ട മറ്റ്‌ വസ്തുക്കളെ അപേക്ഷിച്ച്‌ അധ്വാന ഭാരമുള്ളത് കൊണ്ട് തന്നെ കുറഞ്ഞ വിഹിതമായ 2.5 ശതമാനമാണ് കച്ചവടത്തിന്റെ സകാത്തായി ഇസ്‌ലാം നിശ്ചയിച്ചത്.

595 ഗ്രാം വെള്ളിയുടെ തുകയണ് കച്ചവടത്തിന്റെ സകാ‍ത്തിന്റെ പരിധി. കച്ചവടം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ കയ്യിലിരിപ്പുള്ള ചരക്കും വിറ്റു പിരിഞ്ഞു കിട്ടിയ പണവും ( കച്ചവടത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടില്ലാത്ത ) 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കിൽ കച്ചവടത്തിനു സകാത്ത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരു വർഷം പൂർത്തിയാവുന്നതിനിടയ്ക്കോ പ്രസ്തുത സംഖ്യയില്ല ,പക്ഷെ വർഷാ‍വസാനത്തിൽ അത്രയും സംഖ്യയുണ്ട്താനും. എന്നാലും സകാത് നിർബന്ധമാണ്. സകാത്തിന് മതിയായ ഈ തുക കച്ചവടം തുടങ്ങാൻ നിശ്ചയിച്ച ദിവസം മുതൽ കൈവശം ഉണ്ടെങ്കിൽ അന്ന് മുതൽ കൊല്ലം എണ്ണണം. കച്ചവടം തുടങ്ങിയ സമയത്ത് സകാത്തിന് മതിയായ തുക (നിസാബ്) ഇല്ലാതിരിക്കുകയും പിന്നീട് വർഷം തികയുന്നതിന് മുമ്പ് സകാത്തിന് അർഹമായ നിസാബ് എത്തിക്കുകയും ചെയ്താൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ കൊല്ലം എണ്ണണം.

ഉദാഹരണമായി 10,000 ( 595 ഗ്രാം വെള്ളിയുടെ സാങ്കല്പിക വില ) റിയാൽ കൊണ്ട് ഒരാൾ കച്ചവറ്റാം ആരംഭിച്ചു എന്ന് കരുതുക. സകാത്തിന് മതിയായ തുക എന്ന നിലയിൽ ഈ പണം കൈവശം വന്ന ദിവസം മുതൽ കൊല്ലം എണ്ണണം. അതേ സമയം 5000 റിയാൽ കൊണ്ട് ( 595 ഗ്രാം വെള്ളിയുടെ തുകയില്ലാത്ത സംഖ്യ കൊണ്ട് ) കച്ചവടം തുടങ്ങിയ ആളെ സംബന്ധിച്ച് ഈ തുക സകാത്തിന് മതിയായതല്ല. എന്നാൽ കച്ചവടം തുടങ്ങി ഒരു വർഷം കഴിഞ്ഞ് കണക്കെടുക്കുമ്പോൾ സകാത്തിന്റെ നിസാബിന് ( ഉദാ: 10,000 റിയാൽ ) ഉണ്ടെങ്കിൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ തന്നെ കൊല്ലം കണക്കാക്കണം.

കൊല്ലം തികയുമ്പോൾ കടയിലെ സ്റ്റോക്കെടുക്കുക. സ്റ്റോക്കുള്ള സാ‍ധനങ്ങളുടെ വില്പന വിലയാണ് മുതൽമുടക്കായി ഗണിക്കേണ്ടത്. കൂട്ടത്തിൽ കിട്ടുമെന്നുറപ്പുള്ള കടം പോയ സംഖ്യയും കൂടി ഉൾപ്പെടുത്തി സകാത്തിന് മതിയായ തുകക്കുള്ള ചരക്ക് ഉണ്ടെങ്കിൽ അതിന്റെ 2.5 ശതമാനം സകാത് കൊടുക്കണം വില്പന സാ‍ധനങ്ങളല്ലാത്ത ഫർണീച്ചർ തുടങ്ങിയവ സ്റ്റോക്കെടുക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. വ്യാപാരം നഷ്ടത്തിലാണെങ്കിലും സ്റ്റോക്കെടുപ്പിൽ കിട്ടുന്ന സംഖ്യ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യാമായൽ സകാത്ത് കൊടുക്കണം.

സ്വർണ്ണ വ്യാപാരി കൊല്ലം തികയുമ്പോൾ കച്ചവടത്തിന്റെ സകാത്ത് കൊടുക്കണം. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാം വർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. അപ്പോഴും സകാത്ത് തുക തികഞ്ഞിട്ടില്ലെങ്കിൽ സകാത്ത് നൽകേണ്ടതുമില്ല.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin -192

Saturday, January 9, 2010

191 -സകാത്ത് - ഭാഗം-08

بسم الله الرحمن الرحيم


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ധനത്തിന്റെ സകാത്ത്

7) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ

അല്ലാഹുവിന്റെ തൃപ്തി കാക്ഷിച്ച് കൊണ്ട് വിശുദ്ധ സമരത്തിന് സദാ സന്നദ്ധരായി വർത്തിക്കുന്നവർ. അവർ ധനികാരായാൽ പോലും യുദ്ധ സാമഗ്രികൾ വാങ്ങാനും, ഭക്ഷണം , വസ്ത്രം മുതലായവയ്ക്കും ആവശ്യമായ സംഖ്യ സകാത്തിൽ നിന്ന് കൊടുക്കേണ്ടതാണ്. എന്നാൽ ഖുർ‌ആനിൽ വന്ന ‘ഫീസബീലില്ലാഹ്’ എന്നതിന് ദൈവമാർഗം എന്ന് പരിഭാഷ നൽകി മദ്രസ, കോളേജുകൾ നടത്താനും ,പ്രസ്ഥാനങ്ങൾ വളർത്താനും സകാത്ത് വാങ്ങാമെന്ന വാദം ശരിയല്ല. ഒരു മദ്‌ഹബിലും അങ്ങിനെ അഭിപ്രായമില്ല. ശാഫി, ഹനഫീ, മാലികി മദ്‌ഹബ് അനുസരിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നാണതിന്റെ അർത്ഥം. ഹമ്പലീ മദ്‌ഹബിൽ ഹാജിമാ‍രും ഉൾപെടുന്നു എന്ന് മാത്രം.

8. യാത്രക്കാരൻ.

സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്നവനും ആ നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് അനുവദനീയ യാത്രചെയ്യാനുദ്ദേശിക്കുന്നവനും സഞ്ചാരി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അയാൾക്ക് ആവശ്യമാണെങ്കിൽ ഭക്ഷണ ചിലവിനും വാഹനച്ചിലവിനുമുള്ള തുക സകാത്തിൽ നിന്ന് കൊടുക്കാം. അയാളുടെ നാട്ടിൽ ധനമുണെങ്കിലും ശരി.

നബി കുടുംബത്തിലെ ഹാശിമിയ്യോ മുത്തലിബിയ്യോ ആയ തങ്ങൾക്ക് സകാത്ത് സ്വീകരിക്കാൻ പാടില്ല.

സ്വർണ്ണവും വെള്ളിയും :

ആഗോള തലത്തിൽ എക്കാലത്തേയും സാമ്പത്തിക വിനിമയ മാധ്യമമാണ് സ്വർണ്ണവും വെള്ളിയും. അത് കൊണ്ട് തന്നെ ധനത്തിന്റെ സകാത്ത് പ്രാഥമികമായി തന്നെ ഇവ രണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഉപയോഗം അനുവദിക്കപ്പെട്ട ആഭരണങ്ങളല്ലാത്ത 85 ഗ്രാം സ്വർണം ഒരു വർഷം കൈവശമിരുന്നാൽ സ്വർണ്ണത്തിന്റെ സകാത്ത് നിർബന്ധമായി. കൈവശം വെച്ച സ്വർണ്ണത്തിന്റെ 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. 595 ഗ്രാം ആണ് വെള്ളിയുടെ സകാത്തിന്റെ പരിധി. ഇതിനും 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. സ്വർണ്ണത്തിന്റെ സകാത്ത് സ്വർണമായി തന്നെ നൽകണം.

സ്വർണം വാങ്ങി ഒരു വർഷം തികയുന്ന ദിവസം സകാത്ത് കൊടുക്കണം. സാധാരണയിൽ അമിതമായി കണക്കാക്കുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കൽ ഹറാമാണ്. ഇങ്ങിനെ ഹറാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോൾ അതിന് സകാത്ത് കൊടുക്കണം. ഹലാലായ ആഭരണങ്ങൾക്കാണ് സകാത്തില്ലാത്തത്. 85 ഗ്രാമിനു മുകളിലുള്ള സാധാരണ ഉപയോഗിക്കുന്ന സ്വർണാഭരണം പിന്നീട് തീരെ ഉപയോഗിക്കാൻ പറ്റാത്ത വിധം കേട് വന്ന് ഒരു വർഷം സൂക്ഷിച്ചാൽ അതിനും സകാത്ത് നിർബന്ധമാണ്. കാരണം ഈ ഒരു വർഷം സൂക്ഷിച്ചത് ആഭരണമല്ല ,നിക്ഷേപമാണ്. സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെച്ച് അവയെ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവിടാതെയിരിക്കുന്നവർക്ക് വേദനിപ്പിക്കുന്ന ശിക്ഷയുണ്ടെന്ന ( 9:34 ) ഖുർ‌ആൻ വാക്യം സ്വർണത്തിന്റെ സകാത്തിനെയാണ് കുറിക്കുന്നത്.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin # 191

Related Posts with Thumbnails