بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സകാത്ത് ഭാഗം -06
ധനത്തിന്റെ സകാത്ത്
മുർതദ്ദായവൻ (മത ഭ്രഷ്ടൻ ) വീണ്ടും ഇസ്ലാമിലേക്ക് വന്നാൽ മുർതദ്ദായിരുന്ന കാലത്തുള്ള സകാത്ത് നിർബന്ധമായും കൊടുക്കണം. കുട്ടി, ഭ്രാന്തൻ മുതലായവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവർ അതിന്റെ സകാത്ത് കൊടുക്കൽ നിർബന്ധമാണ് അത് കൊടുക്കാതിരുന്നാൽ അയാൾ കുറ്റക്കാരനകും. കൈകാര്യ കർത്താവ് സകാത്ത് കൊടുത്തിരുന്നില്ലെങ്കിൽ കുട്ടിയും ഭാന്തനും മത ശാസനകൾ പാലിക്കുവാൻ ബാധ്യസ്ഥരാകുന്ന ഘട്ടത്തിൽ അത് കൊടുത്ത് വീട്ടൽ നിർബന്ധമാകുന്നു. പിടിച്ചുപറിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ സമുദ്രത്തിൽ വീഴുകയോ ചെയ്ത ധനമോ, അവധി നീട്ടിയ കടമോ തിരിച്ച് ലഭിച്ചാൽ കഴിഞ്ഞ കാലങ്ങളിലെ സകാത്ത് കൊടുക്കൽ നിർബന്ധമാണ്. തിരിച്ച് കിട്ടിയില്ലെങ്കിൽ അതിന് സകാത്തില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം സകാത്ത് നിർബന്ധമാകുന്ന പരിധിയുള്ളതോടു കൂടി അത്രയും തുക അവന് കടം ഉണ്ടെങ്കിലും അതിന് സകാത്ത് നിർബന്ധമാകുന്നു
കടം സകാത്തിന്റെ നിർബന്ധതയെ തടയുകയില്ല. സകാത്ത് ധനത്തോട് നേരെ ബന്ധിക്കുന്നതായത് കൊണ്ട് കൊല്ലം പൂർത്തിയാവുന്നതോട് കൂടി സകാത്തിന്റെ അവകാശികൾ മുതലിൽ നിന്ന് നിശ്ചിത വിഹിതത്തിന്റ് ഉടമകളായിത്തീരും . എങ്കിലും അവരുടെ വിഹിതം അതേ മുതലിൽ നിന്ന് തന്നെ കൊടുത്ത് കൊള്ളണമെന്നില്ല. മറ്റൊന്നിൽ നിന്ന് കൊടുത്താൽ മതിയാവുന്നതാണ്.. 200 ദിർഹം വെള്ളിമാത്രം ഉടമസ്ഥതയിലുള്ള മനുഷ്യൻ കൊല്ലങ്ങളോളം അതിന് സകാത്ത് കൊടുത്തില്ലെങ്കിലും ആദ്യ വർഷത്തെ സകാത് മാത്രമേ നിർബന്ധമാവുകയുള്ളൂ 200 ന്റെ സകാത്ത് വിഹിതം കഴിച്ചാൽ ബാക്കിയുള്ളതിനു സകാത്തിന്റെ പരിമാണമില്ലെന്നതാണു കാരണം.
കൊല്ലം പൂർത്തിയായതിനു ശേഷം സകത് കൊടുക്കുവാൻ സൗകര്യം കിട്ടുന്നതിനു മുമ്പായി ധനം മുഴുവൻ നശിച്ചാൽ അവൻ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്. സകാതിന്റെ കണക്കിൽ കൂറവ് സംഭവിക്കാത്തവിധം ഭാഗികമായി നശിച്ചാൽ ബാക്കിയുള്ളതിന്റെ വിഹിതം സകാത് നിർബന്ധമാകും. നശിച്ചതിന്റെ വിഹിതത്തിന് ബാധ്യസ്ഥനാവുകയില്ല. വർഷം പൂർത്തിയാവുകയും സകാത്ത് കൊടുക്കുവാൻ സൗകര്യം കിട്ടുകയും ചെയ്തതിനു ശേഷം ധനം പൂർണ്ണമായോ ഭാഗികമായോ നശിച്ചാൽ സകാത്തിൽ ഇളവ് അനുവദിക്കപ്പെടുകയില്ല. നശിക്കാത്തതിനെന്ന പോലെ നശിച്ചതിനും സകാത്ത് കൊടുക്കൽ നിർബന്ധമാണ്. വർഷത്തിൽ അൽപനിമിഷമെങ്കിലും ധനം ഉടമസ്ഥതയിൽ നിന്ന് നീങ്ങിയാൽ പിന്നെ അത് തിരിച്ച് കിട്ടിയാലും ഇല്ലെങ്കിലും സകാത് നിർബന്ധമില്ല. കൊല്ലം പൂർത്തിയാകുന്നതിനു മുമ്പ് മരിച്ചാലും അപ്രകാരം തന്നെ. ധനം മറ്റൊരാളിൽ നിന്ന് വിലക്ക് വാങ്ങിയവനും അനന്തരാവകാശത്തിലൂടെ ലഭിച്ചവനും അത് തങ്ങളുടെ ഉടമയിൽ വന്നത് മുതൽ കൊല്ലം ആരംഭിച്ചതായി കണക്ക് കൂട്ടേണ്ടതാണ്. സകാത്തിൽ നിന്ന് ഒഴിഞ്ഞ് മാറുവാൻ വേണ്ടി വർഷം പൂർത്തിയാകുന്നതിനുമുമ്പ് ധനം കൈമാറ്റം ചെയ്യൽ കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്
اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin # 189
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.