Sunday, September 13, 2009

183-റമളാൻ-21


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിശുദ്ധ റമളാൻ- ഭാഗം-21

ഈദുൽ ഫിത്വർ

വിശുദ്ധിയുടെ ശീതളഛായയിൽ ആത്മ നിർവൃതിയടഞ്ഞ വിശ്വാസിക്ക്‌ വസന്തത്തിന്റെ ധന്യ നിമിഷങ്ങൾ. ഈദുൽ ഫിത്വർ, ആഘോഷത്തിന്റെ , ആനന്ദത്തിന്റെ മാരി ചൊരിയുന്ന സുദിനം. മുപ്പത്‌ ദിവസത്തെ നിയന്ത്രിതമായ ജീവിതം. പകൽ സമയം ഭക്ഷണങ്ങൾ വർജ്ജിച്ചു. സുഖാസ്വദനങ്ങൾ വിപാടനം ചെയ്തു. വാക്കും ചിന്തയും കർമത്തിനൊത്തു നീങ്ങി. വിശ്വാസിയുടെ ആത്മാവും ശരീരവും അവയവങ്ങൾ വരെ അവനോടൊപ്പം വ്രതമനുഷ്ഠിക്കുന്നു.

ആരാധനകൾ കൊണ്ട്‌ വിശ്വാസി ആത്മീയ വിശുദ്ധി കൈ വരിച്ചു. റമളാന്റെ പവിത്രതക്ക്‌ മുമ്പിൽ ദേഹേച്ച പ്രതിഷ്ഠിക്കാത്ത വിശ്വാസിക്ക്‌ ലഭിച്ച നേട്ടമാണത്‌. ഈ പവിത്ര മാസം അശ്രദ്ധമായി ചെലവഴിച്ചവനാകട്ടെ ജീവിതത്തിലെ ഒരസുലഭ മുഹൂർത്തം നഷ്ടപ്പെട്ടു. വിശ്വാസിക്ക്‌ റമളാൻ അനുകൂല സാക്ഷിയാവുമ്പോൾ നോമ്പു വിഴുങ്ങിയ അർദ്ധ വിശ്വാസിക്ക്‌ റമളാൻ പ്രതികൂല സാക്ഷിയാവുന്നു.

നോമ്പനുഷ്ടിച്ച വിശ്വാസിക്കു മാത്രമേ പെരുന്നാളിനെ കുറിച്ച്‌ ചിന്തിക്കാൻ തന്നെ അർഹതയുള്ളൂ. മതിയായ കാരണം മുഖേന നോമ്പുപേക്ഷിച്ചവരെ സംബന്ധിച്ചല്ല. അവർ തത്വത്തിൽ നോമ്പുകാരെപ്പോലെയാണല്ലോ. "ഈദ്‌" എന്ന അറബി പദത്തിനു മടങ്ങി വരുക എന്നാണർത്ഥം. അല്ലാഹുവിന്റെ അടിമകൾക്ക്‌ സദാ നന്മ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വർഷത്തിലും അടിമകളുടെ പേരിലുള്ള ചില നന്മകളെ അവൻ ആവർത്തിച്ച്‌ കൊണ്ടിരിക്കും . അത്തരത്തിൽ പെട്ടതാണ്‌ ഭക്ഷണത്തെ നിയന്ത്രിച്ചതിനു ശേഷമുള്ള ഫിത്വറും (നോമ്പു തുറക്കൽ) , ഫിത്വർ സകാതും.

ഈ ധന്യ നിമിഷങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകൽ സ്വാഭാവികമാണ്‌. സന്തോഷത്തിനും ആഹ്‌ളാദത്തിനും നിമിത്തമായ കാര്യങ്ങൾ ഓരോ വർഷവും മടങ്ങി വരുന്നത്‌ കൊണ്ട്‌ ഈദ്‌ എന്ന പേര്‌ സിദ്ധിച്ചത്‌. ഹിജ്‌റ രണ്ടാം വർഷമാണ്‌ ഈദുൽ ഫിത്വർ നിയമമാക്കപ്പെട്ടത്‌. റമളാൻ നോമ്പ്‌ നിർബന്ധമാക്കിയ അതേ വർഷം

ആഘോഷങ്ങൾ പലതും കാണുന്നവരാണ്‌ നാം. ആ ആഘോഷങ്ങൾക്ക്‌ ഭക്തിയുടെ നിറമോ ,ആത്മീയതയുടെ സുഗന്ധമോ ഇല്ല. ആഭാസങ്ങളും അനാചാരങ്ങളും അരുതായ്മകളും മാത്രമാണ്‌ അവയിൽ നിറൻഞ്ഞ്‌ നിൽക്കുന്നത്‌.

സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ റമളാൻ ഗുണമായി സാക്ഷി നിൽക്കുന്നവരിൽ നമ്മേ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, നമ്മുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ല മുസ്‌ലിംകളുടെയും പാപങ്ങളെ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ


اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin # 183

1 comment:

  1. വഹാബി പുത്തന്‍ ആശയക്കാരുടെ ജല്പനങ്ങള്‍ ഖണ്ഡിച്ച് കൊണ്ട് ഈദ് ഗാഹ് സംബന്ധമായി വിശദമായ ഒരു പോസ്റ്റ്‌ ഉള്പ്പെടുത്തിയെങ്കില്‍ വളരെ ഉപകാരപ്രദം ആകുമായിരുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails