Friday, August 14, 2009

ബുള്ളറ്റിൻ-75-അല്ലാഹുവിന്റെ പ്രവാചകർ-20

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13, 14, 15,16,17,18,19


അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم -ഭാഗം-20

ഇത്തരം എണ്ണിയാലൊടുങ്ങാത്ത മഹത്വങ്ങളുടെ ഉടമയാണ് നമ്മുടെ നേതാവായ മുഹമ്മദ് നബി صلى الله عليه وسلم. പ്രിയപ്പെട്ട വാ‍യനക്കാരേ, കൂടുതല്‍ കൂടുതല്‍ അവിടത്തെ അറിയാനും അവിടത്തോടുള്ള സ്നേഹം രൂഢമൂലമാക്കാനും അവിടത്തെ ചരിത്രങ്ങള്‍ വായിക്കുക. നബി (സ) യെ ഒരു ഭൂതകാല ചരിത്ര പുരുഷനായി കാണുന്നതിന് പകരം അവിടത്തെ സമകാലിക സാന്നിധ്യമായിക്കൊണ്ടാണ് കാണേണ്ടത്. അവിടത്തെ സാമീപ്യത്തെ ആനന്ദം തുളുമ്പുന്ന കണ്ണുകളോടും തുഷ്ടി കൊള്ളുന്ന ഹൃദയത്തോടും കൂടി ഒരു വര്‍ത്തമാനകാല അനുഭവമായി നാം ഉള്‍ക്കൊള്ളണം. നബി (സ) യുമായുള്ള പ്രണയഭാവം ശക്തവും ഗാഢവുമാകുന്നതു വഴിയാണ് ഇത് സാധ്യമായിത്തീരുക. അവിടത്തെ അല്ലാഹുവിനാല്‍ നിയുക്തനായ ഗുരുവും മാര്‍ഗ്ഗദര്‍ശിയും മാതൃകാപുരുഷനുമായി അറിയുകയും അം‌ഗീകരിക്കുകയും ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളുമായി ബന്ധപ്പെട്ട് അവിടന്ന് പഠിപ്പിച്ച പാഠങ്ങളുടെ അനശ്വരതയും യുക്തിഭദ്രതയും ഗ്രഹിക്കുകയും ചെയ്യുന്നതിന്റെ ഫലമായിട്ടായിരിക്കും ഈ പ്രണയഭാവം ചിലരില്‍ ശക്തിപ്പെടുന്നത്. മറ്റുചിലരില്‍ ഇത്തരം കാരണങ്ങളൊന്നുമില്ലാതെ തന്നെ തങ്ങളുടെ ഹൃദയവിശുദ്ധിയും നിഷ്കളങ്കതയും വഴി അവിടത്തെ ചൈതന്യത്തില്‍ നിന്ന് ഒരു പ്രസരണമായി ആ പ്രണയം എത്തിച്ചേരുന്നതാവാം. ഇനിയും ചിലരില്‍ അവിടത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണമോ ഗാനമോ കേള്‍ക്കുന്നതിനിടയിലായിരിക്കും പതുക്കെ പ്രണയം കടന്നുകൂടുക. അവിടന്ന് എങ്ങനെ മനുഷ്യരാശിയുടേയും മുഴുവന്‍ ചരാചരങ്ങളുടെയും വിമോചകനും രക്ഷകനുമായി എന്ന ചിന്തയോടുള്ള പ്രതികരണമായും അവിടത്തോടുള്ള പ്രണയം ചിലരില്‍ അങ്കുരിച്ച് ശക്തിപ്പെടും. അവിടത്തെ വ്യക്തിത്വത്തിന്റെ മാഹാത്മ്യവും സ്വഭാവഗുണവും പെരുമാറ്റ മര്യാദകളുമെല്ലാം അവിടത്തോടുള്ള സ്നേഹത്തിനും അനുരാഗത്തിനും നിമിത്തങ്ങളായി പലരിലും തീര്‍ന്നേക്കാം. വേറെ പലര്‍ക്കും എത്ര കിണഞ്ഞ് ശ്രമിച്ചാലും അവിടത്തോട് തങ്ങളുടെ ഹൃദയത്തില്‍ അനുരാഗം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ വരാം. അവിടത്തെ അനുസരിച്ച് കൊള്ളാന്‍ നരകഭയവും സ്വര്‍ഗമോഹവും ഹേതുവായി അവര്‍ തയ്യാറാകും.

ചുരുക്കത്തില്‍ ഏതുപായത്തിലൂടെയും പ്രവാചകസ്നേഹമെന്ന സിദ്ധി കൈവരുത്താന്‍ ശ്രമിക്കേണ്ടത് വിശ്വാസിയായിരിക്കാന്‍ അഭിലഷിക്കുന്ന ഏതൊരു വ്യക്തിയുടേയും സര്‍വ്വപ്രധാനമായ കര്‍ത്തവ്യമത്രേ. അവിടത്തെക്കുറിച്ചുള്ള അറിവാണ് പ്രണയസിദ്ധി കൈവരുത്തുന്നതെങ്കില്‍ വീണ്ടും വീണ്ടൂം അവിടത്തെ അറിയാന്‍ പരിശ്രമിച്ച്കൊണ്ടിരിക്കണം. അവിടത്തെ അപദാനങ്ങളും പ്രകീര്‍ത്തനങ്ങളുമുള്‍ക്കൊള്ളുന്ന ഗാനാലാപനങ്ങളോ പ്രഭാഷണങ്ങളോ ആണ് ഒരാളില്‍ സ്നേഹസിദ്ധിയുണ്ടാക്കുന്നതെങ്കില്‍ അവയുടെ നിരന്തരമായ ശ്രവണത്തിലൂടെ അതിനെ പരിപോഷിപ്പിക്കണം. സ്വലാത്തും സലാമും വഴി അവിടത്തെ നാമം ആവര്‍ത്തിച്ച്കൊണ്ടിരിക്കുന്നത് മുഖേനയാണ് അവിടത്തോട് സാമിനബിപ്യവും സ്നേഹവും വളര്‍ത്താനാവുകയെങ്കില്‍ അത്തരം അനുഷ്ഠാനങ്ങള്‍ വഴി അതിനെ വര്‍ദ്ധിപ്പിക്കണം. ഇങ്ങനെ ഏതുവിധേനയും അവിടത്തെ പ്രേമഭാജനമാക്കി മാറ്റിയെടുക്കാന്‍ യത്നിച്ചേ തീരൂ ഓരോ സത്യവിശ്വാസിയും. ഒന്നിലധികം ഉപായങ്ങളിലൂടെയാണ് കഴിയുന്നതെങ്കില്‍ അവയത്രെയും ഉപയോഗപ്പെടുത്തിയും ആ സിദ്ധി സ്വായത്തമാക്കണം. അല്ലാഹു തൌഫീഖ് ചെയ്യട്ടെ ആമീൻ


وَعَـلَى النَّبِيِّ وَآلِـهِ صَلَّى الله *** وَعَـلٰى صَحٰابَتِهِ الْأُولىٰ رَضِيَ الله

Islamic Bulletin # 75

1 comment:

  1. കൂടുതല്‍ കൂടുതല്‍ അവിടത്തെ അറിയാനും അവിടത്തോടുള്ള സ്നേഹം രൂഢമൂലമാക്കാനും അവിടത്തെ ചരിത്രങ്ങള്‍ വായിക്കുക. നബി (സ) യെ ഒരു ഭൂതകാല ചരിത്ര പുരുഷനായി കാണുന്നതിന് പകരം അവിടത്തെ സമകാലിക സാന്നിധ്യമായിക്കൊണ്ടാണ് കാണേണ്ടത്.

    അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم -ഭാഗം-20

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails