Thursday, August 13, 2009

ബുള്ളറ്റിൻ-74-അല്ലാഹുവിന്റെ പ്രവാചകർ-19

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,

അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم -ഭാഗം-19


‘മിഅ‌റാജി’നെക്കുറിച്ച്
വിശൂദ്ധഖുര്‍‌ആനിലെ ‘അന്നജ്‌മ്‌‘ സൂറ:യില്‍ വന്ന സൂക്തങ്ങളുടെ തുടക്കത്തിന്റെ പരാവര്‍ത്തനം ഇങ്ങനെയാണ്. ‘താഴത്തേക്കിറങ്ങിയ താരകം സാക്ഷി, നിങ്ങളുടെ കൂട്ടുകാരന്‍ വഴി തെറ്റിയിട്ടില്ല‘. നിങ്ങളുടെ കൂട്ടുകാരന്‍ എന്ന പ്രയോഗത്തില്‍ നബി (സ) യുടെ ജനകീയതയും സ്വദേശക്കാരുമായുള്ള സുഹൃദ്നിര്‍വിശേഷമായ ഇടപെടലും പ്രതിഫലിച്ച് കാണാം. അവിടന്ന് അവരുടെ ഇടയിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ ദൂതനും ഗുരുവും പ്രവാചകനും മാര്‍ഗ്ഗദര്‍ശിയുമെല്ലാമായതിനൊപ്പം ഒരു ഉറ്റ ചങ്ങാ‍തിയുടെ സഹവാസമാണ് അവരുമായി പങ്ക്‌വെച്ചിരുന്നത് എന്ന ചരിത്ര സത്യത്തിന്റെ സാക്ഷ്യമാണീ പ്രയോഗം.

നബി (സ) ഇല്ലാകുമായിരുന്നെങ്കില്‍ ലോകത്തിലുണ്ടാകുമായിരുന്ന ശ്യൂന്യത ഒന്നു സങ്കല്‍പ്പിച്ച് നോക്കൂ. അപ്പോള്‍ മനസ്സിലാകും നബി (സ) ലോകത്തിലേക്ക് എന്താണ് നിറച്ച് കൊടുത്തതെന്ന്. ‘പ്രപഞ്ചത്തിനാകെയും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’എന്ന ഖുര്‍‌ആനിക മൊഴിയുടെ വിശദമയ ഒരു പ്രപഞ്ചനം ഈ ആശയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായിരിക്കും. മാ‍നവ ജീവിതവുമായി ബന്ധപ്പെടുന്ന ഏതു മേഖലയെടുത്തു പരിശോധിച്ചാലും അവിടെയൊക്കെ നബി (സ) എന്ത് പൂരണമാണ് വരുത്തിയതെന്ന് അക്കമിട്ട് നിരത്താനാകും. മാനവക മൂല്യങ്ങളായും നേട്ടങ്ങളായും പരിഗണിക്കുന്നതെന്തും അവിടത്തെ സാന്നിധ്യത്തിന്റെയും പ്രബോധനത്തിന്റെയും പ്രത്യക്ഷമോ പരോഷമോ ആയ ഫലങ്ങളാണെന്ന് തെളിയിച്ചു പറയാന്‍ യാതൊരു പ്രയാസവുമില്ല. ഇതും ലോകത്തറിയപ്പെട്ട നേതാക്കള്‍ക്കില്ലാത്ത മഹത്വമാണ്.

നബി (സ)യുടെ മറ്റൊരു മഹത്വമാണ് മനുഷ്യന്റെ സാന്മാര്‍ഗ്ഗിക ജീവിതം പ്രോജ്ജ്വലവും മ്യൂല്യാധിഷ്ഠിതവുമായിക്കേണ്ടതിന് വേണ്ട സര്‍വ്വഗുണങ്ങളും അവയുടെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും നിലയിലും അവിടത്തെ ജീവിതത്തില്‍ കാണാമായിരുന്നു എന്നത്. ഏതെല്ലാം ഗുണങ്ങളും പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ചേരുമ്പോഴാണോ ഒരു മനുഷ്യന്‍ സര്‍വ്വോത്തമനും പരിപൂര്‍ണ്ണനുമായിത്തീരുന്നത് അവയെല്ലാം ഒന്നിനൊന്ന് പൊരുത്തപ്പെട്ടും ബന്ധപ്പെട്ടുമാണ് അവിടത്തെ അസ്തിത്വത്തില്‍ സമ്മേളിച്ചിരുന്നത്. മന:ശുദ്ധി , വിനയം, ലജ്ജ, പ്രസന്നത, നിസ്വാര്‍ത്ഥത, കൃത്യനിഷ്ഠ, ക്ഷമ, നിഷ്‌കപടത, ഭക്തി, നിരാഢം‌ബരത്വം, ഔദാര്യം, ധൈര്യം, ദയ, കാരുണ്യം, മഹാമനസ്കത, പരോപകാരതല്‍പ്പരത, വിട്ടുവീഴ്ചാ മനസ്ഥിതി, തുടങ്ങിയ മഹനീയ ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു അവിടത്തെ വ്യക്തിത്വം. പ്രപഞ്ച സൃഷ്ടാവാ‍യ അല്ലാഹുവിനാല്‍ വാഴ്ത്തപ്പെടാന്‍ മാത്രം തികവാര്‍ന്നു നിന്നിരുന്നു ആ വ്യക്തിത്വത്തില്‍ മുഴുവന്‍ മാനുഷിക ഗുണങ്ങളുമെന്നതാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. ‘അങ്ങ് മഹത്തായ സ്വഭാവത്തിനുടമയാകുന്നു’ എന്നാണ് അല്ലാഹു നമ്മുടെ ഹബീബിനെ (സ) വിശേഷിപ്പിച്ചത്.

അവിടത്തെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്, കാലാകാലങ്ങളില്‍ ജീവിച്ചവരും ഇനി ജീവിക്കാനിരിക്കുന്നവരുമായ മാനവവം‌ശത്തിന് ഒന്നടങ്കം മാര്‍ഗ്ഗദര്‍ശനമായിട്ടാണ് മുഹമ്മദ് നബി (സ) യുടെ ദൌത്യം എന്നത്. അപ്രകാരം തന്നെ മനുഷ്യ കുലത്തില്‍ പിറന്നു ജീവിച്ചു മണ്‍‌മറഞ്ഞു പോകുന്ന സകല വ്യക്തികളും പാരത്രികലോകത്തില്‍ പുനര്‍ജനിച്ചെഴുന്നേറ്റുവരുന്ന അത്യന്തം വെപ്രാളം പിടിച്ച നിസ്സഹായ ഘട്ടത്തില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ അവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യാന്‍ സാധികാരം മുന്നോട്ട് വരുന്ന നേതാവാണ് നമ്മുടെ പ്രിയപ്പെട്ട ഹബീബ് (സ). സര്‍വ്വശക്തനായ അല്ലാഹു ആ ശിപാര്‍ശമൂലം രക്ഷപ്പെടുന്നവരില്‍ നമ്മേയും മാതാപിതാക്കളേയും കുടും‌ബത്തേയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീന്‍.

فَاقَ النَّبِيِّّينَ فِي خَلْقٍ وَفِي خُلُقٍ

وَلَـمْ يُـدٰانُوهُ فِي عِلْمٍ وَلاٰ كَرَمِ

مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً

عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

Islamic Bulletin # 74

1 comment:

  1. അവിടത്തെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്, കാലാകാലങ്ങളില്‍ ജീവിച്ചവരും ഇനി ജീവിക്കാനിരിക്കുന്നവരുമായ മാനവവം‌ശത്തിന് ഒന്നടങ്കം മാര്‍ഗ്ഗദര്‍ശനമായിട്ടാണ് മുഹമ്മദ് നബി (സ) യുടെ ദൌത്യം എന്നത്


    അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم -ഭാഗം-19

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails