Wednesday, August 12, 2009

ബുള്ളറ്റിൻ-73-അല്ലാഹുവിന്റെ പ്രവാചകർ-18

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13, 14, 15,16,17

അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم ഭാഗം-18

മുഹമ്മദ് നബി(സ)യുടെ മാഹാത്മ്യം വിളിച്ചോതുന്ന മറ്റൊരു അല്‍ഭുത സം‌ഭവമായിരുന്നു തന്റെ ആകാശാരോഹണം. നബി (സ) അവിടത്തെ ഈ യാത്രയില്‍ അല്ലാഹുവിന്റെ സിം‌ഹാസനമായ ‘അര്‍ശ്’ വരെ എത്തി. അതിനപ്പുറം അല്ലാഹുവുമായുള്ള സം‌ഭാഷണസ്ഥാനത്തോളവും ഭൂരിഭാഗം പണ്ഡിതരുടേയും അഭിപ്രായമനുസരിച്ച് അല്ലാഹുവിനെ ദര്‍ശിക്കാനുള്ള അവസരവും ഈ യാത്രയില്‍ അവിടത്തേക്ക് സാധ്യമായി. മഹത്വത്തിന്റെ പരമപദം ചൂടുകയായിരുന്നു അവിടന്ന്. റസൂൽ(സ) തങ്ങൾ ‘അടുത്തടുത്ത് രണ്ട് വില്ലകലമോ അഥവാ അതിലേറെ സമീപസ്ഥമോ ആയിത്തിര്‍ന്നു’ എന്ന് അന്നജ്‌മ സൂറ:യില്‍ ഇതിനെക്കുറിച്ച് വായിക്കാം. അല്ലാഹുവിന്റെ തിരുസന്നിധാനവുമായി നബി തിരുമേനി (സ) എത്രമാത്രം ഉറ്റുചേര്‍ന്നുവെന്നാണ് ആ വാക്യം മനസ്സിലാക്കിത്തരുന്നത്. അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥനായ മലക്ക് ജിബ്‌രീലിന് (അ) കൂടി പ്രവേശനമില്ലാത്ത ഉത്തും‌ഗതയിലേക്കാണ് അന്നേരം അവിടന്ന് ഉഡ്ഢയനം ചെയ്തത്. ‘ഇനി ഒരിഞ്ച് മുന്നോട്ട് നീങ്ങിയാല്‍ ഞാന്‍ കത്തിക്കരിഞ്ഞുപോകും’ എന്ന് പറഞ്ഞ്കൊണ്ട് ജിബ്‌രീല്‍ (അ) പിന്‍‌മാറുകയാണുണ്ടായത്. വിജ്ഞാനത്തിന്റെ മാലാഖയായ ജിബ്‌രീല്‍ (അ) ന്റെ മഹത്വം അവസാനിക്കുന്നിടത്ത് മുഹമ്മദ് മുസ്ഥ്വഫാ (സ) യുടെ മഹത്വം ആരം‌ഭിക്കുന്നേയുള്ളുവെന്ന് ധ്വനി.

അത്യുന്നതും പരമജ്ഞാനിയുമായ അല്ലാഹുവിന് ശേഷം മറ്റാരും തന്നെ യാതൊരു വിഷയത്തിലും അവിടത്തോളം ശ്രേഷ്ഠനായി ഇല്ലെന്ന് സാരം. അവിടന്ന് ഉത്തും‌ഗതയുടെ പരമപദം പൂകിയപ്പോള്‍ അവിടത്തോടൊപ്പം രണ്ടാമതാരും തന്നെ (ജിബ്‌രീല്‍ (അ) പോലും) ഉണ്ടാവാതിരുന്നത് ഇക്കാരണം കൊണ്ടാണ്.

ആദ്ധ്യാത്മികതയുടെ ഉത്തും‌ഗപദം പ്രാപിച്ചിട്ടും, അല്ലാഹുവിനോടുള്ള സാമിപ്യത്തിന്റെ പരമാനന്ദമനുഭവിച്ചിട്ടും അവിടന്ന് അതില്‍ തങ്ങിനില്‍ക്കാതെ മണ്ണിലേക്ക് മടങ്ങിപ്പോന്നുവെന്നതാണ് അവിടത്തെ സം‌ബന്ധിക്കുന്ന അല്‍ഭുതകരമായ മറ്റൊരു വിശേഷം. പ്രകാശപൂരിതമായ അല്ലാഹുവിന്റെ സന്നിധാനത്തില്‍ എത്തിനില്‍ക്കുകയും സ്വര്‍ഗ്ഗീയാനന്ദങ്ങള്‍ കണ്ണാലെ കാണുകയും ചെയ്ത ഒരാള്‍ ലൌകിക ജീവിതത്തെക്കുറിച്ചോര്‍ക്കുകയും അതിലേക്ക് മടങ്ങിപ്പോരുകയും ചെയ്യണമെങ്കില്‍ അദ്ദേഹത്തിന്റെ ദര്‍ശന വിചാരങ്ങള്‍ എന്തുമാത്രം മനുഷ്യസ്പര്‍ശിയായിരിക്കണം! ഒരു ആദ്ധ്യാത്മിക ജ്ഞാനിയായിരുന്ന അബ്ദുല്‍ ഖുദ്ദൂസ് ഗാം‌ഗൂഹി (റ) ഇതില്‍ ഇപ്രകാരം അല്‍ഭുതപ്പെടുകയുണ്ടായി. ‘അറേബ്യയിലെ മുഹമ്മദ് (സ) തനിക്കുണ്ടായ മിഅ‌റാജ് അനുഭവം വിട്ട് ഭൂമിയിലേക്ക് മടങ്ങിപ്പോരുകയുണ്ടായി. അല്ലാഹുവാണെ, എനിക്കാണാ അനുഭവമുണ്ടായിരുന്നതെങ്കില്‍ ഞാന്‍ പിന്നെ ഇങ്ങോട്ട് മടങ്ങിപ്പോരുമായിരുന്നില്ല. ‘ മുഹമ്മദ് നബി (സ) ലോകത്ത പ്രചരിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതുമായ ഇസ്‌ലാം മതത്തിന്റെ മാനവിക വാദം ഇവിടെ സുതാര്യമാവുകയാണ്. അത്യന്തം വിസ്മയകരമായ ഈ മാനസികാവസ്ഥയിലും , ഭൌമാതിര്‍ത്തിക്കപ്പുറം എത്രയോ ഉയരത്തില്‍ നിന്നുകൊണ്ട് ഭൂമിയിലെ സാധാരണ മനുഷ്യരെക്കുറിച്ച് ചിന്തിക്കുന്ന നബി (സ) യെയാണ് പിന്നീട് നാം ശ്രദ്ധിക്കുന്നത്. എല്ലാ മഹത്വങ്ങളുടേയും നെറുകയില്‍ നിന്ന് കൊണ്ട് സ്വസമുദായത്തെക്കുറിച്ച് ചിന്തിക്കുന്ന നബി സ) യെ, ആ അസുലഭ മുഹൂര്‍ത്തത്തില്‍ അല്ലാഹുവുമായി സം‌വദിക്കാനും അല്ലാഹുവിന്റെ അതിമനോഹരമായ ‘അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്‌മത്തുല്ലാഹി വബറകാത്തുഹൂ’ എന്ന സലാം ലഭിച്ചപ്പോള്‍ അതില്‍പ്പോലും തന്റെ ഉമ്മത്തിനെ പങ്കാളികളാക്കി ‘അസ്സലാമു അലൈനാ വ‌അലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍’ എന്ന് പ്രതിവചിച്ച തിരുനബിയെ (സ) , അവരില്‍ ചുമത്തപ്പെടുന്ന ദൈവിക ചുമതലയുടെ ഘനം ലഘൂകരിക്കാന്‍ കെഞ്ചിയഭ്യര്‍ത്ഥിക്കുന്ന ഹബീബിനെ (സ), അല്ലാഹുവുമായി തനിക്കുണ്ടായ ഈ അഭിമുഖീഭാവത്തിന്റെ അനുഭൂതിവിശേഷം തന്റെ സമുദായത്തിലെ ഓരോ അം‌ഗത്തിനും ദിനേന അഞ്ചുനേരം ഉണ്ടാകുവാന്‍ വേണ്ടി അവര്‍ക്കായി നിസ്കാരം സത്യവിശ്വാസിയുടെ മിഅ‌റാജ് ‘ ആണെന്ന് അരുളിയ തിരു നബിയെ (സ) .

بُشْـرٰى لَنَا مَعْشَرَ الْإِسْلاٰمِ إِنَّ لَنَا

مِنَ الْعِنَـايَـةِ رُكْنـاً غَيْرَ مُنْهَدِمِ

مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً

عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

Islamic Bulletin # 73

2 comments:

  1. മുഹമ്മദ് നബി(സ)യുടെ മാഹാത്മ്യം വിളിച്ചോതുന്ന മറ്റൊരു അല്‍ഭുത സം‌ഭവമായിരുന്നു തന്റെ ആകാശാരോഹണം

    അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم ഭാഗം-18

    ReplyDelete
  2. ningallude ee vishayavatharanam allahu sweekarikkatte ameen

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails