Sunday, August 9, 2009

ബുള്ളറ്റിൻ-69-അല്ലാഹുവിന്റെ പ്രവാചകര്‍-14

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم(ഭാഗം-14)


അചേതന വസ്തുക്കളോട് അവിടന്ന് കാണിച്ച കാരുണ്യത്തിന്റെ ഉദാഹരണമാണ് ഇമാം അഹ്‌മദ് (റ) റിപ്പോര്‍ട്ട് ചെയ്ത, നൂറു കണക്കിന് സ്വഹാ‍ബത്തിന്റെ സാന്നിധ്യത്തില്‍ മദീനയില്‍ നടന്ന പ്രസിദ്ധമായ സം‌ഭവം. നബി (സ) മസ്‌ജിദുന്നബവിയില്‍ പ്രസം‌ഗിക്കുമ്പോള്‍ ചാരിനിന്നിരുന്ന ഒരു ഈത്തപ്പനത്തടി ഉണ്ടായിരുന്നു. മുസ്‌ലിംകള്‍ കൂടിവന്നപ്പോള്‍ പിന്നിലുള്ളവര്‍ക്ക് നബി (സ) യെ കാണാനും അവിടത്തെ പ്രസം‌ഗം എല്ലാവര്‍ക്കും കേള്‍ക്കാനും പറ്റുന്ന രൂപത്തില്‍ പള്ളിയില്‍ മിമ്പര്‍ സ്ഥാപിക്കുകയുണ്ടായി. അടുത്ത ദിവസം അവിടുന്ന് ഈ പുതിയ മിമ്പറില്‍ വെച്ച് പ്രസം‌ഗമാരം‌ഭിച്ചപ്പോള്‍, അതുവരെ കൈവെച്ചും ചാരിനിന്നും പ്രസം‌ഗിച്ചിരുന്ന പ്രസ്തുത ഈത്തപ്പനയുടെ കഷ്ണം സങ്കടത്താല്‍ കരയാന്‍ തുടങ്ങി. സ്വഹാബത്ത് പറയുന്നു : പള്ളിയില്‍ അസാധാരണമായ ഒരു കരച്ചില്‍, കുഞ്ഞിനെ കാണാതെ വരുമ്പോള്‍ തള്ളയൊട്ടകം സങ്കടപ്പെട്ട് കരയുന്നതുപോലുള്ള കരച്ചില്‍. ആരാണ് കരയുന്നതെന്നോ എവിടെനിന്നാണ് ശബ്ദമെന്നോ ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. നബി (സ) മിമ്പറില്‍ നിന്നിറങ്ങി അതുവരേക്കും പ്രസം‌ഗിക്കുമ്പോള്‍ ചാരിനിന്നിരുന്ന മരത്തടിയുടെ അടുക്കല്‍ ചെന്ന് അതിനെ തന്റെ മാറോടണച്ചു താലോലിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ഈ നിര്‍ജീവമായ മരത്തടിയാണ് കരയുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. അവിടന്നതിനെ തന്നോടണച്ചു പിടിച്ച് സ്വകാര്യം പറഞ്ഞപ്പോള്‍ അതിന്റെ കരച്ചില്‍ പതുക്കെപ്പതുക്കെ നിലച്ചു. ഇത് വിശദീകരിച്ചു കൊണ്ട് നബി (സ) ഇങ്ങനെ പറയുകയുണ്ടായി. ‘വേണമെങ്കില്‍ നിന്നെ ഒരു ഫലം കായ്‌ക്കുന്ന ഈത്തപ്പനയായി ഞാന്‍ മുളപ്പിച്ചു തരാം. അല്ലെങ്കില്‍ നാളെ സ്വര്‍ഗ്ഗത്തിലെ ഈത്തപ്പനമായി നിന്റെ സ്ഥാനം ഉയര്‍ത്തിത്തരാം എന്നു പറഞ്ഞാ‍യിരുന്നു ഞാനതിനെ സമാശ്വസിപ്പിച്ചത് ‘.ആ ഉണങ്ങിയ മരത്തടി സ്വര്‍ഗ്ഗജീവിതം തെരെഞ്ഞെടുക്കുകയായിരുന്നു. പിന്നിടതിനെ അവിടെ മറവ് ചെയ്യുകയും ചെയ്തു. ഈ സം‌ഭവം അയവിറക്കി കൊണ്ട് മഹാനായ ഹസ്സന്‍ ബസ്വരി (റ) കരയുകയും ഇങ്ങനെ പറയാറുമുണ്ടായിരുന്നു. ‘അചേതന വസ്തുക്കളില്‍പ്പെട്ട മരം പോലും നബി (സ) യെ കാണാനും അവിടുത്തെ സാമീപ്യം കൊതിച്ചുകൊണ്ടും തേങ്ങിയെങ്കില്‍ അവിടത്തെ കാണാന്‍ വേണ്ടി കരയാന്‍ ഏറ്റവും അര്‍ഹര്‍ നാമാണെന്ന്.’

ശത്രുക്കള്‍ക്ക് പോലും അവിടത്തെ കാരുണ്യം കിട്ടിയത് ഹദീസുകളില്‍ കാണാം. അബൂഹുറൈറ (റ) യില്‍ നിന്നും ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘റിയാദിന്റെ ഭാഗത്തേക്ക് ദീനീ പ്രചരണത്തിന് പോയ സ്വഹാബീസംഘം ബന്ധിയായി കൊണ്ടുവന്ന സുമാമ എന്നയാളെ നബി (സ) യുടെ തീരുമാനത്തിനായി മദീനത്തെ പള്ളിയില്‍ ഒരു തൂണില്‍ കെട്ടിയിട്ടു. നബി (സ) കടന്നുവന്നുകൊണ്ട് ചോദിച്ചു. ഓ സുമാമ, എന്താണ് നിനക്ക് പറയാനുള്ളത് ? സുമാമ പ്രതികരിച്ചു. മുഹമ്മദേ, എനിക്ക് നല്ലതേ പറയാനുള്ളൂ. നിനക്ക് വേണമെങ്കില്‍ എന്നെ വധിക്കാം, ഞാനതിന്നര്‍ഹനാണ്. അല്ല നീ വെറുതെ വിടുകയാണെങ്കില്‍ ഞാന്‍ നന്ദിയുള്ളവനായിരിക്കും. അതുമല്ല, നീ എന്റെ മോചനത്തിന് ധനം ആവശ്യപ്പെടുകയാണെങ്കില്‍ നിനക്കെന്തും ചോദിക്കാം, ഞാനത് തരാം. നബി (സ) ആഗ്രഹിച്ചതുപോലുള്ള ഒരു മറുപടി കിട്ടാത്തത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമെടുക്കാതെ നാളത്തേക്ക് മാറ്റിവെച്ചു. പിറ്റേ ദിവസവും നബി (സ) തന്റെ ചോദ്യമാവര്‍ത്തിച്ചു. സുമാമയുടെ മറുപടിയിലും യാതൊരു മാറ്റവുമുണ്ടായില്ല. കാരുണ്യവാനായ നബി (സ) യുടെ ആഗ്രഹം ഈ മനുഷ്യന്‍ എങ്ങനെയെങ്കിലും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നെങ്കില്‍ എന്നായിരുന്നു. മൂന്നാം ദിവസവും നബി (സ) ഇതേ ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും അദ്ദേഹം പഴയ മറുപടി തന്നെ പറഞ്ഞു. അവിടെയാണ് നമ്മുടെ ഹബീബിന്റെ (സ) കാരുണ്യത്തിന്റെ കവാടം തുറക്കുന്നത്. അവിടന്ന് അടുത്തുള്ള സ്വഹാബത്തിനോടായി പ്രഖ്യാപിച്ചു. സുമാമയെ കെട്ടഴിച്ച് വിടൂ, അവന്‍ കുടും‌ബത്തിലേക്ക് പോകട്ടേ. അവര്‍ അഴിച്ചുവിട്ടപ്പോള്‍ അദ്ദേഹം അടുത്തുള്ള ഈത്തപ്പനത്തോട്ടത്തില്‍ ചെന്ന് കുളിച്ച് വൃത്തിയായി നബി (സ) യുടെ അരികില്‍ വന്ന് പ്രഖ്യാപിക്കുകയുണ്ടായി. ‘അശ്‌ഹദു അന്‍‌ലാഇലാഹ ഇല്ലല്ലാഹ് വ‌അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.’ പുന്നാര നബിയേ, ലോകത്തെനിക്കേറ്റവും വെറുപ്പുള്ള മുഖം അങ്ങയുടേതായിരുന്നു. ഇപ്പോഴത് ഏറ്റവും ഇഷ്ടമുള്ള മുഖമായി മാറി. ലോകത്തെനിക്കേറ്റവും വെറുപ്പുള്ള മതം അങ്ങയുടെ മതമായിരുന്നു. ഇന്നതേറ്റവും ഇഷ്ടമുള്ള മതമായി മാറി.‘ നോക്കൂ ആ കാരുണ്യത്തിന്റെ ഫലം.

ഇത്രയും വിശാലമനസ്കതയുള്ള, കാരുണ്യത്തിന്റെ കേദാരമായ മുഹമ്മദ് നബി (സ) യെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നാം പരാജയപ്പെട്ടു. അതാണ് ഇന്ന് ഇസ്‌ലാമിനേയും പുണ്യപ്രവാചകരായ മുഹമ്മദ് നബി (സ) യേയും ലോകം ഭീകരവാദിയും മറ്റുമായി ചിത്രീകരിക്കാനുണ്ടായ കാരണം.


اَللَّهُمَّ صَلِّ عَلىٰٰ سَيِّدِنَا مُحَمَّدٍ صَلاةً دٰائِمَةً مَقْبُولَةً تُؤَدِّي بِهَا عَنَّا حَقَّهُ الْعَظِيمْ .

Islamic Bulletin # 69

1 comment:

  1. കാരുണ്യത്തിന്റെ കേദാരമായ മുഹമ്മദ് നബി (സ) യെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നാം പരാജയപ്പെട്ടു. അതാണ് ഇന്ന് ഇസ്‌ലാമിനേയും പുണ്യപ്രവാചകരായ മുഹമ്മദ് നബി (സ) യേയും ലോകം ഭീകരവാദിയും മറ്റുമായി ചിത്രീകരിക്കാനുണ്ടായ കാരണം.
    അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم(ഭാഗം-14)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails