Saturday, August 8, 2009

ബുള്ളറ്റിൻ-66-അല്ലാഹുവിന്റെ പ്രവാചകർ-11

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 ,6 ,7,8,9, 10

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-11)


കണ്ണും മൂക്കുമില്ലാത്ത ഈ പ്രേമമാണ് വിശ്വാസത്തിന്റെ ചൈതന്യം. ഈ സ്നേഹപ്രകടനത്തിന്റെ മുഖങ്ങളാണ് മദീന മുനവ്വറയിലെ റൌദാ ശരീഫിന്‌ ചുറ്റും തിങ്ങിക്കൂടിയ ജനസഞ്ചയങ്ങളിൽ നാം കാണുന്നത്. നാടുകൾ തോറും നടക്കുന്ന് മീലാദ് സംഗമങ്ങളിൽ കാണുന്നത്. ഉമ്മമാരും കാരണവന്മാരും കുഞ്ഞുങ്ങളും ‘യാ നബീ സലാം അലൈക്കും’ എന്നുറക്കെ പാടുന്നത് അതിന്റെ ബഹിർസ്ഫുരണമായാണ്.

ഒരു പക്ഷെ ചിലരെങ്കിലും ഇത്തരം സ്നേഹപ്രകടനങ്ങൾ ‘ ബിദ്‌അത്തും ശിർക്കുമായി’ ചിത്രീകരിക്കുന്നുണ്ടാവാം. അവർക്ക് നല്ല മനസ്സുണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നബി(സ) ജീവിതത്തിൽ ഒരിക്കൽ പോലും അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചതായി രേഖയില്ല. എന്നിട്ടും അക്കൂട്ടർ മലയാളത്തിൽ ഖുതുബ നിർവഹിക്കുന്നു. ഇത് ബിദ്‌അത്തായി അവർ കാണുന്നില്ല. അവിടന്ന് (ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസ്) പ്രസ്താവിച്ചതാണ് ആകാശത്ത് ചന്ദ്രക്കല കാണുന്നതിനനുസരിച്ചാണ് നോമ്പും പെരുന്നാളും നിശ്ചയിക്കേണ്ടതെന്ന്. എന്നിട്ടും അക്കൂട്ടർ കണക്ക് നോക്കി മാസമുറപ്പിക്കുന്നു. അവിടെയും അവർ ബിദ്‌അത്ത് കാണുന്നില്ല. നമ്മുടെ ഭൌതികവും പാരത്രികവുമായ സർവ്വ വിജയത്തിനും കാരണക്കാരായ നബി(സ)യുടെ ജന്മ ദിനം ആഘോഷിക്കുകയോ അവിടത്തെ പ്രകീർത്തിക്കുകയോ കീർത്തനങ്ങൾ ആലപിക്കുകയോ ചെയ്താൽ അത് ബിദ്‌അത്തായി. ! !.

തിങ്കളാഴ്ച തോറും നോമ്പ് അനുഷ്ടിക്കാനുള്ള കാരണമന്വേഷിച്ചപ്പോൾ നബി(സ) പറഞ്ഞ മറുപടി. ‘ അന്നാണ് എന്നെ പ്രസവിക്കപ്പെട്ടത്’ എന്നായിരുന്നു. ഇത് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസ് ആണ്. ഇതിലും വലിയ ഒരു തെളിവെന്തിനാണ് മുസ്ലിംകൾക്ക് ? ഒരു കാലത്ത് നമ്മുടെയൊക്കെ വീടുകളിൽ മൻഖൂസ് മൌലിദും ബദ്ർ മൌലിദുമെല്ലാം സ്ഥിരമായി പാ‍രായണം ചെയ്യാത്ത ഉമ്മമാരില്ലായിരുന്നു. ഇന്നതെല്ലാം ബിദ്‌അത്താക്കി പുറം തള്ളി ചിലർ. പകരം ഖുർആൻ വന്നോ ? ഇല്ല. ! വന്നത് ടി.വി യും പൈങ്കിളി മാസികകളും..!! അവയുടെ ദുരന്തഫലം നാ‍മും നമ്മുടെ മക്കളും അനുഭവിച്ച്കൊണ്ടിരിക്കുന്നു. അതിനാൽ മുമ്പേ നടന്നകന്ന മഹാന്മാരുടെ പാതയിൽ നമുക്കും ചേരാം.

സ്നേഹമെന്നാൽ ശരീര വ്യായാമമല്ല. മനസ്സിന്റെ ഉത്സവമാണ്. ഹൃദയത്തിൽ വിരിയുന്ന മഞ്ഞുപൂക്കളാണ് സ്നേഹം. ചിലർ ചോദിക്കുന്നത് കാണാം. സ്നേഹിക്കുക എന്നാൽ ഇത്തിബാ‍അ് (പിൻപറ്റൽ)അല്ലേ ? അവർക്ക് സ്നേഹമെന്തെന്നറിയില്ല. സ്നേഹിക്കാതെ പിന്തുടർന്നവർ മദീനയിലും ഉണ്ടായിരുന്നു. അവരും നിസ്കരിച്ചിരിന്നു. നോമ്പനുഷ്ഠിച്ചിരുന്നു. അവർ പുതിയ പള്ളിയുണ്ടാക്കിയിരുന്നു. പക്ഷെ ആ ഇത്തിബാ‍അ് അവർക്കെന്ത് നേടിക്കൊടുത്തു ? കപടവിശ്വാസികളെന്ന ടൈറ്റിൽ നൽകി വിശുദ്ധ ഖുർആൻ അവരെ മാനം കെടുത്തുകയല്ലേ ചെയ്തത് !

നമുക്ക് നൂറ് ശതമാനം തിരുനബിയെ ‘ഇത്ത്ബാ‍അ്’ ചെയ്യാ‍നാകുമോ ? ചില അപൂർവ്വ വ്യക്തിത്വങ്ങൽക്ക് കഴിഞ്ഞേക്കാം. എല്ലാവർക്കുമതാവില്ല. അതൊട്ടു കല്പിച്ചിട്ടുമില്ല. കഴിവിനപ്പുറം അമൽ ചെയ്യാൻ കല്പനയില്ല. ഇമാം ബൂസൂരി(റ) പറഞ്ഞത് കേട്ടില്ലേ. ‘ സ്വന്തം പാദങ്ങൾ പരാതിപ്പെടുമാറ് സുന്നത്ത് നിസ്കാരം നടത്തി അന്തിയുടെ ഇരുണ്ട യാമങ്ങളെ ജീവസ്സുറ്റതാക്കിയ തിരുനബിയുടെ ചര്യയോട് അക്രമം കാണിച്ചിരിക്കുന്നു ഞാൻ.’

തിരു സന്നിധിയിൽ അന്ത്യനാളും തിരക്കിയെത്തിയ ബദുവിന്റെ കഥയറിയില്ലേ ! അയാൾ ചോദിച്ചു. തിരുദൂതരെ അന്ത്യ നാൾ എപ്പോഴാണ് ? ‘ അതിനെന്താണ് നീ ഒരുക്കിയിരിക്കുന്നത് ? തിരുനബിയുടെ മറു ചോദ്യം .. ബദു വിന്റെ മറുപടി ഇപ്രകാരം. ‘ ഞാനധികം നിസ്കാരമോ നോമ്പുകളോ ഒരുക്കിയിട്ടില്ല. പക്ഷെ ഞാൻ അല്ലാഹുവിനെയും റസൂലിനെയും അഗാധമായി സ്നേഹിക്കുന്നു.’ തിരുനബി പ്രതിവചിച്ചു ‘ നീ ആരെ സ്നേഹിക്കുന്നുവോ , അവരോടൊപ്പമാണ്.’

തിരുപ്പിറവിയുടെ പൊൻപുലരി സ്നേഹപ്രകടനത്തിന്റെ അറിയിപ്പുകളുമായി കടന്നു വരുമ്പോൾ കടലാസു പൂക്കളിലും മധുരപാനീയത്തിലും തെളിയുന്ന ആഹ്ലാദം എന്നല്ല അത് ഈ മനസിന്റെ ഉത്സവമാണ്. കത്തിയാളുന്ന സ്നേഹജ്വാലയിൽ നമുക്ക് നടക്കാം നടന്നടുക്കാം തിരുസന്നിധിയിലേക്ക് ആ ബദുവിന്റെ പാതയിലൂടെ


وَصَلَّى عَلَى الْهَادِي وَآلٍ وَصَحْبِهِ --- صَـلاٰةً مَعَ التَّسْلِيمِ رَبُّ الْبَرِيَّةِ

Islamic Bulletin # 66

1 comment:

  1. സ്നേഹമെന്നാൽ ശരീര വ്യായാമമല്ല. മനസ്സിന്റെ ഉത്സവമാണ്. ഹൃദയത്തിൽ വിരിയുന്ന മഞ്ഞുപൂക്കളാണ് സ്നേഹം.

    ...അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-11)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails