Thursday, August 6, 2009

ബുള്ളറ്റിൻ-63-അല്ലാഹുവിന്റെ പ്രവാചകര്‍-8

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 ,6, 7 ,

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-8)

മനസ്സിന്റെ അന്നം, ആത്മാവിന്റെ ആഹാരം, കണ്ണിന്റെ കുളിര്‍മ ഇതെല്ലാമാണ് സ്നേഹം. അതിനാല്‍ സ്നേഹം നിഷേധിക്കപ്പെടുന്നത് ജീവന്‍ നിഷേധിക്കപ്പെടുന്നതിന് തുല്യമായിരിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. സ്നേഹിക്കപ്പെടാനുള്ള ആഗ്രഹത്തേക്കാള്‍ ശക്ത്മായിരിക്കും സ്നേഹിക്കാനുള്ള ആഗ്രഹം. പക്ഷേ അദൃശ്യനായ അല്ലാഹുവിനേയും മരിച്ചുപോയ നബി (സ) യെയും എങ്ങനെ സ്നേഹിക്കാനാകുമെന്ന് സംശയിക്കുന്നവരുണ്ട്. അല്ലാഹുവിനെയും നബി (സ) യെയും അനുസരിക്കുകയാണര്‍ത്ഥമെന്ന വ്യാഖ്യാനം കണ്ടുപിടിക്കുന്നിടത്തോളം വരെ ചിലര്‍ക്ക് എത്തിച്ചേരേണ്ടി വന്നത് ഈ സംശയം മൂലമാണ്.

വാസ്തവത്തില്‍ അല്ലാഹുവിനെയും നബി (സ) യേയും സ്നേഹിക്കുകയെന്നതിന് അല്ലാഹുവിനേയും നബി (സ) യേയും സ്നേഹിക്കുകയെന്ന് തന്നെയാണര്‍ത്ഥം. അനുസരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണവും ഇസ്‌ലാമായി വിശേഷിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ അനുകരിക്കാന്‍ നമുക്ക് കഴിയുന്നത്. അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സം‌സ്കാരത്തിന്റെയും അടിസ്ഥാനം അനുകരണമാണ്. ഇസ്‌ലാമിക സം‌സ്കാരം നബി (സ) യെ അനുകരിക്കലാണ്. അനുകരിക്കുകയെന്നാല്‍ എതിര്‍ബുദ്ധി കൂടാതെ പിന്‍പറ്റുക. അവിടന്ന് പഠിപ്പിച്ചതും പുലര്‍ത്തിയതുമായ സം‌സ്കാരത്തെ ഒരാള്‍ സ്വാം‌ശീകരിക്കുന്നത് അവിടത്തെ സ്നേഹിക്കുമ്പോഴാണ്. നബി (സ) യോടുള്ള സ്നേഹം ഹൃദയാന്തരാളത്തില്‍ സ്ഥാ‍നം പിടിച്ച് കഴിഞ്ഞാലാണ് പ്രത്യാഘാത – ഭയലേശമന്യേ അവിടത്തെ അനുകരിക്കുന്നതിന് ഒരാള്‍ തയ്യാറാകുന്നത്.

അദൃശ്യനാ‍യ അല്ലാഹുവിനേയും വഫാത്തായ നബി (സ) യേയും സ്നേഹിക്കാനാവില്ല എന്ന ധാരണ മതത്തിന്റെ ചൈതന്യമോ മനസ്സിന്റെ അവസ്ഥയോ അറിയാത്തവര്‍ക്ക് മാത്രമേ ഉണ്ടാകൂ. സ്നേഹം കൂടാതെ എങ്ങനെ അല്ലാഹുവിനെ ഒരാള്‍ക്ക് ആരാധിക്കാന്‍ പറ്റും ? സ്നേഹവും, ഭക്തിയും, ബഹുമാനവും, ഭയവും വണക്കവുമെല്ല്ലാം ചേര്‍ന്നിട്ടാണല്ലോ ആരാധനാമനസ്ഥിതിയുണ്ടാകുന്നത്. അല്ലാഹുവിനോട് അടുക്കുകയാണ് ആരാധനയുടെ ഉദ്ദേശ്യം. സ്നേഹിക്കാത്തവനോടെങ്ങനെ അടുപ്പം ആഗ്രഹിക്കാനാകും ? സ്നേഹത്തില്‍ മറ്റു മനുഷ്യരേക്കാളെല്ലാം നബി (സ) ക്കു മുന്‍‌ഗണന നല്‍കല്‍ വിശ്വാസിയെ സം‌ബന്ധിച്ചിടത്തോളം നിര്‍ബന്ധമാണെന്നാണ് പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുക. മഹാനായ ഉമര്‍ (റ) ഒരിക്കല്‍ നബി (സ) യോട് പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്നെക്കഴിച്ചാല്‍ മറ്റെന്തിനേക്കാളും സ്നേഹം അങ്ങയോടാണ്. ഇതു കേട്ടപ്പോള്‍ അവിടന്ന് പറഞ്ഞു ; അതു പറ്റില്ല ഉമറേ, താങ്കള്‍ക്ക് താങ്കളോടുള്ളതിനേക്കാളും സ്നേഹം എന്നോടായിരിക്കണം.’ തല്‍‌ക്ഷണം ഉമര്‍ (റ) പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്തിലുമേറെ സ്നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.’ അവിടന്ന് പ്രതിവചിച്ചു; ‘എങ്കില്‍ ശരി.’ ഇത് ജീവിച്ചിരിക്കുന്ന കാലത്ത് നബി (സ) യെ കണ്‍‌മുമ്പില്‍ കാണുന്നവര്‍ക്ക് മാത്രം കഴിയുന്നതാണെന്ന് വാദിക്കാനിടയുണ്ട്.

എന്നാല്‍ അബൂഹുറൈറ (റ) യെ ഉദ്ധരിച്ച് കൊണ്ട് ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ മറ്റൊരു നബിവാക്യം ഈ വാദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ‘എന്നോട് തീവ്രമായ സ്നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തില്‍ എനിക്ക് ശേഷമുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടും‌ബങ്ങളേയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരിക്കും അവര്‍ക്ക്.’

നബി (സ) യുടെ ദേഹവിയോഗത്തിന് ശേഷം അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും പഠിപ്പിച്ച പാഠങ്ങളും ഉപദേശിച്ച ഉപദേശങ്ങളും ഇവിടെയുണ്ട്. മുഹമ്മദ് നബി (സ) എന്ന ആളാണില്ലാത്തത്. ആ ആളിനെ കാണാനുള്ള മോഹമല്ലാതെ മറ്റൊന്നുമല്ല തീവ്രമായ പ്രവാചകസ്നേഹത്തിന്റെ താല്‍‌പര്യമായി ഈ വാക്യത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. നബി (സ) യുടെ ഭൌതിക ശരീരത്തിന്റെ അഭാവത്തിലാണ് അവരുടെ ഈ സ്നേഹമെന്ന് വ്യക്തം.

ആ ഹബീബിന്റെ മേല്‍ നമുക്ക് ചെല്ലാം.

وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ --- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ

Islamic Bulletin # 63

1 comment:

  1. അബൂഹുറൈറ (റ) യെ ഉദ്ധരിച്ച് കൊണ്ട് ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ മറ്റൊരു നബിവാക്യം ഈ വാദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ‘എന്നോട് തീവ്രമായ സ്നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തില്‍ എനിക്ക് ശേഷമുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടും‌ബങ്ങളേയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരിക്കും അവര്‍ക്ക്.’


    .....
    അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-8)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails