Tuesday, August 4, 2009

ബുള്ളറ്റിൻ-60-അല്ലാഹുവിന്റെ പ്രവാചകര്‍-5

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4

അല്ലാഹുവിന്റെ പ്രവാചകര്‍ - صلى الله عليه وسلم (ഭാഗം-5)

ഒരാൾക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവിൽ തന്നിൽ വികസിപ്പിക്കുന്നതിനും സ്വത്വത്തിന് മുക്തിയും അനശ്വരതയും നേടിയെടുക്കുന്നതിനും വേണ്ടി തന്റെതായ ഭാഗധേയം നിർവഹിക്കണമെങ്കിൽ അയാൾ കൈകൊണ്ടിരിക്കേണ്ട മൂല്യങ്ങൾ പ്രധാനമായും പ്രേമം, ബുദ്ധി, കർമ്മം എന്നിവയാണ്. സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ് പ്രേമം. സ്നേഹത്തിന് അറബിയിൽ ‘ഹുബ്ബ്’ എന്നാണ് സാധാരണ പ്രയോഗിക്കാറുള്ളത്. സ്നേഹം അഗാധവും തീവ്രവുമാകുമ്പോൾ അത് ‘ഇശ്ഖ്’ അഥവാ പ്രേമം ആയി മാറുന്നു. നിങ്ങൾക്കൊരാളോട് സ്നേഹമാണുള്ളതെങ്കിൽ അയാളെ നിങ്ങൾ പലപ്പോഴും ഓർമ്മിക്കുകയും പലപ്പോഴും ഓർക്കാതിരിക്കുകയും ചെയ്യും. സദായിപ്പോഴും അയാൾ നിങ്ങളുടെ മനസ്സിൽ കൂടിപാർത്ത്കൊള്ളണമെന്നില്ല. അതേസമയം നിങ്ങൾക്കയാളോട് പ്രേമമാണുള്ളതെങ്കിൽ ,അയാൾ നിങ്ങളുടെ ചിന്തയെയും വികാരത്തെയും ബോധത്തെയും വിടാതെ പിന്തുടരും. നിങ്ങളുടെ മനസ്സിന്റെ സിംഹാസനത്തിൽ അയാൾ സദാ ഉപവിഷ്ടനായിരിക്കും. പുറത്താക്കാ‍ൻ ക്ലേശിക്കുന്തോറും മനസ്സിന്റെ അകത്തളത്തിൽ അയാൾ സ്ഥാനമുറപ്പിക്കുന്നതായാണ് അനുഭവപ്പെടുക.

കാമുകിയെ വിസ്മരിക്കാൻ വേണ്ടി പൂന്തോട്ടത്തിൽ പോയി ഇരുന്നപ്പോൾ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദർശിച്ച കാമുകന്റെ കഥ പോലെയാണ് പ്രേമം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോടെ സന്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്ഖ്. സ്വത്വത്തിന്റെ പ്രഭവ സ്ഥാനം അല്ലാഹുവാണ്. അതിനാൽ ഈ പ്രേമം അലാഹുവിനോടുള്ളതാണ്. പക്ഷ അല്ലാഹുവിനെ കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും അല്ലാഹുവിനോട് മനുഷ്യന് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം പ്രേമമായി വളരുന്നതുമെല്ലാം മുഹമ്മദ് നബി(സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായി മാത്രം സംഭവിക്കുന്നതാകുന്നു.

അന്ധവും അലക്ഷ്യവുമായ ഒന്നായിരിക്കരുത് ഈ പ്രേമം. അറിവിന്റെയും ആലോചനയുടെയും സഹായത്തോടെ ബോധപൂർവ്വം വളർത്തപ്പെടുന്നതായിരിക്കണം. ഈ നിലയിൽ ,മുഹമ്മദ് നബി(സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് നമുക്ക് അല്ലാഹുവിന്റെ ദർശനത്തിന്റെ പൂർണ്ണമായ രൂപം കൈവരിക്കാനാവുന്നത്. മുഹമ്മദ് നബി(സ) അല്ലാഹുവിനെ എന്തായി പഠിപ്പിച്ചുവോ അതാണ് നമ്മുടെ വിശ്വാസത്തിലുള്ള അല്ലാഹു. അപ്പോൾ പിന്നെ ഭൂമിയിൽ ജീവിച്ച മുഹമ്മദ് നബി(സ) യെ പ്രേമിക്കാതെ എങ്ങിനെ തിരുനബിയിലൂടെ പരിചയപ്പെടുത്തപ്പെട്ട അല്ലാഹുവിനെ പ്രേമിക്കാനാവും ? കാണാനാകുന്ന തന്റെ സഹോദരനെ സ്നേഹിക്കാത്തവൻ കാണാൻ കഴിയാത്ത ദൈവത്തെ എങ്ങിനെ സ്നേഹിക്കുമെന്ന് ബൈബിൾ ചോദിക്കുന്നത് പോലെ.

അല്ലാഹുവിനെ തേടുന്നവർക്ക് ദൈവിക ദർശനങ്ങളുടെ ഭൂമിയിലെ മാതൃകയാവാൻ അയക്കപ്പെട്ട മനുഷ്യ രൂപമാണല്ലോ മുഹമ്മദ് നബി(സ) . വിശുദ്ധ ഖുർആൻ അങ്ങിനെയാണ് നബി(സ) യെ വിശേഷിപ്പിച്ചിരിക്കുന്നത്. സർവസമ്പൂർണ്ണനായ അല്ലാഹുവിന്റെ പ്രേമഭാജന(ഹബീബ്)മായിരിക്കാൻ അർഹത നൽകുന്ന സർവ്വ ഗുണങ്ങളുടെയും സമ്മേളനമത്രെ അവിടന്ന്. ഈ നിലയിൽ അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ് അവിടുത്തോട് ഒരാളുടെ മനസ്സിൽ ആത്മാർത്ഥമായ സ്നേഹം ജനിക്കുന്നത്. അത് ആത്മാവിൽ രൂഢമൂലമായി അനശ്വരമായ പ്രേമത്തിലേക്ക് വളരുന്നതും.

നാം ഏത് ഗുണത്തിന്റെ പേരിൽ ആരെ സ്നേഹിക്കുമ്പോഴും ആ ഗുണം അതിന്റെ പൂർണ്ണതയോടെ നബി(സ)യിലുണ്ട്. അതിനാൽ നബി(സ)യെ കുറിച്ചുള്ള അറിവ് കൂടുന്തോറും മറ്റുള്ള സ്നേഹിതന്മാരേക്കാളെല്ലാമുപരി നാം അവിടത്തെ സ്നേഹിക്കും. അങ്ങിനെ അല്ലാഹുവിനെ സമീപിക്കാൻ നമുക്ക് സാധിക്കും.

അല്ലാമാ ഇഖ്ബാലിന്റെ ഈ വരി ഇവിടെ കുറിക്കട്ടെ ‘ നീ നിന്റെ സ്നേഹഭാജനമായ മുഹമ്മദ് നബി(സ)ക്ക് സ്വയം സമർപ്പിക്കുന്ന നിത്യകാമുകനാകൂ. അങ്ങിനെ എല്ലാ കുരുക്കുകളിൽ നിന്നും മുക്തനായി നിനക്ക് ദൈവത്തിങ്കലെത്താം’

ആ ഹബീബിന്റെ പേരിൽ നമുക്കൊന്നായി പാടാം

صَـلَّى عَلَيْكَ اللهُ يٰا عَـدْنٰانِي يٰا مُصْطَفَى يٰا صَـفْوَةَ الرَّحْمٰنِ

Islamic Bulletin # 60

1 comment:

  1. അന്ധവും അലക്ഷ്യവുമായ ഒന്നായിരിക്കരുത് ഈ പ്രേമം. അറിവിന്റെയും ആലോചനയുടെയും സഹായത്തോടെ ബോധപൂർവ്വം വളർത്തപ്പെടുന്നതായിരിക്കണം

    അല്ലാഹുവിന്റെ പ്രവാചകര്‍ - صلى الله عليه وسلم (ഭാഗം-5)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails