Friday, August 28, 2009

ബുള്ളറ്റിൻ-165-റമളാൻ-3

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിശുദ്ധ റമളാൻ-‍ ഭാഗം 3

ഇനി ആരോഗ്യപരമായി നോക്കിയാലും നോമ്പിന്നു പല മഹത്വങ്ങളുമുണ്ട്. വിവിധ രോഗങ്ങള്‍ക്ക് ഇന്ന് ഡോക്ടര്‍മാര്‍ ശൂപാര്‍ശ ചെയ്യുന്നത് വ്രതമാണ്. അഥവാ അന്നപാനാദികള്‍ വര്‍ജ്ജിക്കല്‍. യാതൊരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്ന ദഹനേന്ദ്രിയങ്ങള്‍ക്ക് വ്രതം വിലപ്പെട്ട ഒരു വിശ്രമ വേളയാണ്. ക്രമാതീതമായ ഭക്ഷണവും അജീര്‍ണതയും പല രോഗികളിലും കാണാറുണ്ട്. ഇതിന്നു ഏറ്റവും സുഗമവും പ്രായോഗികവുമാ‍യ പ്രതിവിധി നോമ്പനുഷ്ടിക്കലാണെന്ന് വൈദ്യശാസ്ത്രം അം‌ഗീകരിച്ചിരിക്കുന്നു. ഇന്ന് പല സമുദായങ്ങളും വ്രതാനുഷ്ഠാനം ഒരാരാധനയായി നിര്‍വ്വഹിച്ചുവരുന്നുണ്ടെങ്കിലും അവ വ്യവസ്ഥാപിതമോ പറയത്തക്ക ഫലങ്ങള്‍ കിട്ടുന്നവയോ അല്ല. മുസ്‌ലിംകളുടെ വ്രതാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ അവമുഖേന ലഭിക്കുന്നില്ലെന്നത് അവിതര്‍ക്കിതവും സുസമ്മതവുമായ ഒരു വസ്തുതയാകുന്നു.

ശ‌അബാന്‍ മാസം 30 നാള്‍ പൂര്‍ത്തിയാവുകയോ ആ മാസം 29 ന് മാസപ്പിറവി ദൃശ്യമാവുകയോ ചെയ്താലാണ് റമദാന്‍ പ്രവേശിച്ചതായി സ്ഥിരപ്പെടുക. ശവ്വാലും ഇങ്ങനെത്തന്നെ. കണക്കുകൂട്ടി നോക്കി നോമ്പും പെരുന്നാളും തീരുമാനിക്കുന്ന രീതി ഇസ്‌ലാമികമല്ല.

ഇമാം ബദ്‌റുദ്ദീനുല്‍ ഐനി എഴുതുന്നു. ‘ശാരിഅ് (അല്ലാഹുവും റസൂലും) നോമ്പിനേയും മറ്റും ചന്ദ്രപ്പിറവി ദര്‍ശനത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കണക്കവലംബമാക്കുന്നതില്‍ സമുദായത്തിന് വിഷമമുണ്ടാകാതിരിക്കാനാണിത് . സമുദായത്തില്‍ ഇത് തന്നെയാണ് നിലനിന്ന് പോന്നതും. പിന്നീട് ഒരു ജനതയില്‍ ഇതെല്ലാം അറിയുന്നവരുണ്ടായാലും. ‘ നിങ്ങളുടെ മേല്‍ മേഘാവൃതമായാല്‍ ശ‌അബാന്‍ 30 പൂര്‍ത്തിയാക്കുക‘ എന്ന നബി വചനത്തിന്റെ ബാഹ്യം തന്നെ കണക്ക് തീരെ അവലം‌ബിച്ച് കൂടെന്നാണ് കുറിക്കുന്നത്. വല്ലപ്പോഴും കണക്കവലം‌ബിക്കാമായിരുന്നുവെങ്കില്‍ കണക്കറിയുന്നവരോട് നിങ്ങള്‍ ചോദിക്കുക എന്ന് നബി (സ) പറയേണ്ടിയിരുന്നു. എന്നാല്‍ ഒരു വിഭാഗം കണക്കുകാരിലേക്ക് മടങ്ങിയിരിക്കുകയാണ് (പുത്തന്‍ പ്രസ്ഥാ‍നക്കാരായ റാഫിളുകളാണ് ഈ വിഭാഗം) സ്വലഫുസ്സ്വാലിഹുകളുടെ ഇജ്‌മാ‌അ് ഇവര്‍ക്കെതിരില്‍ രേഖയാണ്. ഈ വിജ്ഞാനത്തില്‍ ആഴത്തിലിറങ്ങിച്ചെന്ന് പഠനം നടത്തുന്നത് തന്നെ നിശ്ചയം ശരീഅ‌ത്ത് വിലക്കിയിട്ടുണ്ട്. കാരണം ഗോളശാസ്ത്രകണക്ക് കൊണ്ട് കേവലം ഊഹമോ അനുമാനമോ മാത്രമാണ് ലഭിക്കുന്നത്. ഉറപ്പോ മികച്ച ഭാവനയോ ലഭിക്കുന്നില്ല‘. (ഉം‌ദത്തുല്‍ ഖാരി വാ: 10, പേ : 286, 287)

സുപ്രസിദ്ധ ശാഫി‌ഈ പണ്ഡിതനായ ഇമാം റാഫി‌ഈ പറയുന്നു. ‘റമളാനിന്റെ സ്ഥിരീകരണം മേല്‍ പ്രസ്താവിച്ച രണ്ട് മാര്‍ഗ്ഗങ്ങളിലധിഷ്ഠിതമാണ്. ജ്യോതി ശാസ്ത്രമോ കണക്കുകളോ ഈ വിഷയത്തില്‍ അവലം‌ബിക്കാവതല്ല. വ്രതം ആരംഭിക്കുന്നതിലോ അവസാനിപ്പിക്കുന്നതിലോ പ്രസ്തുത മാനദണ്ഡങ്ങള്‍ അനുകരിക്കപ്പെടരുതെന്ന് തഹ്‌ദീബില്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍ഹുല്‍ കബീര്‍, 6/269)

Islamic Bulletin # 165

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails