Sunday, July 12, 2009

ബുള്ളറ്റിൻ-46-നിസ്കാരത്തിന്റെ രൂപം-1

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നിസ്കാരത്തിന്റെ രൂപം-1

അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.

നിൽക്കുമ്പോൾ രണ്ട് കാൽപാദങ്ങൾ ഒരു ചാൺ അകലത്തിലാണ് വെക്കേണ്ടത് (സുജൂദിൽ കാൽ വിരലുകളും മുട്ടുകളും രണ്ട് കൈകളുടെയും പള്ളകളുമെല്ലാം ഈ അകലത്തിലാണ് വെക്കേണ്ടത്, അത് കൂടുതൽ താഴ്മ കിട്ടാൻ കാരണവുമാണ് ) ശേഷം നിയ്യത്ത് ചെയ്യണം. (ഉദാ: ളുഹർ എന്ന ഫർളു നിസ്കാരം ‘ഇമാമോടു കൂടി’ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതണം ) ഇങ്ങിനെ കരുതൽ നിർബന്ധവും നാവു കൊണ്ട് മൊഴിയൽ സുന്നത്തുമാകുന്നു. ഈ കരുത്തോടു കൂടെ കൈമുട്ടുകൾ രണ്ടും മടക്കി മുൻകയ്യിന്റെ പള്ള ഭാഗം ഖ്വിബ്‌ലയുടെ ഭാഗത്തേക്കാക്കി ചുമലിനു നേരെ ഉയർത്തിപ്പിടിച്ച് കൊണ്ട് ‘അല്ലാഹു അക്‌ബർ’ എന്ന് പറയണം. ( നിസ്കാരത്തിൽ കൈ ഉയർത്തൽ സുന്നത്തായ സ്ഥലങ്ങളിലൊക്കെ ഇങ്ങിനെയാ‍ണ് ഉയർത്തേണ്ടത് ) ഇതിനു തക്‌ബീറത്തുൽ ഇഹ്‌റാം എന്ന് പറയുന്നു. ‘മഹത്വം പ്രഖ്യാപിക്കുക എന്നർത്ഥം.

നിയ്യത്ത് തക്‌ബീറിന്റെ ആരംഭത്തോടൊപ്പമാവണം. തക്ബീർ അവസാനിക്കുന്നതോടു കൂടി വലത്തെ കൈപ്പടം കൊണ്ട് ഇടത്തെ മണിബന്ധം പിടിച്ച് അവ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയുമായി വെക്കണം. പിന്നീട് ഇമാമും മഅ്മൂമും ഒറ്റക്ക് നിസകരിക്കുന്നവരും വജ്ജഹ്തു ഓതണം.

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ.

അർത്ഥം:
‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം - ശരീരം തിരിച്ചിരിക്കുന്നു. ഞാൻ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാൻ ബഹുദൈവ വിശ്വാസികളിൽ‌പ്പെട്ടവനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിനധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങിനെ ജീവിക്കണമെന്നാണ് എന്നോട് കൽ‌പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരിൽ പ്പെട്ടവനാണ് ഞാൻ’

ശേഷം പതുക്കെ ‘അഊദു’ ഓതണം. ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിങ്കൽ ഞാൻ അഭയം പ്രാപിക്കുന്നു എന്നാണ് അ ഊദുവിന്റെ അർത്ഥം ( കൂടുതൽ വിവരണം ഇവിടെയും വായിക്കാം)

ബാക്കി അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 46

2 comments:

  1. നിസ്കാരത്തിന്റെ രൂപം-1

    ReplyDelete
    Replies
    1. NISKAARATHIL KAY NENJIL KETANAMENNU SALAFIKAL PARAYUNNALLO...?

      Delete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails