Thursday, July 30, 2009

ബുള്ളറ്റിൻ-54-നിസ്കാരത്തിന്റെ രൂപം-9

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

നിസ്‌കാരത്തിന്റെ രൂപം-9

എഴാമത്തെ ഫർളായ സുജൂദ് ചെയ്യുമ്പോൾ നെറ്റിയും രണ്ട് കൈപ്പടങ്ങളുടെ ഉൾഭാഗവും രണ്ട് കാൽമുട്ടുകളും രണ്ട് കാൽ പാദങ്ങളിലെ വിരലുകളുടെ ഉൾവശവും നിലത്ത് വെക്കേണ്ടതാണ്. രണ്ട് കാലുകളുടെയും ഓരോ വിരലിന്റെ പള്ളയെങ്കിലും നിലത്ത് വെക്കണമെന്നാണ് ശാഫിഈ മദഹബിലെ പ്രബലാഭിപ്രായം. നെറ്റിയുടെ അതിരുകളോ മൂക്കോ വെച്ചാൽ മതിയാവുകയില്ല. നെറ്റി സുജൂദ് ചെയ്യുന്ന സ്ഥലത്ത് പതിയുന്നതിനു തടസ്സമാകുന്ന ഒന്നും നെറ്റിയിൽ ഉണ്ടാവാൻ പാടില്ല. നെറ്റിയിൽ എന്തെങ്കിലും കെട്ടിയിട്ടുണ്ടെങ്കിൽ (മുറിവോ മറ്റോ കാരണമായി ) അത് നീക്കാൻ വിഷമമാണെങ്കിൽ അതിന്മേൽ സുജൂദ് ചെയ്താൽ മതി. ആ നിസ്കാരം പിന്നീട് മടക്കേണ്ടതുമില്ല. തലപ്പാവ്, തലമുടി മുതലാ‍യവയുടെ മേൽ സുജൂദ് ചെയ്താൽ മതി. ആ നിസ്കാരം പിന്നീട് മടക്കേണ്ടതുമില്ല. സുജൂദ് ചെയ്തത് അത്തരം വല്ലതിന്മേലുമായാൽ തല ഉയർത്തുന്നതിനു മുമ്പു തന്നെ അത് നീക്കണം. അത് നീക്കാതെ മനപ്പൂർവ്വം സുജൂദിൽ നിന്ന് പൊങ്ങിയാൽ നിസ്കാരം സാധുവാകുന്നതല്ല.

സുജൂദിന് വേണ്ടി ഒരിക്കൽ നെറ്റി നിലത്ത് വെച്ച ശേഷം തലയുയർത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കാൻ പാടില്ല. തലയുടെ ഭാഗം സുജൂദ് ചെയ്യുന്ന സ്ഥലത്ത് പതിയണം. ഭാരം തീരെ ചേർക്കാത്ത വിധം നെറ്റി സുജൂദ് ചെയ്യുന്ന സ്ഥലത്ത് സ്പർശിച്ചത് കൊണ്ട് മതിയാവുകയില്ല. സുജൂദ് ചെയ്യുമ്പോൾ ചന്തിയുടെ ഭാഗം തല ,കൈകൾ എന്നിവയേക്കാൾ ഉയർന്ന് നിൽക്കേണ്ടതാണ്.

എട്ടാമത്തെ ഫർള് : രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തമാണ്. : കൂടുതൽ വളവും ചരിവും ഇല്ലാതെ നിവർന്നിരിക്കണം. സുന്നത്ത് നിസ്കാരമാണെങ്കിലും ഇങ്ങിനെയിരിക്കണം. ഇരുത്തം, അത്തഹിയ്യാത്ത് ഓതുന്ന സമയത്തേക്കാൾ ചുരുങ്ങിയിരിക്കേണ്ടതാണ്. സുജൂദിൽ നിന്ന് ഉയരുമ്പോൾ ഇരുത്തമല്ലാതെ മറ്റൊന്നും കരുതാതിരിക്കൽ നിർബന്ധമാണ്.

അടക്കമാണ് ഒമ്പതാമത്തെ ഫർള് : റുകൂഇലും ഇഅ്തിദാലിലും സുജൂദിലും അതിന്നിടയിലെ ഇരുത്തത്തിലുമെല്ലാം അനക്കം അടങ്ങുന്നത് വരെ നിശ്ചലത പുലർത്തണം. ചിലർ സുന്നത്ത് നിസ്കാരങ്ങളിൽ ഈ ഫർള് കണക്കിലെടുക്കാറില്ല. വാ‍സ്തവത്തിൽ നിറുത്തമല്ലാത്ത എല്ലാ ഫർളുകളും സുന്നത്ത് നിസ്കാരത്തിലും നിർബന്ധം തന്നെയാണ്. വല്ല ഫർളും ഒഴിഞ്ഞ് പോയാൽ നിസ്കാരം അസാധുവാകും. സുന്നത്ത് നിസ്കാരം അസാധുവായാൽ നിസ്കരിക്കാത്തത് പോലെയല്ലേ ആവുകയുള്ളൂ‍ എന്ന് ചിലർ ചിന്തിക്കാറുണ്ട്. അത് ശരിയല്ല. കാരണം നിസ്കാരം പോലെയുള്ള ആരാധനകൾ അസാധുവായാൽ അത് ഹറാമാകും. അപ്പോൾ അടക്കമില്ലാതെ സുന്നത്ത് നിസ്കരിക്കൽ ഹറാമാകുന്നതാ‍ണ്. അല്ലാഹു നമ്മുടെ നിസ്കാരങ്ങളിലെ പോരായ്മകൾ പൊറുത്ത് തന്ന് സ്വീകരിക്കട്ടെ.. ആമീൻ
ബാക്കി ഭാഗം അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 54

Tuesday, July 28, 2009

ബുള്ളറ്റിൻ-53-നിസ്കാരത്തിന്റെ രൂപം-8

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നിസ്‌കാരത്തിന്റെ രൂപം-8


ഭാഗം-1 ,ഭാഗം-2 ,ഭാഗം-3 ,ഭാഗം-4 ,ഭാഗം-5 ,ഭാഗം-6 ,ഭാഗം-7


ഫാതിഹ ഓതിക്കൊണ്ടിരിക്കുമ്പോൾ ഒരു ആയത്തോ അക്ഷരമോ വിട്ടു പോയെന്ന് സംശയിക്കുകയോ , ഫാതിഹ പൂർത്തിയായ ശേഷം വല്ല ആയത്തോ അക്ഷരമോ വിട്ടുപോയെന്ന് ഉറപ്പാക്കുകയോ , ഫാതിഹ ഓതിയോ ഇല്ലയോ എന്ന് സംശയിക്കുകയോ ചെയ്താൽ വീണ്ടും ഫാതിഹ ഓതൽ നിർബന്ധമാണ്. ഫാതിഹ ഓതിയ ശേഷം അതിൽ ഏതെങ്കിലും അക്ഷരമോ ആയത്തോ വിട്ടുപോയെന്നു സംശയിച്ചൽ അത് പരിഗണിക്കേണ്ടതില്ല.

ഫാതിഹ മന:പാഠമില്ലാ‍ത്തവർ നോക്കി ഓതാൻ കഴിയുമെങ്കിൽ അപ്രകാരം ഓതണം. നിസ്കാര സമയം കഴിയും മുമ്പ് പഠിക്കാൻ കഴിയുകയില്ലെങ്കിൽ ഫാതിഹയുടെ അത്ര അക്ഷരങ്ങളുള്ള മറ്റ് ഏഴ് ആയത്തുകൾ ഓതേണ്ടതാണ്. ആയത്ത് തീരെ അറിയില്ലെങ്കിൽ ഫാതിഹയുടെ അക്ഷരങ്ങളേക്കാൾ കുറയാത്ത ഏതെങ്കിലും ഏഴ് ദിക്ർ ചൊല്ലേണ്ടതാണ്. ഇതൊന്നും അറിയാത്താവനാണെങ്കിൽ ഫാതിഹ ഓതുന്നതിനു വേണ്ടത്ര സമയം എത്രയാണോ അത്രയും സമയം നിശബ്ദനായി നിൽക്കണം.

അപ്പോൾ 7 വയസുള്ള വിവേകമുളള കുട്ടികൾക്ക് ഫാതിഹയും മറ്റും അറിയാത്ത കാരണത്താൽ രക്ഷിതാക്കൾ നിസ്കരിക്കാതിരിപ്പിക്കുന്നത് ശരിയല്ലെന്നും ഫാതിഹയും അതിന് പകരമുള്ള ഒന്നും കുട്ടികൾക്ക് അറിയില്ലെങ്കിൽ ഫാതിഹ ഓതേണ്ടുന്ന സമയത്ത് ഫാതിഹ ഓതാനെടുക്കുന്ന സമയം നിസ്കാരത്തിൽ നിശബദമായി നിർത്തി നിസ്കരിപ്പിക്കേണ്ടതാണെന്നും വ്യക്തമാവുന്നു.

അഞ്ചാമത്തെ ഫർളാണ് റുകൂഅ് :

രണ്ട് കൈപ്പടം കാലിന്റെ മുട്ടിൽ വെക്കാൻ സാ‍ധിക്കുന്ന വിധം കുനിയണം. ഇരുന്ന് നിസ്കരിക്കുന്നവന് കാൽമുട്ടിന്റെ മുമ്പിലുള്ള സ്ഥലത്തേക്ക് നെറ്റി നേരിടുന്ന വിധം കുനിയണം. രണ്ട് കൈപ്പടം മുട്ടിന്മേൽ വെക്കണമെന്ന് നിർബന്ധമില്ല. ഒരാൾ റുകൂഅ് മറന്ന് കൊണ്ട് സുജൂദ് ചെയ്യുകയും സുജൂദിലെത്തിയപ്പോൾ ഓർമ്മിക്കുകയും ഉടനെ എഴുന്നേറ്റ് നിന്ന് റുകൂഇന് വേണ്ടി രണ്ടാമത് കുനിയണം. അതല്ലാതെ എഴുന്നേൽക്കുമ്പോൾ റുകൂഇന്റെ അതിർത്തിയിലെത്തിയാൽ അവിടെ റുകൂഅ് ചെയ്താൽ മതിയാവുകയില്ല. കാരണം മുമ്പ് റുകൂഇന് വേണ്ടിയല്ല കുനിഞ്ഞത് എന്നതിനാൽ. ഇത്തരം ഫർളുകൾ ചെയ്യുമ്പോൾ അവയെ പ്രത്യേകം കരുതൽ നിർബന്ധമില്ലെങ്കിലും മറ്റു ഉദ്ദേശങ്ങൾ ഉണ്ടാവാൻ പാടില്ല.

ആറാമത്തെ ഫർള് ഇഅ്തിദാലാണ്.

അത് റക്‌അത്തിന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങലാണ്. നിന്ന് നിസ്കരിക്കുന്നവൻ റുകൂഇന് ശേഷം നില്പിലേക്കും, ഇരുന്ന് നിസ്കരിക്കുന്നവൻ ഇരുത്തത്തിലേക്കും മടങ്ങണം. ഇവിടെയും ഇഅ്തിദാലല്ലാത്ത മറ്റൊന്നിനെയും കരുതാൻ പാടില്ല. അവിചാരിതമായി റുകൂഇൽ നിന്നുയർന്നു പോയാൽ ഉടനെ റുകൂഇലേക്ക് തന്നെ മടങ്ങുകയും പിന്നീട് ഇഅ്തിദാലിനു വേണ്ടി ഉയരുകയും വേണം. ഇഅ്തിദാലിനെ ഫാതിഹ ഓതുന്ന സമയത്തേക്കാൾ നീട്ടാൻ പാടില്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 53

Saturday, July 25, 2009

ബുള്ളറ്റിൻ-52-നിസ്‌കാരത്തിന്റെ രൂപം-7

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നിസ്‌കാരത്തിന്റെ രൂപം-7


ഭാഗം-1 ,ഭാഗം-2 ,ഭാഗം-3 ,ഭാഗം-4 ,ഭാഗം-5 ,ഭാഗം-6

നാലാമത്തെ ഫർളാണ്‌ ഫാതിഹ ഓതൽ. ഇത്‌ തക്ബീറിനു ശേഷം നിറുത്തത്തിൽ ആയിരിക്കണം. ഫാത്തിഹ അല്ലാത്ത മറ്റൊന്നും ഓതിയാൽ മതിയാവുകയില്ല. ഫാതിഹ എല്ലാ റക്‌അത്തിലും ഫർളാണ്‌. പക്ഷെ ഇമാമിന്റെ കൂടെയുള്ള നിൽപ്പിൽ ഫാതിഹ ഓതിത്തീർക്കാനുള്ള സമയം ലഭിക്കാത്ത പിന്തിത്തുടർന്നവർ സാധിക്കുന്നത്‌ മാത്രം ഓതിയാൽ മതി. അപ്പോൾ തുടർന്ന ഉടനെ ഇമാം റുകൂഇലേക്ക്‌ പോവുകയോ റുകൂഇലുള്ള ഇമാമിനെ തുടരുകയോ ചെയ്താൽ ഫാതിഹ തീരെ ഓതേണ്ടതില്ല.


ഇങ്ങിനെ പിന്തിത്തുടരുന്നവന്‌ ഇമാം റുകൂഇലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ ഫാതിഹ ഓതാൻ മാത്രമേ സമയം കിട്ടുകയുള്ളൂവെങ്കിൽ സുന്നത്തായ 'വജ്ജഹത്തു', 'അ ഊദു' പോലുള്ളവ ഓതാൻ പാടില്ല. തക്ബീർ ചൊല്ലിയ ഉടനെ കഴിയുന്നത്ര ഫാതിഹയിൽ നിന്ന് ഓതുകയാണ്‌ വേണ്ടത്‌. പകരം വജ്ജഹത്തു ഓതുകയും ഫാത്തിഹ ഓതാൻ കഴിയുന്നതിനു മുമ്പ്‌ ഇമാം റുകൂഇലേക്ക്‌ പോവുകയും ചെയ്താൽ അയാൾ വജ്ജഹത്തു ഓതാനെടുത്ത അത്ര സമയം ഫാതിഹയിൽ നിന്ന് ഓതിയതിനു ശേഷമേ റുകൂഇലേക്ക്‌ പോകാവൂ.

അപ്പോഴേക്കും ഇമാം ഇഅ്തിദാലിലേക്ക്‌ ഉയർന്നാൽ ഈ മഅ്മൂം ഇഅ്തിദാലിൽ ഇമാമിനെ തുടർന്നവനായി കണക്കാക്കുകയും ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കിയുള്ളത്‌ നിസ്കരിക്കുകയും വേണം. ഇമാമിനോടൊപ്പം 'സുബ്‌ഹാനല്ലാഹ്‌ ' ചൊല്ലുന്ന സമയമെങ്കിലും റുകൂഅ് കിട്ടിയാൽ മാത്രമേ മഅ് മൂമിന്‌ റക്‌അത്ത്‌ ലഭിക്കുകയുള്ളൂ. ഫാതിഹയിലുള്ള എല്ലാ അക്ഷരങ്ങളും അവയുടെ യഥാ സ്ഥാനങ്ങളിൽ നിന്നുതന്നെ ഉച്ചരിക്കണം. ശദ്ദുകളും മദ്ദുകളും സൂക്ഷിച്ച്‌ ഓതണം. (ഫാതിഹ ഭംഗിയായി ഓതാൻ അറിയാത്ത സഹോദരന്മാർ അടുത്തുള്ള ഖുർആൻ പാരായണം അറിയുന്ന ഉസ്താദുമാരിൽ നിന്ന് നിർബന്ധമായും പഠിക്കാൻ ശ്രമിക്കുമല്ലോ )

ഫാതിഹയിലെ എല്ലാ ആയത്തുകളും തുടർച്ചയായി ഓതണം. നിസ്കാരത്തോട്‌ ബന്ധമില്ലാത്ത (തുമ്മിയാൽ അൽ-ഹംദുലില്ലാഹ്‌ പറയുന്നത്‌ പോലെയുള്ള ) ദിക്‌റുകൾ ഫാതിഹക്ക്‌ ഇടയിൽ ചൊല്ലിയാൽ തുടർച്ച മുറിയുകയും തന്നിമിത്തം ആദ്യം മുതൽ ഓതുകയും ചെയ്യേണ്ടതാണ്‌. നിസ്കാരത്തോട്‌ ബന്ധമുള്ള ദിക്‌റുകൾ കൊണ്ട്‌ തുടർച്ച മുറിയുന്നതല്ല. ഉദാഹരണമായി, ഇമാം ഫാതിഹ ഓതിക്കഴിഞ്ഞ്‌ ആമീൻ പറയുക, ഇമാം ശിക്ഷയെകുറിച്ചുള്ള ആയത്ത്‌ ഓതിയാൽ ശിക്ഷയിൽ നിന്ന് അഭയം ചോദിക്കുക, അനുഗ്രഹത്തെ കുറിച്ചുള്ള ആയത്ത്‌ ഓതിയാൽ അതിനു വേണ്ടി പ്രാർത്ഥിക്കുക മുതലായവ കൊണ്ട്‌ ഫാതിഹയുടെ തുടർച്ച മുറിയുന്നില്ല. പക്ഷെ അഭയം തേടുന്നതും പ്രാർത്ഥിക്കുന്നതുമെല്ലാം നിസ്കാരത്തോട്‌ ബന്ധിക്കുന്ന മറ്റ്‌ ദിക്‌റുകൾ പോലെ അറബിഭാഷയിൽ മാത്രമേ ആകാവൂ. മറ്റ്‌ ഭാഷകളിൽ പാടില്ല. മഅ്മൂം ഫാതിഹ ഓതിക്കൊണ്ടിരിക്കുമ്പോൾ ഇമാമിന്റെ ഓത്തിൽ തെറ്റുസംഭവിക്കുകയോ ഓർമ്മക്കുറവിനാൽ ഓത്ത്‌ തുടരാൻ കഴിയാതെ നിറുത്തുകയോ ചെയ്താൽ ഫാതിഹയുടെ ഇടയിൽ തന്നെ ഇമാമിനെ ഉണർത്താവുന്നതാണ്‌. അത്‌ കൊണ്ടും തുടർച്ച മുറിയുന്നതല്ല.

ബാക്കിഭാഗം അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്‌.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 52

Wednesday, July 22, 2009

ബുള്ളറ്റിൻ-51-നിസ്കാരത്തിന്റെ രൂപം -6

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം-1 ,ഭാഗം-2 ,ഭാഗം-3 ,ഭാഗം-4 ,ഭാഗം-5

നിസ്കാരത്തിന്റെ രൂപം -6


നിയ്യത്ത്‌, തക്ബീറത്തുൽ ഇഹ്‌റാം, നിൽക്കൽ എന്നീ മൂന്ന് കാര്യങ്ങളും ഒപ്പമാണ്‌ ഉണ്ടാകുന്നത്‌. പക്ഷെ നിയ്യത്ത്‌ നിസ്കാരത്തിലും മറ്റ്‌ പല ആരാധനകളിലും നിർബന്ധമായത്കൊണ്ട്‌ അതിനെ ഒന്നാമതായും, തക്ബീർ എല്ലാ നിസ്കാരത്തിനും നിർബന്ധമായതിനാൽ അതിനെ രണ്ടാമതായും നിൽക്കൽ ഫർള്‌ നിസ്കാരത്തിൽ മാത്രം നിർബന്ധമായതിനാൽ അതിനെ മൂന്നാമതായും എണ്ണുന്നു എന്ന് മാത്രം. നിയ്യത്ത്‌ മുതൽക്കുള്ള നിൽപ്പ്‌ മാത്രമാണ്‌ നിസ്കാരത്തിന്റെ ഫർള്‌.

രണ്ടാമത്തെ ഫർളായ തക്ബീറിൽ ' അല്ലഹു അക്ബർ' എന്ന പദം തന്നെ ചൊല്ലേണ്ടതാണ്‌. അർത്ഥ വിത്യാസം വരുത്തുന്നതോ അതേ അർത്ഥം കുറിക്കുന്ന മറ്റ്‌ പദങ്ങളോ അതിന്റെ പരിഭാഷയോ 'അല്ലാഹു അക്ബർ' എന്നതിനു പകരം മതിയാവുകയില്ല

വായ കൊണ്ട്‌ ഉച്ചരിക്കൽ നിർബന്ധമായ തക്ബീർ, ഫാതിഹ, അത്തഹിയ്യാത്ത്‌, സ്വലാത്ത്‌, സലാം എന്നിവകളെല്ലാം സ്വശരീരം കേൾക്കത്തക്കവിധമുള്ള ശബ്‌ദത്തിൽ ഉച്ചരിക്കൽ നിർബന്ധമാണെന്നത്‌ പ്രത്യേകം ശ്രദ്ധിയ്ക്കുക. എന്നാൽ ജമാഅത്തായി നിസ്കരിക്കുമ്പോൾ അടുത്തുള്ളയാൾക്ക്‌ ശല്യമാവുന്ന വിധം ഉച്ചത്തിലാവുകയുമരുത്‌. സംസാരിക്കാൻ കഴിയാത്തവർ ചുണ്ടും നാക്കും അണ്ണാക്കും കഴിയുന്നത്ര അനക്കൽ നിർബന്ധമാണ്‌. വജ്ജഹത്തു മുതലായ വാക്കുകൾ കൊണ്ട്‌ നിർവ്വഹിക്കപ്പെടുന്ന സുന്നത്തുകൾക്ക്‌ കൂലി കിട്ടണമെങ്കിലും അത്‌ സ്വശരീരം കേൾക്കുന്നത്ര ശബ്‌ദത്തിൽ ആയിരിക്കണം.

തക്ബീറിനു മുന്നെ തന്നെ നോട്ടം സുജൂ ദിന്റെ സ്ഥാനത്തേക്കാക്കണം

മൂന്നാമത്തെ ഫർളായ നിൽപ്പിൽ മുതുകെല്ലിന്റെ സന്ധികളെ നിവർത്തൽ നിർബന്ധമാണ്‌. അപ്പോൾ നിൽക്കുന്നുവെന്ന് പറയാൻ പറ്റാത്തവിധം കുനിഞ്ഞോ ചെരിഞ്ഞോ നിന്നാൽ മതിയാവുകയില്ല. വാർദ്ധക്യത്തിലോ മറ്റോ നിൽക്കാൻ കഴിയാത്തവരുടെ അവസ്ഥ പരിഗണനീയമാണ്‌. അവർ കഴിയുന്നത്‌ പോലെ നിൽക്കണം. റുകൂഅ് ചെയ്ത പോലെ ഒരാളുടെ മുതുക്‌ വളഞ്ഞ്പോയിട്ടുണ്ടെങ്കിൽ അപ്രകാരം തന്നെ നിൽക്കുകയും റുകൂഅ് ചെയ്യുമ്പോൾ അതിനു മുമ്പുള്ള അവസ്ഥയിൽ നിന്ന് റുകൂഇന്‌ വേണ്ടി കഴിയുമെങ്കിൽ കുറച്ച്‌ കൂടി കുനിയുകയും വേണം. ഇത്തരം കാരണങ്ങളൊന്നും നിസ്കാരം ഉപേക്ഷിക്കാനുള്ള കാരണങ്ങളല്ല

നിന്ന് നിസ്കരിക്കാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിക്കണം. ഏത്‌ രൂപത്തിലും ഇരിക്കാമെങ്കിലും ഒന്നാമത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്നത്പോലെ ഇരിക്കലാണ്‌ ഏറ്റവും ഉത്തമം.

നിൽപ്പ്‌ മൂന്നാമത്തെ ഫർളാണെങ്കിലും തക്ബീറിന്റെ തക്ബീറിന്റെ ആദ്യം മുതൽ അതുണ്ടാവണം. അപ്പോൾ തക്ബീറിന്റെ കുറച്ച്‌ അക്ഷരങ്ങൾ ഇരുന്ന് പറഞ്ഞ ശേഷം നിന്ന് പൂർത്തിയാക്കുകയോ, റുകൂഅ് , അത്തഹിയ്യാത്ത്‌ മുതലായവയിൽ ഇമാമിനെ തുടരുമ്പോൾ തക്ബീർ തുടങ്ങി പൂർത്തിയാകും മുമ്പ്‌ ഇമാമിന്റെ കൂടെ പോവുകയോ ചെയ്താൽ മതിയാവുകയില്ല. (ഇമാമിനോട്‌ പിന്തുടരുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട കാര്യമാണിത്‌ ഒരു റക്‌അത്ത്‌ കിട്ടാൻ വേണ്ടി റുകൂഇലുള്ള ഇമാമിനെ കിട്ടാൻ ദൃതിയിൽ തക്ബീർ ചൊല്ലി റുകൂഇലേക്ക്‌ പോകുമ്പോൾ തക്ബീർ നിർത്തത്തിൽ തന്നെ പൂർത്തിയായതിന്‌ ശേഷമേ റുകൂഇലേക്ക്‌ കുനിയാവൂ )

ബാക്കി അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്‌

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 51

Tuesday, July 21, 2009

ബുള്ളറ്റിൻ-50-നിസ്കാരത്തിന്റെ രൂപം-5

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം-1
ഭാഗം-2
ഭാഗം-3
ഭാഗം-4

നിസ്കാരത്തിന്റെ രൂപം-5

ആദ്യത്തെ അത്തഹിയ്യാത്തും സ്വലാത്തും ഓതിയതിനു ശേഷം തക്ബീർ ചൊല്ലി മൂന്നാമത്തെ റക്‌അത്തിലേക്ക് എഴുന്നേൽക്കണം. ഈ തക്ബീറിൽ രണ്ട് കൈകളും ചുമലിനു നേര ഉയർത്തൽ സുന്നത്താണ്.

അവസാ‍നത്തെ അത്തഹിയ്യാത്തിൽ ഇരിക്കേണ്ട രൂപം:

സുജൂദിൽ വെച്ചപോലെ വലത്തെ കാൽ നാട്ടി നിറുത്തി അതിന്റെ താഴ്ഭാഗത്തിലൂടെ ഇടത്തെ കാൽ പുറത്തേക്ക് തള്ളിവെക്കണം. ഈ ഇരുത്തത്തിൽ അത്തഹിയ്യാത്തിനു പുറമെ നബിയുടെ മേൽ സ്വലാത്ത് ചൊല്ലലും നിർബന്ധമാണ്. കഴിഞ്ഞ ബുള്ളറ്റിനിൽ കൊടുത്ത സ്വലാത്തിന്റെ പൂർണ്ണരൂപം ചൊല്ലൽ പ്രത്യേകം പുണ്യമാണ്. അത്തഹിയ്യാത്തും സ്വലാത്തും ചൊല്ലിയ ശേഷം ദുആ ചെയ്യലും സുന്നത്തുണ്ട്. (ഇവിടെ ചൊല്ലാൻ പറ്റിയ ഹദീസിൽ വന്ന ദുആയും അതിന്റെ അർത്ഥവും ബുള്ളറ്റിൻ 32 ൽ കൊടുത്തിട്ടുണ്ട് ).

ദുആയിൽ നിന്ന് വിരമിച്ചാൽ ആദ്യം വലത് ഭാഗത്തേക്ക് തല തിരിച്ചുകൊണ്ട് ‘ അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹ്’ എന്ന് പറയണം ( അർത്ഥം : നിങ്ങൾക്ക് ശാന്തിയും അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഉണ്ടാ‍വട്ടെ. ) പിന്നീടെ ഇടതു ഭാഗത്തേക്ക് തല തിരിച്ചു കൊണ്ടും അതേപ്രകാരം പറയണം. നെഞ്ച് തിരിക്കരുത്. തലമാത്രം തിരിച്ചാൽ മതി. സലാം ചൊല്ലുന്നതോടെ നിസ്കാരം അവസാനിച്ചു.

ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ :

നിസ്കാരത്തിന്റെ കാര്യങ്ങളിൽ നിർബന്ധ കാര്യങ്ങളും ( ഫർളുകൾ ) സുന്നത്തുകളുമുണ്ട്. ഫർളുകളിൽ ഒന്നിന് ഭംഗം വന്നാൽ നിസ്കാരം സ്വീകാര്യമാവുകയില്ല. (ശർഥുകൾക്ക് ഭംഗം വന്നാലും അങ്ങിനെ തന്നെ. അത് ബുള്ളറ്റിൻ 23 ൽ വിശദീകരിച്ചിട്ടുണ്ട് ) അതിനാൽ ഫർളുകൾ പ്രത്യേകം അറിഞ്ഞിരിക്കണം.

നിസ്കാരത്തിന്റെ ഫർളുകൾ 14 ആകുന്നു

1) നിയ്യത്ത് ചെയ്യുക
2) തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുക.
3) കഴിവുള്ളവൻ നിൽക്കുക
4) ഫാതിഹ ഓതുക
5) റുകൂഅ് ചെയ്യുക
6) റുകൂഇൽ നിന്ന് തലയുയർത്തി നിൽക്കുക ( ഇഅ്ത്തിദാൽ)
7) രണ്ട് സുജൂ‍ദുകൾ ചെയ്യുക
8) രണ്ട് സുജൂദിനിടയിൽ ഇരിക്കുക
9) ഇഅ്ത്തിദാൽ, റുകൂഅ് ,റുകൂഇൽ നിന്ന് തലയുയർത്തിയതിനു ശേഷമുള്ള നിൽ‌പ്പ്, രണ്ട് സുജൂദ്, അവക്കിടയിലുള്ള ഇരുത്തം എന്നിവക്കിടയിലെല്ലാം അടങ്ങിത്താമാസിക്കുക. ഉദാ: റുകൂഇൽ നിന്ന് തലയുയർത്തി നിൽക്കുമ്പോഴുണ്ടാകുന്ന അനക്കം അടങ്ങിയിട്ടാണ് സുജൂദിലേക്ക് പോകേണ്ടത്. അത്പോലെ സുജൂദ് ചെയ്താൽ അനക്കമടങ്ങിയിട്ട് വേണം അതിൽ നിന്ന് തലയുയർത്താൻ
10) അത്തഹിയ്യാത്ത് ഓതുക
11) നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുക
12) അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കുക
13) സലാം ചൊല്ലുക
14) ഇവകളെല്ലാം നിർദ്ദേശിക്കപ്പെട്ട ക്രമപ്രകാരം ചെയ്യുക .അതായത് ആദ്യം സുജൂദും റുകൂ‍ഉം ചെയ്താൽ പറ്റുകയില്ല.

ബാക്കി അടുത്ത ബുള്ളറ്റിനിൽ .ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 50

Thursday, July 16, 2009

ബുള്ളറ്റിൻ-49-നിസ്കാരത്തിന്റെ രൂപം-4

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം-2
ഭാഗം-3

നിസ്കാരത്തിന്റെ രൂപം-4
അത്തഹിയ്യാത്ത് :

രണ്ടിൽ കൂടുതൽ റക് അത്തുകളുള്ള നിസ്കാരങ്ങളിൽ രണ്ടാം റക്‌അത്തിലെ സുജൂദിൽ നിന്ന് തല ഉയർത്തിക്കഴിഞ്ഞാൽ ഒന്നാമത്തെ അത്തഹിയ്യാത്ത് ഓതാൻ വേണ്ടി അവിടെ ഇരിക്കണം. രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്നത് പോലെയാണ് ഇരിക്കേണ്ടത്. അത്തഹിയ്യാത്തിൽ ഇടതു കൈവിരലുകൾ ഇടതുകാലിന്റെ തുടയിൽ മുട്ടിനു സമീപം പരത്തിവെക്കണം. വലതുകൈയുടെ വിരലുകൾ വലതുകാലിന്റെ മുട്ടിന്റെ അറ്റത്ത് വെക്കണം. അപ്പോൾ കൈവിരലുകൾ കൂട്ടിപ്പിടിച്ച് പെരുവിരലിന്റെ തല ചൂണ്ടുവിരലിന്റെ മുരട് ഭാഗത്തെ സന്ധിയോട് ചേർത്ത് വെക്കണം. ചൂണ്ടു വിരൽ നിവർത്തിപ്പിടിക്കുകയും അല്പം താഴ്ത്തിയിട്ട് കാലിനോട് ചേർത്ത് വെക്കുകയും വേണം. മറ്റ് മൂന്ന് വിരലുകളും മടക്കിപ്പിടിക്കണം. ഈ ഇരുപ്പിൽ അത്തഹിയ്യാത്ത് ഓതണം. ‘ ഇല്ലല്ലാഹ്’ എന്ന് പറയുമ്പോൾ താഴ്ത്തിവെച്ച വലത്കൈയുടെ ചൂണ്ടുവിരൽ ഉയർത്തിപ്പിടിക്കണം. പിന്നീട് ഈ വിരലിലേക്ക് നോക്കൽ സുന്നത്താണ്. അവസാനത്തെ അത്തഹിയ്യാത്തിൽ രണ്ട് സലാമും വീട്ടിയതിനു ശേഷമാണ് ഈ വിരൽ താഴ്ത്തേണ്ടത്.

അത്തഹിയ്യാത്ത് :

اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوٰاتُ الطَّيِّبَاتُ ِلله اَلسَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُُ اللهِ وَبَرَكَاتُهُ اَلسَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلـٰهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداً رَّسُولُ الله:

അർത്ഥം
: ‘ എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ ,അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’

പിന്നീട് നബി(സ)صلى الله عليه وسل യുടെ മേൽ സ്വലാത്ത് ചൊല്ലണം. താഴെയുള്ള സല്വത്തിൽ നിന്ന് പച്ച നിറത്തിലുള്ള ഭാഗമാണ് ഒന്നാമത്തെ അത്തഹിയ്യാത്തിൽ ചൊല്ലേണ്ടത്. പൂർണ്ണമായും അവസാനത്തെ അത്തഹിയ്യാത്തിൽ ചൊല്ലുക.

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ.

ബാക്കി ഭാഗം അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ്


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 49

Wednesday, July 15, 2009

ബുള്ളറ്റിൻ-48-നിസ്കാരത്തിന്റെ രൂപം-3

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

നിസ്കാരത്തി
ന്റെ രൂപം-3

ഭാഗം ഒന്ന്
ഭാഗം രണ്ട്

സുജൂദ്:

പിന്നീട് തക്ബീർ ചൊല്ലി (ഇവിടെ കൈ ഉയർത്തരുത്) സുജൂദിലേക്ക് പോകണം. നെറ്റി, രണ്ട് കൈപ്പടം, രണ്ട് കാലിന്റെ മുട്ടുകൾ, രണ്ട് കാലുകളുടെ വിരലുകളുടെ ഉൾഭാഗം ഇവ നിലത്ത് വെക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. (ഇവയിൽ നെറ്റി മറകൂടാതെ നിലത്ത് വെക്കൽ നിർബന്ധമാണ് ). സുജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽ മുട്ടുകൾ ,പിന്നീട് കൈപ്പടം, പിന്നെ നെറ്റി, മൂക്ക് എന്നീ ക്രമത്തിലാണ് നിലത്ത് വെക്കേണ്ടത്. സുജൂദിൽ രണ്ട് കൈകളും പാർശ്വ ഭാഗങ്ങളോട് ചേർത്ത് വെക്കാതെ അല്‌പം അകറ്റിവെക്കുകയാണ് വേണ്ടത്.

സുജൂദിൽ ചൊല്ലേണ്ട ദിക്‌ർ :


അർത്ഥം : പരമോന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തനം ചെയ്യുന്നു’ . ( ഈ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ച് പറയണം)

സുജൂദുകൾക്കിടയിലെ ഇരുത്തം:

പിന്നീട് തക്ബീർ ചൊല്ലി സുജൂദിൽ നിന്ന് തല ഉയർത്തി ഇടത് കാൽ പരത്തി വെച്ച് അതിന്മേൽ ഇരിക്കണം. വലതു പാദവും വിരലുകളും സുജൂദിലെ പോലെ വെക്കണം.

ഈ ഇരുത്തത്തിൽ താഴെ ദിക്‌ർ ചൊല്ലുക.

رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعٰافِنِي

അർത്ഥം : ‘രക്ഷിതാവേ എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്കുള്ള പോരായ്മകൾ പരിഹരിച്ച് തരേണമേ, എന്നെ ഉയർന്ന പദവിയിൽ എത്തിക്കേണമേ, എനിക്ക് ആഹാരം നൽകേണമേ’
ഇങ്ങിനെ പ്രാർത്ഥിച്ച് തക്ബീർ ചൊല്ലി വീണ്ടും സുജൂദിലേക്ക് പോകണം. മുമ്പ് ചെയ്തത് പോലെതന്നെ സുജൂദ് ചെയ്യണം. രണ്ടാം സുജൂദിൽ നേരത്തെ ചൊല്ലിയ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ച് ചൊല്ലണം. അനന്തരം തക്ബീർ ചൊല്ലി നിറുത്തത്തിലേക്ക് തിരിച്ചു വരണം (ഇവിടെയും കൈ ചുമലിനു നേരെ ഉയർത്തേണ്ടതില്ല ) തിരിച്ചു വരുമ്പോൾ ആദ്യം തലയും പിന്നീടെ കൈകളും നിലത്തു നിന്നുയർത്തി കാൽമുട്ടുകളിൽ ശക്തിയൂന്നി എഴുന്നേറ്റ് നിൽക്കണം.

നിസ്കാരത്തിൽ പ്രവേശിച്ചതു മുതൽ രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തുന്നത് വരെയുള്ള ഈ ക്രിയകൾക്ക് ഒരു റക്‌അത്ത് എന്ന് പറയുന്നു. നിയ്യത്തും വജ്ജഹത്തുവും ഒന്നാമത്തെ റക്‌അത്തിൽ മാത്രം മതി .എല്ലാ റക്‌അത്തിലും ഫാതിഹക്ക് മുമ്പ് അ ഊദു ഓതൽ സുന്നത്താണ്

ബാക്കി ഭാഗം അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 48

Tuesday, July 14, 2009

ബുള്ളറ്റിൻ-47-നിസ്കാരത്തിന്റെ രൂപം-2

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

നിസ്കാരത്തിന്റെ രൂപം-2


ആദ്യ ഭാഗം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക


അഊദു ഓതി ഖുർആനിലെ ഒന്നാം അദ്ധ്യായം (ഫാതിഹ) ഓതണം. ( ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ ഇമാം ഉറക്കെ ഓതുകയും മഅ്മൂ അത് ശ്രദ്ധിച്ച് കേൾക്കുകയും പിന്നീട് മഅ്മൂം ഓതുകയുമാണ് വേണ്ടത് )

ഫാതിഹയുടെ സാരം :

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് ഞാൻ ഓതുന്നു.
സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും
റഹീമും റഹ്‌മാനുമായവൻ
പ്രതിഫലം നൽകപ്പെടുന്ന ദിവസത്തിന്റെ നാഥൻ
നിനക്ക് മാത്രം ഞങ്ങൾ ആരാധിക്കുകയും, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.
നീ ഞങ്ങളെ നേരായ മാർഗത്തിൽ ചേർക്കേണമേ.
അഥവാ നീ അനുഗ്രഹിച്ച, കോപത്തിനു പാത്രീഭവിക്കാത്തവരുടെ മാർഗത്തിൽ (ചേർക്കേണമേ)

(ഫാതിഹയുടെ വിശദമായ വിവരണം വഴികാട്ടിയുടെ ബ്ലോഗിൽ കൊടുത്തിട്ടുള്ളത് ഇവിടെ ക്ലിക് ചെയ്ത് വായിക്കാം )

ഫാ‍തിഹ ഓതുമ്പോഴും ഇമാമിന്റെ ഓത്ത് ശ്രദ്ധിയ്ക്കുമ്പോഴും ഫാതിഹയുടെ ആശയങ്ങൾ ചിന്തിക്കുകയും മനസ്സിൽ ദൃഢമാക്കുകയും ചെയ്യേണ്ടതാണ്.

ഫാതിഹക്ക് ശേഷം ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും സൂറത്ത് ഓതണം. മഅ്മൂമ്‌ ഇമാമിന്റെ ഓത്ത് ശ്രദ്ധിച്ചു കേൾക്കുകയാണ് വേണ്ടത്.

റുകൂഅ്

സൂറത്ത് ഓതിയതിനു ശേഷം തക്‌ബീർ ചൊല്ലി റുകൂഇലേക്ക് പോകണം. രണ്ട് കാൽമുട്ടുകളിൽ രണ്ട് കൈപ്പടം വെച്ച് കുനിഞ്ഞ് നിൽക്കുന്നതിനെയാണ് റുകൂഅ് എന്ന് പറയുന്നത്.

റുകൂഇലേക്ക് കുനിയുന്നതിനു മുമ്പ് വിരലുകൾ ചെവിക്ക് നേരെ വരും വിധം ഉയർത്തി താഴ്ത്തി വേണം റുകൂഇലേക്ക് പ്രവേശിക്കാൻ. കുനിഞ്ഞ് നിൽക്കുമ്പോൾ, പിരടിയും മുതുകും ഒരേ നിരപ്പിൽ നിറുത്തണം. തല കൂടുതൽ ഉയർത്തുകയോ താഴ്ത്തുകയോ അരുത്.

റുകൂഇൽ ചൊല്ലേണ്ട ദിക്‌റ്
അർത്ഥം : മഹാനായ എന്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധി ഞാൻ പ്രകീർത്തനം ചെയ്യുന്നു. ( ഈ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ചു പറയണം )

പിന്നീട് سمع الله لمن حمده ( അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതിയെ അവൻ സ്വീകരിക്കട്ടെ ) എന്ന് ചൊല്ലി മുമ്പ് പറഞ്ഞ വിധം കൈ ഉയർത്തി താഴ്ത്തി നിവർന്ന് നിൽക്കണം

ഇഅ്ത്തിദാലിൽ ഈ ദിക്‌ർ ചൊല്ലണം

رَبَّنٰا لَكَ الْحَمْدُ مِلْءَ السَّمٰاوٰاتِ وَمِلْءَ الْأَرْضِ وَمِلْءَ مٰا شِئْتَ مِنْ شَيْءٍ بَعْدُ
അർത്ഥം: ‘ ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്’
അടുത്ത ബുള്ളറ്റിനിൽ ബാക്കി -ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 47

Sunday, July 12, 2009

ബുള്ളറ്റിൻ-46-നിസ്കാരത്തിന്റെ രൂപം-1

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നിസ്കാരത്തിന്റെ രൂപം-1

അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.

നിൽക്കുമ്പോൾ രണ്ട് കാൽപാദങ്ങൾ ഒരു ചാൺ അകലത്തിലാണ് വെക്കേണ്ടത് (സുജൂദിൽ കാൽ വിരലുകളും മുട്ടുകളും രണ്ട് കൈകളുടെയും പള്ളകളുമെല്ലാം ഈ അകലത്തിലാണ് വെക്കേണ്ടത്, അത് കൂടുതൽ താഴ്മ കിട്ടാൻ കാരണവുമാണ് ) ശേഷം നിയ്യത്ത് ചെയ്യണം. (ഉദാ: ളുഹർ എന്ന ഫർളു നിസ്കാരം ‘ഇമാമോടു കൂടി’ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതണം ) ഇങ്ങിനെ കരുതൽ നിർബന്ധവും നാവു കൊണ്ട് മൊഴിയൽ സുന്നത്തുമാകുന്നു. ഈ കരുത്തോടു കൂടെ കൈമുട്ടുകൾ രണ്ടും മടക്കി മുൻകയ്യിന്റെ പള്ള ഭാഗം ഖ്വിബ്‌ലയുടെ ഭാഗത്തേക്കാക്കി ചുമലിനു നേരെ ഉയർത്തിപ്പിടിച്ച് കൊണ്ട് ‘അല്ലാഹു അക്‌ബർ’ എന്ന് പറയണം. ( നിസ്കാരത്തിൽ കൈ ഉയർത്തൽ സുന്നത്തായ സ്ഥലങ്ങളിലൊക്കെ ഇങ്ങിനെയാ‍ണ് ഉയർത്തേണ്ടത് ) ഇതിനു തക്‌ബീറത്തുൽ ഇഹ്‌റാം എന്ന് പറയുന്നു. ‘മഹത്വം പ്രഖ്യാപിക്കുക എന്നർത്ഥം.

നിയ്യത്ത് തക്‌ബീറിന്റെ ആരംഭത്തോടൊപ്പമാവണം. തക്ബീർ അവസാനിക്കുന്നതോടു കൂടി വലത്തെ കൈപ്പടം കൊണ്ട് ഇടത്തെ മണിബന്ധം പിടിച്ച് അവ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയുമായി വെക്കണം. പിന്നീട് ഇമാമും മഅ്മൂമും ഒറ്റക്ക് നിസകരിക്കുന്നവരും വജ്ജഹ്തു ഓതണം.

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ.

അർത്ഥം:
‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം - ശരീരം തിരിച്ചിരിക്കുന്നു. ഞാൻ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാൻ ബഹുദൈവ വിശ്വാസികളിൽ‌പ്പെട്ടവനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിനധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങിനെ ജീവിക്കണമെന്നാണ് എന്നോട് കൽ‌പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരിൽ പ്പെട്ടവനാണ് ഞാൻ’

ശേഷം പതുക്കെ ‘അഊദു’ ഓതണം. ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിങ്കൽ ഞാൻ അഭയം പ്രാപിക്കുന്നു എന്നാണ് അ ഊദുവിന്റെ അർത്ഥം ( കൂടുതൽ വിവരണം ഇവിടെയും വായിക്കാം)

ബാക്കി അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 46

Tuesday, July 7, 2009

ബുള്ളറ്റിൻ-45-ജംഉം ഖസ്വ്‌റും (4 )

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ജംഉം ഖസ്വ്‌റും (1) , ജംഉം ഖസ്വ്‌റും (2 ), ജംഉം ഖസ്വ്‌റും (3 )

ജംഉം ഖസ്വ്‌റും ആയി നിസ്കരിക്കുന്നതിനെ കുറിച്ച് , നല്ലവരായ വായനക്കാരുടെ ചില സംശയങ്ങൾ പ്രസക്തമായി തോന്നിയതിനാൽ താഴെയുള്ള വിശദീകരണം കൂടെ വായിക്കുക

യാത്രക്കാരന് ജംഅ്, ഖസ്വ്‌റ് എന്നീ ആനുകൂല്യങ്ങൾ യാത്ര അവസാനിക്കുന്നത് വരെ മാത്രമേ ഉണ്ടാവൂ.

യാത്രയിൽ ഒരു സ്ഥലത്ത് എത്തുകയും ഒന്നും കരുതാതെ അവിടെ താമസിക്കൽ കൊണ്ടും നാലു ദിവസം അവിടെ താമസിക്കലിനെ കരുതി നിൽക്കൽ കൊണ്ടും യാത്ര അവസാനിക്കും

എന്നാൽ ഒരു സ്ഥലത്ത് നാലിൽ കുറഞ്ഞ ദിവസം നിൽക്കലിനെ കരുതി നിൽക്കൽ കൊണ്ട് യാത്ര അവസാനിക്കുന്നില്ല. പ്രസ്തുത ദിവസങ്ങളിലെല്ലാം ജം ഉം ഖസ് റും ആക്കാവുന്നതാണ്. ആവശ്യം എപ്പോഴും വീടപ്പെടും എന്നുണ്ടെങ്കിൽ പ്രസ്തുത യത്രികന് 18 ദിവസം വരെ ഖസ്‌റാക്കാമെങ്കിലും പൂർത്തിയായി നിസ്കരിക്കലാണ് ഉത്തമം

മറ്റൊരു സഹോദരന്റെ പ്രസക്തമായ സംശയങ്ങൾക്കുള്ള മറുപടി അടുത്ത ബുള്ളറ്റിനിൽ.. ഇൻശാ അല്ലാഹ്

ഇവിടെ പോസ്റ്റ് ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ എന്ന ഈ ബ്ലോഗിൽ കമന്റായും islbtn@gmail.com എന്ന മെയിൽ ഐഡിയിലും അയക്കുക. ഇസ്ലാമിക വിഷയങ്ങളിലുള്ള മറ്റ് സംശയങ്ങളും ചോദ്യങ്ങളും vilakk@gmail.com എന്ന മെയിലിൽ അയക്കുവാൻ അപേക്ഷിക്കുന്നു . ഏവർക്കും നന്ദി

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 45

Sunday, July 5, 2009

ബുള്ളറ്റിൻ-44-അല്ലാഹുവിന്റെ 20 വിശേഷണങ്ങൾ (2)

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

പരിശുദ്ധനായ അല്ലാഹുവിന്റെ 20 വിശേഷണങ്ങൾ -ഭാഗം-2

അനിവാര്യമായ 20 സിഫത്തുകളെ കുറിച്ച് കഴിഞ്ഞ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുണ്ട്.

അസംഭവ്യമായ 20 വിശേഷണങ്ങൾ :

അനിവാര്യമായ സിഫത്തുകളുടെ വിപരീതങ്ങളാണ് അസംഭവ്യമായവ :-

1) ഇല്ലാതിരിക്കുക
2) പുതുതായി ഉണ്ടാവുക
3) നശിക്കുക
4) സൃഷ്ടികളോട് ഏതെങ്കിലും നിലക്ക് തുല്യനായിരിക്കുക
5) അന്യാശ്രയം
6) എണ്ണമറ്റവനായിരിക്കുക
7) അശക്തത
8) ഉദ്ദേശമില്ലായ്മ
9) അജ്ഞത.
10) മരണം
11) ബധിരത
12) അന്ധത
13) സംസാരമില്ലായ്മ
14) അശക്തനായിരികുക
15)ഉദ്ദേശമില്ലാത്തവനായിരിക്കുക
16) അജ്ഞതയുള്ളവനായിരിക്കുക
17) മരിച്ചവനായിരിക്കുക
18) ബധിരനായിരിക്കുക
19) അന്ധനായിരിക്കുക
20) സംസാരമില്ലാത്തവനായിരിക്കുക


സംഭവ്യമായത് :

ബുദ്ധിയുടെ വീക്ഷണത്തിൽ ഉണ്ടാകാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക

ഇമാം അഹ്‌മദ്ല് മർസൂഖിയുടെ (താ‍ഴെ കൊടുത്തിട്ടുള്ള )വരി ഈ ജാഇസായ സിഫത്തീനെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഉപകരിക്കും

وَجَــائِـزٌ بِـفَضْلِــهِ وَعَـدْلِهِ
تَـرْكٌ لِكُـلِّ مُمْكِـنٍ كَفِعْلِــهِ

بسم الله الرحمن الرحيمالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin # 44

Saturday, July 4, 2009

ബുള്ളറ്റിൻ-43- അല്ലാഹുവിന്റെ 20 വിശേഷണങ്ങൾ (1)

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

പരിശുദ്ധനായ അല്ലാഹുവിന് ഉണ്ടാവൽ നിർബന്ധമായ ‘20‘ വിശേഷണങ്ങൾ (ഭാഗം-1)


വിശ്വാസ കാര്യങ്ങളിൽ ഒന്നാമത്തേതാണ് അല്ലാഹുവിൽ വിശ്വസിക്കൽ. ഒരു മനുഷ്യന്റെ മേൽ ആദ്യമായി നിർബന്ധമാകുന്നത് അല്ലാഹുവിനെക്കുറിച്ച് അറിയലാണ്. ഈ ലോകത്ത് വെച്ച് നബി(സ) മിഅ്റാജിന്റെ രാത്രി അല്ലാഹുവിന്റെ കണ്ടതൊഴിച്ചാൽ മറ്റൊരാളും അല്ലാഹുവിനെ കണ്ടിട്ടില്ല. എന്നാൽ സത്യവിശ്വാസികൾ സ്വർഗത്തിൽ വെച്ച് അല്ലാഹുവിനെ രൂപമോ ഭാ‍ഗമോ കൂടാതെ കാണും.

( സർവ്വ ശക്തനായ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് , അവനെ കാണാൻ ഭാഗ്യം ലഭിക്കുന്നവരിൽ പാപികളായ നമ്മെയും മാതാപിതാക്കളെയും ഭാര്യ-സന്താനങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ .ആ‍മീൻ )

സൃഷ്ടികളിൽ നിന്ന് തികച്ചും വിത്യസ്ഥനാണ് അല്ലാഹു. അവന് അനിവാര്യമായ 20 വിശേഷണങ്ങളും അസംഭവ്യമായ 20 വിശേഷണങ്ങളും സംഭവ്യമായ ഒ രു വിശേഷണവുമുണ്ട്.

അനിവാര്യമായ 20 വിശേഷണങ്ങൾ :

1) ഉണ്ടായിരിക്കുക.
2) ഉണ്ടാവലിനു തുടക്കം ഇല്ലാതിരിക്കുക.
3) ഉണ്ടാവലിന് അന്ത്യമില്ലാതിരിക്കുക
4) സൃഷ്ടികളോട് എല്ലാ നിലക്കും വിത്യാസപ്പെട്ടവനായിരിക്കുക
5) സ്വയം നില നിൽക്കുക
6) ഏകത്വം
7) കഴിവ്
8) ഉദ്ദേശം
9) അറിവ്
10) ജീവിച്ചിരിക്കുക
11) കേൾവി
12) കാഴ്ച
13) സംസാരം
14) കഴിവുള്ളവനായിരിക്കുക
15) ഉദ്ദേശമുള്ളവനായിരിക്കുക
16) അറിവുള്ളവനായിരിക്കുക
17) ജീവിച്ചിരിക്കുന്നവനായിരിക്കുക
18) കേൾവിയുള്ളവനായിർക്കുക
19) കാഴ്ചയുള്ളവനായിരിക്കുക
20) സംസാരിക്കുന്നവനായിരിക്കുക

ഇമാം അഹ്‌മദുൽ മർസൂഖി(റ) യുടെ താഴെ വരികൾ ഈ 20 സിഫത്തുകൾ എളുപ്പത്തിൽ മന:പാഠമാക്കുന്നതിന് ഉപകരിക്കും

ബാക്കി ഭാഗം അടുത്തബുള്ളറ്റിനിൻ ..ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 43

Wednesday, July 1, 2009

ബുള്ളറ്റിൻ-42 അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ

വുളു ഇല്ലാത്തവർക്ക് ആറ് കാര്യങ്ങൾ ഹറാമാകും


1) നിസ്കാരം

2) സുജൂദ്

3) ജുമുഅയുടെ ഖുതുബ

4) മുസ്‌ഹഫ് തൊടൽ

5) മുസ്‌ഹഫ് ചുമക്കൽ


വലിയ അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ


1) ചെറിയ അശുദ്ധികൊണ്ട് ഹറാമാകുന്ന മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും

2) പള്ളിയിൽ താമസിക്കുക

3) ഖുർ ആൻ ഓതുക

4) ഹൈള് ,നിഫാസ് എന്നിവയുള്ളപ്പോൾ (മുകളിൽ പറഞ്ഞവക്ക് പുറമെ) ത്വലാഖ്, സംയോഗം ,നോമ്പ് എന്നിവയും ഹറാമാകുംവുളൂഇനു ശേഷം ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണംأَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 42

Related Posts with Thumbnails