Wednesday, June 17, 2009

ബുള്ളറ്റിൻ-33-വിസർജ്ജന മര്യാദകൾ-1

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിസർജ്ജന മര്യാദകൾ-1


മൃഗങ്ങളെപ്പോലെ വിസർജ്ജനം ചെയ്യുന്നത് മനുഷ്യന് യോജിച്ചതല്ല. പല മര്യാദകളും അതിനുമുണ്ട്. ഒരിക്കൽ സൽമാനുൽ ഫാരിസ് (റ)നോട് ബഹുദൈവ വിശ്വാസികൾ പരിഹാസരൂപത്തിൽ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാ‍രനായ മുഹമ്മദ് നബി(സ) മലമൂത്രവിസർജ്ജനം പോലുള്ള കാര്യങ്ങൾ വരെ നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതായി കാണുന്നുണ്ട്.’ അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ വലത് കൊണ്ട് ശൌച്യം ചെയ്യുന്നതും വിസർജ്ജന സമയത്ത് ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും അവിടുന്ന് നിരോധിച്ചിട്ടുണ്ട്. അപ്രകാരം തന്നെ കാഷ്ടം, എല്ല് എന്നിവ കൊണ്ട് ശൌച്യം ചെയ്യരുതെന്ന് കല്പിക്കുകയും ചെയ്തിട്ടുണ്ട്. (മുസ്‌ലിം)

വിസർജ്ജനത്തിൽ പോലും മത ശാസനകളുണ്ടോ എന്ന പരിഹാസപൂർവ്വമുള്ള ചോദ്യത്തിന് ഉണ്ടെന്നും, അത് കൊണ്ട് ഭൌതികവും പാരത്രികവുമായ നേട്ടങ്ങൾ ലഭിക്കുമെന്നും വ്യക്തമാക്കുകയാണ് സൽമാനുൽ ഫാരിസ് (റ ) ചെയ്തത്.

കക്കൂസിലേക്ക് (വിസർജ്ജന സ്ഥലത്തേക്ക് )പ്രവേശിക്കുന്നതിനു മുമ്പ് ഖുർ ആൻ, ഹദീസ്, ദിക്‌ർ , അല്ലാഹു, റസൂൽ തുടങ്ങിയ വന്ദിക്കപ്പെടുന്ന നാമങ്ങൾ എഴുതിയ സാധനങ്ങൾ ഒഴിവാക്കേണ്ടതാണ്. വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടത് കാൽ മുന്നിൽ വെക്കണം. മലമൂത്ര വിസർജ്ജനാവശ്യത്തിനല്ലെങ്കിലും വിസർജ്ജനസ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടത് കാലാണ് മുന്തിക്കേണ്ടത്. പാദരക്ഷ ധരിക്കണം. തലമറക്കലും സുന്നത്താണ്. സുന്നത്ത് ലഭിക്കുന്നതിനു പുറമെ രോഗാണുക്കളെ തടയാനും ചെരിപ്പും തലപ്പാവും (തലമറക്കുന്നതും ) ഉപകരിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നുണ്ട്.

വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് (കക്കൂസിന്റെ പുറത്ത് വെച്ച് ) ഇങ്ങിനെ ചൊല്ലണം.

بِاسْمِ اللهِ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبٰائِثِ
അർത്ഥം :

‘അല്ലാഹുവിന്റെ നാമം സ്മരിച്ചുകൊണ്ട് , നഥാ ..അശുദ്ധിയിൽ നിന്നും *അശുദ്ധ വസ്തുക്കളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.’

കക്കൂസ് എല്ലാ അശുദ്ധ വസ്തുക്കളുടെയും സങ്കേതമാണല്ലോ.അശുദ്ധിയിൽ നിന്നും അശുദ്ധ വസ്തുക്കളിൽ നിന്നും അല്ലാഹുവിനോട് രക്ഷ നേടാൻ മനുഷ്യൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. കക്കൂസിലേക്ക് പ്രവേശിച്ച ശേഷമാണ് ഈ ദിക്‌റിന്റെ കാര്യം ഓർത്തതെങ്കിൽ മനസ്സിൽ ചൊല്ലുകയല്ലാതെ നാവു കൊണ്ട് ഉച്ചരിക്കരുത്. ( *വിസർജ്ജന സ്ഥലം എല്ലാ പിശാചുക്കളുടെയും വാസസ്ഥലവും കൂടിയാണ് . ഇവിടെ അശുദ്ധ വസ്ഥുക്കളിൽ നിന്നുള്ള രക്ഷ തേടൽ കൊണ്ട് ഉദ്ദേശിക്കുന്നത് ആൺ/പെൺ പിശാചുക്കളിൽ നിന്നും മറ്റ് രോഗാണുക്കൾ ഉൾപ്പെടെയുള്ള എല്ലാ മാല്യന്യങ്ങളിൽ നിന്നുമാണെന്ന വിശാലമായ അർത്ഥമാണെന്ന് പണ്ഡിതന്മാർ വിവരിക്കുന്നു )

അനുബന്ധകാര്യങ്ങൾ അടുത്ത ബുള്ളറ്റിനിൽ ..ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 33 , PDF ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്

1 comment:

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails