Sunday, May 31, 2009

18-അഖ്വീഖ


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅഖ്വീഖ


കുഞ്ഞ് ജനിക്കുമ്പോൾ സന്തോഷപ്രകടനമായി അറുക്കപ്പെടുന്ന മൃഗത്തിനാണ് ‘അഖ്വീഖ’ എന്ന് പറയുന്നത്.ഈ അറവ് , പ്രസവിച്ച് ഏഴാം നാളിൽ സൂര്യോദയ സമയത്ത്, കുഞ്ഞിന് പേരിട്ട ശേഷം മുടി കളയുന്നതിന് മുമ്പാവലാണ് സുന്നത്ത്. പ്രസവത്തിനും പ്രായപൂർത്തിക്കുമിടയിൽ ഏത് സമയത്തും അനുവദനീയമാണ്. കുഞ്ഞ് മരണപ്പെട്ടാലും അഖീഖ സുന്നത്തുണ്ട്.


ആൺകുട്ടിക്ക് വേണ്ടി രണ്ട് ആടുകളെയും പെൺകുട്ടിക്ക് വേണ്ടി ഒരു ആടിനെയും അറുക്കണം. ഒട്ടകം, മാട് എന്നിവ അറുക്കുന്നതും സുന്നത്താണ്. എല്ലുകൾ പരമാവധി പൊട്ടിക്കാതിരിക്കിലും മാംസം വേവിച്ച് പാവങ്ങൾക്ക് എത്തിച്ച് കൊടുക്കലും ശ്രേഷ്‌ഠമാണ്.


മാംസം വേവിക്കുമ്പോൾ അല്‌പം മധുരം ചേർക്കലും അഖ്വീഖയുടെ വലത് കാൽ മുഴുവനായി പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീക്ക് ദാനം ചെയ്യലും സുന്നത്താണ്. അഖ്വീഖ മാംസം പച്ചയായി (വേവിക്കാതെ )വിതരണം ചെയ്യൽ നിർബന്ധമില്ല. അറുക്കുനതിന് പ്രത്യേക സമയ നിബന്ധനകളില്ലെങ്കിലും രാവിലെ അറുക്കൽ പ്രത്യേക സുന്നത്തുണ്ട്.

അറുക്കുന്ന സമയത്ത് ഇങ്ങിനെ പറയണം:


( بِاسْمِ اللهِ وَاللهُ أَكْبَرْ اَللَّهُمَّ لَكَ وَإِلَيْكَ. اَللَّهُمَّ هٰذِهِ عَقِيقَةُ ( اِبْنِي محمد شبلي


(ബ്രായ്കറ്റിലുള്ളത് ഉദാഹരണമാണ്. അവിടെ ആൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനുശേഷം തന്റെ കുട്ടിയുടെ പേര് പറയുക. പെൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനു പകരം ‘ ബിൻ തീ ‘ എന്നും കുട്ടിയുടെ പേരും പറയുക )രക്ഷിതാവ് ‘അഖീഖ’ അറുത്തിട്ടില്ലെങ്കിൽ പ്രായ പൂർത്തിയായതിനു ശേഷം വ്യക്തി തന്റെ ‘അഖ്വീക’ അറുത്താലും സുന്നത്ത് ലഭ്യമാവും.


മറ്റു വിഷയങ്ങളിലെല്ലാം ഉള്ഹിയ്യത്തിന്റെ നിയമങ്ങൾ തന്നെയാണ്. (ബുള്ളറ്റിൻ -17 - ഉള്ഹിയ്യത്ത് ) വിവരിച്ചത് കാണുക.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهIslamic Bulletin # 18

Saturday, May 30, 2009

17-ഉള്ഹിയ്യത്ത്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم

ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഉള്ഹിയ്യത്ത്


ബലിപെരുന്നാ‍ാളിനോടനുബന്ധിച്ച് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ച് അറുക്കപ്പെടുന്ന ബലിമൃഗത്തെക്കുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.


ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൽ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്‌അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്.


യാത്രക്കാരനും ഹജ്ജ് ചെയ്യുന്നവനും ഇത് സുന്നത്താണ്.


അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ. എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.


മാട് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽ ആടിന്റെ കാര്യത്തിൽ ഇത് പറ്റില്ല. തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.


ഉള്ഹിയ്യത്ത് സാധുവാകുന്നതിന് നിയ്യത്ത് ആവശ്യമാണ്. അറവ് നടത്തുന്ന സമയത്തോ അറവ് മൃഗത്തെ നിർണയിക്കുന്ന അവസരത്തിലോ നിയ്യത്ത് ചെയ്യാവുന്നതാണ്. “സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.


ഉള്ഹിയ്യത്തിൽ നിന്ന് അല്‌പം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ. പക്ഷെ ബറക്കത്തിനു വേണ്ടി അല്‌പം മാത്രം എടുത്ത് ബാക്കി മുഴുവൻ ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണ് നൽകേണ്ടത്. ബലിയറുക്കുന്നവനെടുക്കുന്ന ഈ അല്പം കരളിൽ നിന്നാകുന്നതാണ് കൂടുതൽ ഉത്തമം.


ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിന്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകാ‍ൻ അയാൾ ബാധ്യസ്ഥനായിരിക്കും.


സുന്നത്തായ ഉള്ഹിയ്യത്തിന്റെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം. ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.


ഉള്‌ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.


സുന്നത്തുകൾ :


ബലിയറുക്കാനുദ്ദേശിക്കുന്നവർ , ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.


തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൽ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക് നേരെ തിരിക്കലും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നി നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.


ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.


ബലി മൃഗത്തിന്റെ നിറത്തിന്റെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.


ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സക്കാത്തല്ലാത്ത ദാ‍ന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല.


ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهIslamic bulletin # 17
Thursday, May 28, 2009

16-മുസ്‌ലിമിന്റെ ബാധ്യതകൾ

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم


ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينമുസ്‌ലിമിന്റെ ബാധ്യതകൾമുസ്‌ലിംകൾ പരസ്‌പരം അനുവർത്തിക്കേണ്ട ചില മര്യാദകൾ:

തമ്മിൽ കണ്ടാൽ സലാം ചൊല്ലുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, തുമ്മിയ ശേഷം (തുമ്മിയ വ്യക്തി ) الحمد لله അൽഹംദുലില്ലാഹ് എന്നു പറഞ്ഞാൽ (അത് കേട്ടയാൾ )

يرحمك الله യർഹമുകല്ലാഹ് എന്നു പറയുക, രോഗിയായാൽ സന്ദർശിക്കുക മരിച്ചാൽ ജനാസയിൽ പങ്കെടുക്കുക, ഉപദേശമാവശ്യപ്പെട്ടാൽ ഉപദേശിക്കുക, അഭാവത്തിലും നന്മ പറയുക, തനിക്കിഷ്ടമുള്ളത് മറ്റുള്ളവർക്കും ഉണ്ടാവാൻ ഇഷ്ടപ്പെടുക, താൻ വെറുക്കുന്നത് തന്റെ സഹോദരനുണ്ടാകുന്നതും വെറുക്കുക, വാക്ക്, പ്രവൃത്തി തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക, വിനയത്തോടെ പെരുമാറുക, ഏഷണി പരദൂഷണം പറയാതിരിക്കുക, മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കാതിരിക്കുക, അനുവാദമില്ലാതെ അന്യന്റെ വീട്ടിലേക്ക് കയറാതിരിക്കുക, വൃദ്ധരെ ബഹുമാനിക്കുകയും കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക, എല്ലാവരോടും മുഖ പ്രസന്നതയോടെയും സന്തോഷത്തോടെയും പെരുമാറുക, വാഗ്‌ദാനം പാലിക്കുക, നീതി പുലർത്തുക, പിണങ്ങി നിൽക്കുന്നവർക്കിടയിൽ മസ്‌ലഹത്തുണ്ടാക്കുക, മുസ്‌ലിംകളുടെ ന്യൂനതകളും പോരായ്മകളും പറഞ്ഞു പ്രചരിപ്പിക്കാതിരിക്കുക, തെറ്റിദ്ധാരണകളുണ്ടാക്കുന്ന പ്രവൃത്തികളിൽ പങ്കാളിയാവാതിരിക്കുക, ആവശ്യ നിർവഹണത്തിനു പറ്റുമെങ്കിൽ ശുപാർശ ചെയ്യുക, പരസ്‌പരം ഹസ്തദാനം ചെയ്യുക, ധനികരോടും ദരിദ്രരോടും ഒരു പൊലെ പെരുമാറുക, പ്രായം ചെന്നവരെയും നേതാക്കന്മാരെയും പണ്ഡിതന്മാരെയും ആദരിച്ച് (ഇരിപ്പിടത്തിൽ നിന്ന് ) എഴുന്നേറ്റ് നിൽക്കുക എന്നിവയെല്ലാം പരസ്‌പരം പാലിക്കേണ്ട മര്യാദകളിൽ ചിലതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهIslamic Bulletin # 16

Wednesday, May 27, 2009

15-അഹ്‌ലുൽ കിതാബ്


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅഹ്‌ലുൽ കിതാബ്അഹ്‌ലുൽ കിതാബ്
; തൌറാത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന ജൂതന്മാരും , ഇഞ്ചീലിന്റെ വക്താക്കളെന്നവകാശപ്പെടുന്ന കൃസ്ത്യാനികളുമാണ്.


ജൂതന്മാർ ഇഞ്ചീലിനെയും ഖുർആനിനെയും തിരസ്‌കരിച്ചതുകൊണ്ടും, കൃസ്ത്യാനികൾ ഖുർആനിനെ തിരസ്‌കരിച്ചത് കൊണ്ടും ഇസ്‌ലാമിക ദൃഷ്ട്യാ അവിശ്വാസികളാണ്. യഥാർത്ഥ വേദ ഗ്രന്ഥങ്ങളിൽ അവരുടെ പുരോഹിതന്മാർ കാലാന്തരേണ മാറ്റത്തിരുത്തലുകൾ വരുത്തിയത് കൊണ്ട് അവ അവിശ്വസനീയങ്ങളുമാണ്.


അഹ്‌ലുൽ കിതാബിൽ പെട്ട പുരുഷന്മാർക്ക് മുസ്‌ലിം സ്‌ത്രീകളെ വിവാഹം ചെയ്ത് കൊടുക്കാൻ പാടില്ല. പക്ഷെ അഹ്‌ലുൽ കിതാബുകാരിയായ സ്‌ത്രീയെ താഴെ പറയുന്ന ഉപാധികളോടെ മുസ്‌ലിംകൾക്ക് വിവാഹം ചെയ്യാവുന്നതാണ്.


അവൾ ഇസ്‌റാഈൽ സന്തതികളിൽ പെട്ടവളെങ്കിൽ അവളുടെ പൂർവ്വ പിതാവ് അവളുടെ മതത്തിൽ പ്രവേഷിച്ചത് അത് ദുർബലപ്പെട്ടതിനു ശേഷമാണെന്ന് അറിയപ്പെടാതിരിക്കുക.


ഇസ്‌റാഈൽ സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ പ്രഥമ പിതാവ് അവളുടെ മതത്തിൽ പ്രവേഷിച്ചത് അത് ദുർബലപ്പെടുത്തുന്നതിന് മുമ്പാ‍ണെന്ന് അറിയപ്പെടുക. ഇതാണ് വിവാഹത്തിനുള്ള ഉപാധികൾ.


ത്വലാഖ്, ചിലവ്, വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ അഹ്‌ലുൽ കിതാബിയായ സ്ത്രീ മുസ്‌ലിം സ്ത്രീയെപ്പോലെതന്നെയാണ്.


മേൽ പറഞ്ഞ നിബന്ധനകളുള്ള ജൂത കൃസ്ത്യാനികൾ അറുത്ത ഭക്ഷ്യയോഗ്യമായ മൃഗങ്ങളും അനുവദനീയമാണ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 15

Tuesday, May 26, 2009

14-സംഗീതം

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم


ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينസംഗീതം


സംഗീതം കൊണ്ട് ദോഷത്തിലേക്ക് നയിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ അത്തരം സംഗീതം (ഉപകരണമില്ലെങ്കിലും ) ഹറാമാണ്.

ഹറാമായ നോട്ടമോ മറ്റു വല്ല കുഴപ്പമോ ഉണ്ടാവുമെന്നുണ്ടെങ്കിൽ അന്യസ്ത്രീയുടെ സംഗീതം കേൾക്കൽ ഹറാ‍മാണ്. യാതൊരു ഉപകരണവും കൂടാതെയായാലും ശരി.


ഇത്തരം യാതൊരു കുഴപ്പവുമില്ലെങ്കിൽ തന്നെയും അന്യസ്ത്രീയുടെ സംഗീതം ശ്രദ്ധിയ്ക്കൽ ശക്തിയായ കറാഹത്താണ്.


എന്നാൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംഗീതം സ്ത്രീ പുരുഷ ഭേതമന്യേ (ആലപിക്കലും കേൾക്കലും ) നിരുപാധികം പാടില്ലാത്തതാണ്.


സംഗീതോപകരണങ്ങൾ ഉപയോഗിക്കാത്തതും അന്യസ്ത്രീ പുരുഷന്മാർ കൂടിക്കലരാത്തതും നോക്കൽ ഹറാമായത് നോക്കാത്തതുമായ നിലയിൽ സംഗീതം കേൾക്കൽ അനുവദനീയമാണ്.


( ഈ വിഷയം വിശദമായി ശർവാനി 10:220 വിവരിച്ചിട്ടുണ്ട് )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 14

Monday, May 25, 2009

13-ഓത്തിന്റെ സുജൂദ് (2)

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഓത്തിന്റെ സുജൂദ് (2)ഓത്തിന്റെ സുജൂദ് (1) ഇവിടെ


ഈ സുജൂദിന്റെ സുന്നത്തുകൾസുജൂദ് നിസ്‌കാരത്തിലല്ലെങ്കിൽ നിയ്യത്ത് ഉച്ചരിക്കുക.നിസ്‌കാരത്തിലാണെങ്കിൽ നാവുകൊണ്ട് പറയാതെ മനസ്സിൽ കരുതുക. നിസ്‌കാരത്തിനു പുറത്താകുമ്പോൾ തക്‌ബീറുൽ ഇഹ്‌റാമിന്റെ സമയത്ത് ഇരു കയ്യും ചുമലിനു നേരെ ഉയർത്തുക. സുജൂദിലേക്ക് കുനിയുമ്പോഴും അത് കഴിഞ്ഞുയരുമ്പോഴും കൈ ഉയർത്താതെ തക്‌ബീർ ചൊല്ലുക. സലാമിനു വേണ്ടി ഇരിക്കുക. നിസ്‌കാരത്തിലാണെങ്കിൽ സുജൂദ് കഴിഞ്ഞുള്ള വിശ്രമ ഇരുത്തം (ഇസ്‌തിറാഹത്തിന്റെ ഇരുത്തം ) ഒഴിവാക്കലും സുജൂദ് കഴിഞ്ഞ് നിർത്തത്തിലെത്തിയാൽ അല്‌പം കൂടി ഓതലും സുന്നത്താണ്.

ഓത്തിന്റെ സുജൂദിൽ ചൊല്ലേണ്ട ദിക്‌ർ :


سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهIslamic Bulletin # 13Sunday, May 24, 2009

12-ഓത്തിന്റെ സുജൂദ് (1)

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഓത്തിന്റെ സുജൂദ്


സജ്‌ദയുടെ ആയത്ത് പാരായണം ചെയ്റ്റ ആൾക്കും അത് ശ്രവിച്ചയാൾക്കും മാത്രമായി സുന്നത്തുള്ള സുജൂദാണ് ഓത്തിന്റെ സുജൂദ്. ഇത് നിസ്‌കാ‍രത്തിലും അല്ലാത്ത സമയത്തും സുന്നത്തുണ്ട്. നിസ്‌കരിക്കുന്നവൻ തന്റെ ഇമാമല്ലാത്ത അന്യർ ഓതുന്നത് കേട്ട് സുജൂദ് ചെയ്യാൻ പാടില്ല. നിസ്‌കാരം ബാത്വിലാകും. ജമാഅത്തായി നിസ്‌കരിക്കുമ്പോൾ ഇമാം സുജൂദ് ചെയ്‌താൽ മാത്രമേ മഅ്മൂം സുജൂദ് ചെയ്യാവൂ. ഇമാം ഓത്തിന്റെ സുജൂ‍ദിലേക്ക് പോയതറിഞ്ഞിട്ടും മഅ്മൂം സുജൂദ് ചെയ്യാതിരുന്നാൽ അവന്റെ നിസ്‌കാരം നിഷ്‌ഫലമാകും.

പതുക്കെ ഓതുന്ന നിസ്‌കാരങ്ങളിൽ ഓത്തിന്റെ സുജൂദിനെ നിസ്‌കാ‍രത്തിൽ നിന്നും വിരമിക്കുന്നത് വരെ പിന്തിക്കൽ ഇമാമിനു സുന്നത്താണ്.

ഓത്തിന്റെ സുജൂദിന്റെ നിബന്ധനകൾ :

അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക, സ്ഥലം , വസ്‌ത്രം, ശരീരം എന്നിവ നജസിൽ നിന്നും ശുദ്ധിയായിരിക്കുക, ഔറത്ത് മറയ്ക്കുക, ആയത്തിൽ നിന്നും വിരമിക്കുക, ഖിബ്‌ലക്ക് മുന്നിടുക, ആയത്തോതി തീർന്നതിനും സുജൂദിനും ഇടയിൽ വലിയ ഇടവേളയില്ലാതിരിക്കുക എന്നിവയെല്ലാം ശർത്വുകൾ (നിബന്ധനകൾ )ആണ്.


ഫർളുകൾ :

ഓത്തിന്റെ സുജൂദ് ചെയ്യുന്നത് നിസ്‌കാരത്തിലാണെങ്കിൽ ഒരു സുജൂദ് ചെയ്യുക എന്ന ഒരു ഫർളേയുള്ളൂ.

നിസ്‌കാരത്തിനു പുറത്താകുമ്പോൾ നാലു ഫർളുകൾ ഉണ്ട് ; നിയ്യത്ത് ചെയ്യുക, തക്‌ബീറത്തുൽ ഇഹ്‌റാം ചെയ്യുക, ഒരു സുജൂദ് നിർവഹിക്കുക, സലാം വീട്ടുക എന്നിവയാണവ.

സൂന്നത്തുകളും ,ദുആയും അടുത്ത ബുള്ളറ്റിനിൽ .. ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آل
ه

Islamic Bulletin # 12

Saturday, May 23, 2009

11-അല്ലാഹുവിന്റെ നാമങ്ങൾ

അല്ലാഹുവിന്റെ നാമങ്ങൾ


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹുവിന്റെ തിരുനാമങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത് .അല്ലാഹുവിന് 99 നാമങ്ങളുണ്ടെന്നും അവ അതിന്റെ അന്തസ്സാരത്തോടെ മന:പാഠമാക്കി ജീവിതത്തിൽ പകർത്തിയവർ സ്വർഗത്തിൽ പ്രവേശിക്കുമെന്നും സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ദിവസത്തിൽ ഒരിക്കലെങ്കിലും ഇത് ഉരുവിടുവാൻ സമയം കണ്ടെത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ.. آمين

أسماء الله الحسنى

بسم الله الرحمن الرحيم

هُوَ اللهُ الَّذِي لا إِلٰهَ إِلاٰ هُوَ جَلَّ جَلٰالُهُ الرَحْمٰنُ الرَحِيمُ اَلْمَلِكُ اَلْقُدُّوسُ السَّلاٰمُ اَلْمُؤْمِنُ اَلْمُهَيْمِنُ اَلْعَزِيزُ اَلْجَبّٰارُ اَلْمُتَكَبِّرُ اَلْخٰالِقُ اَلْبٰارِئُ اَلْمُصَوِّرُ اَلْغَفّٰارُ اَلْقَهّٰارُ اَلْوَهّٰـابُ الرَّزّٰاقُ الفَتّٰاحُ اَلْعَلِيمُ اَلْقٰابِضُ اَلْبٰاسِطُ اَلْخٰافِضُ الرّٰافِعُ اَلْمُعِزُّ اَلْمُذِلُّ السَّمِيعُ اَلْبَصِيرُ اَلْحَكَمُ اَلْعَدْلُ اللَّطِيفُ اَلْخَبِيرُ اَلْحَـلِيمُ اَلْعَظِـيمُ اَلْغَفُورُ الشَّكُورُ اَلْعَلِيُّ اَلْكَبِيرُ اَلْحَفِيظُ اَلْمُقِيتُ اَلْحَسِيبُ اَلْْجَلِيلُ اَلْْكَرِيمُ الرَّقِيبُ اَلْمُجِيبُ اَلْوَاسِعُ اَلْحَكِيمُ اَلْوَدُودُ اَلْمَجِيدُ اَلْبٰاعِثُ الشَّـهِيدُ اَلْحَقُّ اَلْوَكِيـلُ اَلْقَـوِيُّ اَلْمَتِينُ اَلْوَلِيُّ اَلْحَمِيـدُ اَلْمُحْصِي اَلْمُبْـدِئُ اَلْمُعِيدُ اَلْمُـحْيِي اَلْمُمِيتُ اَلْحَيُّ اَلْقَيُّومُ اَلْوٰاجِـدُ اَلْمٰاجِـدُ اَلْوٰاحِدُ اَلْأَحَـدُ اَلْفَرْدُ الصَّمَدُ اَلْقٰادِرُ الْمُقْتَدِرُ اَلْمُقَدِّمُ اَلْمُؤَخِّرُ اَلْأَوَّلُ اَلْآخِرُ الظّٰاهِرُ اَلْبٰاطِنُ اَلْوٰالِي اَلْمُتَعٰالِي اَلْبَرُّ التَّوّٰابُ اَلْمُنْتَقِمُ اَلْعَفُوُّ الرَّؤُوفُ مٰالِكُ الْمُلْكِ ذُو الْجَلاٰلِ وَالإِكْرٰامِ اَلْمُقْسِطُ اَلْجٰامِعُ اَلْغَنِيُّ اَلْمُغْنِي اَلْمٰانِعُ الضّٰارُّ النّٰافِعُ النُّورُ اَلْهٰادِي اَلْبَدِيعُ اَلْبَاقِي اَلْوَارِثُ الرَّشِـيدُ الصَّـبُورُ جَلَّ جَلاٰهُ.

لاٰ إِلٰهَ إِلاَّ اللهُ اَلْمَوْجُودُ فِي كُلِّ زَمٰانٍ ، لاٰ إِلٰهَ إِلاَّ اللهُ الْمَعْبُودُ فِي كُلِّ مَكٰانٍ ، لاٰ إِلٰهَ إِلاَّ اللهُ الْمَذْكُورُ بِكُلِّ لِسٰانٍ لاٰ إِلٰهَ إِلاَّ اللهُ الْمَعْرُوفُ بِالإِحْسٰانِ لاٰ إِلٰهَ إِلاَّ اللهُ كُلَّ يَوْمٍ هُوَ فِي شَأْنٍ لاٰ إِلٰهَ إِلاَّ اللهُ الأَمٰانُ الأَمٰانُ مِنْ زَوٰالِ الإِيمٰانِ وَمْنْ فِتْنَةِ الشَّيْطٰانِ يٰا قَدِيمَ الإِحْسٰانِ كَمْ لَكَ عَلَيْنٰا مِنْ إِحْسٰانٍ إِحْسٰانُكَ الْقَدِيمُ يٰا حَنّٰانُ يَا مَنّٰانُ يٰا رَحِيمُ يٰا رَحْمَنُ يٰا غَفُورُ يٰا غَفّٰارُ اغْفِرْ لَنٰا وَارْحَمْنٰا وَأَنْتَ خَيْرُ الرّٰاحِمِينَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ وَالْحَمْدُ للهِ رَبِّ الْعٰالَمِينَ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهIslamic Bulletin # 11

Wednesday, May 20, 2009

10-മയ്യിത്ത് നിസ്‌കാരം- ഭാഗം-03


بِسْمِ اللّهِ الرَّحْمـَنِ الرَّحِيم

ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മയ്യിത്ത് നിസ്‌കാരത്തിൽ നാലാം തക്‌ബീറിനു ശേഷം ചൊല്ലേണ്ടുന്ന ദുആ:


اَللّٰهُمَّ لاٰ تُحَرِّمْنٰا أَجْرَهُ وَلٰا تَفْتِنّٰا بَعْدَهُ وَاغْفِرْ لَنٰا وَلَهُ ، رَبَّنٰا آتِنٰا فِي الدُّنْيٰا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنٰا عَذٰابَ النّٰارْ.

അർത്ഥം
: നാഥാ ഈ മയ്യിത്തിന്റെ പേരിൽ നിസ്‌കരിച്ചതിന്റെ പ്രതിഫലം ഞങ്ങൾക്ക് തടയപ്പെടുകയും അനന്തരം ഞങ്ങളെ അബദ്ധത്തിലാക്കുകയും ചെയ്യരുത്. ഞങ്ങൾക്കും ഈ മയ്യിത്തിനും നീ മാപ്പു നൽകേണമേ. ഞങ്ങൾക്ക് ഇരു ലോകത്തും നീ നന്മ ചൊരിയേണമേ. ഞങ്ങളുടെ രക്ഷിതാവേ , നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ കാ‍ത്തുരക്ഷിക്കേണമേ.

മയ്യിത്ത് നിസ്‌കാരത്തിൽ പിന്തി തുടർന്നാൽ :

മയ്യിത്ത് നിസ്കാരത്തിൽ പിന്തിത്തുടർന്നവൻ തന്റെ ക്രമമനുസരിച്ച് ദിക്‌ർ ചൊല്ലണം. ഇമാം അടുത്ത തക്‌ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്ത തക്‌ബീറിലേക്ക് പോവണം. ഫാത്തിഹ പൂർത്തീകരിക്കേണ്ടതില്ല. ഇമാം സലാം വീട്ടിയാൽ ബാക്കിയുള്ള തക്‌ബീറുകൾ ദിക്‌റുകൾ സഹിതം ചെയ്ത് നിസ്‌കാരത്തെ പൂർത്തിയാക്കണം.

മയ്യിത്ത് നിസ്‌കാരത്തിന് ഇമാ‍മാവാൻ ബന്ധപ്പെട്ടവർ :

യഥാക്രമം മയ്യിത്തിന്റെ (മരണപ്പെട്ട ആളുടെ )പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദരന്റെ മകൻ, പിതൃവ്യൻ, പിതൃവ്യന്റെ മകൻ എന്നിവരാ‍ണവർ

ആദ്യ ഭാഗങ്ങൾ ബുള്ളറ്റിൻ 8 ലും , ബുള്ളറ്റിൻ 9 ലും വായിക്കുക

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 10

Tuesday, May 19, 2009

9- മയ്യിത്ത് നിസ്‌കാരം - ഭാഗം-02

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മയ്യിത്ത് നിസ്‌കാരത്തിൽ മൂന്നാം തക് ബീറിനു ശേഷം ചൊല്ലേണ്ടുന്ന ദുആ:

കഴിഞ്ഞ ബുള്ളറ്റിനിൽ (ബുള്ളറ്റിൻ 8 ) വിവരിച്ച പോലെ, ആദ്യത്ത തക്‌ബീറിനു ശേഷം ഫാത്വിഹ ഓതൽ, രണ്ടാം തക്‌ബീറിനു ശേഷം നബി صلى الله عليه وسل യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ എന്നിവക്ക് ശേഷം മൂന്നാം തക്‌ബീറിനു ശേഷം ചൊല്ലേണ്ട ദുആ താഴെ

اَللّٰهُمّ اغْفِرْ لَهُ وَارْحَمْهُ وَاعْفُ عَنْهُ وَعٰافِهِ وَأَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَاغْسِلْهُ بِالْمٰاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطٰايا كَمٰا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دٰاراً خَيْراً مِنْ دٰارِهِ وَأَهْلاً خَيْراً مِنْ أَهْلِهِ وَزَوْجاً خَيْراً مِنْ زَوْجِهِ وَجِيرٰاناً خَيْراً مِنْ جِيرٰانِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذٰابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذٰابِ النّٰارْ.

അർത്ഥം
: നാഥാ , ഈ മയ്യിത്തിനു് നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും ഇവൻ താമസിക്കുന്ന സ്ഥലത്തെ ആദരിക്കുകയും ഖബ്‌റിനെ വിശാലമാക്കുകയും ചെയ്യേണമേ. ശുദ്ധ ജലം കൊണ്ടും മഞ്ഞ് കൊണ്ടും തണുത്ത വെള്ളം കൊണ്ടും കുളിപ്പിക്കേണമേ, ശുഭവസ്ത്രത്തെ അലക്കിയെടുക്കും പ്രകാരം പാപങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യേണമേ, സ്വന്തം വീടിനേക്കാൾ ഉത്തമമായ വീടിനെയും കുടുംബത്തേക്കാൾ ഉത്തമമായ കുടുംബത്തെയും ഇണയേക്കാൽ ഉത്തമമായ ഇണയേയും ഇവിടുത്തെ അയൽ വാസികളേക്കാൾ നല്ല്ല അയൽ വാസികളെയും പകരമായി നൽകേണമേ, ഇദ്ദേഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ഖബ്‌റിൽ നിന്നും അതിന്റെ ആ‍പത്തുകളിൽ നിന്നും കാത്തു രക്ഷിക്കുകയും നരക ശിക്ഷയിൽ നിന്നും സംരക്ഷണം നൽ കുകയും ചെയ്യേണമേ

ബാക്കി ഭാഗം അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 9

Monday, May 18, 2009

8-മയ്യിത്ത് നിസ്കാരം - ഭാഗം-01

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മയ്യിത്ത് നിസ്കാരം -ഭാഗം-1

മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രത്യേക നിസ്‌കാരമാണിത് ഇതിന്റെ ശർഥുകൾ 6 കാര്യങ്ങളാണ്.

1) നിസ്‌കരിക്കുന്നവൻ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കുക. 2) നജസിൽ നിന്ന് ശുദ്ധിയായിരിക്കുക. 3) ഔറത്ത് മറക്കുക. 4) ഖിബ്‌ലക്ക് മുന്നിടുക 5) മയ്യിത്തിനെ കുളിപ്പിച്ചതിനു ശേഷമായിരിക്കുക. മയ്യിത്ത് കുളിപ്പിക്കാൻ പറ്റാത്ത വിധം വികൃതമാവുകയും കുളിപ്പിക്കലും തയമ്മും ചെയ്യലും പ്രയാസമാവുകയും ചെയ്‌താൽ നിസ്‌കരിക്കാൻ പാടില്ല. 6) മുമ്പിലുള്ള മയ്യിത്തിനു മേൽ (മയ്യിത്തിനു വേണ്ടി )നിസ്‌കരിക്കുമ്പോൾ മയ്യിത്തിന്റെ പിന്നിൽ നിൽക്കുക. മയ്യിത്തിനേക്കാൾ മുന്തി നിൽക്കാൻ പാടില്ല. ഇമാമിനെ പോലെ പരിഗണിക്കണമെന്നർത്ഥം

ഫർളുകൾ

1) നിയ്യത്ത്: (മയ്യിത്ത് മുമ്പിലുണ്ടെങ്കിൽ, ഈ മയ്യിത്തിനെന്നും ,മറഞ്ഞ മയ്യിത്താണെങ്കിൽ ആ നിശ്ചിത മയ്യിത്തെന്നും വ്യക്തമാക്കുക. ) 2) നിൽക്കാൻ കഴിവുള്ളവർ നിൽക്കൽ 3) നാല് തക്‌ബീർ ചൊല്ലൽ 4) ആദ്യത്ത തക്‌ബീറിനു ശേഷം ഫാത്വിഹ ഓതൽ 5) രണ്ടാം തക്‌ബീറിനു ശേഷം നബി صلى الله عليه وسل യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ 6) മൂന്നാം തക്‌ബീറിനു ശേഷം മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കൽ 7 ) നാലാം തക്‌ബീറിനു ശേഷം സലാം വീട്ടൽ

സുന്നത്തുകൾ

പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു ) ഒഴിവാക്കുക. പതുക്കെയോതുക. ഇമാം തക്‌ബീറും സലാമും ഉറക്കെ പറയുക. സ്വലാത്ത് ഇബ്‌റാഹീമിയ്യ ഓതുക. സ്വലാത്തിന്റെ ആദ്യം ഹംദും, അവസാനം മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും കൊണ്ട് വരിക. നാലാം തക്‌ബീറിനു ശേഷം ‘ അല്ലാഹുമ്മ ലാ തഹ് രിം നാം അജ്റഹു .... എന്ന പ്രാർത്ഥന ചൊല്ലുക. രണ്ട് സലാമും വീട്ടുക .( പൂർണ്ണ രൂപം السلام عليكم ورحمة الله وبركاته ) . നിസ്‌കാരം പള്ളിയിൽ വെച്ചായിരിക്കൽ. ജമാ അത്തായി നിസ്‌കരിക്കൽ, ഇമാമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും പുരുഷന്റെ (മയ്യിത്തിന്റെ ) തലയുടെ അടുത്ത് നിൽക്കലും , സ്തീയുടെ (മയ്യിത്തിന്റെ ) അരക്കെട്ടിന്റെഭാഗത്ത് നിൽക്കലും

ദുആകളുടെ രൂപം അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 8 ; PDF file - click here to download

Sunday, May 17, 2009

7- തൌഹീദ് -ശിർക്ക്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينതൌഹീദ് -ശിർക്ക്


തൌഹീദ്തൌഹീദ് എന്നാൽ
إفراد المعبود بالعبادة مع اعتقاد وحدته ذاتا وصفاتا وأفعالا

(സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു ഏകനാണെന്നു സുദൃഢമായി ഉറച്ച് വിശ്വസിക്കുന്നതോട് കൂടി അവന്നു മാത്രം ഇബാദത്ത് / ആരാധന ചെയ്യുക ) എന്നതാണ്.


ശിർക്ക്ശിർക്ക് വെക്കുക (അല്ലാഹുവിനോട് പങ്കുചേർക്കുക )എന്നാൽ
إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما للوثنية

(ഇലാ‍ഹായിരിക്കുക എന്ന സ്ഥാനത്തിൽ അല്ലാഹുവിന്നു പങ്കാളിയെ സ്ഥാപിക്കുക.

ഇലാഹായിരിക്കുക എന്നതിന് രണ്ട് വിധം അർത്ഥമുണ്ട് (ഒന്ന്) ഉണ്ടായിരിക്കുക എന്നത് അനിവാര്യമായിരിക്കൽ. അതായത് ഉണ്ടാവാതിരിക്കുക എന്ന ഒരു അവസ്ഥ അല്ലാഹുവിൽ ഒരിക്കലും വരാൻ പാടില്ലാത്തപോലെ തന്നെ മറ്റ് ചിലതിന്നും ആ സ്ഥാനം കല്പിച്ചു കൊടുക്കുക. മജൂസികളുടെ (അഗ്നി ആരാധകരുടെ ) വിശ്വാസം അങ്ങിനെയാണ്.


(രണ്ട് ) ഇബാദത്ത് ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിനു മാത്രമല്ല , മറ്റു ചില വസ്തുക്കളും അതിന്ന് അർഹതയുള്ളതാണ് എന്ന് വിശ്വസിക്കൽ .(ബിംബാരാധകരുടെ വിശ്വാസം ഇതാണ് )

അല്ലാഹു അല്ലാത്ത ആരെല്ലാം നമ്മെ സഹായിക്കുന്നുവെങ്കിലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ അത് ഉണ്ടാവുകയുള്ളൂ‍. അത് തടയാനും അല്ലാഹുവിന്ന് കഴിയും.

അല്ലാഹുവിന്റെ സഹായത്തിന് മറ്റാരുടെയും ഉദ്ദേശ്യം വേണ്ടതില്ല. ആർക്കും അത് തടയാ‍ൻ സാധ്യവുമല്ല. ഇതാണ് സ്വയം പര്യാപ്‌തത കൊണ്ടുള്ള വിവക്ഷ. ഇതാണ് അല്ലാഹുവിന്റെ പ്രത്യേക വിശേഷണം. ഈ പ്രത്യേകത മറ്റൊരാൾക്ക് വക വെച്ച് കൊടുക്കുമ്പോഴാണ് സൃഷ്ടിയെ ദൈവമാക്കലാകുന്നത്.

ഇബാദത്ത് അല്ലാഹുവിന്ന് മാത്രമാകണം. അല്ലാഹുവിന്നും മറ്റ് വസ്തുവിനും കൂടിയാവുമ്പോൾ ശിർക്ക് ആയി. മറ്റ് വസ്തുവിന്ന് മാത്രമാവുമ്പോൾ കുഫ്‌റും. ആർക്കും ഇബാദത്ത് ചെയ്യുന്നില്ലെങ്കിലും കുഫ്‌ർ തന്നെ. നിരീശ്വര , നിർമത വാദികളെപോലെ.

അല്ലാഹു ആദരിച്ചവരെ ആദരിക്കുന്നതിനും അവരിൽ നിന്നും അവരുമായി ബന്ധപ്പെട്ടവരിൽ നിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നതും അവർക്കുള്ള ഇബാദത്തല്ല. ആദരവ് മാത്രമാണ്. ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതും കഅബ പ്രദക്ഷിണം ചെയ്യുന്നതും അവയ്ക്ക് ഇബാദത്ത് ചെയ്യുന്നതല്ലാത്തത് പോലെ.

ഏറ്റവു വിധേയത്വവും വണക്കവും അല്ലാഹുവിനേ നൽകാവൂ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മറ്റാർക്കും നൽകാൻ പാടില്ല. അത് ശിർക്കാണ്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവർക്ക് ചെയ്യുന്ന ഇബാദത്തും തന്നിമിത്തം ശിർക്കുമാണെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ എന്ന വിത്യാസമില്ല അവിടെ. മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നത് ശിർക്ക് തന്നെയാണ്.

ദൈവമാണെന്നതിന്റെ താത്പര്യം ഏറ്റവും വലിയ വണക്കവും വിധേയത്വവും അർപ്പിക്കപ്പെടാൻ അർഹൻ എന്നതാണ്. അപ്പോൾ ദൈവമായി പരിഗണിച്ചു കൊണ്ടുള്ള സഹായാർത്ഥനയും ദൈവീകതയുടെ ഭാഗമാണ്. ദൈവമാണെന്ന വിശ്വാസത്തോടെ അവർക്ക് മുന്നിൽ നിൽക്കലും പേരു വിളിക്കലും ശിർക്കാണ്. സഹായം ചോദിക്കലും വെറുതെ നിൽക്കലും ശിർക്കാകുന്നത് ദൈവമാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടാണ്. നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നതും അല്ലാഹുവിന്റെ പേർ വിളിക്കുന്നതും ഒന്നും മിണ്ടാതെ തന്നെ പള്ളിയിൽ താ‍മസിക്കുന്നതും (ഇഅ്തികാഫ് ) ഇബാദത്താണ്. കാരണം, അല്ലാഹു ദൈവമാണെന്ന വിശ്വാസത്തിന്റെ പരിണിതിയാണിതെല്ലാം. ദൈവമാണെന്ന വിശ്വാസം ഉണ്ടെങ്കിലേ ഏറ്റവും വലിയ വിധേയത്വവും വണാക്കവും അർപ്പിക്കാനാവൂ‍. ഒരു വസ്‌തു ദൈവമാണെന്ന വിശ്വാസത്തോടെ അതിനു വേണ്ടി ചെയ്യുന്നതും പറയുന്നതുമായ ഏതു കാര്യവും ഇബാദത്താണ്. അല്ലാഹു അല്ലാത്തവർക്കാ‍വുമ്പോൾ ശിർക്കും. ഇങ്ങിനെയാണെങ്കിൽ അല്ലാഹു ദൈവമാണെന്ന വിശ്വാസത്തോടെ ‘അല്ലാഹ്’ എന്ന വിളിയും, ലാത ദൈവ പുത്രിയാണെന്ന വിശ്വാസത്തോടെ ‘ലാതേ’ എന്ന വിളിയും വിളിക്കപ്പെട്ടവർക്കുള്ള ഇബാദത്ത് (ആരാധന) ആണ്.

നക്ഷത്രം, സൂര്യൻ, ചന്ദ്രൻ എന്നിവയെ നോക്കി ഇത് എന്റെ റബ്ബാണെന്ന് ഇബ്‌റാഹിം നബി عليه السلام പറഞ്ഞു. (അൽ-അൻ ആം : 76,77,78 ). അറുത്തു കഷണങ്ങളാക്കിയ പറന്നു വരാൻ ഇബ്‌റാഹിം നബി عليه السلام വിളിച്ചാവശ്യപ്പെട്ടു. (അൽ-ബഖറ : 260 ). ഹജറുൽ അസ്‌വദ് ചുംബിക്കാനും കൈകൊണ്ട് തൊട്ട് മുത്താനും ഇസ്‌ലാം നിർദ്ദേശിച്ചു. (ബുഖാരി (റ)). മാതാപിതാക്കളും സഹോദരന്മാരും യൂസുഫ് നബി عليه السلام ന് സുജൂദ് ചെയ്ത് വന്ദിച്ചിട്ടുണ്ട്. ( യൂസുഫ് :100 ). നബി صلى الله عليه وسلم യുടെ വഫാത്തിനു ശേഷം റൌദയിൽ വന്ന് അവിടുത്തോട് മഴ ആവശ്യപ്പെട്ടത് രണ്ടാം ഖലീഫയായ ഉമർ رضي الله عنه ശരിവെച്ചു. (അൽ-ബിദായത്തു വന്നിഹായ) . തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾ ഖുർ ആൻ കൊണ്ടും പ്രബലമായ ഹദീസുകളെ കൊണ്ടും തെളിഞ്ഞതാണ്.

അല്ലാഹു ഒഴികെ ഒരു വസ്തുവെ (ഏതൊന്നിനെയും)ദൈവമാണെന്ന വിശ്വാസത്തോടെ സമീപിക്കുന്നതേ ശിർക്കാവൂ എന്നും ആ വിശ്വാസമല്ലാത്ത സ്ഥിതിക്ക് വിളിക്കുന്നതോ സഹായം തേടുന്നതോ വരാൻ ആവശ്യപ്പെടുന്നതോ ചുംബിച്ച് തലോടുന്നതോ ശിർക്കല്ലെന്നും ജീവിതമോ മരണമോ വിത്യാസമില്ലെന്നും ഇതിൽ നിന്നു വ്യക്തമാണ്. ഈ പറഞ്ഞ സംഭവങ്ങളിലൊന്നും തന്നെ ഏറ്റവും വലിയ വിധേയത്വവും വണക്കവും അല്ലാഹുവിനല്ലാതെ അർപ്പിക്കുന്നില്ല.

സഹായം പരമവും അല്ലാത്തതും ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. രോഗം സുഖമാക്കാൻ നാം ഡോക്ടറുടെ സഹായം തേടുന്നു. അയാൾ സഹായിക്കുന്നു, ചികിത്സിക്കുന്നു. ഇതു പോലെ അല്ലാഹുവിനോട് ആവശ്യപ്പെടുന്നു. രോഗം സുഖമാക്കുന്നു. രോഗത്തിന്റെ കാരണം കണ്ട് പിടിച്ചു മരുന്ന് നിർദ്ദേശിക്കുകയാണ് ഡോക്റ്റർ ചെയ്യുന്നത്. ഇതിലുപരി ഒന്നും ചെയ്യാൻ ഡോക്ടർക്ക് കഴിയില്ല. ചികിത്സ പരാജയപ്പെട്ടാൽ ഡോക്ടർ നിസഹായനാണ്. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള രോഗ ശമനം, രോഗി അർഹിക്കുന്നെങ്കിൽ പരമമാണ്. പരാജയം എന്ന പ്രശ്നമില്ല. ഡോക്ടർക്ക് മരുന്നിന്റെ സഹായം വേണം. അല്ലാഹുവിന് അതിന്റെ ആവശ്യമില്ല. അപ്പോൾ അല്ലാഹുവിന്റ് സഹായം പരമമാണ്. അതിനപ്പുറം മറ്റൊന്നില്ല.

മഹാത്മക്കളോട് സഹായം ചോദിക്കൽ അനുവദനീയമായാൽ തന്നെ അല്ലാഹുവിനോട് ചോദിക്കലല്ലേ ഏറ്റവും നല്ലതെന്ന് സംശയിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ മഹാത്മക്കളോട് ചോദിക്കുന്നതും അവർ നൽകുന്നതുമായ സഹായം അല്ലാഹുവിൽ നിന്ന് തന്നെയാണ്. ഇത് വിശ്വസിക്കുമ്പോൾ പിന്നെ ഏറ്റവും നല്ലത് ഏതെന്ന സംശയ പ്രശ്നം ഉദിക്കുന്നില്ല. ബദ്‌ർ യുദ്ധത്തിൽ സ്വഹാബത്തിനെ സഹായിക്കാൻ അല്ലാഹു മലക്കുകളെ അയച്ചു. അവർ സഹായിച്ചു യുദ്ധം ജയിച്ചു. ഈ സഹായം അല്ലാഹുവിന്റെ സഹായം മാത്രമാണെന്നാണ് ഖുർ ആൻ പറഞ്ഞത് (ആലു ഇംറാൻ : 126 )

നമുക്ക് രോഗമുണ്ടായാൽ നാം അല്ലാഹുവിനോടു പ്രാർത്ഥിക്കുന്നു. ‘പടച്ചവനേ എന്റെ രോഗം നീ സുഖപ്പെടുത്തേണമേ’. എന്നാൽ അല്ലാഹുവോട് ചോദിക്കലാണ് ഏറ്റവും നല്ലത് എന്ന് പറഞ്ഞു നാം ഡോക്ടറെ സമീപിക്കാതിരിക്കുമോ ?وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 7 , പി.ഡി.എഫ്. ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം

Saturday, May 16, 2009

6- നജസ് ശുദ്ധിയാക്കേണ്ട രൂപം

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


നജസ് ശുദ്ധിയാക്കേണ്ട രൂപം


നജസായ സ്ഥലത്ത് തിരിച്ചറിയാവുന്ന വിധത്തിൽ നജസ് ശേഷിക്കുന്നുവെങ്കിൽ അത് നീക്കം ചെയ്യണം. അത് നീക്കം ചെയ്യാൻ ആവശ്യമായ സോപ്പ് പോലുള്ളവ ഉപയോഗിക്കലും നിർബന്ധമാണ്.

നജസിന്റെ നിറം, മണം എന്നിവയിൽ ഏതെങ്കിലുമൊന്ന് ശേഷിക്കുന്നത് കൊണ്ട് വിരോധമില്ല. രുചിയോ അല്ലെങ്കിൽ നിറവും മണവും രണ്ടും കൂടിയോ ശേഷിക്കുന്നുവെങ്കിൽ അത് അശുദ്ധമാണ്.

കുറഞ്ഞ വെള്ളമുപയോഗിച്ചാണ് ശുദ്ധീകരിക്കുന്നതെങ്കില്‍ അത് നജസുള്ള സ്ഥലത്തേക്ക് ഒഴിച്ചാണ് കഴുകേണ്ടത്. നജസുള്ള വസ്‌തു കുറഞ്ഞ വെള്ളത്തില്‍ മുക്കിയാല്‍ വെള്ളവും നജസാകുന്നതാണ്.

വായിലോ ബക്കറ്റ് പോലുളളവയിലോ നജസായാല്‍ വെള്ളം അവയില്‍ ഒഴിച്ച് എല്ലാ ഭാഗത്തുമാകുംവിധം ചുഴറ്റിക്കഴുകിയാല്‍ മതി.
ശവം പോലുള്ളവ കുറഞ്ഞ വെള്ളത്തിലോ അല്ലെങ്കില്‍ ദ്രാവകത്തിലോ ( ദ്രാവകം കുറഞ്ഞതായാലും അധികരിച്ചതായാലും ശരി ) വീണാല്‍ ആ വെള്ളം തീര്‍ത്തും അശുദ്ധമാകും. അത് ശുദ്ധീകരിക്കാനും പറ്റില്ല.

നെയ്യ് പോലുള്ള ഉറച്ച വസ്‌തുക്കളില്‍ നജസായാല്‍ നജസും ചുറ്റുഭാ‍ഗത്തുള്ളവയും എടുത്തൊഴിവാക്കിയാല്‍ മതി.

മൂത്രം പോലുള്ളവ നിലത്താവുകയും അതുണങ്ങിപ്പോകുകയും ചെയ്‌താല്‍ അതിന്മേല്‍ വെള്ളമൊഴിച്ചാല്‍ അത് വൃത്തിയാകും.
കാര്‍പറ്റ്, സോഫ പോലുള്ളവയില്‍ മൂത്രമായാല്‍ അത് ഉണങ്ങാന്‍ കാത്തിരിക്കുകയും ശേഷം വെള്ളമൊഴിക്കുകയുമാണ് നല്ലത്. ഉണങ്ങാതെ തുണികൊണ്ടോ മറ്റോ വെള്ളം നനച്ചോ അല്ലാതെയോ തുടച്ചാല്‍ വൃത്തിയാകില്ലെന്ന് മാത്രമല്ല, തുണിയും അശുദ്ധമാകും.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 6 , പി.ഡി.എഫ് ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം

Friday, May 15, 2009

5-വിത്‌റ് നിസ്കരിക്കുന്നതിന്റെ പുണ്യം

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നിസ്കരിക്കുന്നതിന്റെ പുണ്യം

ഇമാം അബൂദാവൂദ് رحمه الل അബൊദ്ദർദാഅ് رضي الله عن എന്ന സ്വഹാബിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. ‘എന്റെ ഇഷ്ട സ്നേഹിതൻ പ്രവാചർ صلى الله عليه മൂന്ന് കാര്യങ്ങൾ എന്നോട് വസ്വിയ്യത്ത് ചെയ്തു. ഞാനത് എന്ത് പ്രതിസന്ധിയുണ്ടായാലും ഉപേക്ഷിക്കുകയില്ല. എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ടിക്കാനും,വിത്‌റ് നിസ്കരിക്കാതെ ഉറങ്ങരുതെന്നും, യാത്രയിലാ‍യാലും അല്ലാത്തപ്പോഴും ളുഹാ നിസ്കരിക്കാനും എന്നോട് വസ്വിയ്യത്ത് ചെയ്തു.


عن أبي الدَّرْدَاءِ رضي الله عنه ، قال: "أَوْصَانِي خَلِيلِي صلى الله عليه وسلّم بِثَلاَثٍ لاَ أَدَعُهُنَّ بِشَيْءٍ. أَوْصَانِي بِصِيَامِ ثَلاَثَةَ أَيَّامٍ مِنْ كلِّ شَهْرٍ، وَلاَ أَنَامُ إِلاَّ عَلى وِتْرٍ، وَبِسُبْحَةِ الضُّحَى في الْحَضَرِ وَالسَّفَرِ".وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 5 ,പി.ഡി.എഫ് ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം

Thursday, May 14, 2009

4- ഇൻഷുറൻസ്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഇൻഷുറൻസ്

യാദൃശ്ചിക സംഭവങ്ങൾ മൂലം ഉണ്ടാകാവുന്ന നഷ്ടങ്ങൾക്ക് പരിഹാരം കൊടുത്തു കൊള്ളണമെന്ന കരാറാണ് ഇൻഷുറൻസ്. ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് എന്നിങ്ങനെ ഇൻഷുറൻസ് രണ്ട് വിധമുണ്ട്.

ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വർധന പലിശയാണ്. പണത്തിനു പകരം പണം കൈമാറുന്ന ഇടപാടിൽ തുല്യത നിബന്ധനയാണെന്നതാണ് കാരണം.

ഇൻഷുറൻസ് ഇടപാട് ഒരു ചൂതാട്ടം കൂടിയാണ്. ഒരാൾ തന്റെ വസ്‌തു ഇൻഷുർ ചെയ്താൽ നിശ്ചിത കാല പരിധി വരെ അയാൾ പ്രീമിയം അടയ്ക്കണം. അത് വരെ നാശ നഷ്ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അടച്ച സംഖ്യയത്രയും അയാൾക്ക് നഷ്ടപ്പെടുന്നു. പ്രത്യുത വല്ല അപകടവും സംഭവിക്കുന്നുവെങ്കിൽ അടച്ച സംഖ്യ മാത്രമല്ല നഷ്ടപരിഹാരത്തിനുള്ള ഭീമമായ സംഖ്യ തന്നെ കമ്പനി അയാൾക്ക് നൽകുന്നു. ഇതിൽ അയാൾക്ക് ലാഭവും നഷ്ടവും ഉണ്ടാകാം. ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും ഒരേ സമയം സാധ്യതയുള്ളതാണ് ചൂതാട്ടം.

ലൈഫ് ഇൻഷുറൻസ് കരാറനുസരിച്ച് പോളിസി ഹോൾഡർ മരിച്ചാൽ അയാൾ നാമ നിർദ്ദേശം ചെയ്ത വ്യക്തിക്കാണ് സംഖ്യ മുഴുവൻ ലഭിക്കുക. ഇത് ഇസ്‌ലാമിലെ വസ്വിയ്യത്തിനോടോ അനന്തരാവകാ‍ശ നിയമത്തോ‍ടോ യോജിക്കുന്നില്ല. കാരണം അത് പലിശയാണ്. പലിശ വസ്വിയ്യത്ത് സ്വത്താകുന്നില്ല. അത് സ്വത്തിന്റെ മൂന്നിലൊന്നിനേക്കാൾ കൂടാനു പാടില്ല. അനന്തരാവകാശമാവട്ടെ മറ്റുള്ള അവകാശികൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 4 , പി.ഡി.എഫ്. ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം

Wednesday, May 13, 2009

3- ഔറത്ത് മറയ്ക്കല്‍


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഔറത്ത് മറയ്ക്കല്‍

നിസ്‌കാരം, ത്വവാഫ്, ഖുത്ബ എന്നീ ആരാധനകളുടെ നിബന്ധനകളില്‍ ഒന്നാണ് ഔറത്ത് മറയ്ക്കല്‍.
തനിച്ചോ കൂരിരിളിലോ വെച്ചാണെങ്കിലും ഇത് നിര്‍ബന്ധമാണ്. അന്യര്‍ കാണും വിധം തന്റെ ഔറത്ത് വെളിപ്പെടുത്തല്‍ സ്ത്രീക്കും പുരുഷനും നിഷിദ്ധമാണ്. തനിച്ചാണെങ്കിലും അനാവശ്യമായി ഔറത്ത് വെളിവാക്കല്‍ നിഷിദ്ധം തന്നെ. മറ്റുള്ളവരുടെ ഔറത്തിലേക്ക് നോക്കല്‍ ഹറാമാണ്. ആവശ്യം കൂടാതെ സ്വന്തം നഗ്നതയിലേക്കു തന്നെ നോക്കല്‍ കറാഹത്ത് ആണ്. അത് നിസ്‌കാ‍രത്തിലായാല്‍ നിസ്‌കാരം ബാത്വിലാവുകയും ചെയ്യും.

പുരുഷന്റെ ഔറത്ത് : നിസ്‌കാര സമയത്തും അല്ലാത്ത സന്ദര്‍ഭങ്ങളിലും ‘കാല്‍ മുട്ടിനും പൊക്കിളിനുമിടയിലുള്ള സ്ഥലമാണ്’ അവന്ന് വിവാഹ ബന്ധം നിഷിദ്ധമായ സ്ത്രീകള്‍ക്ക് മുമ്പിലും ഇതു തന്നെയാണ് ഔറത്ത്. തനിച്ചാണെങ്കില്‍ ഗുഹ്യ ഭാഗങ്ങളാണ്.

സ്ത്രീയുടെ ഔറത്ത് : നിസ്‌കാരത്തില്‍ മുഖവും മുന്‍ കൈയ്യുമല്ലാത്ത ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുമാണ്. എന്നാല്‍ പരപുരുഷന്മാര്‍ക്ക് മുമ്പില്‍ ശരീരം തീര്‍ത്തും ഔറത്ത് തന്നെ. വിവാഹ ബന്ധം നിഷിദ്ധമായവര്‍ക്കു മുമ്പിലും തനിച്ചാവുമ്പോഴും അവര്‍ക്ക് മുട്ടിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള സ്ഥലമാണ് ഔറത്ത്.

അവിശ്വാസിനികളായ സ്ത്രീകള്‍ക്ക് മുമ്പില്‍ മുസ്‌ലിം സ്‌ത്രീകള്‍, ജോലി സമയത്ത് വെളിപ്പെടുന്ന തല, പിരടി, തോള്‍ വരെയുള്ള കൈകള്‍, മുട്ട് വരെയുള്ള കാലുകള്‍ എന്നിവയൊഴിച്ചുള്ള ഭാഗങ്ങള്‍ മറയ്ക്കല്‍ നിര്‍ബന്ധമാണ്.

തൊലിയുടെ നിറം കാണാത്ത വിധത്തിലുള്ള വസ്‌ത്രം കൊണ്ട് മുകള്‍ഭാഗവും ചുറ്റുഭാഗവും മറയ്ക്കല്‍ നിര്‍ബന്ധമാണ്. ഇടുങ്ങിയ പാന്റ്സ് പോലുള്ള ,ശരീര ലാവണ്യവും രൂപാകൃതികളും വ്യക്തമാക്കുന്ന വസ്‌ത്രങ്ങള്‍ പുരുഷന്മാര്‍ക്ക് ഉചിതമല്ല .സ്‌ത്രീ‍കള്‍ക്ക് കറാഹത്തുമാണ്.

നിസ്‌കരിക്കുമ്പോള്‍
, ഔറത്ത് മറയ്ക്കാന്‍ പര്യാപ്‌തമായ , ശുദ്ധിയുള്ള വസ്‌ത്രം ലഭിക്കാത്തയാള്‍ കളിമണ്ണ് ,പുല്ല്, ഇല തുടങ്ങിയ വസ്‌തുക്കള്‍ കൊണ്ടെങ്കിലും അത് മറയ്ക്കേണ്ടതാണ്. ഒന്നും ലഭിക്കാത്തയാള്‍ നഗ്നനായി നിസ്‌കരിക്കണം. ആ നിസ്‌കാരം പിന്നീട് മടക്കി നിര്‍വഹിക്കേണ്ടതില്ല.

islamic bulletin
# 3 ,PDF ഫയൽ ഇവിടെ ക്ലിക്‌ ചെയ്ത്‌ ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌

Tuesday, May 12, 2009

2- ഇസ്‌തിഖാറത്ത് നിസ്‌കാരം


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഇസ്‌തിഖാറത്ത് നിസ്‌കാരം


പവിത്രതയുള്ള ഒരു സുന്നത്ത് നിസ്‌കാരമാ‍ണിത്. എന്ത് പ്രവൃത്തി ഉദ്ദേശിച്ചാലും അത് തനിക്കു ഗുണകരമാണോ അല്ലയോ എന്നറിയാനാണീ സുന്നത്ത് നിസ്‌കാരം.


ഞാന്‍ ഇസ്‌തിഖാറത്ത് നിസ്‌കരിക്കുന്നുവെന്നാണ് നിയ്യത്ത്.


ഒന്നാം റക്‌അത്തില്‍ ഫാതിഹക്ക് ശേഷം കാഫിറൂന സൂറത്തും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യണം.


സലാം വീട്ടിയതിനു ശേഷം , ഹംദും സ്വലാത്തും ചൊല്ലി താഴെയുള്ള ഇമാം ബുഖാരി ( رحمه الله ) റിപ്പോര്‍ട്ട് ചെയ്ത പ്രാര്‍ത്ഥന നടത്തുക.اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ ، وَأَسْتَقْدِرُكَ بِقُدْرَتِكَ ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمْ ، فَإِنَّكَ تَقْدِرُ وَلاٰ أَقْدِرُ ، وَتَعْلَمُ وَلاٰ أَعْلَمُ ، وَأَنْتَ عَلاّٰمُ الْغُيُوبْ . اَللّٰهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هٰذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعٰاشِي وَعٰاقِبَةِ أَمْرِي فَاقْدُرْهُ لِي ، وَيَسِّرْهُ لِي ، ثُمَّ بٰارِكْ لِي فِيهِ . وَإِنْ كُنْتَ تَعْلَمُ أَنَّ هٰذَا الْأَمْرَ شَرٌّ لِِي فِي دِينِي وَمَعٰاشِي وَعٰاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ ، وَاقْدُرْ لِي الْخَيْرَ حَيْثُ كٰانَ ثُمَّ رَضِّنِي بِهِ
അര്‍ത്ഥം : അല്ലാഹുവേ ! നിന്റെ അറിവ് മുന്‍ നിറുത്തി നിന്നോട് ഞാന്‍ നന്മ ചോദിക്കുന്നു. നിന്റെ കഴിവ് മുന്‍ നിറുത്തി നിന്നോട് ഞാന്‍ കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നീ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. എനിക്കൊരറിവുമില്ല. നീ അദൃശ്യങ്ങളെല്ലാം നന്നായി അറിയുന്നവനാണ്. അല്ലാഹുവേ ! ഇക്കാര്യം എന്റെ ദീനിലും ദുന്‍യാവിലും ജീവിതത്തിലും എന്റെ കാര്യങ്ങളുടെ അന്ത്യഘട്ടത്തിലും എനിക്ക് ഗുണകരമാണെന്നു നീ അറിയുന്നുവെങ്കില്‍ അതെനിക്കു നീ വിധിക്കുകയും ,സൌകര്യപ്പെടുത്തുകയും അതിലെനിക്ക് ഗുണം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണമേ,. ഇനി ഇക്കാര്യം എന്റെ ദീനിലും ദുന്‍യാവിലും ജീവിതത്തിലും കാര്യങ്ങളുടെ അന്ത്യഘട്ടത്തിലും എനിക്ക് ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ എന്നില്‍ നിന്ന് അതിനെയും അതില്‍ നിന്ന് എന്നെയും നീ അകറ്റിക്കളയേണമേ. നന്മ എവിടെയാണെങ്കിലും അതെനിക്കു വിധിക്കുകയും അതിലെനിക്ക് തൃപ്‌തി നല്‍കുകയും ചെയ്യേണമേ.islamic bulletin #2 ,PDF ഫയൽ ഇവിടെ നിന്ന് ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌


Monday, May 11, 2009

1 -ഖുഫ്ഫ തടവൽبِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഒരു പ്രത്യേക തരം പാദരക്ഷയാണ് ഖുഫ്ഫ. (സേഫ്‌റ്റി ഷൂ പോലെ )
വുളു എടുക്കുമ്പോൾ കാലുകൾ കഴുകുന്നതിനു പകരം കാലിൽ ധരിച്ച ഖുഫ്ഫ തടവാം


ഇതിന് 5 നിബന്ധനകൾ ഉണ്ട്


1) രണ്ട് ഖുഫ്ഫകളും ശുദ്ധമായിരിക്കണം
2) രണ്ട് ഖുഫ്ഫകളും കാലിൽ നിന്ന് കഴുകൽ നിർബന്ധമായ സ്ഥലം ചുറ്റു ഭാഗത്ത് നിന്നും അടിഭാഗത്തു നിന്നും മറയ്ക്കണം.
3) ഖുഫ്ഫയോടു കൂടെ (ഖുഫ ധരിച്ച് ) സാധാരണ നിലയിൽ നടക്കാൻ കഴിയണം
4) വെള്ളമൊഴിച്ചാൽ കാലിലേക്ക് എത്താതിരിക്കണം
5) ചെറിയതും വലുതുമായ അശുദ്ധികളിൽ നിന്ന് പൂർണ്ണ ശുദ്ധിയായതിനു ശേഷം ഖുഫ്ഫ ധരിക്കണംഈ നിബന്ധനകൾ ഉള്ളപ്പോൾ , നാട്ടിൽ താമസിക്കുന്നവന് അശുദ്ധിയുണ്ടായത് മുതൽ ഒരു രാപകലും യാത്രക്കാരന് മൂന്ന് രാപകലും ഖുഫ്ഫ തടവാം.


ഖുഫ്ഫ തടവുന്നതിന്റെ ചുരുങ്ങിയ രൂപം അതിന്റെ മുകളിൽ അല്പഭാഗം തടവലാണ്

ഈ നിബന്ധനകൾ പ്രകാരം സോക്സിൽ തടവൽ അനുവദനീയമല്ല. നാലു മദ്‌ഹബിന്റെയും വീക്ഷണം ഇത് തന്നെയാണ്. മാത്രമല്ല വുളു‌ഇൽ കാലുകൾ കഴുകണമെന്നത് ഖുർ‌ആൻ വ്യക്തമായി പറഞ്ഞതാണ്. ഖുഫ്ഫയിൽ തടവാമെന്നത് സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടതുമാണ്. എന്നാൽ സോക്‌സ് പോലുള്ളതിന്റെ മേൽ തടവാമെന്ന് സ്വഹീഹായ ഹദീസുകളിലില്ല. അപ്പോൾ ഖുർ‌ആ‍നിന്റെ വ്യക്തമായ കല്പനയെ ഏതെങ്കിലും ഭലഹീനമായ ഹദീസുകളെകൊണ്ട് നിരാകരിക്കാവുന്നതല്ല.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-01

Saturday, May 9, 2009

ഇസ്ലാമിക് ബുള്ളറ്റിൻ 11-05-09 മുതൽ

പ്രിയ സഹോദരങ്ങളെ,

السلام عليكم


ദൈനം ദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായ ഐ.ടി സംവിധാനം /മേഖല പ്രയോജനപ്പെടുത്തുന്ന പതിനായിരക്കണക്കിന് മലയാളികളെ ലക്ഷ്യം വെച്ച് തുടങ്ങിയതാണ് ഇസ്‌ലാമിക് ബുള്ളറ്റിൻ.
ഇതിനകം നൂറിലധികം ബുള്ളറ്റിനുകൾ ഇ-മെയിൽ ഗ്രൂപ്പ് വഴി നിങ്ങളിൽ പലരുടെയും കൈകളിൽ എത്തിയിട്ടുണ്ടാവുമെന്ന് കരുതുന്നു.


ഒരു മുസ്ലിമിന് നിത്യ ജീവിതത്തിൽ പാലിക്കൽ നിർബന്ധമായ അനുഷ്ടാനങ്ങളെകുറിച്ചും ക്രയവിക്രയങ്ങളിൽ ഇസ്ലാം അനുശാസിക്കുന്ന മാർഗങ്ങളെ കുറിച്ചും ഒരു മുസ്ലിമിന്റെ ദിന-രാത്ര ചര്യകളെ കുറിച്ചും ,ഇസ്ലാമിക ചരിത്രങ്ങളെ കുറിച്ചും പരമാവധി വായനക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ മാതൃഭാഷയിൽ തന്നെ പഠനാർഹമായ ചെറിയ ചെറിയ അദ്ധ്യായങ്ങളായാണ് ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.


വിവാദങ്ങൾ ഏതുമില്ലാതെ തനതായ ഇസ്ലാമിക ആശയ ആദർശങ്ങളെ ശാഫിഈ മദ്ഹബ് അനുസരിച്ച് വിശദീകരിക്കുകയണിവിടെ


ബുള്ളറ്റിൻ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സർവ്വ ശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.

അല്ലഹു പൊരുത്തപ്പെടുന്ന ഒരു അമലായി സ്വീകരിക്കപ്പെടുകയും നാളെ സ്വർഗം ലഭിക്കാൻ കാരണവുമാകട്ടെ. അപാകതകൾ അവൻ പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

11-05-2009 തിങ്കൾ മുതൽ ഇസ്ലാമിക് ബുള്ളറ്റിൻ എന്ന ഈ ബ്ലോഗ് വഴി (തുടക്കം മുതലുള്ള ബുള്ളറ്റിനുകൾ ) ഓരോ അദ്ധ്യായങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് .

ഇൻശാ അല്ലാഹ്.

അഭിപ്രായങ്ങൾ അറിയിക്കണമെന്ന അഭ്യർത്ഥനയോടെ

ഇസ്ലാമിക് ബുള്ളറ്റിൻ
ഇ മെയിൽ: islbtn@gmail.com
Related Posts with Thumbnails